ഇനി സച്ചിന്റെ വിലയെത്ര ?

അനീഷ് പി. നായര്‍ എഴുതുന്നു Posted on: 06 Nov 2013


ക്രിക്കറ്റില്‍ സച്ചിന്‍ ദൈവം തന്നെയാണ്. ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിച്ചപ്പോഴോക്കെ തന്റെ ബാറ്റിനെ മാന്ത്രികദണ്ഡുപോലെ ചലിപ്പിച്ച് ആവശ്യത്തിന് റണ്‍സ് വാരിയെടുത്തയാളെ അങ്ങനെയല്ലാതെ എന്തുവിളിക്കും. ഇന്ത്യന്‍ ക്രിക്കറ്റെന്ന കായിക വിനോദത്തിന് നിലനില്‍ക്കാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടിച്ചെടുക്കുന്ന റണ്‍സ് മാത്രം പോരാത്ത ഒരു കാലമുണ്ടായിരുന്നു. അന്ന് തന്റെ ബാറ്റെന്ന മാന്ത്രിക ദണ്ഡ് ഉപയോഗിച്ച് സച്ചിന്‍ സൃഷ്ടിച്ചെടുത്ത കോടികളാണ് ഇന്ത്യയില്‍ ക്രിക്കറ്റിനെ ഇത്രമേല്‍ വേരുന്നാന്‍ സഹായിച്ചത്.

ജനപ്രിയതയുടെ ആവരണം ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിക്കുന്നതില്‍ സച്ചിന്‍ വഹിച്ച പങ്ക് പാടിപ്പതിഞ്ഞതാണ്. എന്നാല്‍ കളിക്കപ്പുറമുളള ക്രിക്കറ്റ് എന്ന വ്യവസായത്തിലെ നെടുംനായകനായിരുന്നു കഴിഞ്ഞ വര്‍ഷം വരെ സച്ചിന്‍. വെറും കായിക വിനോദമെന്നതിനപ്പുറം ക്രിക്കറ്റിനെ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാക്കുന്നതില്‍, അന്നും ഇന്നും താരജാഡകളില്ലാത്ത മനുഷ്യന്‍ അറിഞ്ഞു അറിയാതെയും പങ്കാളിയാണ്.



സച്ചിന് 30, ക്രിക്കറ്റിന് 42


ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റി വരച്ച രണ്ട് ഇടപാടുകളുടെ കണക്കാണ് മേല്‍ പറഞ്ഞത്. 1995 ല്‍ വേള്‍ഡ് ടെല്‍ എന്ന സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനി സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായുണ്ടാക്കിയ പരസ്യകരാറായിരുന്നു 30 കോടിയുടേത്. അഞ്ച് വര്‍ഷത്തേക്ക് സച്ചിന്റെ പരസ്യങ്ങള്‍ ആര്‍ക്കൊക്കെ നല്‍കാമെന്ന് തീരുമാനിക്കാനുളള അവകാശമാണ് ഇതുവഴി വേള്‍ഡ് ടെല്ലിന് കൈവന്നത്. ഇതേ വേള്‍ഡ് ടെല്ലാണ് തൊട്ടുപിന്നാലെ 1996 ല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലായി നടന്ന ലോകകപ്പ് ക്രിക്കറ്റിന്റെ സംപ്രേക്ഷണാവകാശം 42 കോടിക്ക് സ്വന്തമാക്കിയത്. ഈ രണ്ട് കരാറുകളുമാണ് ഇന്ത്യയില്‍ ക്രിക്കറ്റിന്റെ ജാതകം മാറ്റുന്നത്.

