
മുംബൈ: വാംഖഡെയിലെ പുല്‍മൈതാനത്തെ വര്‍ഷങ്ങളായി പരിചരിക്കുന്ന ലാല്‍സുരാം ജയ്‌സ്വാളും വിജയ് താംബെയ്ക്കും ജോലിയില്‍ നിന്ന് പിരിയാന്‍ ഒരു വര്‍ഷമേയുള്ളൂ. ഇരുവര്‍ക്കും ഒരാഗ്രഹം ബാക്കിയുണ്ട്. അവാസാനടെസ്റ്റില്‍ തങ്ങളുടെ സച്ചിന്‍ ഒരു സെഞ്ച്വറി നേടണം.
കഴിഞ്ഞ 25 വര്‍ഷത്തോളമായി ജയ്‌സ്വാളും താമ്പെയും സച്ചിനെ ഈ ഗ്രൗണ്ടില്‍ കണ്ടുമുട്ടുന്നു. എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറുന്ന ഒരു കളിക്കാരന്‍ എന്ന് ഇവരും സാക്ഷ്യപ്പെടുത്തുന്നു. ഗ്രൗണ്ട്‌സ്മാനായാലും അവരോളം താഴ്ന്നുനിന്നുകൊണ്ട് പെരുമാറുന്ന സച്ചിന്‍. അതുകൊണ്ടാണ് എല്ലാവര്‍ക്കും സച്ചിനെക്കുറിച്ച് ചോദിക്കുമ്പോള്‍ നൂറു നാക്ക്.
''അനാവശ്യമായി ഒന്നും ആവശ്യപ്പെടാത്ത വ്യക്തി. എന്ത് ആവശ്യമുണ്ടെങ്കിലും താഴ്മയോടെ അന്വേഷിക്കുന്ന വ്യക്തി. അതാണ് ഞങ്ങളുടെ സച്ചിന്‍.''- ജയ്‌സ്വാളും താംമ്പെയും ഒരേ സ്വരത്തില്‍ പറയുന്നു.
സച്ചിന്റെ കടുത്ത ആരാധകനും ബംഗാള്‍ സ്വദേശിയുമായ സുധീര്‍കുമാര്‍ ഗൗതമിന്റെ ശംഖുവിളിയാണ് ബുധനാഴ്ച സച്ചിനെ വാംഖഡെ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്തത്. തുടര്‍ന്ന നേരേ ഗ്രൗണ്ടിലേക്ക്. ജയ്‌സ്വാളും താംമ്പെയും അടങ്ങിയ ഗ്രൗണ്ട്‌സ്മാന്മാരുടെ സ്വീകരണമായിരുന്നു ആദ്യം. സച്ചിനുമായി ഇനിയൊരവസരം ലഭിക്കില്ലെന്ന വഷമത്തിലായിരുന്നു എല്ലാവരും. തന്റെ ക്രിക്കറ്റ് ജീവിതം അവസാനിക്കുകയാണെന്നത് സച്ചിന്റെ മുഖത്തോ മനസ്സിലോ ഉണ്ടായിരുന്നില്ല. എല്ലാവരുമായും കളിച്ചുംചിരിച്ചും സച്ചിന്‍ കുശലം പറഞ്ഞു. ഗ്രൂപ്പ് ഫോട്ടോയില്‍ എല്ലാവര്‍ക്കും നിര്‍വൃതി. പിന്നെ അല്‍പ്പം ഫുട്‌ബോള്‍ കളി. ധോനിയുടെ ടീമുമായി ഏറ്റുമുട്ടല്‍. തുടര്‍ന്ന് ബാറ്റിങ പ്രാക്ടീസ്. ചേതേശ്വര്‍ പൂജാരയ്ക്ക് ഇടയ്ക്കല്‍പ്പം സച്ചിന്റെ ക്ലാസ്സ്. അപ്പോഴേക്കും ഗ്രൗണ്ടിലെത്തിയ ബി.സി.സി.ഐ. പ്രസിഡന്റ് എന്‍. ശ്രീനിവാസനും മറ്റുമായി ചെറിയ സംഭാഷണം. പൊങ്ങി പറന്നു വരുന്ന പന്ത് വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നു പോകാതിരിക്കാനുള്ള 'ക്യാച്ച്' പരിശീലനമായി പിന്നീട്. ഉയര്‍ന്നുവന്ന പന്ത് പിടിക്കാനുള്ള ഓട്ടത്തില്‍ സചിന്‍ ബൗണ്ടറി ലൈനിനും കടന്ന് പുറത്ത്. പന്ത് പിടിക്കുന്നതിനിടയില്‍ തൊട്ടടുത്തുള്ള റോളറിലേക്ക് മറിഞ്ഞ സച്ചിനെ തൊട്ടടുത്തുള്ള ഗ്രൗണ്ട് സുരക്ഷാ ജീവനക്കാരന്‍ പിടിച്ചു നിര്‍ത്തി. പരിക്കുപറ്റാതെ സച്ചിന്റെ രക്ഷപ്പെടല്‍.