Mathrubhumi
Go to Articles Home
16 Sep 2015 ബുധനാഴ്ച
ആര്‍ക്കൈവ്‌സ്

ലോകമഹാമാന്ദ്യം


ഡോ. മേരി ജോര്‍ജ്‌



കരടികള്‍ അരങ്ങുവാണ കറുത്ത തിങ്കള്‍ ആഗോളസമ്പദ്ഘടനയ്ക്ക് നല്‍കുന്ന സൂചനകള്‍

ചൈനയും അമേരിക്കയും പരസ്​പരം കാണിക്കുന്ന വല്യേട്ടന്‍ മനോഭാവംമൂലം യുവാന്‍ഡോളര്‍ മത്സരമുണ്ടായാല്‍ അത് ആഗോളതലത്തില്‍ ഓഹരിവിപണികളില്‍ വന്‍ചലനങ്ങള്‍ സൃഷ്ടിക്കും


ധനതത്ത്വശാസ്ത്രത്തിലും ഊഹക്കച്ചവടത്തിലും ഒരുപോലെ പ്രഗല്ഭനായിരുന്ന ജോണ്‍ മേനാര്‍ഡ് കെയിന്‍സ് തന്റെ അതിപ്രശസ്തമായ 'തൊഴില്‍, പലിശ, പണം ഇവയുടെ പൊതുസിദ്ധാന്തം' (1936, പുറം 159) എന്ന ഗ്രന്ഥത്തില്‍ ഓഹരിവിപണിയെ താരതമ്യപ്പെടുത്തിയിരിക്കുന്നത് ചൂതാട്ടകേന്ദ്രത്തോടാണ്. കരുത്താര്‍ജിച്ചുനില്‍ക്കുന്ന ഒരു സമ്പദ്ഘടനയില്‍ ഓഹരിവിപണി ഒന്നുംചെയ്യാനാവാത്ത ഒരു കുമിളമാത്രം. എന്നാല്‍, സമ്പദ്ഘടനയ്ക്ക് അടിപതറിയാല്‍ ഓഹരിവിപണി ഒരു നീര്‍ച്ചുഴിയായി പരിണമിക്കുകയും സമ്പദ്ഘടനയെന്ന നീര്‍ക്കുമിള ആ ചുഴിയില്‍ പൊട്ടിത്തകരുകയും ചെയ്യും. 2008 മുതല്‍ ഇങ്ങോട്ടുള്ള ആഗോളസമ്പദ്ഘടനയുടെ ചലനങ്ങള്‍ സസൂക്ഷ്മം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാവുന്ന ഒരു സത്യമുണ്ട്. 2008ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഒരു സമ്പദ്ഘടനയ്ക്കും തിരിച്ചെത്താനായിട്ടില്ല. മാന്ദ്യത്തെ അതിജീവിക്കുന്നു എന്നുകരുതിയ രാജ്യങ്ങള്‍പോലും വളര്‍ച്ചയില്‍ സ്ഥിരതകൈവരിക്കാനാവാതെ ആശങ്കയിലമരുന്നു. ഇന്ത്യയുടെ കാര്യംതന്നെയെടുക്കാം, ഒരുപാട് വാഗ്ദാനങ്ങളുമായിവന്ന എന്‍.ഡി.എ. സര്‍ക്കാര്‍ പ്രതീക്ഷയ്‌ക്കൊത്ത് വളര്‍ച്ചകൈവരിക്കാനാവാത്ത ധര്‍മസങ്കടത്തിലാണ്. കാര്‍ഷിക, വ്യാവസായിക മേഖലകള്‍ തളര്‍ന്നുകിടക്കുന്നതും മൊത്തവിലസൂചിക പൂജ്യത്തിനു താഴെ പോയതും ഉപഭോക്തൃവിലകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്നതോതിലെത്തിയതും മാന്ദ്യാവസ്ഥയെത്തന്നെയാണു ചൂണ്ടിക്കാണിക്കുന്നത്.

