നാം അറിഞ്ഞതും കേട്ടതും വായിച്ചതുമായ ജീനിയസ്സുകളെല്ലാം 'എകെ്‌സന്‍ട്രിക്കു'കളായിരുന്നു. ധൂര്‍ത്തമായ പ്രതിഭകൊണ്ട് ഭ്രാന്തന്മാരെപ്പോലെ ജീവിച്ചവര്‍. ലോകത്തെ സന്തോഷിപ്പിച്ചവര്‍. ജീവിതത്തെ ആഘോഷമായി മാറ്റിയവര്‍. എന്നാല്‍ ഇന്ത്യ സൃഷ്ടിച്ച രണ്ട് സമകാലിക കായിക പ്രതിഭകള്‍, അവരുടെ മേഖലകളില്‍ തലമുറകളെ പ്രചോദിപ്പിച്ചവര്‍ മാത്രമല്ല, മാതൃകാ പുരുഷന്മാരുമാണ് - സച്ചിന്‍ തെണ്ടുല്‍ക്കറും വിശ്വനാഥന്‍ ആനന്ദും. രണ്ടുപേരും സമകാലികരാണെന്നത് ആകസ്മികമാവാം. പ്രതിഭയുടെ സായന്തനത്തില്‍ എത്തിനില്ക്കുന്ന ഇവരുടെ കരിയര്‍, അച്ചടക്കത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സാക്ഷാത്കാരമാണ്. ഇന്ത്യന്‍ ആത്മീയതയുമായി ബന്ധപ്പെട്ട ഒന്നാണ് 'നിയോഗം'. കൗമാരകാലത്തുതന്നെ നിയോഗം തിരിച്ചറിഞ്ഞ് കര്‍മത്തില്‍ മുഴുകി വിജയിച്ച ഇവരെ ഇന്ത്യന്‍ ആത്മീയതയുടെ ഭൗതിക പിന്‍തുടര്‍ച്ചക്കാര്‍ എന്ന് വിളിക്കാമോ? നിര്‍വചനങ്ങള്‍ കാലം തീരുമാനിക്കട്ടെ. എന്നാല്‍, ആധുനികലോകത്തിന്റെ പദാവലികളില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഔന്നത്യം, മൂന്നുതരത്തില്‍ രേഖപ്പെടുത്താം. സച്ചിന്‍ എന്ന 'ഐക്കണ്‍', സച്ചിന്‍ എന്ന 'മാധ്യമം', സച്ചിന്‍ എന്ന 'വ്യവസായം'.
സച്ചിനെപ്പോല തന്റെ മേഖലയ്ക്കും അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യയുടെ എല്ലാ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും അപ്രസക്തമാക്കിയ മറ്റൊരു കായികതാരം കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ഉണ്ടായിട്ടില്ല. ഒരു ശസ്ത്രക്രിയാ വിദഗ്ധന്റെ സൂക്ഷ്മതയോടെ ചിട്ടപ്പെടുത്തിയത് എന്നു തോന്നിക്കുന്ന കരിയറിനിടയില്‍ വ്യക്തിജീവിതത്തില്‍ ഇടര്‍ച്ചകളൊന്നും ഉണ്ടായില്ല എന്നത് സച്ചിനെ ആധുനിക ഇന്ത്യയുടെ 'ഐക്കണാ'യി മാറ്റുന്നു. കുഞ്ഞുങ്ങള്‍ക്ക് സൂപ്പര്‍താരം, ക്രിക്കറ്റ് കമ്പക്കാര്‍ക്ക് മാന്ത്രികന്‍, മുതിര്‍ന്നവര്‍ക്ക് പ്രചോദകന്‍. 'സച്ചിന്മയ'മായിരുന്നു ഇന്ത്യയുടെ കഴിഞ്ഞ കാല്‍നൂറ്റാണ്ട്.
