അന്താരാഷ്ട ക്രിക്കറ്റിനോട് വിടപറയുന്ന
വേളയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ
ബാല്യകാലത്തെക്കുറിച്ച് ഓര്‍മിക്കുകയാണ് ഉറ്റസുഹൃത്തും മുംബൈയിലെ ഫസ്റ്റ് ക്ലാസ് അമ്പയറുമായ
റിക്കി ഡൊമനിക്ക് കുട്ടു
സച്ചുവിന് എന്നും എന്റെ ഹൃദയത്തിലിടമുണ്ട്. 200 ടെസ്റ്റ് കളിച്ച, ക്രിക്കറ്റിലെ ദൈവമായല്ല. ഏഴാംക്ലാസിലെ ബെഞ്ചില്‍ പതുങ്ങിയിരുന്ന് കടലാസ് ചുരുട്ടി ടീച്ചറെ എറിഞ്ഞശേഷം നിഷ്‌കളങ്കമായ ചിരി സമ്മാനിച്ച് എനിക്ക് തല്ലുവാങ്ങിത്തന്ന പ്രിയപ്പെട്ട കൂട്ടുകാരനായി.
പന്ത്രണ്ടാംവയസ്സിലാണ് ആദ്യമായി ഞാന്‍ സച്ചിനെ കാണുന്നത്. അച്‌രേക്കര്‍ സാറിന്റെ കോച്ചിങ് ക്യാമ്പില്‍, ശിവാജിപാര്‍ക്കില്‍ വെച്ചായിരുന്നു അത്. അന്ന് ഞാന്‍ വക്കോളയിലെ സെന്റ് ജോസഫ്‌സ് സ്‌കൂളിലും സച്ചിന്‍ ബാന്ദ്രയിലെ ഐ.എസ്. സ്‌കൂളിലും വിനോദ് കാംബ്ലി മറൈന്‍ ഡ്രൈവിലെ ഔര്‍ ലേഡി സ്‌കൂളിലുമായിരുന്നു പഠിച്ചിരുന്നത്. അച്‌രേക്കര്‍ സര്‍ ഞങ്ങള്‍ മൂന്നുപേരോടും ദാദറിലെ ശാരദാശ്രമം സ്‌കൂളില്‍ ചേരാന്‍പറഞ്ഞു. അങ്ങനെ ഞാനും സച്ചിനും ശാരദാശ്രമത്തില്‍ ഏഴാംക്ലാസിലും കാംബ്ലി ആറാംക്ലാസിലും ചേര്‍ന്നു. ഏഴാംക്ലാസ്സുമുതല്‍ പത്തുവരെ ഞാനും സച്ചിനും ഒരേ ബെഞ്ചിലിരുന്ന് പഠിച്ചു, കളിച്ചു. ക്ലാസിലെ ഏറ്റവും വലിയ വികൃതികളിലൊരാളായിരുന്നു സച്ചിന്‍. കടലാസ് ചുരുട്ടി മറ്റുകുട്ടികളെ എറിയും. ബോര്‍ഡ് മായ്ക്കാനുള്ള ഡസ്റ്റര്‍കൊണ്ട് ക്രിക്കറ്റ് കളിക്കും. പലപ്പോഴും ടീച്ചര്‍മാരില്‍നിന്ന് അടിയും കിട്ടും. എന്നാല്‍, കൂടുതല്‍ അടിയും എനിക്കായിരുന്നു കിട്ടിയിരുന്നത്. നിഷ്‌കളങ്കമായ ചിരിയായിരുന്നു ആ സമയത്ത് സച്ചിന്റെ ആയുധം. ആ ചിരിയില്‍ ടീച്ചര്‍മാര്‍ അലിയും. പലപ്പോഴും ശിക്ഷ എനിക്കാവും.
എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്റ്റാര്‍ ക്രിക്കറ്റ് ടീമിന് കളിക്കാന്‍ സച്ചിന്‍ ലണ്ടനില്‍ പോയിരുന്നു. അവിടെ നിന്ന് തിരികെ വരുമ്പോള്‍ അവനെനിക്കൊരു സമ്മാനം കൊണ്ടുവന്നു, ഒരു പുത്തന്‍ ക്രിക്കറ്റ് കിറ്റ്! വലിയ കിറ്റായിരുന്നു അത്. ഞാനാവട്ടെ ക്ലാസിലെ ഏറ്റവും ഉയരംകുറഞ്ഞ കുട്ടിയും. കിറ്റ് ബാഗില്‍ റിക്കിയെ ഇട്ടുവെക്കാമെന്ന് ക്ലാസിലെ കുട്ടികള്‍ തമാശയായി പറയുമായിരുന്നു. അതുകേട്ട് സച്ചു ഉറക്കെ പൊട്ടിച്ചിരിക്കും. സത്യത്തില്‍ അന്ന് എനിക്ക് ആ കിറ്റ് ബാഗിന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ.
