മിന്നുന്ന ഇത്തിരിക്കുഞ്ഞന്‍
സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍


1962-ലാണ് എല്‍.ഇ.ഡി. യുടെ ഉദയം. അര നൂറ്റാണ്ടുകൊണ്ട് വിസ്മയിപ്പിക്കുന്ന തരത്തിലുള്ള കടന്നുകയറ്റമാണ് ഈ ഇത്തിരിക്കുഞ്ഞന്മാര്‍ സമൂഹത്തില്‍ നടത്തിയിരിക്കുന്നത്.1927-ല്‍ റഷ്യക്കാരനായ ഒലേഗ് വ്ലൂഡ്മിറോമിഷ് ലോസേവാണ് എല്‍.ഇ.ഡി. കണ്ടുപിടിച്ചത്. 1955-ല്‍ റൂബിന്‍ ബ്രോണ്‍സ്റ്റീന്‍ ഡയോഡില്‍നിന്ന് ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ പുറപ്പെടുന്നത് കണ്ടെത്തി. 1961-ല്‍ അമേരിക്കക്കാരായ റോബര്‍ട്ട് ബിയാഡും ഗാരി പിറ്റ്മാനും ചേര്‍ന്ന് വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഇന്‍ഫ്രാറെഡ് വികിരണങ്ങളെ പുറംതള്ളുന്ന എല്‍.ഇ.ഡി. നിര്‍മിച്ച് അതിന് പേറ്റന്റ് നേടി.

കണ്ണുകൊണ്ട് കാണാവുന്ന പ്രകാശമുള്ള എല്‍.ഇ.ഡി. ആദ്യമായി നിര്‍മിച്ചത് 1962-ല്‍ നിക്ക് ഹോളന്യാക്ക് ജൂനിയര്‍ ആണ്. 'എല്‍.ഇ.ഡി.യുടെ പിതാവ്' എന്നറിയപ്പെടുന്നതും അദ്ദേഹം തന്നെ. തിളങ്ങുന്ന വിവിധ വര്‍ണങ്ങളില്‍ തുടങ്ങി ശക്തിയേറിയ ധവളപ്രകാശംവരെയെത്തിയ വളര്‍ച്ച അവയെ നമുക്ക് പ്രിയങ്കരമാക്കി.അര്‍ധചാലകത്തിന്റെ ഒരു ചെറു ചിപ്പ് ആണ് എല്‍.ഇ.ഡി.യുടെ മുഖ്യഭാഗം. ഒരു പോസിറ്റീവ് വശവും ഒരു നെഗറ്റീവ് വശവും ഉള്ള അര്‍ധചാലക ചിപ്പ് ആണ് ഡയോഡ്. വൈദ്യുതി പ്രവഹിപ്പിക്കുമ്പോള്‍ ഇതിന്റെ നെഗറ്റീവ് വശത്ത് നിന്ന് പോസിറ്റീവ് വശത്തേക്ക് ഇലക്‌ട്രോണുകള്‍ പ്രവഹിക്കും. ഇലക്‌ട്രോണുകള്‍ പോസിറ്റീവ് വശത്തെ താഴ്ന്ന ഊര്‍ജനിലയിലേക്ക് പതിക്കുമ്പോള്‍ പുറംതള്ളപ്പെടുന്ന ഊര്‍ജമാണ് പ്രകാശമായി പുറത്തുവരുന്നത്. എല്‍.ഇ.ഡി.ക്ക് ആവരണമായുള്ള കുഞ്ഞു പ്ലാസ്റ്റിക് കൂട് ലെന്‍സ് ആയി പ്രവര്‍ത്തിച്ച് പ്രകാശത്തെ ശക്തിയില്‍ പുറംതള്ളുന്നു.

ഒലേഗ് വ്ലൂഡ്മിറോമിഷ് ലോസേവ് , റൂബിന്‍ ബ്രോണ്‍സ്റ്റീന്‍ ,
നിക്ക് ഹോളന്യാക്ക് ജൂനിയര്‍ആയുസ്സില്‍ മുമ്പന്‍


ശരിയായ വൈദ്യുതിപ്രവാഹത്തിലും ഊഷ്മാവിലും നാശവും തേയ്മാനവും എല്‍.ഇ.ഡി.ക്ക് നന്നേ കുറവാണ്. ഒരു ലക്ഷം മണിക്കൂര്‍ വരെയാണ് ഇവയുടെ ആയുസ്സ്. ഇന്‍കാന്‍റസന്റ് ബള്‍ബിന് 1200 മണിക്കൂര്‍, സി.എഫ്.എല്ലിന് 8000 മണിക്കൂര്‍ എന്നിങ്ങനെയാണ് ശരാശരി ആയുസ്സ്.