1983 ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ആദ്യമായി ക്രിക്കറ്റ് ലോക കിരീടം ഇന്ത്യക്ക് സമ്മാനിക്കുമ്പോള്‍ സംഭവിച്ചത് ജനപ്രിയ കായിക വിനോദമെന്നതിലേക്കുളള വിത്തിടല്‍ കൂടിയായിരുന്നു. ക്രമാനുഗതമായ പുരോഗതി ക്രിക്കറ്റിനുണ്ടായിരുന്നെങ്കിലും അത് വന്‍ തോതില്‍ വളര്‍ത്തിയെടുക്കാനുളള വിഭവം ബി.സി.സി.ഐക്കുണ്ടായിരുന്നില്ല. കപിലും ഗാവസ്‌ക്കറുമൊക്കെ വന്‍താരങ്ങളായുണ്ടായിരുന്നെങ്കിലും ക്രിക്കറ്റിനെ മതമാക്കി വളര്‍ത്താന്‍ കഴിയുന്ന ഒരു വിഗ്രഹത്തിന്റെ കുറവുമുണ്ടായിരുന്നു. വേള്‍ഡ് ടെല്ലിന്റെ രണ്ട് കരാറുകളിലൂടെ ഇതു രണ്ടും ഇന്ത്യയില്‍ സംഭവിച്ചു.

96 ലെ ലോകകപ്പിന് മുമ്പ് നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് 40,000 ഡോളറാണ് സംപ്രേക്ഷണാവകാശമായി ലഭിച്ചിരുന്നത്. മുന്‍ ലോകകപ്പിന്റെ ടെലിവിഷന്‍ വരുമാനം ഒരു ദശലക്ഷം ഡോളറുമായിരുന്നു. ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം നേടിയ വേള്‍ഡ് ടെല്‍ മേധാവി മാര്‍ക്ക് മാസ്‌ക്കരാനെസ് അത് ലോക വ്യപകമായി സംപ്രേക്ഷണം ചെയ്യുന്നതില്‍ വിജയിച്ചതോടെ ബി.സി.സിഐക്കും പണസമാഹരണത്തിനുളള മാര്‍ഗ്ഗം തുറന്നു കിട്ടുകയായിരുന്നു. ടെലിവിഷന്‍ സംപ്രേക്ഷണാവകാശം പുതിയ വരുമാനമാര്‍ഗമാക്കുന്നതില്‍ ബി.സി.സി.ഐയുടെ അമരത്തുണ്ടായിരുന്നു ജഗ്‌മോഹന്‍ ഡാല്‍മിയ വിജയിച്ചതോടെ ക്രിക്കറ്റിന്റെ ജനപ്രീതി ഉയരുകയും അതോടൊപ്പം പണമൊഴുക്കും ആരംഭിച്ചു.

30 കോടിക്ക് സച്ചിന്റെ പരസ്യ കരാറാണ് പ്രതൃക്ഷത്തില്‍ വാങ്ങിയതെങ്കിലും ക്രിക്കറ്റിന്റെയും ലിറ്റില്‍ മാസ്റ്ററുടേയും വിപണന മൂല്യം മസ്‌ക്കരാനെസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ക്രിക്കറ്റിന് ഇന്ത്യയില്‍ വേരുന്നാല്‍ നിഷ്‌കളങ്കതയും അപാരമായ കളിമികവുളള താരത്തെ തേടിയുളള യാത്രയാണ് സച്ചിനില്‍ അവസാനിച്ചത്. 'അഭിനയിക്കാന്‍' അറിയാത്ത സച്ചിന്റെ പരസ്യങ്ങള്‍ സ്വീകരണമുറികള്‍ക്ക് സ്വീകര്യമായി. അതോടൊപ്പം കളിക്കളത്തില്‍ കാണിച്ച ഇന്ദ്രജാലങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കുകകയും ചെയ്തു.1996 ലോകകപ്പോടെ സച്ചിനും ക്രിക്കറ്റും ജനപ്രിയ ഹിറ്റാകുകയും ചെയ്തു.



