LATEST NEWS

Loading...

Custom Search
Pravasi Blog

പ്രവാസ ജീവിതത്തില്‍ നിങ്ങള്‍ക്കുമില്ലേ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍? അവ സന്തോഷിപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആവട്ടെ. ഞങ്ങള്‍ക്കെഴുതുകയോ ബ്ലോഗ് ലിങ്കുകള്‍ അയക്കുകയോ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക

+ -

മരിച്ച് ജീവിക്കുന്നവര്‍

മോത്തിലാല്‍ മേനോത്ത്‌

Posted on: 13 Sep 2015

 

ഇത്രയും കാലത്തെ ജീവിതയാത്രയില്‍ ഒരു പാട് പേരെ കണ്ടു മുട്ടി. പല തരക്കാരെ, പല സ്വഭാവക്കാരെ. ചിലരെ മനസില്‍ ഓര്‍ത്തുവെക്കുന്നു. ചിലര്‍ മറവിയിലേക്ക് മാഞ്ഞു പോയിരിക്കുന്നു. ചിലരാകട്ടെ ഇപ്പോഴും എനിക്ക് ഒപ്പം നടക്കുന്നു. ജീവിതത്തില്‍ നല്ലകാലം സ്വപ്നംകണ്ട് ഈ മരുഭൂമിയിലേക്ക് ചേക്കേറി പ്രവാസി ആയവര്‍ പിന്നീട് പ്രവാസി ജീവിതത്തില്‍ നിന്ന് മോചനം ലഭിക്കാതെ ഈ തടവറയില്‍ ബന്ധിക്കപ്പെട്ടവര്‍.

''അതെ നല്ല ആളാ, കിടക്കാ ജോലിക്കൊന്നും പോണില്ലേ''
''വെറുതെ ഓരോന്ന് ആലോചിച്ച് കിടന്നതാ രഘുവേട്ടാ''
''കിടന്നോ ഞാന്‍ ഇറങ്ങാ, ഇന്ന് നൈറ്റ് ഷിഫ്റ്റ് ആണ്. ഇനി രണ്ട് ദിവസമെങ്കിലും നൈറ്റ് എടുക്കണം. എങ്കിലേ ഓണത്തിന്ന് നാട്ടിലയക്കാന്‍ എന്തെങ്കിലും കിട്ടൂ. നമുക്ക് ഇവിടെ ഓണവും വിഷുവും ഇല്ലെങ്കിലും നാട്ടില്‍ ഉള്ളവര്‍ ആഷോഷിക്കട്ടെ''
''മടുത്തു രാത്രിയും പകലും ഈ വെയിലും കൊണ്ട് പണി എടുത്താ ഇവിടെത്തെ ചിലവ് കഴിഞ്ഞാ നാട്ടില്‍ അയക്കാന്‍ ഒന്നും കാണില്ല. പിന്നെ നാട്ടിലെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ നിന്നു പോണത് ''
''ഞാന്‍ ഇറങ്ങാ, നീ കിടക്ക് ''
രഘുവേട്ടന്‍ പുറത്തിറങ്ങി. ഇനി കിടന്നാ ശരിയാകില്ല. പുറത്ത് നല്ല ചൂട്. മണ്ണ് തിളച്ച് കിടക്കാ എങ്കിലും പുറത്തിറങ്ങി മരുഭൂമി ഇങ്ങനെ നീണ്ട് നിവര്‍ന്ന് കിടക്കാ. ഈ മണ്ണില്‍ എത്ര പേരുടെ കണ്ണീര് ഓരോ ദിവസവും വീഴുന്നുണ്ട്. ഇവിടെ വന്നപ്പോ തുടങ്ങി കാണുന്ന ഒരു മുഖം ഉണ്ട് രാമേട്ടന്‍. മനസില്‍ നന്മ മാത്രം ഉള്ള, എപ്പോഴും ചിരിക്കുന്ന മുഖവും ഉള്ള രാമേട്ടന്‍ ഞാന്‍ വന്ന സമയത്ത് രാമേട്ടനെ ബംഗാളി അണെന്നാ വിചാരിച്ചിരുന്നത്. ഒരു മുക്കാ മുണ്ടും വായില്‍ നിറയെ മുറുക്കാനും ചവച്ചു വരുന്ന രാമേട്ടനെ കണ്ടാല്‍ ആരും ഒറ്റനോട്ടത്തില്‍ ബംഗാളി ആണെന്നെ പറയൂ. പിന്നെയാ ആള്‍ ഒരു മലയാളി ആണെന്നും, നാട്ടില്‍ പത്തനംതിട്ടക്കാരന്‍ ആണെന്നും അറിഞ്ഞത്. സത്യം പറഞ്ഞാ വിഷമം തോന്നും. നാട്ടില്‍ ആണെങ്കില്‍ പേരക്കുട്ടികളെ ഒക്കെ കളിപ്പിച്ച് വീട്ടില്‍ ഇരിക്കേണ്ട പ്രായം. കൂടുതല്‍ അടുത്തപ്പോള്‍ ആണ് അറിയുന്നത്. പാസ്‌പ്പോര്‍ട്ടും വിസയും ഒന്നും ഇല്ല. നാട്ടില്‍ നിന്ന് വന്നിട്ട് ഇതുവരെ പോയിട്ടില്ല. വര്‍ഷം ഒന്‍പത് ആയി. നാട്ടില്‍ മക്കളുടെ എല്ലാവരുടെയും കല്ലാണം കഴിഞ്ഞു. ആരുടെ കല്യാണത്തിനും നാട്ടില്‍ പോയിട്ടില്ല. വിസ ഇല്ലാത്തതു കാരണം നാട്ടില്‍ പോകാനും കഴിയില്ല. ചോദിച്ചാല്‍ പറയും ഞാന്‍ പോയില്ലെങ്കിലെന്തെ അവര്‍ എല്ലാവരും സുഖമായിരിക്കുന്നു. ഞാന്‍ പോയില്ലെങ്കിലും ആവശ്യങ്ങള്‍ക്കുള്ള പൈസ ഞാന്‍ അയച്ചിട്ടുണ്ട്.