ആഗോളസമ്പദ്ഘടനയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഈ അപകടം മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ കേന്ദ്രബാങ്ക് ഗവര്‍ണറായ രഘുറാം രാജന്‍(മുമ്പ് ലോകനാണ്യനിധിയുടെ മുഖ്യ സാമ്പത്തികശാസ്ത്രജ്ഞനായിരുന്നു) കഴിഞ്ഞ ജൂലായ് 15ന് ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ പ്രസംഗിക്കവെ, ലോകസാമ്പത്തികരംഗം 1930കളിലേതുപോലുള്ള ഒരു മഹാമാന്ദ്യത്തി(ഗ്രേറ്റ് ഡിപ്രഷന്‍ ഓഫ് 192933)ലേക്ക് സാവധാനം ചുവടുവെയ്ക്കുകയാണെന്നു ചൂണ്ടിക്കാട്ടിയത്.

അതുപറയാന്‍ പ്രേരിപ്പിച്ച കാരണങ്ങള്‍ ആഗോളതലത്തില്‍ ചിതറിക്കിടക്കുകയാണ്. യൂറോപ്പിലെ പല രാജ്യങ്ങളും നാണ്യച്ചുരുക്കത്തിന്റെ പിടിയിലാണ്. ചില രാജ്യങ്ങളില്‍ വിലകള്‍ സാവധാനം ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഗ്രീസ്, പോര്‍ച്ചുഗല്‍ തുടങ്ങിയവ കടത്തില്‍ മുങ്ങുകയാണ്. അമേരിക്ക സാവകാശം വളര്‍ച്ചയുടെ പാതയിലേക്കു കടക്കുകയാണ്. അതുകൊണ്ടുതന്നെ വേതനനിരക്കുകള്‍ ഉയരാന്‍തുടങ്ങി. ഇതുമൂലം കമ്പനികളുടെ ലാഭത്തോത് കുറയും. ഹ്രസ്വകാലലാഭം മുന്നില്‍ക്കണ്ട് പൊരുത്തുനടത്തുന്നവരാണ് അമേരിക്കന്‍ ഓഹരിവിപണിയിലെ കാളകളും കരടികളും. കമ്പനികളുടെ ലാഭത്തോത് കുറയുന്നുവെന്നുവന്നാല്‍ അമേരിക്കന്‍ ഓഹരിവിപണിയില്‍ ചാഞ്ചാട്ടമുണ്ടാവും. ഇതിന്റെ ആഘാതത്തില്‍നിന്ന് ലോകത്തെവിടെയെങ്കിലുമുള്ള ഓഹരിവിപണിക്ക് വിട്ടുനില്‍ക്കാനാവില്ല. ജപ്പാന്‍ 2008ല്‍ തുടങ്ങിയ മാന്ദ്യത്തിന്റെ പിടിയില്‍നിന്ന് മോചനം പ്രഖ്യാപിച്ചിട്ടില്ല. ചൈനയുടെ കാര്യമെടുക്കാം. അന്താരാഷ്ട്ര നാണ്യനിധിയുടെ 2014ലെ കണക്കുപ്രകാരം 142 വര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കയെ മറികടന്ന് ചൈന ആഗോളതലത്തില്‍ ഏറ്റവും വലിയ സമ്പദ്ഘടനയായിമാറി. ചൈനയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 17.63 ലക്ഷം കോടി ഡോളറും അമേരിക്കയുടേത് 17.42 ലക്ഷം കോടി