മീന്‍കഥകള്‍ ...
സുരേന്ദ്രന് ചീക്കിലോട്

'ഹായ്, ഉഗ്രന്‍ മീന്‍കറിയും മീന്പൊരിച്ചതുമൊക്കെയുണ്ടെങ്കില് ഇടങ്ങഴി അരിയുടെ ചോറുകൂടി അകത്താക്കാം!', പലരും ഭക്ഷണം കഴിക്കുംമുമ്പ് ഇങ്ങനെ ചിന്തിക്കുന്നവരാണ്. കാരണം നമ്മുടെ ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമായി മത്സ്യം മാറിയിരിക്കുന്നു.
ശിലായുഗം മുതല്‍ മീനുകള്‍ മനുഷ്യന്റെ ഭക്ഷണമായിത്തീര്‍ന്നു. മരത്തടി കൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ വെള്ളത്തിലിറങ്ങി ചെത്തിമിനുക്കിയ കല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആദിമ മനുഷ്യര്‍ മീന്‍ പിടിച്ചിരുന്നത്. ഇന്നിപ്പോള്‍ പലതരം യന്ത്രവത്കൃതബോട്ടുകളുടെ സഹായത്തോടെ ലോകമെമ്പാടുമുള്ള കടലില്‍ വന്‍ മത്സ്യവേട്ടയാണ് നടത്തുന്നത്. ധാരാളം കിട്ടുന്നതും വിലക്കുറവുള്ളതുമായ മീനുകളാണ് സാധാരണക്കാരുടെ ഭക്ഷണത്തിലെ മുഖ്യവിഭവം.
കാസര്‍കോടു മുതല്‍ പാറശ്ശാലവരെ നീണ്ടുകിടക്കുന്ന കടലോരമുള്ള നമ്മുടെ സംസ്ഥാനത്ത് കടല്‍ മത്സ്യങ്ങള്‍ സുലഭമാണ്. നമ്മുടെ സംസ്ഥാനത്തെ 44 നദികളും വൈവിധ്യമാര്‍ന്ന പുഴമത്സ്യങ്ങളാല് സമ്പന്നമാണ്. കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ തടാകങ്ങളിലും കായലുകളിലും തോടുകളിലും വയലുകളിലും കിണറുകളിലും മറ്റ് ജലാശയങ്ങളിലുമെല്ലാം ശുദ്ധജലമത്സ്യങ്ങളുടെ നിറസാന്നിധ്യമുണ്ട്.
ഓരോ ദിവസവും വീട്ടിലെത്തുന്ന കടല്‍ മത്സ്യങ്ങളില്‍ എത്രയെണ്ണത്തിന്റെ പേരറിയാം നിങ്ങള്‍ക്ക്? മത്തി, അയല, സ്രാവ്, തിരണ്ടി, ആവോലി, അയക്കൂറ, കോര, ചൂര, തളയന്, നെത്തല്, നെയ്മീന്, മാന്തള്... ഇനിയും പേരറിയാത്ത എത്രയോ മത്സ്യങ്ങളുണ്ട്. മേല്‍പ്പറഞ്ഞ മീനുകളില്‍ പലതിലും ഒട്ടേറെ ഉപ വിഭാഗങ്ങളുമുണ്ട്. സ്രാവുകള്തന്നെ ഉടുമ്പ് സ്രാവ്, കൊമ്പന് സ്രാവ്, ഏട്ട സ്രാവ്, കര്ണന് കോടി സ്രാവ്, കള്ള സ്രാവ്, ചട്ടിത്തലയന്‍ സ്രാവ്, ചുറ്റികത്തലയന്‍ സ്രാവ്,
ചേര സ്രാവ് എന്നിങ്ങനെ നിരവധി ഇനങ്ങളുണ്ട്. മത്തിയും മാന്തളുമൊക്കെ ഇങ്ങനെ പല ഇനത്തിലുണ്ടല്ലോ.