ക്രിക്കറ്റും കമ്പോള സംസ്‌ക്കാരവും തമ്മിലുളള ബന്ധം ഊട്ടിയുറപ്പിക്കുകയാണ് സച്ചിന്‍ ചെയ്തത്. ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ പിന്തുണയാണ് ക്രിക്കറ്റിന്റെ ജനപ്രിയതയുടെ അടിസ്ഥാനം. മധ്യവര്‍ഗ്ഗത്തിനും ക്രിക്കറ്റിനും തമ്മിലുളള പാലമായി വര്‍ത്തിക്കാന്‍ രണ്ട് ദശാബ്ദമായി സച്ചിന് കഴിഞ്ഞതെങ്ങനെയാണ്?. കായിക രംഗത്ത് ആരാധിക്കാന്‍ കാര്യമായി ആരുമില്ലാത്ത കാലത്താണ് അവോളം പ്രതിഭയുമായി സച്ചിന്‍ അവതരിക്കുന്നത്. ലോകത്ത് ഇന്ത്യന്‍ കായിക മേഖലക്ക് കാര്യമായി മേല്‍വിലാസമില്ലാത്ത കാലമാണിതെന്നോര്‍ക്കണം. മസ്‌ക്കരാനെസെന്ന ദീര്‍ഘവീഷണമുളള പരസ്യമാനേജ്‌മെന്റ് വിദഗ്ദനാണ് കായികമേഖലയിലെ റോള്‍ മോഡലിന് പരസ്യവിപണിയില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിയുമെന്ന സത്യം തിരിച്ചറിയുന്നത്. തുറന്ന വാതില്‍ നയത്തിന്റെ ചുവടുപിടിച്ച് വന്‍കിട കമ്പനികള്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോഴാണ് സച്ചിനെന്ന പ്രതിഭയെ മസ്‌ക്കരാനെസ് അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. സച്ചിനേയും ക്രിക്കറ്റിനേയും ഒപ്പം കൂട്ടാന്‍ കോര്‍പ്പറേറ്റ് വമ്പന്‍മാര്‍ മത്സരിച്ചതോടെ ഇരുകൂട്ടരുടേയും സാമ്പത്തിക വളര്‍ച്ചയും ആരംഭിച്ചു. ടെലിവിഷന്‍ സംപ്രേക്ഷണത്തിന്റെ അനന്ത സാധ്യതകളുമായി ബി.സി.സി.എയും ഒപ്പം കൂടി.



സച്ചിന്‍ മാത്രം


90കളില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റക്ക് ചുമലിലേറ്റിയത് സച്ചിന്‍ തന്നെയായിരുന്നു. സച്ചിന്‍ പുറത്തായാല്‍ ടിവി. ഓഫാക്കി പോയിരുന്ന കാലം. അന്ന് യുവാക്കള്‍ക്കും കുട്ടികള്‍ക്കും കുടിക്കാന്‍ ബൂസ്റ്റും പെപ്്‌സിയും കാലില്‍ ധരിക്കാന്‍ ആക്ഷന്‍ ഷൂസും കഴിക്കാന്‍ ബ്രിട്ടാനിയ ബിസ്‌ക്കറ്റുമായിരുന്നു ഏറെ ഇഷ്ടം കാരണം. ഇതിന്റെയൊക്കെ പരസ്യങ്ങള്‍ സച്ചിനായിരുന്നു. സച്ചിന്റെ എന്ന ഗ്രഹത്തിന്റെ ഉപഗ്രങ്ങളായിരുന്നു ബി.സി.സി.ഐയും മറ്റ് കളിക്കാരും. രണ്ട് ഏഷ്യകപ്പ് വിജയങ്ങള്‍ മാത്രം ക്രെഡിറ്റിലുളള ഈ കാലഘട്ടത്തില്‍ സച്ചിനെന്ന ബാറ്റിങ്ങ് ജീനിയസിന്റെ മികവാണ് ബി.സി.സി.ഐ യുടെ പോക്കറ്റ് നിറച്ചത്.

