മിഷേലിന്റെ ഡയറിക്കുറിപ്പുകള്‍

ലോകപ്രശസ്തമായ ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളെപ്പറ്റി കേട്ടിട്ടില്ലേ? അതേപോലെ ശ്രദ്ധേയമാകാന്‍ പോകുന്ന ഒരു ഡയറിക്കുറിപ്പുണ്ട്.
ഈ വര്‍ഷം ലോക പുസ്തകവിപണിയില്‍ വില്പനയ്ക്കെത്തിയ മിഷേല്‍ ബോറിസ്ലൂ എന്ന ബ്രിട്ടീഷ് വീട്ടമ്മയുടെ ഡയറിക്കുറിപ്പുകള്‍. മിഷേലിന്റെ ഡയറിയില്‍ അവര്‍ കുറിച്ചത് സ്വന്തം രോഗത്തെക്കുറിച്ചുള്ള വിശദവിവരങ്ങളും ആ രോഗം ഉള്ളവരെ എങ്ങനെയൊക്കെ ശുശ്രൂഷിക്കണം, അവരോടുള്ള മറ്റുള്ളവരുടെ പെരുമാറ്റം എങ്ങനെയാകണം എന്നതിനെപ്പറ്റിയൊക്കെയാണ്. ഇനി മിഷേലിന്റെ രോഗമെന്താണെന്നല്ലേ. അല്‍ഷിമേഴ്സ് തന്നെ!

ഒരിക്കലും സ്വന്തം വീടും കുടുംബത്തെയും വളര്‍ത്തുനായയെയും പിരിഞ്ഞ് അല്‍ഷിമേഴ്സ് രോഗികള്‍ക്കായുള്ള സംരക്ഷണകേന്ദ്രത്തില്‍ പോകാന്‍ മിഷേല്‍ ആഗ്രഹിച്ചിരുന്നില്ല.
ബ്രിട്ടനിലെ ഏറ്റവും പ്രായംകുറഞ്ഞ അല്‍ഷിമേഴ്സ് രോഗികൂടിയാണ് മിഷേല്‍. പ്രായമായവരില്‍ മാത്രം കണ്ടുവരുന്ന അസുഖം എന്ന് ഒരു കാലത്ത് ശാസ്ത്രലോകം അടിവരയിട്ട അല്‍ഷിമേഴ്സ് മിഷേലിനെ കീഴ്പ്പെടുത്തിയത് 38-ാം വയസ്സിലാണ്. ഇന്നവര്‍ക്ക് 43 വയസ്സ്. മറവിയുടെ ലോകത്ത് സ്വയം ഒതുങ്ങിപ്പോയപ്പോള്‍ ഡയറി ഭര്‍ത്താവിനെ ഏല്പിക്കാന് മിഷേലിനു കഴിഞ്ഞില്ല. 2011-ലാണ് മിഷേലിനെ വീട്ടില്‍നിന്നും സ്റ്റീവ്്് കെയര്‍ഹോമിലേക്ക് മാറ്റിയത്.
ഈ വര്‍ഷം ആദ്യം യാദൃച്ഛികമായാണ് മിഷേലിന്റെ ഡയറി സ്റ്റീവിന് കിട്ടുന്നത്. അന്നുതൊട്ട് സ്റ്റീവ് ഭാര്യക്കാപ്പം സദാസമയവും ചെലവഴിക്കുന്നു. ഭാര്യക്കടുത്തിരുന്ന് അവര്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നത് സ്റ്റീവ് കണ്ടിട്ടുണ്ട്. മക്കളായ 26-കാരന് റിച്ചാര്‍ഡും 24-കാരന് ഗ്രഹാമും അമ്മയുടെ കൂടെയുണ്ട്. അല്‍ഷിമേഴ്സ് തങ്ങള്‍ക്ക് വരില്ലെന്ന് വിശ്വസിച്ച് രോഗലക്ഷണങ്ങള്‍ ഗൗരവമായി എടുക്കാത്തവര്‍ക്ക് ഒരു ബോധവത്കരണം എന്ന നിലയില്‍ക്കൂടിയാണ് സ്റ്റീവ്, മിഷേലിന്റെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
തയ്യാറാക്കിയത് അശ്വതികൃഷ്ണ,ബാലചന്ദ്രന് എരവില്‍