വാംഖഡെ കാത്തിരിക്കുന്നു, സച്ചിനോട് മാപ്പുപറയാന്‍

കെ.വിശ്വനാഥ്‌ Posted on: 12 Nov 2013

വിടവാങ്ങല്‍ ടെസ്റ്റിന് വാംഖഡെയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇറങ്ങുമ്പോള്‍, വാംഖഡെയിലെ ആരാധകര്‍ ഒരു നിമിഷമെങ്കിലും ആ പ്രതിഭയോട് മാപ്പിരക്കുമെന്നുറപ്പാണ്. വാഴ്ത്തലുകളും അപദാനങ്ങളും നിറഞ്ഞ സച്ചിന്റെ കരിയര്‍ ഒരേയൊരു തവണ ആരാധകരുടെ കൂക്കിവിളിയില്‍ മുങ്ങിയത് വാംഖഡെയില്‍ വെച്ചാണ്. അതും ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച ഇന്ത്യന്‍താരമെന്ന റെക്കോഡ് സ്വന്തമാക്കിയ മത്സരത്തിലും.

2006 മാര്‍ച്ച് 19 ഞായറാഴ്ചയായിരുന്നു ഈ സംഭവം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാംദിനം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രീസിലേക്കിറങ്ങുമ്പോള്‍ ഇന്ത്യ തകര്‍ച്ചയുടെ വക്കിലായിരുന്നു. ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗിനെയും വസീം ജാഫറിനെയും നഷ്ടപ്പെട്ട് രണ്ടിന് 24 എന്ന നില. സച്ചിന്റെ 132-ാം ടെസ്റ്റായിരുന്നു അത്. കപില്‍ദേവിന്റെ റെക്കോഡ് മറികടന്ന മത്സരം.

ജയിംസ് ആന്‍ഡേഴ്‌സണിന്റെയും ഫ്ലിന്റോഫിന്റെയും മാത്യു ഹൊഗ്ഗാര്‍ഡിന്റെയും മൂളിപ്പറന്ന പന്തുകള്‍ തുടര്‍ച്ചയായി സച്ചിനെ കടന്നുപോകുമ്പോള്‍ത്തന്നെ വാംഖഡെയിലെ 35,000-ഓളം വരുന്ന കാണികള്‍ അസ്വസ്ഥരായിത്തുടങ്ങിയിരുന്നു. നേരിട്ട 14-ാം പന്തിലാണ് സച്ചിന് ആദ്യ റണ്‍ കുറിക്കാനായത്. ആന്‍ഡേഴ്‌സണ്‍ എറിഞ്ഞ അടുത്ത ഓവറിലെ ആറുപന്തുകളും സച്ചിന് തൊടാന്‍ പോലുമാകാതെ 'അനിശ്ചിതത്വത്തിന്റെ ഇടനാഴി'യിലൂടെ പറന്നകന്നു. തൊട്ടടുത്ത ഓവറില്‍ വീണ്ടും ആന്‍ഡേഴ്‌സണ്‍. ഓഫ്‌സൈഡിന് പുറത്ത് കുത്തിയ ആദ്യ പന്തില്‍ സച്ചിന്‍ ബാറ്റ് നീട്ടിപ്പിടിച്ച് എത്തിക്കുകയായിരുന്നു. ബാറ്റിലുരസിയ പന്ത് കീപ്പര്‍ ജെറൈന്റ് ജോണ്‍സിന്റെ കൈകളില്‍. അരമണിക്കൂറിലേറെ ക്രീസില്‍നിന്ന് വിയര്‍ത്ത സച്ചിന് നേടാനായത് 21 പന്തില്‍ ഒരു റണ്‍സ്.