പരസ്യകമ്പനികള്‍ക്ക് സച്ചിന്റെ ജനപ്രീതിയിലുളള വിശ്വാസമാണ് ടെലിവിഷന്‍ വരുമാനമായി ബി.സിസി.ഐയുടെ ഖജനാവിലെത്തിയത്. ഗാലറികള്‍ അന്ന് കളികാണാനെത്തിയത് ഇന്ത്യയുടെ കളികാണുത്തിനേക്കാള്‍ സച്ചിന്റെ കളി കാണാനായിരുന്നു.സച്ചിനെന്ന പ്രതിഭാസം യുവാക്കള്‍ക്ക് ആരാധിക്കാനുളള റോള്‍ മോഡലാകുമ്പോള്‍ , അതിനെ വാണിജ്യപരമായ ബംബര്‍ വിജയമാക്കാന്‍ കഴിഞ്ഞിടെത്താണ് ബി.സി.സി.ഐ പ്രസിഡണ്ടായിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയയുടെ വിജയം. ക്രിക്കറ്റ് വളരാനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും, ജനപ്രീതി വര്‍ധിപ്പിക്കാനുളള തന്ത്രങ്ങള്‍ മെനഞ്ഞു 'സച്ചിന്‍ ഫാക്ടറി'നെ ഡാല്‍മിയ പരമാവധി ചൂഷണം ചെയ്തു. വിജയങ്ങളില്ലാത്ത കാലത്തും ബി.സി.സി.ഐ സാമ്പത്തിക ശക്തിയായി വളര്‍ന്നത് സച്ചിനും ഡാല്‍മിയയും തമ്മിലുളള അദൃശ്യ രസതന്ത്രമായിരുന്നു.



പണമൊഴുക്കിന്റെ കാലം


പുതിയ നൂറ്റാണ്ടോടെ ബി.സി.സി.ഐക്ക് നിലയും വിലയുമുണ്ടായി. ഐ.സി.സിയെ തന്നെ വെല്ലുവിളിക്കാനുളള സാമ്പത്തിക സ്ഥിതിയുണ്ടായി. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ പ്രതിഭാശാലികള്‍ എത്തിയതോടെ സച്ചിന് ടീമിന്റെ ഭാരം ഒറ്റക്ക് ചുമക്കേണ്ട ബാധ്യത കുറഞ്ഞു. എന്നിട്ടും 2000 മുതല്‍ 2010 വരെ പരസ്യ വരുമാനത്തിലും ജനപ്രീതിയിലും മുംബൈ താരത്തിന് എതിരാളികളുണ്ടായിരുന്നില്ല. 2007 ലെ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം അക്കാലത്ത് സച്ചിന് ഓരോ മിനിറ്റിലും 30 ഡോളര്‍ വരുമാനമുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റിലയന്‍സിന്റെ മുകേഷ് അംബാനിക്ക് അന്ന് മിനിറ്റില്‍ 10 ഡോളറും അമിതാഭ് ബച്ചന് എട്ട് ഡോളറുമാണ് വരുമാനമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ക്രിക്കറ്റും ജനപ്രിയതയും സച്ചിനും തമ്മിലുളള ബന്ധത്തിന്റെ അളവുകോലാണിത്.

