
മാതൃകാ പുരുഷന്‍ ആരെന്ന ചോദ്യത്തിന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഭൂരിപക്ഷവും നല്കുന്ന മറുപടി 'സച്ചിന്‍ തെണ്ടുല്‍ക്കര്‍' എന്നാകും. എന്നാല്‍, സച്ചിന്റെ മാതൃകയോ? സച്ചിന് മുമ്പ് ക്രിക്കറ്റിലെ ലിറ്റില്‍ മാസ്റ്റര്‍ ആയിരുന്ന സുനില്‍ ഗാവസ്‌കറാണത്. കുഞ്ഞുനാള്‍ തൊട്ടേ, ഗാവസ്‌കറുടെ കടുത്ത ആരാധകനാണ് സച്ചിന്‍. മാത്രമല്ല, തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഘട്ടങ്ങളിലെല്ലാം ഗാവസ്‌കറുടെ ഉപദേശം സച്ചിന് തുണയായിട്ടുണ്ട്. സ്‌കൂള്‍ ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ സച്ചിന്‍ മുംബൈയില്‍ അറിയപ്പെട്ടുതുടങ്ങിയ സമയത്ത് ഗാവസ്‌കര്‍ സച്ചിനൊരു കത്തയച്ചിരുന്നു. ആ കത്തിലെ വാക്കുകള്‍ സച്ചിന്‍ അക്ഷരംപ്രതി പിന്തുടര്‍ന്നു.
1989-ല്‍ തന്റെ ആദ്യ രഞ്ജി സീസണില്‍ ബറോഡയ്‌ക്കെതിരെ കളിക്കാന്‍ സച്ചിന്‍ പോയത് ക്രിക്കറ്റ് കിറ്റിനൊപ്പം സ്‌കൂള്‍ബാഗും ചുമന്നായിരുന്നു. പത്താംക്ലാസ് പരീക്ഷ അടുത്തിരുന്നു. ക്രിക്കറ്റ് താരം എന്ന നിലയില്‍ ഭാവി ഉറപ്പാക്കിക്കഴിഞ്ഞ സ്ഥിതിക്ക് പരീക്ഷ എഴുതുന്നത് എന്തിനാണെന്ന് സുഹൃത്തുക്കള്‍ പലരും അന്ന് ചോദിച്ചു. പക്ഷേ, കളിയുടെ തിരക്കിനിടെ പഠനം മോശമാക്കരുതെന്നും കളിക്കാരനെന്ന നിലയിലുള്ള വളര്‍ച്ചയ്ക്ക് പഠനം അനിവാര്യമാണെന്നും സച്ചിന് എഴുതിയ കത്തില്‍ ഗാവസ്‌കര്‍ എടുത്തുപറഞ്ഞിരുന്നു. പത്താംക്ലാസ് ജയിച്ചേതീരൂവെന്ന് അതുകൊണ്ടുതന്നെ ആ പതിനഞ്ചുകാരന്‍ മനസ്സിലുറപ്പിച്ചിരുന്നു. ബറോഡയ്‌ക്കെതിരെ ബാറ്റ് ചെയ്യാനുള്ള ഊഴം കാത്ത് പവലിയനിലിരിക്കുമ്പോഴും സച്ചിന്‍ പഠനത്തിരക്കിലായിരുന്നു.
ആ സമയത്തുതന്നെയാണ് പാകിസ്താന്‍ പര്യടനത്തിനുള്ള 19 വയസ്സിന് താഴെയുള്ളവരുടെ ഇന്ത്യന്‍ ടീമിലേക്ക് സച്ചിനെ തിരഞ്ഞെടുത്തത്. എന്നാല്‍, പാകിസ്താനില്‍ പോയാല്‍ പരീക്ഷ നഷ്ടപ്പെടുമെന്നതിനാല്‍ പര്യടനത്തിന് താനുണ്ടാവില്ലെന്ന് സച്ചിന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ അറിയിച്ചു!
ആ വര്‍ഷത്തെ രഞ്ജിമത്സരങ്ങള്‍ പൂര്‍ത്തിയാക്കി സച്ചിന്‍ വീട്ടിലെത്തിയപ്പോള്‍ എസ്.എസ്.സി. പരീക്ഷയ്ക്ക് പത്ത് ദിവസമേ ഉണ്ടായിരുന്നുള്ളൂ. ചേട്ടന്‍ നിഥിന്റെ ഭാര്യ മീനയും സ്‌കൂളിലെ സുഹൃത്തുക്കളും സച്ചിന്റെ സഹായത്തിനെത്തി. നഷ്ടപ്പെട്ട ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ മീനയും സുഹൃത്തുക്കളും പറഞ്ഞുകൊടുത്തു. ഒരുവര്‍ഷംകൊണ്ട് പഠിക്കേണ്ടത് പത്തുദിവസം കൊണ്ട് പഠിച്ചെടുത്ത് സച്ചിന്‍ പരീക്ഷയെഴുതി. ഒപ്പം പരീക്ഷയെഴുതിയ കൂട്ടൂകാര്‍ക്ക് സച്ചിന്‍ ഹീറോ ആയി മാറിക്കഴിഞ്ഞിരുന്നു. സച്ചിന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ തിരക്കായിരുന്നു. പരീക്ഷ നിയന്ത്രിക്കാനെത്തിയ അധ്യാപകര്‍ പോലും ആരാധനയോടെയാണ് സച്ചിനെ കണ്ടത്. പരീക്ഷയിലും സച്ചിന്‍ മോശമായില്ല.
1995-ല്‍ തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് സച്ചിന്‍ വിവാഹിതനായത്. അത്ര ചെറുപ്പത്തില്‍ വിവാഹിതനാവാന്‍ തീരുമാനിച്ചതിനുപിന്നിലും ഗാവസ്‌കറുടെ ഉപദേശമുണ്ട്. ചെറുപ്പത്തിലേ പ്രശസ്തിയുടെയും ഗ്ലാമറിന്റെയും ലോകത്തേക്ക് ഉയര്‍ന്ന സച്ചിനെ തേടി പ്രണയാഭ്യര്‍ഥനകള്‍ എത്തുക സ്വാഭാവികം. പ്രലോഭനങ്ങള്‍ക്ക് ഏതൊരു ചെറുപ്പക്കാരനും അടിമപ്പെട്ട് പോകാവുന്ന സാഹചര്യം. അങ്ങനെ സച്ചിന് സംഭവിക്കരുതെന്ന ആഗ്രഹം കാരണമാണ് പക്വതയും കാര്യപ്രാപ്തിയുമുള്ള പെണ്‍കുട്ടിയെ കണ്ടെത്തി എത്രയുംവേഗം വിവാഹം കഴിക്കാന്‍ ഗാവസ്‌കര്‍ സച്ചിനെ ഉപദേശിച്ചത്. അക്കാര്യത്തിലും ഗുരുവിന്റെ ഉപദേശം ശിഷ്യന്‍ ശിരസ്സാവഹിക്കയായിരുന്നു. തന്നെക്കാള്‍ പ്രായക്കൂടുതലുള്ള ഡോ. അഞ്ജലി സച്ചിന്റെ ജീവിത സഖിയായി.