ഡോളറും. മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം വെറും 7.28 ലക്ഷം കോടി ഡോളര്‍ മാത്രം. അങ്ങനെ കരുത്തുതെളിയിച്ച ചൈനയാണ് ഇന്ന് ആശങ്കാജനകമായ ഒരു സ്ഥിതിയിലേക്കെത്തിയിരിക്കുന്നത്. ചൈന ഒരു കയറ്റുമതിരാജ്യമാണ്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന മാന്ദ്യം ചൈനയില്‍നിന്നുള്ള കയറ്റുമതിയെ സമ്മര്‍ദത്തിലാക്കി. കയറ്റുമതിയിലെ ഇടിവ് വ്യാവസായികമാന്ദ്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. യുവാന്റെ മൂല്യം അടിക്കടി വെട്ടിക്കുറയ്ക്കുന്നത് വിദേശവ്യാപാരരംഗത്ത് ചൈനീസ് ഉത്പന്നങ്ങള്‍ വിലകുറഞ്ഞതാക്കി, കൂടുതല്‍ മത്സരക്ഷമമാക്കി വിപണി നിലനിര്‍ത്താനുള്ള തന്ത്രമാണ്. ചൈന ഉയര്‍ത്തിക്കാട്ടുന്ന മറ്റു കാരണങ്ങള്‍ ഈ സത്യത്തോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നുമാത്രം. ഇപ്പോഴത്തെ കയറ്റുമതി ഇടിവ് സ്വന്തം ടെക്‌നോളജിമേഖലയിലേക്കൊരു തിരിഞ്ഞുനോട്ടത്തിന് ചൈനയെ പ്രേരിപ്പിച്ചിട്ടുണ്ട്. ലോഎന്‍ഡ് ടെക്‌നോളജിയില്‍ ചെലവുകുറച്ച് ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍കൊണ്ടാണ് ചൈന ലോകവിപണി പിടിച്ചെടുത്തത്. ഗുണനിലവാരത്തെക്കാള്‍ 'കുറഞ്ഞവില' എന്ന മാസ്മരികദണ്ഡുകാണിച്ച് പിടിച്ചുവെച്ചിരുന്ന വിപണികള്‍, ഹൈഎന്‍ഡ് ടെക്‌നോളജിയില്‍ നിര്‍മിച്ച മെച്ചപ്പെട്ട ഗുണനിലവാരമുള്ള ഉത്പന്നങ്ങളിലേക്കു ചുവടുമാറാന്‍ തുടങ്ങി. അപ്പോഴതാ പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ജനസംഖ്യാനയം വെല്ലുവിളിയുയര്‍ത്തുന്നു. 'ഒരുകുട്ടി'നയംമൂലം ഉത്പാദനക്ഷമമായ ജനസംഖ്യ വളരെക്കുറഞ്ഞു. ജനസംഖ്യാനയം തിരുത്തിക്കൊണ്ടിരിക്കുകയാണെങ്കിലും ഫലം ലഭിക്കാന്‍ കാത്തിരിക്കണമല്ലോ. ഇങ്ങനെ നിരവധി ഘടകങ്ങള്‍ ചൈനയുടെ സ്വൈരംകെടുത്തുമ്പോഴും കയറ്റുമതി ഉത്തേജിപ്പിച്ച് നിലനിര്‍ത്തി വ്യാവസായികമാന്ദ്യം തടഞ്ഞുനിര്‍ത്തുക ചൈനയെ സംബന്ധിച്ച് പിടിച്ചുനില്‍ക്കലിന്റെ സാമ്പത്തികവശമാണ്.