2001 ല്‍ വേള്‍ഡ് ടെല്ലുമായി 100 കോടിയുടേയും 2006 ല്‍ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പുമായി 180 കോടിയുടേയും പരസ്യകരാറുകളുണ്ടാക്കിയും സച്ചിന്‍ ആരാധകരെ വീണ്ടും വീണ്ടും വിസ്്മയിപ്പിച്ചു. കളി മികവിനൊപ്പം ജനപ്രീതിയുടെ ഉന്നതിയിലേക്കുളള യാത്ര ക്രിക്കറ്റിന്റെ വളര്‍ച്ചക്കും ആക്കം കൂട്ടിയിരുന്നു. 2007 ലെ ലോകകപ്പിന്റ രണ്ടാം റൗണ്ടില്‍ ഇന്ത്യ പുറത്തു പോയപ്പോള്‍ പരസ്യവരുമാനത്തില്‍ വന്ന കൂത്തനെയുളള ഇടിവ് സച്ചിന്‍ ഉണ്ടാക്കിയെടുത്ത ക്രിക്കറ്റും ഉപഭോക്തൃവിപണിയും പരസ്യലോകവും തമ്മിലുളള ബന്ധമാണ് ചുണ്ടികാണിച്ചത്്.
ഇതുവരെ 22 ബ്രാന്‍ഡുകളാണ് സച്ചിനുമായി പരസ്യ കരാറുണ്ടാക്കിയത്. ബൂസ്റ്റ് (1990), പെപ്‌സി (1992-2009), ആക്ഷന്‍ ഷൂ (1995-2000), എം.ആര്‍.എഫ് (1999-09), അഡിഡാസ് (2000-10), ബ്രിട്ടാനിയ (2001-07), ഫിയറ്റ് പാലിയോ (2001-03), ടി,വി,എസ് (2002-05), ഇ.എസ്.പി,എന്‍ (2002-), സണ്‍ ഫീസ്റ്റ്് (2007-13), കാനോണ്‍ (2006-09), എയര്‍ ടെല്‍ (2004-06), റെയ്‌നോള്‍ഡ് (2007-) ജി ഹാന്‍സ് (2005-07) ബി.പി.എള്‍ (2007-) തോഷിബ (2009-,കോള്‍ഗേറ്റ് , ഫിലിപ്പ്‌സ്, വിസ, കൊക്കോകോള, കാസ്‌ട്രോള്‍ (2011-12) അവീവ തുടങ്ങിയവയിലാണ്.



പണമൊഴുകും ബാറ്റ്


സച്ചിന് 753 കോടിയുടെ ആസ്തിയുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. 2013 മാര്‍ച്ച് മാസത്തിലെ ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ം 220 കോടിയാണ് സച്ചിന്റെ വരുമാനം. ഇതില്‍ 80 ശതമാനവും കളിയേതര വരുമാനമാണ്. ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ്ങ് ധോനി മാത്രമാണ് സച്ചിന് മുന്നിലുളളത്. സച്ചിനേക്കാളും പരസ്യവരുമാനം ധോനിക്കുണ്ടെങ്കിലും ബി.സി.സി.ഐയേയോ, ക്രിക്കറ്റിനോയോ താങ്ങിനിര്‍ത്തേണ്ട ബാധ്യത ധോനിക്കില്ല, കാരണം ക്രിക്കറ്റും ബി.സി.സി.ഐയും എത്രയോ വളര്‍ന്നിരിരിക്കുന്നു.

ബി.സി.സി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 3621 കോടിയാണ് ബി.സി.സിഐയുടെ ആസ്തി. കഴിഞ്ഞ സീസണില്‍ 753 കോടി വരുമാനവും 220 കോടി രൂപ ലാഭവും ക്രിക്കറ്റ് ബോര്‍ഡിനുണ്ട്്. ലോകത്തെ മറ്റൊരു ക്രിക്കറ്റ് ബോര്‍്ഡും ബി.സി.സി.ഐയുടെ അടുത്തെത്തില്ല.

പിന്‍ഗാമികള്‍


ക്രിക്കറ്റ് ഇന്ന് പണം കായ്ക്കുന്ന വടവൃക്ഷമാണ്. സച്ചിന് ശേഷം അസ്ഹറുദ്ദീനും ജഡേജയും പിന്നീട് രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗൂലിയുമൊക്കെ വന്‍കിട കമ്പനികളുടെ പരസ്യമോഡലുകളായി.2000ത്തിന് ശേഷം ക്രിക്കറ്റ് താരങ്ങള്‍ക്ക് ചാകര തന്നെയാണ്. യുവരാജ്് സിങ്ങും മഹേന്ദ്രസിങ്ങ് ധോനിയും ഒടുവിലായി വിരാട് കോലിയുമൊക്കെ പരസ്യങ്ങളില്‍ നിന്ന് കോടികള്‍ വരുന്നു. ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സച്ചിനേക്കാള്‍ വരുമാനം ധോനിക്കാണ്. പരസ്യങ്ങളുടെ പിന്‍ബലമാണ് ഇതിന് കാരണം. അടുത്തിടെ ജര്‍മ്മന്‍ സ്‌പോര്‍ട്‌സ് കമ്പനിയുമായി വിരാട് കോലിയുണ്ടാക്കിയ കരാര്‍ പ്രതിവര്‍ഷം 10 കോടിയുടേതാണ്. ഇത്തരത്തില്‍ കളിയേക്കാള്‍ കളിയേതര വരുമാനം ക്രിക്കറ്റര്‍മാര്‍ക്ക് ലഭിക്കാനുളള അവസരം തുറന്നത് സച്ചിനെന്ന ബ്രാന്‍ഡ് മാസ്റ്റര്‍ തന്നെയാണ്. അതുവഴി യുവതലമുറയെ ക്രിക്കറ്റിലേക്ക് നയിച്ചതും.