'ഐക്കണ്‍' എന്ന നിലയിലേക്കുള്ള വളര്‍ച്ചയ്ക്ക് സമാന്തരമായി സംഭവിച്ചതാണ് സച്ചിന്‍ എന്ന 'മാധ്യമത്തി'ന്റെ വളര്‍ച്ച. തൊണ്ണൂറുകളില്‍ തുടങ്ങിയ ഇന്ത്യയുടെ ഉദാരീകരണ മുന്നേറ്റവുമായി ബന്ധപ്പെട്ടതാണ് ഈ വളര്‍ച്ചയുടെ പാരസ്പര്യം. തൊണ്ണൂറുകളുടെ തുടക്കത്തോടെ വാണിജ്യവത്കരണത്തിലൂടെ ഇന്ത്യന്‍ വിപണിയും ബി.സി.സി.ഐ.യും സമാന്തരമായി വളര്‍ന്നപ്പോള്‍ സച്ചിന്‍ ക്രിക്കറ്റിന്‍െ ഭാഷതന്നെയായി മാറി. സച്ചിനിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് നടത്തിയ ആത്മാവിഷ്‌കാരം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ചെറിയ താരങ്ങള്‍ക്ക് മാതൃകയായി. സച്ചിന്‍ സൃഷ്ടിച്ച ഭാഷയും വ്യാകരണവുമായിരുന്നു മറ്റു താരങ്ങളുടെ സമീപനരേഖ. സച്ചിന്‍ എന്ന മാധ്യമത്തിലൂടെ ക്രിക്കറ്റ് മാത്രമല്ല, വിപണിയും മൂല്യങ്ങളും ധാര്‍മികതയുമൊക്കെ പ്രചരിപ്പിക്കപ്പെട്ടു.
'സച്ചിന്‍ എന്ന വ്യവസായം' ഈ വളര്‍ച്ചയുടെ തുടര്‍ച്ചയായിരുന്നു. സച്ചിന്‍ ശതകോടീശ്വരനായി വളര്‍ന്നപ്പോള്‍തന്നെ സച്ചിനെ പിന്‍പറ്റി കോര്‍പ്പറേറ്റുകളും വളര്‍ന്നു. ആധുനിക ഇന്ത്യയുടെ 'പോസ്റ്റര്‍ ബോയ്' എന്ന വിശേഷണത്തിന്റെ ഏക അവകാശിയായി സച്ചിന്‍. സച്ചിന്റെ പ്രഭാവത്തില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട വ്യവസായ സംരംഭങ്ങള്‍ വളര്‍ന്നു. വാംഖഡെ സ്റ്റേഡിയത്തിനു സമീപത്തെ ചായക്കടകള്‍ മുതല്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ വരെ സച്ചിന്റെ വിശ്വാസ്യതയില്‍ വളര്‍ന്നു. സച്ചിന്‍ കളിച്ച മത്സരങ്ങളുടെ പ്രകമ്പനത്തില്‍ ഉത്പാദിപ്പിക്കപ്പെട്ട വിപണിമൂല്യം തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം വിപുലമാണ്.
24 വര്‍ഷം, 200 ടെസ്റ്റ്, ടെസ്റ്റിലും ഏകദിനത്തിലുമായി 100 സെഞ്ച്വറികള്‍ - ഈ അജയ്യമായ നേട്ടങ്ങളുടെ കണക്കെടുപ്പും മഹത്ത്വവത്കരണവും കഴിഞ്ഞ 20 വര്‍ഷമായി ചെയ്തുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ് സച്ചിന്‍ എന്ന സാമൂഹിക പ്രതിഭാസത്തിന്റെ വലിപ്പം 'ഐക്കണ്‍', 'മാധ്യമം', 'വ്യവസായം' എന്നിവയിലൂടെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചത്.
ഇതൊന്നും പക്ഷേ, സച്ചിന്റെ ആ സ്‌ട്രെയിറ്റ്‌ഡ്രൈവിന്റെ സൂക്ഷ്മഭംഗിക്ക് പകരമാവില്ല. 'ഫ്ലിക്കി'ന്റെ മാദകസൗന്ദര്യത്തിന് പകരമാവില്ല. 'പുള്ളി'ലെ കരുത്തിന്റെ ലാവണ്യത്തിന് പകരമാവില്ല, 'ലോഫ്റ്റഡ് സ്‌ട്രെയ്റ്റ്‌ഡ്രൈവി'ന്റെ തന്ത്രമികവിന് പകരമാവില്ല. 'കവര്‍ഡ്രൈവി'ന്റെ രാജകീയ പ്രൗഢിക്കും പകരമാവില്ല.