പാവപ്പെട്ടവരുടെ പോഷകാഹാരം
പോഷക ഗുണംകൊണ്ട് സമ്പന്നമായതും വിലകുറഞ്ഞതും യഥേഷ്ടം ലഭിക്കുന്നതുമായ മത്തിയെ പാവപ്പെട്ടവന്റെ പോഷകാഹാരമായി കണക്കാക്കുന്നു. രണ്ട് മത്തിയില്‍ ഒരു കോഴിമുട്ടയിലെ മുഴുവന്‍ പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കണക്കാക്കുന്നു. ആഗസ്ത് മുതല്‍ മാര്‍ച്ച് വരെയാണ് മത്തി ഏറ്റവും കൂടുതലായി ലഭിക്കുന്നത്. മത്തി ഉപ്പിലിട്ട് ഉണക്കി സൂക്ഷിച്ചും ഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. മത്തിയില്‍ നിന്നെടുക്കുന്ന മീനെണ്ണ ഒരു ഔഷധമാണ്. തോണികള്‍ക്ക് ഈടും ഉറപ്പും ഉണ്ടാവാനായി തോണിയുടെ പുറത്ത് മീനെണ്ണ പുരട്ടാറുണ്ട്. പെയിന്റ്, അണുനാശക സോപ്പ്, തുകല്‍ ഊറയ്ക്കിടല്‍ എന്നിവയ്ക്കും മത്തിയെണ്ണ ഉപയോഗിക്കുന്നു. ഉത്തമമായ തെങ്ങിന് മത്തിവളം നല്ലതാണ്.
പുഴമീനുകള്‍
പുഴമീനുകളെന്ന് കേട്ടാല്‍ നാവില്‍ വെള്ളമൂറാത്തവര്‍ ചുരുക്കം. കരിമീനും ഇരുമീനുമൊക്കെ കണ്ടാല്‍ എന്തുവിലകൊടുത്തും വാങ്ങുന്നവരാണ് പലരും. പശ്ചിമഘട്ട പ്രദേശത്തെ ജലാശയങ്ങളില്‍ 288 -ലധികം വ്യത്യസ്തയിനം മീനുകളുണ്ട്. ഏതാനും ചിലതിന്റെ പേരുകള്‍ പരിചയപ്പെട്ടോളൂ:
കട്ല, കുടുമന്‍, കൊളോന്‍, കൊഴുപ്പകല്ലന് കീരന്, കക്കുമ്മന്, ആറല്‍ മലിത്തിന്, കട മലിത്തിന്, കുറേട്ട, ചെമ്പല്ലി, പയത്തി, പുഴമുള്ളന്, പൂച്ചപ്പൊട്ടന്, വല്ലന്‍, പുഴനങ്ക്, മുള്ളന്കണ്ണി, മുരിമീന്.
നാവില്‍ വെള്ളമൂറ്റുന്നവരാല്!
വരാല് മത്സ്യത്തെ പിടിച്ച് കഷണം വെട്ടി, മുളക് തേച്ച് തിളച്ച വെളിച്ചെണ്ണയിലിട്ട് പൊള്ളിച്ചെടുത്താല്‍ അതിന്റെ രുചിയോളം പോരുന്ന മറ്റൊരു രുചിയില്ല! ഒരുകാലത്ത് കേരളത്തിലെ വയലുകളിലും കുളങ്ങളിലും തോടുകളിലുമൊക്കെ വ്യാപകമായി കണ്ടുവന്നിരുന്ന ഒരു ശുദ്ധജലമത്സ്യമാണ് വരാല്. മലബാര്‍ ഭാഗത്ത് ബ്രാല് എന്നാണ് ഇത് അറിയപ്പെടുന്നത്.
വഴുവഴുപ്പുള്ള ഈ മീനിന്റെ തല പാമ്പിന് തലയോട് സാമ്യമുള്ളതാണ്. ഇരുണ്ട നിറത്തിലുള്ള ഇതിന്റെ പാര്‍ശ്വഭാഗം വെള്ളയോ മഞ്ഞയോ ആയിരിക്കും. ശരീരത്തില്‍ ധാരാളം വരകളും കാണാം. വയലുകളില്‍ വെള്ളം വറ്റുമ്പോള്‍ വളരെ നാള് ചളിയില്‍ പുതഞ്ഞു കിടക്കാനുള്ള കഴിവുണ്ടിതിന്. ജലത്തിലെ വായുവിനോടൊപ്പം അന്തരീക്ഷ വായുവും ശ്വസിക്കാന്‍ ഇതിന് കഴിയും. തവളയും ചെറുമീനുമാണ് മുഖ്യാഹാരം. ജലസസ്യങ്ങള്‍ക്കിടയില്‍ ഒരുതരം ജല്ലിപോലുള്ള കൂടുണ്ടാക്കി അവിടെയാണ് മുട്ടയിടുക. മുട്ടത്താവളം മറയ്ക്കുകയെന്നാണ് ഇതിന് പറയുക. ഒന്നുരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മുട്ട വിരിഞ്ഞ് പുറത്തുവരുന്ന നൂറുകണക്കിന് ചുവപ്പുനിറത്തിലുള്ള കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്ന വരാല് ഒരു രസികന്‍ കാഴ്ചയാണ്.