കളിച്ചാലും കളിച്ചില്ലെങ്കിലും പണം


സച്ചിന്റെ വിരമിക്കല്‍ വാര്‍ത്ത പുറത്തുവന്നപ്പോള്‍ സാമ്പത്തികള മേഖലയിലെ വിദഗ്ദര്‍ കൗതുകത്തോടെ അന്വേഷിച്ച കാര്യമുണ്ട്. സച്ചിനുമായി കരാര്‍ അവസാനിക്കാത്ത വന്‍കിട കമ്പനികളുടെ നിലപാട് എന്തായിരിക്കുമെന്നത്. സച്ചിന്‍ വിരമിക്കല്‍ നീട്ടികൊണ്ടുപോകുന്നത് ഇത്തരം കമ്പനികള്‍ക്ക് വേണ്ടിയാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിന് പ്രസക്തിയുമുണ്ടായിരുന്നു. എന്നാല്‍ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മാതാക്കളായ അഡിഡാസ്, കൊക്കോകോള, ഫ്യൂച്ചര്‍ ഗ്രൂപ്പ്് തോഷിബ, അവീവ ഇന്ത്യ കമ്പനികള്‍ അവരുടെ നിലപാട് വ്യക്തമാക്കികഴിഞ്ഞു. അവര്‍ പറയുന്ന പ്രധാന കാര്യം സച്ചിന്റെ വിരമിക്കല്‍ അവരെ ബാധിക്കുന്നേയില്ലന്നാണ്. കാരണം സച്ചിന്‍ താല്‍ക്കാലിക പ്രതിഭാസമല്ല. അതുകൊണ്ട് തന്നെ കളിയില്‍ നിന്ന് മാറിയാലും വിപണി മൂല്യം കൂറയുന്നുമില്ല.

ഇനി മറ്റൊരു കാര്യം കൂടി. സച്ചിന്റെ വിരമിക്കാല്‍ ടെസ്റ്റ് കോടികള്‍ ഒഴുകാനുളള വേദികൂടിയായി മാറും. ഇ.എസ്.പി.എന്‍ സച്ചിന്റെ അവസാന ടെസ്റ്റില്‍ അവരുടെ പരസ്യ റേറ്റ് 50 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍. നിലവില്‍ 40,000 മുതല്‍ 60,000 വരെയാണ് 10 സെക്കന്‍ഡിന് അവരുടെ നിരക്ക്. ഇതിന് പുറമെ അഡിഡാസ് സച്ചിന്‍ ഫോര്‍ എവര്‍ ക്യാമ്പയില്‍ വഴി പുതിയ വിപണന സാധ്യതകള്‍ തേടുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലുളള അമിത് ഗ്രൂപ്പ് സച്ചിന്‍ ബ്രാന്‍ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. എന്തായാലും ഒന്നുറപ്പ് സച്ചിന്റെ വിരമിക്കലോടെ ഇന്ത്യയിലെ ഏക്കാലത്തേയും മികച്ച താരത്തെ ക്രിക്കറ്റ് ലോകത്തിന് നഷ്ടപ്പെടുമ്പോള്‍ എക്കാലത്തേയും മികച്ച സ്‌പോര്‍ട്‌സ് സെലിബ്രിറ്റിയെയാണ് പരസ്യലോകത്തിന് നഷ്ടപ്പെടുന്നത്.



Sachin Photos

 

ga