ഡോളറിന്റെ പലിശനിരക്കുയര്‍ത്തുന്ന
ആഗോളതരംഗം


അന്താരാഷ്ട്ര നാണ്യനിധി 1968ല്‍ രൂപംനല്‍കിയ അന്താരാഷ്ട്ര കറന്‍സിയായ സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സി(എസ്.ഡി.ആര്‍.)ന്റെ മൂല്യം നിര്‍ണയിച്ചിട്ടുള്ളത് സ്വര്‍ണത്തിലും ഡോളറിലുമാണ്. അന്നുതൊട്ട് 2008വരെ ഡോളര്‍ ആഗോളതലത്തില്‍ ഏറ്റവും ആദാനമുള്ള (ഉലാമിറ അഥവാ ആവശ്യം) കറന്‍സിയായി തുടരുകയായിരുന്നു. ആസ്തികള്‍ നിക്ഷേപമാക്കി സൂക്ഷിക്കാന്‍ സ്വര്‍ണത്തെക്കാള്‍ പ്രിയപ്പെട്ടത് ഡോളറായിത്തീര്‍ന്നു. സ്വര്‍ണം പണമാക്കിമാറ്റാന്‍ ആവശ്യമുള്ള കാലതാമസമോ നഷ്ടമോ ഡോളറിന്റെ കാര്യത്തില്‍ ഇല്ലാതിരുന്നതും മൂല്യം ശോഷിക്കാത്തതുംതന്നെ കാരണങ്ങളായിരുന്നു. യൂറോ ഡോളര്‍ എന്നൊരു പ്രതിഭാസം (യൂറോപ്യന്‍ ബാങ്കുകളിലെ ഡോളര്‍ നിക്ഷേപം) ഉരുത്തിരിഞ്ഞതും ഈ കാലഘട്ടത്തിലാണ്. എന്നാല്‍, 2008ല്‍ അമേരിക്കയില്‍ മുളപൊട്ടി ആഗോളതലത്തില്‍ വളര്‍ന്ന മാന്ദ്യം ഡോളറിന്റെ അടിതെറ്റിച്ചു. ഡോളര്‍ നിക്ഷേപങ്ങളധികവും സ്വര്‍ണനിക്ഷേപമായിമാറി. അങ്ങനെയാണ് 2008 തൊട്ടുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണത്തിന്റെ ആദാനവും വിലയും ക്രമാതീതമായി ഉയര്‍ന്നത്. എന്നാല്‍, 201213 കാലയളവുമുതല്‍ ഡോളര്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചു. ഡോളറില്‍നിന്ന് സ്വര്‍ണത്തിലേക്കുപോയ നിക്ഷേപങ്ങള്‍ തിരിച്ച് ഡോളറിലെത്താന്‍ തുടങ്ങി; സ്വര്‍ണത്തിന്റെ വില താഴാനും. എന്നാല്‍, ഇപ്പോഴിതാ ആഗോളമാന്ദ്യസൂചനകള്‍, ചൈനയുടെ ആഭ്യന്തര സാമ്പത്തികപ്രശ്‌നങ്ങള്‍ ഇവയൊക്കെ ധനകാര്യസ്ഥാപനങ്ങളുടെയും കോര്‍പ്പറേറ്റുകളുടെയും കൈകളിലുള്ള അധികമൂലധനം സ്വര്‍ണത്തിനുചുറ്റും വട്ടമിട്ടുപറക്കാന്‍ കാരണമായിരിക്കുന്നു. ഫെഡറല്‍ റിസര്‍വ് സിസ്റ്റം (അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക്) പലിശനിരക്കുകള്‍ വര്‍ധിപ്പിക്കുന്നപക്ഷം സ്വര്‍ണത്തെ കൈവിട്ട് ഡോളറിലേക്കു ചേക്കേറാന്‍ മടിക്കുകയില്ല. കാരണം, വീണ്ടുമൊരു ആഗോളമാന്ദ്യസൂചന പുറത്തുവരുമ്പോഴും അമേരിക്ക ശക്തമായനിലയില്‍ തുടരുകയാണ്.

ഇന്ത്യയുടെ വ്യാപാരക്കമ്മിയും
യുവാന്റെ മൂല്യം വെട്ടിക്കുറയ്ക്കലും

ഇന്ത്യ ഏറ്റവും കൂടുതലായി ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ചൈന. ചൈന എപ്പോഴൊക്കെ യുവാന്റെ മൂല്യം വെട്ടിക്കുറയ്ക്കുന്നുവോ അപ്പോഴൊക്കെ ഇന്ത്യന്‍ കറന്‍സിയുമായുള്ള താരതമ്യത്തില്‍ യുവാന്റെ മൂല്യം കുറയും. എന്നുവെച്ചാല്‍ ഒരു രൂപയ്ക്ക് നേരത്തേ വാങ്ങിയിരുന്നതിനെക്കാള്‍ കൂടുതല്‍ അവിടെനിന്നു വാങ്ങാന്‍ കഴിയുമെന്നര്‍ഥം. ഇതുമൂലം ഇന്ത്യ പൂര്‍വാധികമായി ചൈനയില്‍നിന്ന് ഇറക്കുമതിചെയ്യും. അതേസമയം ഇന്ത്യയില്‍നിന്നു ചൈനയിലേക്കുള്ള കയറ്റുമതി കുറയുകയുംചെയ്യും.
പെട്രോളിയം ഉത്പന്നങ്ങളുെട വിലയില്‍ 2014 ഒക്ടോബര്‍ മുതല്‍ ഇടിവനുഭവപ്പെട്ടുതുടങ്ങിയതാണ്. അന്താരാഷ്ട്രവിപണിയില്‍ ബാരലിന് 48 ഡോളര്‍ എന്ന നിലവാരത്തിലെത്തിനില്‍ക്കുമ്പോള്‍ ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുറയേണ്ടതും വ്യാപാരക്കമ്മി ആശ്വാസകരമായ തലത്തിലെത്തേണ്ടതുമാണ്. ചാര്‍ട്ട് ഈ സാഹചര്യത്തിലേക്കു വെളിച്ചംവീശുന്നു.