ഞായറാഴ്ചകളില്‍ അച്‌രേക്കറുടെ ശിഷ്യന്മാര്‍ പല ക്ലബ്ബ് ടീമുകള്‍ക്കെതിരെയും മാച്ചുകള്‍ കളിക്കും. ഒരു മാച്ചില്‍ സച്ചു പുറത്തായാല്‍ അച്‌രേക്കര്‍ ഗ്രൗണ്ടിന് പുറത്തുകൊണ്ടുവരും. ഏതെങ്കിലും സ്‌കൂട്ടര്‍ യാത്രക്കാരനെ കൈകാട്ടി നിര്‍ത്തി അതിനുപിന്നില്‍ കയറ്റിവിടും; ഒന്നോ രണ്ടോ കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രൗണ്ടില്‍ നടക്കുന്ന മറ്റൊരു മാച്ചില്‍ ബാറ്റ് ചെയ്യാന്‍. ഇങ്ങനെ നാലും അഞ്ചും മാച്ചുകളില്‍വരെ ഞായറാഴ്ചകളില്‍ അവന്‍ ബാറ്റ് ചെയ്തിരുന്നു.
സച്ചിന്‍ ഒമ്പതാംക്ലാസിലും കാംബ്ലി എട്ടിലും പഠിക്കുമ്പോഴാണ് ഇരുവരും ചേര്‍ന്ന് ലോക റെക്കോഡ് സൃഷ്ടിക്കുന്നത്. അന്നത്തെ മാച്ചില്‍ ശാരദാശ്രമം ടീമിലെ പന്ത്രണ്ടാമനായിരുന്നു ഞാന്‍. സച്ചിനും കാംബ്ലിയും ആദ്യ പതിനൊന്നില്‍ ഉണ്ട്. മൂന്നാംവിക്കറ്റില്‍ ഇരുവരും ചേര്‍ത്തത് 664 റണ്‍സ്! രസകരമായ കാര്യം ഒരു വിക്കറ്റ് കൂടി വീണാല്‍ ക്രീസിലിറങ്ങേണ്ടത് പില്‍ക്കാലത്ത് മുംബൈയ്ക്കുവേണ്ടി രഞ്ജി ട്രോഫിയില്‍ കളിച്ച അമോല്‍ മജുംദാറായിരുന്നു. ഈ മൂന്നുദിവസവും പാഡ് കെട്ടിയിരിക്കുകയായിരുന്നു അമോല്‍. ഇടയ്ക്കിടെ അമോല്‍ ഗ്രൗണ്ടിനരികില്‍വന്ന് പ്രാക്ടീസ് ചെയ്യും. വിക്കറ്റ് വീഴുന്നില്ലെന്ന് കണ്ട് വീണ്ടും പവലിയനില്‍ പോയി ഇരിക്കും. ഇക്കാര്യംപറഞ്ഞ് ഞങ്ങള്‍ ഏറെ ചിരിച്ചിട്ടുണ്ട്.സച്ചിന്‍-കാംബ്ലി സഖ്യം നേടിയ 664 റണ്‍സ് ലോക റെക്കോഡാണെന്ന് അന്ന് ആര്‍ക്കുമറിയില്ലായിരുന്നു. എന്റെ ചേട്ടന്‍ മാര്‍ക്കസ് കുട്ടു അന്നൊരു ഫസ്റ്റ് ക്ലാസ് അമ്പയറാണ്. അദ്ദേഹമാണ് ക്രിക്കറ്റ് സ്റ്റാറ്റീഷ്യന്‍മാരെയും മറ്റും സമീപിച്ച് ലോക റെക്കോഡ് സ്ഥിരീകരിച്ചത്.
സ്‌കൂള്‍ വിട്ടതിനുശേഷവും സച്ചുവുമായുള്ള സൗഹൃദം പിരിഞ്ഞില്ല. ഇന്നും അത് പഴയ ആര്‍ജവത്തോടെ തന്നെ നിലനില്‍ക്കുന്നു. മുംബൈയില്‍ ഉള്ളപ്പോള്‍ ഇടയ്ക്കിടെ ഞങ്ങള്‍ കാണും.
എന്റെ വിവാഹത്തിന് ആദ്യാവസാനക്കാരായി സച്ചുവും അഞ്ജലിയും ഒപ്പമുണ്ടായിരുന്നു. അഞ്ജലി, സച്ചുവിന് തീര്‍ത്തും യോജിച്ച ഭാര്യയാണ്. അവനെപോലെത്തന്നെ തീര്‍ത്തും സിംപിള്‍. സച്ചുവിന്റെ ഉയരങ്ങളിലേക്കുള്ള പ്രയാണത്തിന് പിന്നില്‍ തീര്‍ച്ചയായും അഞ്ജലിക്ക് വലിയറോള്‍ ഉണ്ട്. റിട്ടയര്‍മെന്റിന് ശേഷമുള്ള അവന്റെ ജീവിതത്തില്‍ അഞ്ജലിയുടെ സാന്നിധ്യം കൂടുതല്‍ സ്വാര്‍ഥകമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.
തയ്യാറാക്കിയത് : കെ. വിശ്വനാഥ്