മീന്‍പിടിത്തത്തിന്റെ നാട്ടുവഴികള്‍
മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറത്തെ കുട്ടികളുടെ ഒരു പ്രധാന വിനോദം ചൂണ്ടയിട്ട് മീന്പിടിക്കലായിരുന്നു. നാട്ടിന്‍പുറത്തെ തോടുകളിലും കുളങ്ങളിലുമൊക്കെ ചൂണ്ടയുമായി ചെന്ന് വരാല്, മുഴു (മുഷി), കടു, കടുങ്ങാലി, വാള തുടങ്ങിയ മീനുമായി വീട്ടില്‍ തിരിച്ചെത്തുന്നത് ഒരു യുദ്ധം ജയിച്ചുവരുന്നതിന്റെ വീറോടെയായിരിക്കും. എടവപ്പാതിയുടെ ആദ്യ ദിവസങ്ങളില്‍ നെല്‍വയലുകളിലും തോടുകളിലും വെള്ളം കയറുമ്പോള്‍ ഇരച്ചുകയറിയെത്തുന്ന മീനുകളെ പിടിക്കാന്‍ പകലും രാത്രിയിലും മീന്‍ ശിക്കാറിനിറങ്ങുന്നവരുടെ നീണ്ടനിര കാണാമായിരുന്നു. വയലിലെ വെള്ളത്തില്‍ തുടിച്ചുനീന്തുന്ന ഒറ്റയാന്മാരെ നീണ്ട വാളുപോലുള്ള കത്തികൊണ്ട് വെട്ടിപ്പിടിക്കല് ഒരു ഹരമായിരുന്നു. പെട്രോമാക്സും ടോര്‍ച്ചുകളുമായി ഇതിനായി രാത്രി കാലങ്ങളില്‍ ചെറുസംഘങ്ങള്‍ പാടത്തിറങ്ങും . ഒറ്റുപലകകളും മറ്റ് നാടന്‍ കെണികളുമുപയോഗിച്ച് മീന്‍പിടിക്കുന്ന 'സാങ്കേതിക വിദഗ്ധരും' അന്ന് നാട്ടിന് പുറങ്ങളില്‍ സുലഭമായിരുന്നു.
നാടുനീങ്ങുന്നനാടന് മത്സ്യങ്ങള്‍
കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതമായ ഉപയോഗം കാരണം നമ്മുടെ നാടന്‍ മത്സ്യങ്ങള്‍ ഇപ്പോള്‍ വംശനാശഭീഷണിയിലാണ്. വയനാട്ടിലെ വാഴത്തോട്ടങ്ങളിലും നെല്‍വയലുകളിലും ക്രമാതീതമായി കീടനാശിനി പ്രയോഗം നടത്തിയതോടെ നാടന്‍ ജലാശയങ്ങള്‍ വിഷപൂരിതമാവുകയും മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്തു. ഏതാനും വര്‍ഷം മുമ്പ് കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ പടര്‍ന്നുപിടിച്ച മത്സ്യരോഗത്തിന്റെ ദൃശ്യങ്ങള്‍ കരളലിയിപ്പിക്കുന്നവയായിരുന്നു. മാംസള ഭാഗങ്ങളെല്ലാം ദ്രവിച്ചുപോയി തലയും മുഖവും മാത്രം ശേഷിപ്പിച്ചുകൊണ്ട് വെള്ളത്തിലൂടെ സഞ്ചരിക്കുന്ന മീനുകളുടെ കാഴ്ച അത്യന്തം ദയനീയമായിരുന്നു. നെല്‍വയലുകളും ചതുപ്പു നിലങ്ങളും നികത്തിത്തുടങ്ങിയതും നാട്ടിന്‍പുറത്തെ തോടുകള്‍ കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കാന്‍ തുടങ്ങിയതുമൊക്കെ നാടന്‍ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകരാന്‍ കാരണമായി.
ചാകരകള്‍!
മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ കൂട്ടംകൂടിയാണ് സഞ്ചരിക്കുക. ലക്ഷക്കണക്കിന് മീനുകള്‍ അട്ടിയട്ടിയായി വരുമ്പോള്‍ കടലിന്റെ ആ ഭാഗം കറുത്ത നിറത്തിലാവും. ഇതിന് 'എനം ചുരുങ്ങി വരിക'എന്ന വാക്കാണ് മീന്‍പിടുത്തക്കാര്‍ ഉപയോഗിക്കുന്നത്. ഈ പ്രതിഭാസത്തിന് ചാകര എന്നാണ് പറയുക. കടല്‍ വെള്ളത്തിന്റെ നിറവ്യത്യാസം മനസ്സിലാക്കി മീന്‍പിടുത്തക്കാര്‍ ബോട്ടിനെ ആ ഭാഗത്തേക്ക് അടുപ്പിച്ച് ചാകരക്കൊയ്ത്ത് നടത്തും. ചില സമയങ്ങളില്‍ ഇതേപോലെ രൂപപ്പെടുന്ന ചെമ്മീന്‍ ചാകരകള്‍ ലക്ഷക്കണക്കിന് രൂപയുടെ സമ്പത്താണ് മീന്‍ പിടിത്തക്കാര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്നത്.
ട്രോളിങ് നിരോധം
ജൂണ്‍-ജൂലായ് മാസങ്ങള്‍ മത്സ്യങ്ങളുടെ പ്രജനന കാലമാണ്. ഈ സമയത്ത് കണ്ണിയടുപ്പമുള്ള ട്രോളിങ് വല (അടക്കം കൊല്ലിവല)കള്‍ ഉപയോഗിച്ച് മീന്‍ പിടിച്ചാല്‍ മത്സ്യക്കുഞ്ഞുങ്ങള്‍ ഒന്നാകെ വലയില്‍ കുടുങ്ങി ചത്തൊടുങ്ങും. മത്സ്യ സമ്പത്തിനെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നം ഒഴിവാക്കാന്‍ സര്‍ക്കാറുകള്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ ട്രോളിങ് നിരോധം ഏര്‍പ്പെടുത്തിവരുന്നു. ഈ സമയത്ത് ട്രോളിങ് നെറ്റ് ഉപയോഗിക്കുന്ന വലിയ ബോട്ടുകളെ കടലിലിറങ്ങാന്‍ അനുവദിക്കാറില്ല.
ചില മീന്‍ പിടിത്ത രീതികള്‍
വലവീശല്‍: കേരളത്തിലെ ഏതെങ്കിലും പുഴക്കരയിലൂടെ ഒന്ന് സഞ്ചരിച്ചുനോക്കൂ. വലവീശി മീന്‍ പിടിക്കുന്ന ചെറുവള്ളങ്ങളുടെ കൂട്ടങ്ങളെ കാണാം. ജലാശയത്തിന്റെയും പിടിക്കുന്ന മീനിന്റെയും വ്യത്യാസം അനുസരിച്ച് നിരവധി ഇനങ്ങളില്‍പ്പെട്ട വലകളുണ്ട്. വീശുവല, വെപ്പുവ ല, വടിവല, വക്കുവല, മടവല, ചീനവല, നീട്ടുവല, പാച്ചുവല, കോരുവല, ചാളവല, കമ്പവല, കുത്തുവല തുടങ്ങി ഒട്ടേറെ മീന്‍ വലകള്‍ നിലവിലുണ്ട്.
നഞ്ച്കലക്കല്: നീര്‍വാളക്കുരു, മരോട്ടിക്കുരു, നഞ്ചിന്കുരു, മങ്കോര, ഇഞ്ച, കക്കുവഞ്ചിത്തൊലി തുടങ്ങിയവ അരച്ചു കലക്കി മീന്‍ കൂടുതലുള്ള ഭാഗങ്ങളില്‍ ഒഴിച്ച് മീനുകളെ മയക്കി ഊറ്റിയെടുക്കുന്ന രീതിയാണിത്. വിഷക്കായകളായ കൊല്ലക്കായവും മണ്ണിരയും മണലും കൂട്ടിച്ചേര്‍ത്ത് വെള്ളത്തിലെറിഞ്ഞ് അത് ഭക്ഷിക്കുന്ന മീനുകളെ മയക്കി വലകൊണ്ട് ഊറ്റിയെടുക്കുന്ന രീതിയുമുണ്ട്. നീര്‍വാളക്കുരു, കൊടപ്പനക്കായ, കൊല്ലക്കായ, കാരക്കായ തുടങ്ങിയ വിഷക്കായകളും ചുണ്ണാമ്പും കൂട്ടിയരച്ച് വെള്ളത്തിലൊഴിച്ചും മീനുകളെ മയക്കിപ്പിടിക്കുന്ന രീതിയും ചിലയിടങ്ങളില്‍ നിലവിലുണ്ട്. ഇവയ്െക്കാക്കെ പുറമെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുന്ന ആദിവാസി വിഭാഗങ്ങള്‍ തനതായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മത്സ്യങ്ങളെ പിടിച്ച് ഉപജീവനം കഴിക്കുന്നു. ചാട്ടൂളി എറിയല്‍, ചൂട്ടുകാട്ടല്, തിരയിടല്, മട്ട് കലക്കല്‍, മീന്‍ തപ്പിപ്പിടിക്കല്‍, അളപ്പൊത്തല് എന്നിങ്ങനെ വിവിവിധ പ്രദേശങ്ങളില്‍ വൈവിധ്യമാര്‍ന്ന മീന്‍പിടുത്ത രീതികള്‍ നിലവിലുണ്ട്.