ചാര്‍ട്ട് സൂചിപ്പിക്കുന്നതുപോലെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി 201314ല്‍ 25.35 ബില്യണ്‍ ഡോളറിന്റേതായിരുന്നത് 201415ല്‍ 21.55 ബില്യണ്‍ ഡോളറിന്റെതായി കുറഞ്ഞു. അതായത് 15 ശതമാനം ഇടിവ്. ഇറക്കുമതിച്ചെലവ് 33.66 ബില്യണ്‍ ഡോളറില്‍നിന്ന് 28.39 ബില്യനിലേക്കു താണു. അതായത് 15.66 ശതമാനം ഇടിവ്. ഈ നേട്ടത്തിനു കാരണം, പക്ഷേ, ഇറക്കുമതി കുറഞ്ഞതല്ല, പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞതാണ്. പെട്രോളിയം ഇറക്കുമതിക്ക് 201314ല്‍ 13.71 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച സ്ഥാനത്ത് 201415ല്‍ ചെലവഴിച്ചത് 6.10 ബില്യണ്‍ മാത്രം. അതായത് 55.5 ശതമാനം കുറവ്. അതേസമയം പെട്രോളിയം ഇതര ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചെലവ് 19.96 ബില്യണ്‍ ഡോളറില്‍നിന്ന് 22.29 ബില്യനായി ഉയര്‍ന്നു11.67 ശതമാനം വര്‍ധന. ഈ മേഖലയിലാണ് ചൈന ഇന്ത്യക്ക് ഭീഷണിയുയര്‍ത്തുന്നത്.
ഇന്ത്യചൈന വ്യാപാരരീതിതന്നെയാണ് തന്ത്രപ്രധാന പ്രതികൂലഘടകം. ഇന്ത്യയില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി വിശകലനവിധേയമാക്കാം. 2013 ഡിസംബറിനും 2014 മെയ്മാസത്തിനും ഇടയില്‍ ഇന്ത്യയില്‍നിന്ന് ചൈനയിലേക്ക് കയറ്റുമതിചെയ്തതിന്റെ മൂല്യം 8017.37 ദശലക്ഷം ഡോളറായിരുന്നു. അതേ കാലയളവില്‍ 201415ല്‍ കയറ്റുമതി 5659.12 ദശലക്ഷം ഡോളറിന്റെതുമാത്രം (29.4%).