''ബന്ധങ്ങളെക്കാള്‍ വില പൈസക്ക് ആണടോ''
ചിലപ്പോള്‍ ഇനിക്കും തോന്നാറുണ്ട്. പ്രവാസി ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് പണം കായ്ക്കുന്ന മരം മാത്രമണെന്ന് നല്ല വിളകിട്ടുന്ന സമയത്ത് മാത്രമേ എല്ലാവര്‍ക്കും വേണ്ടൂ. വിളവ് നിന്ന് കഴിഞ്ഞ് നാട്ടില്‍ എത്തിയാല്‍ ആര്‍ക്കും വേണ്ടാതാവും. അളിയന്‍ന്മാര്‍ ആണ് രാമേട്ടനെ കൊണ്ടുവന്നത്. പൈസ കൂടിയപ്പോ പെങ്ങളുടെ ഭര്‍ത്താവ് നാട്ടിന്‍പുറത്തു കാരനായത് കുറച്ചില്‍ ആയപ്പോ ഫ്രീ വിസ എടുത്ത് കടലിനക്കരക്ക് നാടുകടത്തി. അളിയന്‍മാര്‍ കൊണ്ടുവന്നു എന്നല്ലാതെ ഒരാള്‍ പോലും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല. അവര്‍ എല്ലാം ഇപ്പോ നാട്ടില്‍ സ്ഥിരം ആക്കുകയും ചെയ്തു. എന്തായാലും രാമേട്ടനെ നാട്ടില്‍ അയക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. രാമേട്ടന്‍ ഇത്രയും ദിവസം ജോലി ചെയ്ത കമ്പനിയില്‍ നിന്ന് കിട്ടിയ ശമ്പളവും ഞങ്ങള്‍ എല്ലാവരും പിരിച്ച പൈസയും എടുത്ത് ടിക്കറ്റും കുറച്ച് സാധനങ്ങളും വാങ്ങി രാമേട്ടന്നെ നാട്ടില്‍ കയറ്റി വിട്ടു. നാട്ടില്‍ പോകുമ്പോള്‍ വീട്ടിലെ ഫോണ്‍ നമ്പര്‍ തന്നിരുന്നു. പക്ഷെ ഒന്നു രണ്ടു തവണ ആ നമ്പറില്‍ വിളിക്കാന്‍ ശ്രമിച്ചങ്കിലും കിട്ടിയില്ല. എന്തായാലും വര്‍ഷങ്ങള്‍ക്കു ശേഷം രാമേട്ടന്‍ മനസിലേക്ക് വീണ്ടും വന്നിരിക്കുന്നു. കഴിഞ്ഞ മാസം നാട്ടില്‍ ലീവിന് പോയി വന്ന ലിജു തൃശൂര്‍ വച്ച് രാമേട്ടനെ വീണ്ടും കണ്ടിരിക്കുന്നു. അവന്റെ കൊച്ചിന്റെ പിറന്നാളിന് അടുത്തുള്ള ഒരു അഗതിമന്ദിരത്തില്‍ ഭക്ഷണം കൊടുത്തിരുന്നു അവിടെ വച്ച് രാമേട്ടനെ കണ്ടു അച്ഛന്‍ മരുഭൂമിയില്‍ കിടന്ന് ഉണ്ണാതെയും ഉറങ്ങാതെയും ഉണ്ടാക്കിയ പൈസ കൊണ്ട് വലുതായ മക്കള്‍ക്ക് നാട്ടില്‍ വന്നുനിന്ന ഉപയോഗമില്ലാത്ത അച്ഛന്‍ കുറച്ചില്‍ ആയി. എന്തോ മനസില്‍ ഒരു നീറ്റല്‍. രാമേട്ടന്‍ എപ്പോഴും പറയാറുള്ള ആ വാക്കുകള്‍ മനസ്സില്‍ അലയടിക്കുന്ന പോലെ. ബന്ധങ്ങള്‍ ഒക്കെ കാര്യ ലാഭം ഉണ്ടെങ്കില്‍ മാത്രമേ ഉണ്ടാകൂ. അത് കുടുംബബന്ധം ആയാലും സൗഹ്യദം ആയാലും. ഗള്‍ഫ്കാരനെ കൊണ്ട് ക്ഷേമം ഉണ്ടെങ്കിലേ നമ്മെ ആര്‍ക്കും വേണ്ടൂ.




(66.67%) (3 Votes)