സച്ചിന്‍, വേണം ആ നിമിഷങ്ങള്‍

കെ. വിശ്വനാഥ്‌ Posted on: 14 Nov 2013


മുംബൈ: ക്രിക്കറ്റ് ഉള്ളിടത്തോളംകാലം ലോകം വാഴ്ത്തട്ടെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ കളിയഴക്. പാടിപ്പുകഴ്ത്തി മതിയായിട്ടില്ല, കണ്ടുകൊതിതീര്‍ന്നിട്ടുമില്ല, എങ്കിലും സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഇതിഹാസതുല്യമായ 24 വര്‍ഷം നീണ്ട കളിജീവിതം ഇവിടെ തീരുകയാണ്. ഗുരുജനങ്ങളുടെയും കുടുംബത്തിന്റെയും പ്രാര്‍ഥനകള്‍ക്കും ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കും നടുവില്‍ ക്രിക്കറ്റിന്റെ ദൈവം അവസാനമത്സരത്തിന് വ്യാഴാഴ്ച വാംഖഡെയുടെ മണ്ണില്‍ ഇറങ്ങും.
ക്രിക്കറ്റിന്റെ വിശാല ലോകത്തേക്ക് സച്ചിന്‍ പിച്ചവെച്ചു തുടങ്ങിയ കളിക്കളത്തില്‍ത്തന്നെ അവസാന മത്സരം കളിക്കാനിറങ്ങുമ്പോള്‍ ഗാലറിയില്‍ സച്ചിന്റെ മാതാവ് രജനിയുമുണ്ടാവും. രജനിയും സച്ചിന്റെ മൂത്ത സഹോദരനും പ്രശസ്ത മറാഠി സാഹിത്യകാരനുമായ നിഥിന്‍ തെണ്ടുല്‍ക്കറും ഇന്നേവരെ ഗാലറിയില്‍ ഇരുന്ന് സച്ചിന്റെ കളികണ്ടിട്ടില്ല. അവരുടെ സാന്നിധ്യം സമര്‍ദമുണ്ടാക്കുമോയെന്ന ചോദ്യത്തിന് സച്ചിന്റെ മറുപടി ഒരു ചിരിയിലൊതുങ്ങി.
ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റാണിത്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യയ്ക്ക് പരമ്പര നേടാന്‍ ഇവിടെ ഒരു സമനില മതിയാവും. പക്ഷേ, സച്ചിന്റെ അവസാന അന്താരാഷ്ട്ര മത്സരത്തില്‍ അദ്ദേഹത്തിനായി ഒരു വിജയം സമ്മാനിക്കുകയെന്നത് ടീം ഇന്ത്യയുടെ കടമയാണ്. സച്ചിനായി ഒരു സര്‍പ്രൈസ് കരുതിവെച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി പറയുന്നു. സൗരവ് ഗാംഗുലിയുടെ അവസാന ടെസ്റ്റില്‍ അദ്ദേഹത്തെ ടോസ് ചെയ്യാനയച്ച ക്യാപ്റ്റനാണ് ധോനി. അന്നത്തെ പോലെ സര്‍പ്രൈസ് ടോസിലൊതുങ്ങുമോ? അതോ ഈ മാച്ചില്‍ ക്യാപ്റ്റന്റെ ചുമതല പൂര്‍ണമായും സച്ചിനെ ഏല്‍പ്പിക്കുമോ? കാത്തിരുന്ന് കാണാം.
ഇന്ത്യ ഇന്നിങ്‌സ് ജയം നേടിയ കൊല്‍ക്കത്ത ടെസ്റ്റില്‍ സച്ചിന്‍ പത്ത് റണ്‍സെടുത്ത് പുറത്തായിരുന്നു. അങ്ങനെ മുംബൈയില്‍ സംഭവിക്കില്ലെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. സച്ചിനില്‍ നിന്ന് ദീര്‍ഘവും സുന്ദരവുമായ ഒരു ഇന്നിങ്‌സ് കാണാനാവുമെന്ന പ്രതീക്ഷയിലാണ് അവര്‍ ഗാലറിയിലേക്ക് വരുന്നത്. ഏതായാലും കൊല്‍ക്കത്തയിലെപ്പോലെ മൂന്നുദിവസം കൊണ്ട് മത്സരം അവസാനിക്കില്ലെന്നും ബാറ്റിങ്ങിന് കുറേക്കൂടി അനുകൂലമായ വിക്കറ്റാണിതെന്നും ക്യുറേറ്റര്‍ സുധീര്‍ നായിക് ഉറപ്പുനല്‍കുന്നു. തുടക്കത്തില്‍ ബാറ്റിങ്ങിനെയും അവസാന ദിവസങ്ങളില്‍ സ്പിന്നിനെയും തുണയ്ക്കുന്ന വിക്കറ്റാണിതെന്ന് സുധീര്‍ പറഞ്ഞു.
കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെയാവും ഇന്ത്യയിറങ്ങുകയെന്നാണ് ധോനി നല്‍കുന്ന സൂചന. അതേസമയം, വെസ്റ്റിന്‍ഡീസ് ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്ന് അവരുടെ ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയുടെ വാക്കുകളില്‍ നിന്നു വ്യക്തമാണ്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാതെ പോയ സ്പിന്നര്‍ വീരസാമി പെരുമാളിന് പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ കളിപ്പിച്ചേക്കും. വിന്‍ഡീസിനും ഈ ടെസ്റ്റ് പ്രധാനമാണ്. അവരുടെ സീനിയര്‍ താരം ശിവ്‌നാരായണ്‍ ചന്ദര്‍പോളിന്റെ 150-ാം ടെസ്റ്റാണിത്.
വ്യാഴാഴ്ച രാവിലെ ഒന്‍പതരയ്ക്ക് കളി ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആണ് മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നത്.



Sachin Photos

 

ga