ഒറ്റാലും മീന്‍കൂടും: ചൂരയോ, ഈറ്റയോ കൊണ്ട് വായ്വട്ടം കൂടിയ നീണ്ട കൊട്ടയുടെ ആകൃതിയിലുണ്ടാക്കുന്ന ഉപകരണമാണ് ഒറ്റാല്. ആഴം കുറഞ്ഞ പുഴകളിലും പാടശേഖരങ്ങളിലും മീന്‍ കൂട്ടംകൂടി നില്ക്കുന്ന ഇടങ്ങളില്‍ ഒറ്റാല് വെച്ച് മീന്‍ പിടിക്കുന്നു. ഒഴുക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഉപകരണമാണ് മീന്‍കൂട്. ഈര്‍ക്കില്‍ കൊണ്ടോ, ഈറ്റപ്പാളികള് കൊണ്ടോ ഉണ്ടാക്കുന്ന ഇതിന്റെ മുന്‍ ഭാഗത്തുകൂടി അകത്തു കടക്കുന്ന മീനിന് വന്ന വഴിയിലൂടെ തിരിച്ചുപോകാനാകില്ല. കൂടിന്റെ മറ്റേ അറ്റത്തെ ഈര്‍ക്കിലുകള്‍ ചൂടി ഉപയോഗിച്ച് കെട്ടിയിട്ടുണ്ടാവും. കൂട്ടില്‍ മീന്‍ നിറയുമ്പോള്‍ കൂട് പുറത്തെടുത്ത് ചൂടി അഴിച്ചുമാറ്റി മീനെടുക്കാം.
മീന്‍കഴിച്ച് ശീലിക്കാം

വാര്‍ത്ത കേട്ടിട്ട് എന്തുതോന്നുന്നു?
'ഓ, മീന്പോയാലെന്താ നമുക്ക ് ചിക്കനുണ്ടല്ലോ.' എന്നാവും പലരുടേയും മനസ്സില്‍. കൂട്ടുകാരോട് മീനാണോ ചിക്കനാണോ ഇഷ്ടം എന്നുചോദിച്ചാല്‍ ഭൂരിഭാഗംപേരും ചിക്കന്‍ എന്നേ പറയൂ. ഇനി മീന്കഴിക്കണേല് പൊരിച്ചതാണേല് ഒന്നുനോക്കാം എന്ന മട്ടും.
എന്നാല്‍ ചിക്കന്‍ നമുക്ക ് വരുത്തിവയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങളും മീന്‍ നമുക്ക ് തരുന്ന ആരോഗ്യവും പലര്‍ക്കും അറിയില്ല എന്നുമാത്രം.
ഹോര്‍മോണുകളും കൃത്രിമ ഭക്ഷണവുമൊക്കെ നല്കി വളര്‍ത്തുന്ന കോഴിയുടെ ഇറച്ചി നമ്മുടെ ശരീരത്തിന് കുറച്ചൊന്നുമല്ല ദോഷം ചെയ്യുക. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലൂടെ പുതിയ ജീവിതശൈലീരോഗങ്ങളും പിടിപെടുന്നു.
മീനുകളില്‍ നമുക്ക് ആവശ്യമായ പലഘടകങ്ങളും അടങ്ങിയിട്ടുണ്ട്. മത്തി,അയല,നെത്തോലി, ചെമ്പല്ലി തുടങ്ങിയ ചെറുമത്സ്യങ്ങളില്‍ ശരീരവളര്ച്ചയേയും ബുദ്ധിവികാസത്തേയും സഹായിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. പൊരിച്ച ചിക്കനും മറ്റും ഒഴിവാക്കി അത്തരം മീനുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതാണ് ഭാവിയിലെ ആരോഗ്യത്തിന് ഗുണംചെയ്യുക.
