ഞാനും സച്ചിനും ഒരേ പരമ്പരയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചവരാണ്. 1989 -ല്‍ ഇന്ത്യയുടെ സീനിയര്‍ ടീം പര്യടനത്തിനെത്തും മുമ്പ് എ ടീം പര്യടനത്തിന് പാകിസ്താനിലെത്തിയിരുന്നു. സ്‌കൂള്‍ പരീക്ഷ കാരണം ഈ സംഘത്തിനൊപ്പം സച്ചിനുണ്ടായിരുന്നില്ല. അന്ന് എ ടീമിനൊപ്പമുണ്ടായിരുന്ന അജയ് ജഡേജ എന്നോട് വലിയൊരു വാഗ്ദാനമായ ബാലതാരം തെണ്ടുല്‍ക്കറെക്കുറിച്ചു പറഞ്ഞിരുന്നു. പലകുറി പരാമര്‍ശിക്കപ്പെട്ടതിനാല്‍ ഈ പേര് മനസ്സില്‍ കിടന്നു. ആ വര്‍ഷം അവസാനം എത്തിയ ഇന്ത്യന്‍ ടീമിനൊപ്പം ഒരു കൊച്ചുകുട്ടിയെ കണ്ട് ഞങ്ങള്‍ അന്തം വിട്ടു. വലിപ്പമില്ലെന്നു മാത്രമല്ല ഉയരവുമില്ല. ഇത്രയും സമ്പന്നമായ ബാറ്റിങ് പാരമ്പര്യമുള്ള ഇന്ത്യ എന്തുകൊണ്ട് ഈ സ്‌കൂള്‍ കുട്ടിയെ ടീമിലെടുത്തുവെന്ന് ഞങ്ങള്‍ക്ക് പിടികിട്ടിയില്ല.
ഞങ്ങളുടെ സംശയനിവാരണത്തിന് അധിക ദിവസം വേണ്ടിവന്നില്ല. ആദ്യ ടെസ്റ്റില്‍ ചെറിയ സ്‌കോറില്‍ ഞാന്‍ അദ്ദേഹത്തെ പുറത്താക്കി. പക്ഷേ, പരമ്പര അവസാനിക്കുമ്പോള്‍, എന്തുകൊണ്ട് ടീമിലെത്തിയെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. അവസാന ടെസ്റ്റില്‍ എന്റെ പന്തു മുഖത്തുകൊണ്ട് സച്ചിന്റെ വായില്‍ നിന്നും ചോരയൊഴുകി. പക്ഷേ, ഈ ക്ഷതം അയാളെ വേദനിപ്പിച്ചതായി തോന്നിയില്ല. പേടിച്ചുമില്ല. ധൈര്യപൂര്‍വം നിലയുറപ്പിച്ച് അര്‍ധസെഞ്ച്വറിയുമായാണ് മടങ്ങിയത്.