അതേസമയം ചൈനയില്‍നിന്നുള്ള ഇറക്കുമതി നോക്കാം. 201314ല്‍ ഇറക്കുമതി 16,416.84 ദശലക്ഷം ഡോളറിന്റേതായിരുന്നുവെങ്കില്‍ 201415ല്‍ അത് 20053.44 ദശലക്ഷത്തിന്റേതായി ഉയര്‍ന്നു (+22.15%). തീര്‍ന്നില്ല, 201415ല്‍ ഇന്ത്യയുടെ ആകെ ഇറക്കുമതിയില്‍ 35.49 ശതമാനവും ചൈനയില്‍നിന്നുതന്നെയായിരുന്നു. നിസ്സാരവിലയ്ക്ക് (ഗുണവും തീരെ കുറവുതന്നെ), ഇലക്ട്രോണിക്‌സ് തൊട്ടുള്ള ഉത്പന്നങ്ങള്‍ മൂന്നുമാര്‍ഗത്തിലൂടെയും (ആകാശം, കര, കടല്‍) നിയമപരമായും അതിലുമധികം കള്ളക്കടത്തായും ഇന്ത്യന്‍ വിപണിയില്‍ നിറയ്ക്കുകയാണ്. ചൈനയുമായി ഇന്ത്യക്കുള്ള ഉയര്‍ന്ന അടവുശിഷ്ടബാക്കി ഈ കുടിലതന്ത്രത്തിന്റെ ബാക്കിപത്രമാണ്. അടുത്തിടെ ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ചപ്പോള്‍ വ്യാപാരക്കമ്മി നികത്തത്തക്കരീതിയില്‍ ഇന്ത്യയില്‍നിന്ന് കൂടുതല്‍ വാങ്ങുകയെന്ന നിര്‍ദേശംവെയ്ക്കുകയും അവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇവിടെനിന്ന് മേല്‍ത്തരം ഇരുമ്പയിര്, തുകല്‍, പോത്തിറച്ചി തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ ചൈനയ്ക്കു വാങ്ങാവുന്നതാണ്. എന്നാല്‍, ഭായി ഭായി എന്നു വിളിച്ച് അധരംകൊണ്ടു ചിരിക്കുകയും പല്ലുകൊണ്ടു ഞെരിക്കുകയും ചെയ്യുന്ന ചൈനയുടെ പതിവുസ്വഭാവം ഇന്നും തുടരുകയാണ്. ഈ വൈരുധ്യം നിലനില്‍ക്കുവോളം യുവാന്റെ മൂല്യം കുറയ്ക്കുന്നത് ഇന്ത്യക്കു ഭീഷണിതന്നെയാണ്. എന്നാല്‍, ഇന്ത്യയുടെ ഇപ്പോഴത്തെ അടവുശിഷ്ടബാക്കി ആഭ്യന്തരോത്പാദനത്തിന്റെ 1.3 ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ ആ വകയില്‍ ആശങ്കയ്ക്കു വഴിയില്ല. കാരണം, റിസര്‍വ് ബാങ്ക് 2012നുശേഷം സംഭരിച്ച 200 ടണ്‍ സ്വര്‍ണം, 350 ബില്യണ്‍ ഡോളറിലധികംവരുന്ന വിദേശനാണ്യശേഖരം എന്നിവ അടവശിഷ്ടബാക്കി അടച്ചുതീര്‍ക്കാന്‍ വിനിയോഗിക്കാവുന്നതാണ്.

ചുരുക്കത്തില്‍ 'ഇന്ത്യയില്‍ നിര്‍മിക്കുക' സാര്‍ഥകമാകണമെങ്കില്‍ അനാവശ്യ ഇറക്കുമതികള്‍ കര്‍ശനമായി നിയന്ത്രിക്കണം. ഇന്ത്യക്കാവശ്യമുള്ള ഉയര്‍ന്ന സാങ്കേതികവിദ്യ, മെഷിനറി തുടങ്ങിയവയാവണം പ്രധാന ഇറക്കുമതിയിനങ്ങള്‍. ആഗോളീകരണനിയമങ്ങളും മാനദണ്ഡങ്ങളും എല്ലാ ഡബ്ല്യു.ടി.ഒ. രാഷ്ട്രങ്ങള്‍ക്കും ഒരുപോലെ ബാധകമാക്കണം. ചൈനയും അമേരിക്കയും പരസ്​പരം കാണിക്കുന്ന വല്യേട്ടന്‍ മനോഭാവംമൂലം യുവാന്‍ഡോളര്‍ മത്സരമുണ്ടായാല്‍ അത് ആഗോളതലത്തില്‍ ഓഹരിവിപണികളില്‍ വന്‍ചലനങ്ങള്‍ സൃഷ്ടിക്കും. കരടികള്‍ ആഞ്ഞുപിടിച്ചാല്‍ മാന്ദ്യത്തിലേക്ക് അടിവെച്ചുകൊണ്ടിരിക്കുന്ന ലോകസമ്പദ്ഘടനയെ വെറുമൊരു നീര്‍ക്കുമിളയാക്കിമാറ്റി, പൊട്ടിച്ച് തരിപ്പണമാക്കുക നിഷ്പ്രയാസമാണ്.
» MORE STORIES