പരിവര്‍ത്തന നായകന്‍

Posted on: 11 Feb 2015


ന്യൂഡല്‍ഹി:
നടക്കില്ലെന്നുറപ്പിച്ച കാര്യങ്ങള്‍ മുമ്പും നടത്തിച്ച് കാണിച്ചിട്ടുണ്ട് അരവിന്ദ് കെജ്രിവാള്‍.
'പരിവര്‍ത്തന്‍', 'കബീര്‍' എന്നീ സന്നദ്ധസംഘടനകളിലൂടെയായിരുന്നു അത്. സമാനചിന്താഗതിക്കാര്‍ക്കൊപ്പം ചേര്‍ന്ന് അദ്ദേഹം രൂപവത്കരിച്ച സംഘടനകള്‍ വിവരാവകാശനിയമം കൊണ്ടുവരാനും മുന്‍നിരയിലുണ്ടായിരുന്നു കെജ്രിവാള്‍. മഗ്‌സസെ പുരസ്‌കാരത്തിനുവരെ അര്‍ഹമായി ആ പ്രവര്‍ത്തനം. അവിടെനിന്നാണ് രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണം.

ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ടില്‍ എന്‍ജിനിയറായിരുന്ന ഗോവിന്ദ് റാം കെജ്രിവാളിന്റെയും ഗീതാദേവിയുടെയും മകനാണ് അരവിന്ദ്. 1968 ആഗസ്ത് 16ന് ഹരിയാണയിലെ ഭിവാനിയില്‍ ജനനം. അച്ഛന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് ഗാസിയാബാദ്, ഹിസാര്‍, സോനെപ്പത്ത് എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. 1989ല്‍ ഖരഗ്പുര്‍ ഐ.ഐ.ടിയില്‍നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. ചെറുപ്പത്തിലേ കൊല്‍ക്കത്ത രാമകൃഷ്ണമിഷനിലും നെഹ്രു യുവകേന്ദ്രയിലുമൊക്കെ പ്രവര്‍ത്തിച്ചു.

1992ല്‍ ടാറ്റ സ്റ്റീലിലെ ജോലി വിട്ട് സിവില്‍ സര്‍വീസ് പാസ്സായി ഇന്ത്യന്‍ റവന്യൂ സര്‍വീസിലെത്തി. സഹപ്രവര്‍ത്തക സുനിതയെ ജീവിതസഖിയാക്കി. വിദ്യാര്‍ഥികളായ ഹര്‍ഷിത, പുല്‍കിത് എന്നിവര്‍ മക്കള്‍.

അഴമിതിക്കെതിരായ കെജ്രിവാള്‍ പരീക്ഷണങ്ങളൊക്കെയും ഡല്‍ഹിയിലായിരുന്നു. 1999 ഡിസംബറില്‍ മനീഷ് സിസോദിയക്കും മറ്റു സുഹൃത്തുക്കള്‍ക്കുമൊപ്പം ഡല്‍ഹിയിലെ സുന്ദര്‍നഗരിയില്‍ 'പരിവര്‍ത്തന്‍' എന്ന സന്നദ്ധസംഘടന രൂപവത്കരിച്ചു. 2000-ല്‍ ആദായനികുതിവകുപ്പില്‍ സുതാര്യത ആവശ്യപ്പെട്ട് 'പരിവര്‍ത്തന്‍' പൊതുതാത്പര്യഹര്‍ജി നല്‍കി. സത്യാഗ്രഹസമരവും നടത്തി. 2001ല്‍ ഡല്‍ഹി സര്‍ക്കാര്‍ വിവരാവകാശനിയമം പാസാക്കി. ഇതുവഴി പൊതുമരാമത്തുജോലികളുടെ വിവരങ്ങള്‍ 'പരിവര്‍ത്തന്‍' ശേഖരിച്ചു. 2002ല്‍ 64 പദ്ധതികളിലായി 70 ലക്ഷംരൂപയുടെ ക്രമക്കേട് വെളിച്ചത്തു കൊണ്ടുവന്നു. ഉദ്യോഗസ്ഥസഹായത്തോടെയുള്ള റേഷന്‍ വെട്ടിപ്പായിരുന്നു 2003-ലെ വെളിപ്പെടുത്തല്‍. 2004-ല്‍ ജലവിതരണത്തിലെ സ്വകാര്യവത്കരണം തുറന്നുകാട്ടി. സര്‍ക്കാര്‍ ഭൂമി ലഭിച്ച സ്വകാര്യസ്‌കൂളുകള്‍ 700 നിര്‍ധനവിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കണമെന്ന കോടതിയുത്തരവ് 'പരിവര്‍ത്ത'ന്റെ വിജയമായി.

2005ല്‍ കെജ്രിവാളും സിസോദിയയും സ്ഥാപിച്ച 'കബീര്‍' എന്ന സന്നദ്ധസംഘടന ദേശീയ വിവരാവകാശനിയമത്തിനായി പോരാട്ടം തുടങ്ങി. അണ്ണ ഹസാരെ, അരുണ റോയ് തുടങ്ങിയവരും അണിനിരന്ന സമരത്തിനൊടുവില്‍, യു.പി.എ. സര്‍ക്കാര്‍ വിവരാവകാശനിയമം പാസ്സാക്കി. വിപ്ലവകരമായ വിവരാവകാശനിയമത്തിന് വഴിയൊരുക്കിയ കെജ്രിവാളിനുള്ള അംഗീകാരമായിരുന്നു 2006-ലെ മഗ്‌സസെ പുരസ്‌കാരം.

അതേവര്‍ഷം ഉദ്യോഗം രാജിവെച്ച് പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് തുടക്കമിട്ടു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, പൊതുവിതരണശൃംഖല, വൈദ്യുതി ബോര്‍ഡ് എന്നിവയിലെ അഴിമതിയൊക്കെ വെളിച്ചത്തു കൊണ്ടുവന്നു. 2010-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും. ഇതിന്റെ തുടര്‍ച്ചയാണ് 2011ല്‍ രൂപവത്കരിക്കപ്പെട്ട 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സമരസംഘം.

തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ പതനത്തിലേക്ക് നയിച്ച 'ലോക്പാലി'നുവേണ്ടിയുള്ള സമരത്തിന്റെ സൂത്രധാരനും കെജ്രിവാളായിരുന്നു.

കേന്ദ്രം പാസ്സാക്കിയ ലോക്പാല്‍ നിയമത്തിന്റെ പേരില്‍ ഹസാരെ സമരസപ്പെട്ടെങ്കിലും അദ്ദേഹം കീഴടങ്ങിയില്ല. ഹസാരെയുമായി വഴിപിരിഞ്ഞ് 2012 ഗാന്ധിജയന്തിദിനത്തില്‍ ശാന്തിഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ്, മനീഷ് സിസോദിയ തുടങ്ങിയവരുടെ പങ്കാളിത്തത്തില്‍ കെജ്രിവാള്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ നവംബര്‍ 26ന് ആം ആദ്മി പാര്‍ട്ടി നിലവില്‍ വന്നു. 'ചൂല്‍' എന്ന അടയാളം അപശകുനത്തിനു പകരം പാവപ്പെട്ടവന്റെ പ്രതീകമായി.



1
DELHI UPDATE

 

ga