
ഗീതാദര്‍ശനം - 613
Posted on: 07 Oct 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയ വിഭാഗയോഗം
നല്ല പ്രവൃത്തി ചെയ്യുമ്പോള്‍ അതിനെ സല്‍ക്കര്‍മമെന്ന് പറയുന്നു. നല്ലതിനെ എല്ലാം സത് എന്ന് വിശേഷിപ്പിക്കുന്നു. ചെയ്യുന്നത് നല്ലതാണോ എന്ന ആത്മപരിശോധനയ്ക്കു സൗകര്യം തരുന്നവയാണ് ഈ വിശേഷണങ്ങള്‍.
ഇന്ദ്രിയങ്ങളെക്കൊണ്ടും മനസ്സുകൊണ്ടും നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നത് ആപേക്ഷികയാഥാര്‍ഥ്യം മാത്രം. അതില്‍ത്തന്നെ മിക്കതും തെറ്റായാണ് ധരിക്കുന്നതും. പ്രപഞ്ചവുമായി ഇടപഴകുമ്പോള്‍ യഥാര്‍ഥകാര്യം മറന്നുപോകാതിരിക്കാന്‍ സത് എന്നുച്ചരിച്ചുകൊണ്ട് പുറപ്പെടുന്നു. ആത്യന്തികയാഥാര്‍ഥ്യം എന്താണോ, അതിലുള്ള ശ്രദ്ധ വ്യതിചലിക്കാതിരിക്കാന്‍ ഉതകുന്ന വാക്കുതന്നെ ഇതും.
ഈ മൂന്ന് വാക്കുകളും ഏതോ ദിവ്യശക്തിയുള്ള മന്ത്രങ്ങളാണെന്ന മട്ടിലാണ് ചിത്രകഥകളിലും സീരിയലുകളിലും സിനിമകളിലുമൊക്കെ മാന്ത്രിക, പുരോഹിത കഥാപാത്രങ്ങള്‍ അട്ടഹാസങ്ങള്‍ നടത്തുന്നത്. ശരിയായ സാരം ഗ്രഹിച്ചാല്‍ അന്ധവിശ്വാസഭാരം ഒഴിഞ്ഞു പോവും. ഈ ശബ്ദങ്ങളുപയോഗിച്ച് ജനശ്രദ്ധയെ താമസ-രാജസ ദോഷങ്ങളിലേക്ക് തള്ളിവിടുന്ന ദുരാചാരക്കച്ചവടക്കാര്‍ ഗീത പിറക്കുന്ന കാലത്തേ ഉണ്ടായിരുന്നിരിക്കാം.
സങ്കല്പരഹിതമായ സത്തയെ അന്വേഷിക്കുന്നതും അതിനോടടുക്കാന്‍ ആചരിക്കുന്ന കര്‍മങ്ങളിലെ നിഷ്ഠയും സത് എന്നുതന്നെ അറിയപ്പെടുന്നു.
യജ്ഞേ തപസി ദാനേ ച
സ്ഥിതിഃ സദിതി ചോച്യതേ
കര്‍മ ചൈവ തദര്‍ത്ഥീയം
സദിത്യേവാഭിധീയതേ
മാത്രമല്ല, യജ്ഞദാനതപക്രിയകളിലുള്ള നിഷ്ഠയെയും സത് എന്നു പറയും. തദര്‍ഥമായി (ബ്രഹ്മസാരൂപ്യപ്രാപ്തിക്കായി) അനുഷ്ഠിക്കപ്പെടുന്ന (എല്ലാ) കര്‍മങ്ങളെയും സത് എന്നുതന്നെ പറയും.