ഒരു പന്ത് കളിക്കാന്‍ കുറഞ്ഞത് മൂന്ന് ഷോട്ടുകളെങ്കിലും ആര്‍ഭാടപൂര്‍വം സൂക്ഷിച്ചുവെക്കുന്നവന്‍. പിച്ചിന്റെയും ബൗളറുടെയും വേഷപ്പകര്‍ച്ചകള്‍ക്കനുസരിച്ച്, 'ട്രിഗര്‍ മൂവ്‌മെന്റി'ല്‍ മാറ്റങ്ങളുടെ വൈവിധ്യം പരീക്ഷിക്കുന്നവന്‍ - അപദാനങ്ങള്‍ ആവര്‍ത്തനവിരസത ഉളവാക്കാറാണ് പതിവ്. ഇത് എഴുതുകയും പറയുകയും ചെയ്യുന്നവരുടെ ശങ്ക മാത്രമാണെന്ന് തോന്നുന്നു. സച്ചിനെക്കുറിച്ച് എത്ര കേട്ടാലും മതിവരാത്ത ആരാധകന് ഈ 'തനിയാവര്‍ത്തനം' ഇരട്ടിമധുരമാണെന്ന്, സച്ചിനുമേല്‍ ഒരു ജനത ചൊരിയുന്ന സ്‌നേഹം കാണുമ്പോള്‍ തോന്നിപ്പോകുന്നു.
ഫ്രണസവൃ ള്‍്ു യ്‌നാ്ര മറ ടമരസഹൃ, ള്‍്ു മിവ ൃ്‌റ റിള്‍ഹൃഷ റ് ഷവറ സഹൗ. ഥ്ു മിവ റിള്‍ഹൃഷ റ് ഹൗ്യിവീീ സഹൗയ്ത്ത - ആന്‍ഡ്രൂ ഫ്ലിന്റോഫ് ഇതു പറഞ്ഞത് ആരാധനയുടെ ഏതുതലത്തില്‍നിന്നാവും എന്ന് സങ്കല്പിച്ചുനോക്കൂ. ഫ്ലിന്റോഫ് എന്ന ബൗളറുടെ സ്ഥാനത്ത് ഒരു സ്‌പോര്‍ട്‌സ് ലേഖകനെ പ്രതിഷ്ഠിക്കൂ. എഴുത്തിലൂടെ സച്ചിനോട് നീതിപുലര്‍ത്താന്‍, സച്ചിനില്‍ മതിപ്പുളവാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ. ഞങ്ങളുടെ പദസമ്പത്തിനെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു കഴിഞ്ഞ 24 വര്‍ഷമായി സച്ചിന്‍ ചെയ്തുകൊണ്ടിരുന്നത്. ഇനി സ്വസ്ഥതയായി, വാക്കുകള്‍ക്കും വിശേഷണങ്ങള്‍ക്കും അചുംബിതമായ പ്രയോഗങ്ങള്‍ക്കുംവേണ്ടി ധ്യാനിക്കേണ്ടതില്ലല്ലോ.
എന്നാല്‍, അടുത്തവര്‍ഷം നവംബര്‍ 18 മുതല്‍ മറ്റൊരു അനുഷ്ഠാനത്തിന് തുടക്കമിടുകയാണ്. സച്ചിന്‍ വിരമിച്ച ശേഷമുള്ള വാര്‍ഷികസ്മരണകളുടെ ഉത്സവം ആരംഭിക്കുകയായി. നൊസ്റ്റാള്‍ജിയയുടെ പെരുങ്കളിയാട്ടം. കളിച്ചപ്പോഴെന്നപോലെ വിരമിക്കുമ്പോഴും സച്ചിന്‍ നമ്മെ ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കട്ടെ.