മലിനീകരണമില്ല


ഫിലമെന്റുള്ള ഇന്‍കാന്റസന്റ് ബള്‍ബുകളായിരുന്നു ഒരുകാലത്ത് സജീവമായിരുന്നത്. അമിത വൈദ്യുതി ഉപഭോഗം മൂലം അവയെ ഒഴിവാക്കിയപ്പോല്‍ ഫ്ലൂറസെന്റ് ബള്‍ബുകള്‍ ആ സ്ഥാനം പിടിച്ചു. അതില്‍ പ്രധാനിയാണ് സി.എഫ്.എല്‍. മെര്‍ക്കുറി മണ്ണില്‍ തള്ളുന്നത് സി.എഫ്.എല്ലിന്റെ പോരായ്മയായി. വലുപ്പം കൂടിയ ഗ്ലാസ് ഭാഗങ്ങളും അനുബന്ധ ഭാഗങ്ങളും ഈ രണ്ട് തരക്കാരിലും മലിനീകരണത്തിന് കാരണമാകുന്നു. നിസ്സാരവലുപ്പം, കുറഞ്ഞ ഊര്‍ജ ഉപയോഗം, ദീര്‍ഘായുസ്സ് എന്നിവ മൂലം നേരിയ മലിനീകരണമേ എല്‍.ഇ.ഡി. ഉണ്ടാക്കുന്നുള്ളൂ.

സിഗ്‌നല്‍ തെളിയുമ്പോള്‍


ട്രാഫിക് സിഗ്‌നലിലെ ലൈറ്റുകളെല്ലാം നിര്‍മിക്കാന്‍ എല്‍.ഇ.ഡി.യാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ നിറങ്ങള്‍ നീല, വെളുപ്പ് തുടങ്ങി വിവിധ വര്‍ണങ്ങളിലും ലഭ്യമാണ്. ഡയോഡിലെ രാസപദാര്‍ഥങ്ങളില്‍ വ്യത്യാസപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. പല തരത്തിലുള്ള ദീപാലങ്കാരത്തിനും പുതിയ വാഹനങ്ങളിലെ വിവിധ സിഗ്‌നല്‍ ലൈറ്റുകള്‍ക്കും എല്‍.ഇ.ഡി. തന്നെ.

ടോര്‍ച്ചിലും കുഞ്ഞന്മാര്‍


പഴയ ഫിലമെന്റ് ബള്‍ബിനു പകരം ടോര്‍ച്ചുകളില്‍ എല്‍.ഇ.ഡി. സ്ഥാനം പിടിച്ചു. ഒരു ലെന്‍സിനു പിന്നില്‍ ഘടിപ്പിച്ച എല്‍.ഇ.ഡി.യില്‍ നിന്ന് നല്ല തെളിച്ചമുള്ള ധവള പ്രകാശം എത്രയും ദൂരത്തേക്ക് വെളിച്ചം വീശാന്‍ സഹായിക്കുന്നു.

കമ്പ്യൂട്ടര്‍ മോണിറ്ററില്‍


എല്‍.ഇ.ഡി. ഉപയോഗിച്ചുള്ള മോണിറ്ററുകള്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. ഈടുനില്പ്, റേഡിയേഷനെ പേടിക്കേണ്ട, കുറഞ്ഞ വൈദ്യുതി ഉപയോഗം, മികച്ച കാഴ്ച തുടങ്ങി ഒട്ടേറെ ഗുണങ്ങള്‍ ഘ'ഒ മോണിറ്റര്‍ പ്രകടിപ്പിക്കുന്നു.

റിമോട്ടിനു പിന്നില്‍


ടി.വി.ക്ക് മുന്നിലിരിക്കുമ്പോള്‍ ചാനല്‍ മാറ്റാന്‍ എഴുന്നേറ്റ് പോകുന്നത് സുഖകരമല്ല. അവിടെ നമുക്ക് സഹായിയായി റിമോട്ട് ഉണ്ട്. റിമോട്ടിന്റെ അറ്റത്ത് ഒളിച്ചിരിക്കുന്ന ഒരു എല്‍.ഇ.ഡി.യെ ശ്രദ്ധിച്ചിട്ടുണ്ടോ? നമുക്ക് കാണാന്‍ കഴിയാത്തതരം തരംഗങ്ങളായ ഇന്‍ഫ്രാറെഡാണ് ഇതില്‍നിന്ന് വരുന്നത്. റിമോട്ടിനെ ടി.വി.യുമായി ബന്ധിപ്പിക്കുന്നത് ഈ തരംഗങ്ങളാണ്. സ്വയം ഫോക്കസ് ചെയ്യുന്ന ക്യാമറയുടെ രഹസ്യവും ഇതുതന്നെ.