പത്താം ക്ലാസ്സിലെ ബ്രാഡ്മാന്‍

കെ. വിശ്വനാഥ്‌ Posted on: 10 Nov 2013

1988-ല്‍ രഞ്ജി ട്രോഫിയില്‍ സച്ചിന്‍ സെഞ്ച്വറി നേടി അരങ്ങേറ്റം ഭംഗിയാക്കിയപ്പോള്‍ മുംബൈയില്‍ നിന്നുമിറങ്ങുന്ന ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ തലവാചകം ഇങ്ങനെയായിരുന്നു 'ബ്രാഡ്മാന് പഠിക്കുന്ന പത്താംക്ലാസ്സുകാരന്‍'. മീശ മുളയ്ക്കാത്ത പയ്യനില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്തതായിരുന്നു വിസ്മയാവഹമായ ആ ഇന്നിങ്‌സ്. വാംഖഡെ സ്റ്റേഡിയത്തില്‍ ഗുജറാത്തിനെതിരെയായിരുന്നു സച്ചിന്റെ ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം കൂടിയായ ഈ മത്സരം.

ഗുജറാത്തിനെ 140 റണ്‍സിന് പുറത്താക്കിയ മുംബൈ ഒന്നിന് 95 എന്ന നിലയില്‍ ആദ്യദിനം അവസാനിപ്പിച്ചു. രണ്ടാം ദിവസം ഒരു വിക്കറ്റ് വീണാല്‍ സച്ചിന് ക്രീസിലിറങ്ങാം. രണ്ടാം ദിനം (ഡിസം.11) അതിരാവിലെ സച്ചിന്‍ ഉറക്കം എഴുന്നേറ്റു. എട്ടുമണിക്കുതന്നെ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു, ബാറ്റിങ് കാണാന്‍ സ്റ്റേഡിയത്തില്‍ വരണമെന്ന് ചേട്ടന്മാരോട് ആവശ്യപ്പെട്ടിരുന്നു. അയല്‍ക്കാരായ സുഹൃത്തുക്കളും ശാരദാശ്രം സ്‌കൂളിലെ വിദ്യാര്‍ഥികളും പ്രിയപ്പെട്ട കൂട്ടുകാരന് പിന്തുണയുമായി ഗാലറിയിലുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഏക്‌നാഥ് സോള്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍, ദേശീയ ടീം സെലക്ടര്‍ രാജ് സിങ് ദുംഗാര്‍പുര്‍, കോച്ച് രമാകാന്ത് അച്‌രേക്കര്‍ തുടങ്ങിയവരെല്ലാം സച്ചിന്റെ അരങ്ങേറ്റം കാണാനെത്തി.

ലഞ്ചിന് 15 മിനിറ്റ് മുമ്പ് രാജ്പുത്ത് പുറത്തായി. മുംബൈയുടെ സ്‌കോര്‍ രണ്ട് വിക്കറ്റിന് 206. സച്ചിന്‍ ക്രീസിലെത്തി. ഓഫ്‌സ്പിന്നര്‍ നിസര്‍ഗ് പട്ടേലായിരുന്നു ബൗളര്‍. ആദ്യ രണ്ട് പന്തും മികച്ച ലെങ്തിലായിരുന്നു. സച്ചിന്‍ മുന്നോട്ടാഞ്ഞ് ആ പന്തുകള്‍ തടുത്തിട്ടു. മൂന്നാം പന്ത് വായുവില്‍ ഉയര്‍ന്ന് ഓഫ്സ്റ്റമ്പിന് നേരെയായിരുന്നു. സച്ചിന്‍ ഫ്രണ്ട്ഫൂട്ടില്‍ മനോഹരമായി ഡ്രൈവ് ചെയ്തു. പന്ത് കവറിലൂടെ ബൗണ്ടറി കടന്നു. സച്ചിന്റെ ആദ്യ രഞ്ജി റണ്‍ ബൗണ്ടറിയിലൂടെ. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ സച്ചിന്റെ സ്‌കോര്‍ പത്ത് റണ്‍സ്. ലഞ്ചിനുശേഷം കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. ഡ്രൈവുകളും സ്വീപ്പുകളും നിറഞ്ഞ ഇന്നിങ്‌സ് അതിവേഗം അമ്പത് പിന്നിട്ടു. ചായയ്ക്ക് പിരിയുമ്പോള്‍ 80 റണ്‍സ്. പിന്നീട് മുംബൈ ടീമിന്റെ മൂന്ന് വിക്കറ്റുകള്‍ തുടരെ വീണു. സച്ചിനെപ്പോലെ അരങ്ങേറ്റമത്സരം കളിക്കുന്ന സമീര്‍ തല്‍പാഡെയാണ് പിന്നീട് ക്രീസില്‍ വന്നത്. ഗുജറാത്ത് പേസ് ബൗളര്‍മാര്‍ ഉയര്‍ത്തിയ സമ്മര്‍ദത്തിനുമുന്നില്‍ സച്ചിന്‍ കീഴ്‌പെട്ടുപോകുമെന്ന് തോന്നിയ നിമിഷങ്ങള്‍. പക്ഷേ, പരിഭ്രമത്തിന്റെ ലാഞ്ഛന പോലുമില്ലാതെ ബാറ്റിങ് തുടര്‍ന്നു.

സച്ചിന്‍ 95-ല്‍ നിലേ്ക്ക, ബൗള്‍ ചെയ്യാനെത്തിയ ഓഫ്‌സ്പിന്നര്‍ ഭരത് മിസ്ത്രി കബളിപ്പിക്കാന്‍ പന്ത് നന്നായി ഫ്ലൈറ്റ് ചെയ്യിച്ചു. സച്ചിന്‍ പക്ഷെ, ഫ്രണ്ട് ഫൂട്ടില്‍ കളിച്ചു-ബൗണ്ടറി, 99! അടുത്ത പന്ത് സ്‌ക്വയര്‍ ലഗ്ഗിലേക്ക് തിരിച്ചുവിട്ട് ഒരു റണ്‍ ഓടിയെടുത്ത് സെഞ്ച്വറി തികച്ചു. അരങ്ങേറ്റത്തില്‍ത്തന്നെ സെഞ്ച്വറി! 129 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പെട്ട ഇന്നിങ്‌സ്. രഞ്ജിയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ബാറ്റ്‌സ്മാനെന്ന റെക്കോഡും ഇതോടെ സച്ചിന്റെ പേരിലായി. അന്ന് 15 വര്‍ഷവും ഏഴ് മാസവും 17 ദിവസവുമായിരുന്നു സച്ചിന്റെ പ്രായം. രഞ്ജി ട്രോഫിയിലെന്നപോലെ, ഇന്ത്യയിലെ മറ്റ് രണ്ട് പ്രധാന ആഭ്യന്തര ടൂര്‍ണമെന്റുകളായ ദുലീപ് ട്രോഫിയിലും ഇറാനി ട്രോഫിയിലും സച്ചിന്റെ അരങ്ങേറ്റം സെഞ്ച്വറിയോടെയായിരുന്നു.



Sachin Photos

 

ga