ഞങ്ങളുടെ ടെന്‍ഡില്യ, നിങ്ങളുടെ സച്ചിന്‍

സുനില്‍ ഗാവസ്‌കര്‍ Posted on: 14 Nov 2013

രണ്ട് വ്യാഴവട്ടങ്ങള്‍ക്കുമുമ്പ് 1989-ലെ ശിശിരകാലത്താണ് കറാച്ചിയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ടെസ്റ്റ് കരിയറിന് തുടക്കം കുറിച്ചത്. വാംഖഡെ ടെസ്റ്റിന്റെ രണ്ടാംദിനം കളി എന്തുതന്നെയായാലും സച്ചിന്റെ കരിയറില്‍ അത് മറ്റൊരു നാഴികക്കല്ലായി മാറും. ടെസ്റ്റ് ക്രിക്കറ്റില്‍ 24 വര്‍ഷം അന്ന് പൂര്‍ത്തിയാകും. തന്റെ കരിയറിലൂടെ അദ്ദേഹം സ്ഥാപിച്ചിട്ടുള്ള, ഇനിയൊരുപക്ഷേ, ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരുപിടി റെക്കോഡുകളിലൊന്നായി അത് മാറും. സച്ചിന്‍ ടീമിലെത്തിയശേഷം ഒട്ടേറെ പരമ്പരകള്‍ അദ്ദേഹത്തിന്റെ പ്രകടനമികവില്‍ തെണ്ടുല്‍ക്കര്‍ പരമ്പരകളായി മാറി. ഇപ്പോഴിതാ, വിന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ഒരു പന്തുപോലും എറിയുന്നതിന് മുന്നെ സച്ചിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഈ പരമ്പരയില്‍ ആര് എന്ത് പ്രകടനം നടത്തിയാലും ക്രിക്കറ്റിന് മറ്റാരെക്കാളും സംഭാവന നല്കിയ ആ മഹദ്‌വ്യക്തിയുടെ വിടപറയല്‍ പരമ്പരയായി ഇത് അറിയപ്പെടും.
1987 ആഗസ്തില്‍ മുംബൈ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ എന്റെ ഇളയ സഹോദരന്‍ ഹേമന്ത് വൈംഗാന്‍കറാണ് മുംബൈയില്‍ നടക്കുന്ന സ്‌കൂള്‍ ക്രിക്കറ്റില്‍ രണ്ട് കുട്ടിത്താരങ്ങള്‍ അദ്ഭുതം കാട്ടിയ കാര്യം പറയുന്നത്. ഇതില്‍ തെണ്ടുല്‍ക്കര്‍ എന്ന പയ്യന് അത്തവണത്തെ ജൂനിയര്‍ ക്രിക്കറ്റര്‍ പുരസ്‌കാരം കിട്ടാതിരുന്നത് വലിയ വേദനയായെന്ന് ഹേമന്ത് പറഞ്ഞു. അവനെ ആശ്വസിപ്പിച്ചുകൊണ്ട് ഒരു കത്തെഴുതാമോ എന്ന് ഹേമന്ത് ചോദിക്കുകയും ഞാന്‍ കത്തയയ്ക്കുകയും ചെയ്തു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേര് ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു. കൂട്ടത്തില്‍ പറയട്ടെ, ഹേമന്ത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ചു.
ഞാനുള്‍പ്പെടെ മുംബൈയുടെ മുന്‍കാലതാരങ്ങളുടെ ചെറുസംഘം അക്കാലത്തുണ്ടായിരുന്നു. ഞങ്ങളില്‍ ചിലര്‍ സച്ചിന്‍ എവിടെ കളിച്ചാലും പോയി കളി കാണുക പതിവാക്കാന്‍ തുടങ്ങി. കളിക്കാരറിയാതെ, കാറിലോ മറ്റെവിടെയെങ്കിലും നിന്നോ ആകും കളി കാണുക. തന്നെക്കാള്‍ മുതിര്‍ന്ന ബൗളര്‍മാരെ ഈ കൊച്ചുപയ്യന്‍ അടിച്ചുപറത്തുന്നത് ഞങ്ങളെ ആവേശം കൊള്ളിച്ചിരുന്നു. മുംബൈ ക്രിക്കറ്റിലെ പതിവ് രീതിയനുസരിച്ച് ഈ പയ്യന് ഞങ്ങളൊരു വിളിപ്പേരിട്ടു. ടെന്‍ഡില്യ. സച്ചിന്റെ വിവരങ്ങള്‍ ഞങ്ങള്‍ പരസ്പരം രഹസ്യമായി കൈമാറിയിരുന്നു. ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന വിവരം അറിയാതിരിക്കാനായിരുന്നു കാര്യങ്ങള്‍ രഹസ്യമാക്കിവെച്ചത്.
എല്ലായ്‌പ്പോഴും വെളുത്ത ഷര്‍ട്ടണിഞ്ഞ്, കൈ മുട്ടൊപ്പം മടക്കിവെച്ച് മാത്രമേ, സച്ചിനെ കണ്ടിരുന്നുള്ളൂ. അവന്റെ പ്രായക്കാര്‍ ചെയ്യാറുള്ളതുപോലെ കുറച്ച് നിറമുള്ള വസ്ത്രം ധരിച്ചുകൂടേയെന്ന് ഞങ്ങള്‍ പരസ്പരം ചോദിച്ചിരുന്നു. ഒരു ചടങ്ങില്‍ പ്രിന്റഡ് ഷര്‍ട്ട് ധരിച്ച് ടെന്‍ഡില്യ വന്നപ്പോള്‍ അത് ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്തു.
വളരെപ്പെട്ടെന്ന് സച്ചിന്‍ പ്രശസ്തിയുടെ പടവുകള്‍ കയറി. ലോകം അവനെ അറിയാന്‍ തുടങ്ങി. ആ പാടവം കണ്ട് പ്രശംസകള്‍ ചൊരിയാന്‍ തുടങ്ങി. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി സച്ചിന്‍ വളര്‍ന്നു. ബാറ്റിങ് പൂര്‍ണതയോട് ഏറ്റവും അടുത്തുനില്ക്കുന്ന താരമായി മാറി. ഒട്ടേറെ റെക്കോഡുകള്‍ സച്ചിന്‍ സ്വന്തമാക്കി.
സച്ചിന്‍ തന്റെ കരിയറിലെ അവസാന ടെസ്റ്റിന് ഇറങ്ങുകയാണ് വ്യാഴാഴ്ച. ഞങ്ങള്‍ പഴയ കൂട്ടുകാര്‍ എല്ലാവരും വാംഖഡെയിലുണ്ടാകും. ഇക്കുറി കാറില്‍ ഒളിച്ചിരുന്നാവില്ല ആ കളി കാണുക. വാംഖഡെയിലെ സ്റ്റാന്‍ഡില്‍ അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ഞങ്ങളുടെ ടെന്‍ഡില്യയുടെ കളി കാണും. കരിയര്‍ അസ്തമിച്ചാലും എന്തുകൊണ്ട് താന്‍ ഇതിഹാസമായെന്ന് ആ പ്രകടനങ്ങള്‍ കാലങ്ങളോളം വിളിച്ചുപറയും.



Sachin Photos

 

ga