പിച്ചിന് നടുവില്‍ കാല്‍മുട്ടുകളില്‍ കൈയൂന്നി തലകുനിച്ച് നിരാശയോടെ നില്‍ക്കുന്ന മൊട്ടത്തലയനായ കരീബിയന്‍ ബൗളര്‍ ടിനോ ബെസ്റ്റിന്റെ പുറത്തുതട്ടി സച്ചിന്‍ ആശ്വസിപ്പിച്ചു. കുഞ്ഞനിയനോടെന്നവണ്ണം വാത്സല്യത്തോടെ സച്ചിന്‍ മനസ്സില്‍ മന്ത്രിച്ചിരിക്കണം: ''മോനേ, ക്ഷമിക്ക് ഇന്നെനിക്ക് അങ്ങനെ എളുപ്പം പുറത്താവാന്‍ കഴിയില്ല.''
ടിനോ ബെസ്റ്റിന്റെ മനസ്സില്‍ ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു, സച്ചിന്‍ തെണ്ടുല്‍ക്കറുടെ അവസാന ടെസ്റ്റ് ഇന്നിങ്‌സിന് അന്ത്യംകുറിച്ച ബൗളര്‍ എന്ന നിലയില്‍ ചരിത്രത്തില്‍ ഒരിടം. അതിനുവേണ്ടി തന്നാലാവുന്നതെല്ലാം ബെസ്റ്റ് ചെയ്യുന്നുമുണ്ടായിരുന്നു.
പക്ഷേ, ആ ഭാഗ്യമുണ്ടായത് ദിയോനരേന്‍ എന്ന് ഇംഗ്ലീഷ് ചുവയില്‍ ഉച്ചരിക്കപ്പെടുന്ന പേരുകാരന്‍ ദേവനാരായണനാണ്. സച്ചിന്റെ അവസാനവിക്കറ്റ് ഒരു ഇന്ത്യന്‍ വംശജന് തന്നെയായി !.
തന്റെ ടെസ്റ്റ് കരിയറിലെ 68-ാം അര്‍ധ സെഞ്ച്വറി തികച്ച സച്ചിന്‍ ഒരു സെഞ്ച്വറിയുടെ പ്രതീക്ഷ ജനിപ്പിച്ച ശേഷമാണ് സ്ലിപ്പില്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ സമിക്ക് ക്യാച്ച് നല്‍കി പവലിയനിലേക്ക് മടങ്ങിയത്. ആ നിമിഷത്തില്‍ വാംഖഡെ തീര്‍ത്തും നിശ്ശബ്ദമായി...
അതുവരെ ഗാലറികള്‍ അലകടല്‍പോലെ ആര്‍ത്തിരമ്പുകയായിരുന്നു. രാവിലെത്തന്നെ 35,000 പേര്‍ക്കിരിക്കാവുന്ന ഗാലറി നിറഞ്ഞിരുന്നു . മുഖത്ത് ചായം തേച്ച് ഇന്ത്യന്‍ പതാകയുമായെത്തിയ ഒരു അച്ഛനേയും രണ്ടുമക്കളേയും സ്റ്റേഡിയത്തിന് പുറത്ത് കണ്ടുമുട്ടി. ''സച്ചിനെ ഇങ്ങനെ കണ്ടിരിക്കാനാണ് ഞങ്ങള്‍വന്നത്. റണ്ണടിക്കണമെന്ന് പോലുമില്ല. കഴിയുന്നത്രനേരം ഗ്രൗണ്ടില്‍ സച്ചിനെ കണ്ടാല്‍മാത്രം മതി''- അവര്‍ക്ക് മൂന്നുപേര്‍ക്കും ഈയൊരു അഭിപ്രായമായിരുന്നു.
പക്ഷേ, സച്ചിന്‍ തുടരെ ഷോട്ടുകള്‍ കളിച്ച് ഗാലറിയില്‍ അലകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.
സച്ചിന്‍ പുറത്തായപ്പോള്‍ ഗാലറിയില്‍ ധോനിക്കുള്ള സന്ദേശം പ്ലക്കാര്‍ഡില്‍ ഉയര്‍ന്നു. ''ഉടന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യണം, ഞങ്ങള്‍ക്ക് രണ്ടാമിന്നിങ്‌സിലും സച്ചിനെ കാണണം''. സച്ചിനുപകരം വന്ന കോലി ബൗണ്ടറിയടിച്ചപ്പോഴും ഗാലറി പ്രതികരിക്കുന്നില്ല. സച്ചിന്‍ പുറത്തായതിലുള്ള ഞെട്ടല്‍ മാറിയിട്ടില്ലായിരുന്നു. സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ എഴുതിക്കാണിച്ചു: 'നമ്മുടെ ബാറ്റ്‌സ്മാന്‍മാരെ നമ്മള്‍തന്നെ നിരുത്സാഹപ്പെടുത്തരുത്. അവരും കളിക്കുന്നത് ഇന്ത്യയ്ക്കുവേണ്ടിയാണ്'.
'സച്ചിന്‍ പാജി പോയാലും ഞാനില്ലേ' എന്നമട്ടില്‍ കോലി ആക്രമിച്ച് കളിച്ചുതുടങ്ങി. ആ ബൗണ്ടറികളേയും ഗാലറി എതിരേറ്റത് '' സച്ചിന്‍... സാാാച്ചിന്‍...'' എന്ന് ഈണത്തില്‍ വിളിച്ചുകൊണ്ടാണ്.
ഇവിടെ ലോകം അവസാനിക്കില്ലായിരിക്കാം. പക്ഷേ, ക്രിക്കറ്റ് ഇനി പഴയപോലെ സുന്ദരമായ ഒരു കളിയാവില്ല. കോലിയും രോഹിത് ശര്‍മയും ഇവിടെയുണ്ട്. നാളെ സഞ്ജു സാംസണോ വിജയ് സോളോ വന്നേക്കും. പക്ഷേ, അവരാരും നമ്മുടെ പ്രിയപ്പെട്ട സച്ചിനാവില്ലല്ലോ ?