
ഇനിയുള്ള അഞ്ചുനാള്‍ ഈ കണക്കുകളൊന്നും പ്രസക്തമല്ല. ഈ കണക്കുകളിലേക്ക് വാംഖഡെയില്‍നിന്ന് ചേരുന്ന സംഖ്യകള്‍ക്കും പ്രത്യേകമായൊന്നും ചെയ്യാനില്ല. എന്നാല്‍, 24 വര്‍ഷം പിന്നിട്ട അതിസമ്പന്നമായ കരിയറിലൂടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയ സംഖ്യകള്‍ കാലത്തെയും കളിയെയും അതിജീവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സച്ചിന്‍ വിരമിക്കുമ്പോള്‍ പ്രധാനമായി ഉയരുന്ന ചോദ്യം, സച്ചിന്‍ അവശേഷിപ്പിച്ച റെക്കോഡുകളുടെ ഭാവിയെന്താകും എന്നതാണ്. ആരാകും ആ റണ്‍മലകള്‍ നടന്നുതീര്‍ക്കുക?
റെക്കോഡുകള്‍ കാലാതിവര്‍ത്തിയല്ല. എന്നാല്‍, സച്ചിന്‍ കുറിച്ച ചില റെക്കോഡുകള്‍ കീഴടക്കുക പ്രയാസമായിരിക്കും. 200 ടെസ്റ്റുകള്‍, 100 അന്താരാഷ്ട്ര സെഞ്ച്വറികള്‍ എന്നിവ ആര്‍ക്ക് മറികടക്കാനാവുമെന്ന് കപില്‍ദേവ് ചോദിക്കുന്നു.
വാംഖഡെയിലെ വിരമിക്കല്‍ ടെസ്റ്റ് സച്ചിന്റെ കരിയറിലെ 200-ാം ടെസ്റ്റാണ്. തൊട്ടുപിന്നിലുള്ളത് 168 ടെസ്റ്റ് മത്സരങ്ങളുമായി വിരമിച്ച ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ്. ഇപ്പോള്‍ കളിക്കുന്നവരില്‍ മുന്നില്‍നില്‍ക്കുന്നത് ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്ക് കാലിസാണ്; 164 ടെസ്റ്റുകള്‍. 38 വയസ്സ് പിന്നിട്ട കാലിസ് സച്ചിനെ മറികടക്കണമെങ്കില്‍ 36 മത്സരങ്ങള്‍, കുറഞ്ഞത് മൂന്നുവര്‍ഷത്തിലേറെ രംഗത്ത് തുടരണം. വാംഖഡെയില്‍ 150-ാം ടെസ്റ്റ് കളിക്കുന്ന ചന്ദര്‍പോളാണ് മറ്റൊരാള്‍. ചന്ദര്‍പോളിനും 39 വയസ്സ് പിന്നിട്ടു.
199 ടെസ്റ്റുകളില്‍ 15,847 റണ്‍സാണ് സച്ചിന്റെ നേട്ടം. തൊട്ടുപിന്നിലുള്ളത് പോണ്ടിങ്ങിന്റെ 13,378 റണ്‍സ്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ 13,140 റണ്‍സോടെ ജാക്ക് കാലിസുണ്ട്; 2,707 റണ്‍സ് പിന്നില്‍. സച്ചിനെ മറികടക്കണമെങ്കില്‍ കാലിസ് മികച്ച ഫോമില്‍ രണ്ട് സീസണുകളെങ്കിലും പിന്നിടണം. ചന്ദര്‍പോളിനും (10,897) ഈ റെക്കോഡ് മറികടക്കുക അസാധ്യം.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കാണ് സച്ചിന്റെ റണ്‍നേട്ടം മറികടക്കുമെന്ന് സൂചിപ്പിക്കപ്പെടുന്ന ഏക താരം. 97 ടെസ്റ്റുകളില്‍ 47.85 ശരാശരിയില്‍ 7,801 റണ്‍സാണ് കുക്കിന്റെ ഇതേവരെയുള്ള നേട്ടം. 25 സെഞ്ച്വറികളും നേടി. 29-ലേക്ക് കടക്കുന്ന കുക്കിന് മുന്നില്‍ വര്‍ഷങ്ങള്‍നീളുന്ന കരിയര്‍ ശേഷിക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് 97 ടെസ്റ്റില്‍ 7,656 റണ്‍സ് നേടിയിട്ടുണ്ട്. ക്ലാര്‍ക്കിന് പ്രായം 32 കഴിഞ്ഞു.
സച്ചിന്റെ ടെസ്റ്റ് സെഞ്ച്വറികളാകും റെക്കോഡുകളില്‍ ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. 51 സെഞ്ച്വറികളെന്ന റെക്കോഡിന് ഭീഷണി ഉയര്‍ത്തുന്നത് കാലിസ് തന്നെയാണ്. 44 സെഞ്ച്വറികള്‍ കാലിസ് സ്വന്തമാക്കിയിട്ടുണ്ട്. ഏഴ് സെഞ്ച്വറികള്‍ എന്ന നേട്ടം കാലിസിന് അപ്രാപ്യമെന്ന് കരുതാനാവില്ല.
ഏകദിനത്തില്‍ 463 മത്സരങ്ങളില്‍ 18,426 റണ്‍സാണ് സച്ചിന്റെ നേട്ടം. 49 സെഞ്ച്വറികളും. കൂടുതല്‍ മത്സരങ്ങളെന്ന റെക്കോഡ് ഭേദിക്കണമെങ്കില്‍ രണ്ടാമത് നില്‍ക്കുന്ന ജയവര്‍ധനെയ്ക്ക് 58 ഏകദിനങ്ങള്‍കൂടി വേണം. റണ്‍ റെക്കോഡ് മറികടക്കാന്‍ കുമാര്‍ സംഗക്കാരയ്ക്ക് 6,478 റണ്‍സ് കൂടി വേണം. ഇതുരണ്ടും അസാധ്യമെന്ന് നിസംശയം പറയാം.
സച്ചിന്റെ ഏകദിനത്തിലെ സെഞ്ച്വറികളുടെ റെക്കോഡെങ്കിലും മറികടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത് ഇന്ത്യയിലെ വിരാട് കോലിയില്‍നിന്നാണ്. 113 ഏകദിനങ്ങളില്‍ 4,919 റണ്‍സ് നേടിയ കോലി 17 സെഞ്ച്വറികള്‍ ഇതിനകം നേടിക്കഴിഞ്ഞു. 25 -കാരനായ കോലിയില്‍നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാമെന്ന് ഗാവസ്‌കര്‍ പറയുന്നു.
സച്ചിന്റെ കരിയറിനെക്കുറിച്ച് പ്രവചനാത്മകമായ നിരീക്ഷണം നടത്തിയത് സുനില്‍ ഗാവസ്‌കറാണ്. ഇപ്പോള്‍ കോലിയെക്കുറിച്ചും അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്നു. മറ്റൊരു സച്ചിനുണ്ടാകില്ലെങ്കിലും അസാധ്യമായി ഒന്നുമില്ലെന്നല്ലേ ചരിത്രം നമ്മെ പഠിപ്പിച്ചത്.