തന്റെ കരിയറിലെ സുപ്രധാന മത്സരത്തിലേറ്റ തിരിച്ചടിയുടെ നിരാശയുമായാണ് സച്ചിന്‍ പവലിയനിലേക്ക് മടങ്ങിയത്. ആ നിരാശ നടുക്കമായി മാറാന്‍ വൈകിയില്ല. വാംഖഡെയിലെ കാണികള്‍ സച്ചിനെ കൂവാന്‍ തുടങ്ങി. സ്വന്തം ആരാധകരുടെ സമീപനത്തില്‍ ഞെട്ടിത്തരിച്ച സച്ചിന്‍ അസ്വസ്ഥതയോടെയാണ് പവലിയനില്‍ തിരിച്ചെത്തിയത്. മിനിറ്റുകളോളം നീണ്ട കൂക്കിവിളിക്കുശേഷം കാണികളില്‍ വലിയൊരു വിഭാഗം സ്റ്റേഡിയത്തില്‍നിന്ന് ഇറങ്ങിപ്പോവുകകൂടി ചെയ്തതോടെ അധിക്ഷേപം പൂര്‍ണമായി.

വ്യാഴാഴ്ച തന്റെ വിടവാങ്ങല്‍ ടെസ്റ്റിന് സച്ചിനിറങ്ങുമ്പോള്‍, ഗാലറിയിലെത്തുന്ന ആരാധകര്‍ അന്നത്തെ അധിക്ഷേപത്തിന് നിശബ്ദമായി മാപ്പപേക്ഷിക്കുകയാവും. വിടവാങ്ങല്‍ പരമ്പരയില്‍ മനം കുളിര്‍പ്പിക്കുന്ന ഒരു ഇന്നിങ്‌സും അവര്‍ സച്ചിനില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ടാവും. നൂറ്റിയൊന്നാം അന്താരാഷ്ട്ര സെഞ്ച്വറിയാകും അവര്‍ ആഗ്രഹിക്കുന്നത്.

വാംഖഡെയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇതേവരെ നേടിയത് ടെസ്റ്റില്‍ ഒരേയൊരു സെഞ്ച്വറിയാണ്. 16 വര്‍ഷം മുമ്പ് 1997 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 148 റണ്‍സ്. ഇതടക്കം 10 ടെസ്റ്റുകളില്‍ നേട്ടം 847 റണ്‍സ്. ഏകദിനത്തിലും വാംഖഡെ ഒരുവട്ടമേ സച്ചിന് മൂന്നക്കം സമ്മാനിച്ചിട്ടുള്ളൂ. അത് 1996-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു.

തന്റെ കരിയറിലെ 24-ാം മത്സരത്തിലാണ് സച്ചിന് വാംഖഡെയില്‍ ആദ്യ ടെസ്റ്റ് കളിക്കാന്‍ അവസരം കിട്ടിയത്. ഇംഗ്ലണ്ടിനെതിരെ 1993-ല്‍. എന്നാല്‍, ഈ ടെസ്റ്റില്‍ തലക്കെട്ടുകള്‍ പിടിച്ചെടുത്തത് സച്ചിന്റെ ബാല്യകാല സുഹൃത്തായിരുന്ന വിനോദ് കാംബ്ലിയായിരുന്നു. 224 റണ്‍സ് നേടിയ കാംബ്ലിക്കൊപ്പം നാലാം വിക്കറ്റില്‍ 194 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ക്കാന്‍ ശാരദാശ്രം സ്‌കൂളിലെ പഴയ കൂട്ടുകാരനായി. 78 റണ്‍സായിരുന്നു സച്ചിന്റെ നേട്ടം.

കഴിഞ്ഞവര്‍ഷം നവംബറിലാണ് സച്ചിന്‍ വാംഖഡെയില്‍ അവസാന ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ടിനെതിരെ. രണ്ടിന്നിങ്‌സിലും എട്ട് റണ്‍സിന് പുറത്തായ സച്ചിന്റെ വിക്കറ്റ് ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസറാണ് സ്വന്തമാക്കിയത്. കരിയറിലാദ്യമായി സച്ചിന്റെ പ്രതിഭയ്ക്കുനേരെ സംശയത്തിന്റെ വിരലുയര്‍ന്നത് ഈ പുറത്താകലുകളോടെയാണ്. വിരമിക്കല്‍ ആസന്നമായി എന്ന രീതിയില്‍ ഇതോടെ ചര്‍ച്ചകള്‍ സജീവമാവുകയും ചെയ്തു.



Sachin Photos

 

ga