
'ഞാന്‍ പടവുകള്‍ കയറി മുകളിലേക്ക് പോവാന്‍ ശ്രമിച്ചു. സച്ചിനാവട്ടെ ലിഫ്റ്റില്‍ മുകളിലേക്ക് കുതിച്ചു. സ്‌കൂള്‍കാലം മുതല്‍ക്കെയുള്ള സുഹൃത്ത് സച്ചിന്‍ തെണ്ടുല്‍ക്കറെക്കുറിച്ച് വിനോദ് കാംബ്ലി ഇങ്ങനെ പറഞ്ഞത് പാതി തമാശയായാണ്. പക്ഷേ, ഇതില്‍ വസ്തുതയുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റര്‍ക്ക് ചെറുപ്പംതൊട്ടേ നിര്‍ലോഭമായ പരിചരണവും പിന്തുണയും ലഭിച്ചിരുന്നു. കുടുംബാംഗങ്ങളും പരിശീലകരും കൂട്ടുകാരുമെല്ലാം ഓരോ ഘട്ടത്തിലും സച്ചിന് വലിയ പിന്തുണ നല്കി. വിനോദ് ഗണ്‍പത് കാംബ്ലിയും അവരില്‍ ഒരാളാണ്.
റെക്കോഡുകളുടെ എണ്ണത്തില്‍ റെക്കോഡ് സൃഷ്ടിച്ച സച്ചിന്റെ ആദ്യ ലോകറെക്കോഡ് വിനാദ് കാംബ്ലിക്ക് ഒപ്പമായിരുന്നു. മുംബൈയിലെ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഹാരിസ് ഷീല്‍ഡിന്റെ സെമിഫൈനലില്‍ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിനെതിരെ നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയാണ് സച്ചിന്റെ പേര് ആദ്യമായി ഗിന്നസ് ബുക്കിലെത്തിച്ചത്. മുംബൈ സസ്സേനിയന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മൂന്നാം വിക്കറ്റില്‍ സച്ചിനും കാംബ്ലിയും ചേര്‍ന്ന് നേടിയ അഭേദ്യമായ 664 റണ്‍സ് കൂട്ടുകെട്ട് 18 വര്‍ഷത്തിലേറെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടായി നിലനിന്നു. ശാരദാശ്രമം ടീമിന്റെ കോച്ച് രമാകാന്ത് അച്‌രേക്കര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ നിര്‍ദേശം നല്കിയിരുന്നെങ്കിലും അതറിയാതെ ഇരു ബാറ്റ്‌സ്മാന്‍മാരും കളി തുടര്‍ന്നതുകൊണ്ട് മാത്രമാണ് റെക്കോഡ് യാഥാര്‍ഥ്യമായത്.
ഏറെ രസകരമാണ് ആ റെക്കോഡിന്റെ കഥ. യഥാര്‍ഥത്തില്‍ സെന്റ് സേവ്യേഴ്‌സ് അത്ര ദുര്‍ബലരായ പ്രതിയോഗികളായിരുന്നില്ല. അന്നും ഇന്നും മുംബൈയിലെ മികച്ച സ്‌കൂള്‍ ക്രിക്കറ്റ് ടീമുകളിലൊന്ന്. സുനില്‍ ഗാവസ്‌കര്‍ അവിടുത്തെ പൂര്‍വ വിദ്യാര്‍ഥിയാണ്.
1988 ഫിബ്രവരി 23 മുതല്‍ 25 വരെ നടന്ന സെമിഫൈനലില്‍ ശാരദാശ്രമം സ്‌കൂള്‍ ടീമിന്റെ ക്യാപ്റ്റന്‍ സച്ചിന്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാരായ അതുല്‍ റാണയും മൂല്യയും സ്‌കോര്‍ മൂന്നക്കം പിന്നിടുംമുമ്പ് പുറത്തായി. രണ്ട് വിക്കറ്റിന് 84 റണ്‍സെന്ന നിലയിലാണ് നാലാമനായി ബാറ്റുചെയ്യാന്‍ സച്ചിന്‍ ഇറങ്ങിയത്. 29 റണ്‍സോടെ കാംബ്ലിയായിരുന്നു ക്രീസില്‍ ഉണ്ടായിരുന്നത്. പിന്നീടങ്ങോട്ട് കൂട്ടുകാര്‍ ചേര്‍ന്ന് എതിര്‍ ടീമിന്റെ ബൗളര്‍മാരെ കശാപ്പ് ചെയ്തു. ആദ്യദിനം കളി അവസാനിക്കുമ്പോള്‍ കാംബ്ലി 182-ഉം സച്ചിന്‍ 192-ഉം റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
അച്‌രേക്കര്‍ പവലിയനിലിരുന്ന് അന്നത്തെ കളി മുഴുവന്‍ കണ്ടിരുന്നു. പക്ഷേ, രണ്ടാംദിനം മറ്റു ചില അത്യാവശ്യ ജോലികള്‍ ഉണ്ടായിരുന്നതുകൊണ്ട് അസിസ്റ്റന്റ് കോച്ച് ലക്ഷ്മണ്‍ ചവാനെ ചുമതല ഏല്പിച്ചു. രണ്ടാംദിനം ടീം ടോട്ടല്‍ 500 പിന്നിട്ട ഉടന്‍ ഡിക്ലയര്‍ ചെയ്യാന്‍ ലക്ഷ്മണിന് അച്‌രേക്കര്‍ നിര്‍ദേശം നല്കിയിരുന്നു. ടീം സ്‌കോര്‍ 500 കടന്നയുടന്‍ ചവാന്‍ ഗ്രൗണ്ടിനു പുറത്തുനിന്ന് ഡിക്ലയര്‍ ചെയ്യാന്‍ ആംഗ്യം കാണിച്ചു, പക്ഷേ, സച്ചിനും കാംബ്ലിക്കും അത് മനസ്സിലായില്ല. പിന്നെ ഗ്രൗണ്ടിനുചുറ്റും നടന്ന്, ഡിക്ലയര്‍ ചെയ്യണമെന്ന് ബാറ്റ്‌സ്മാന്മാരെ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രസംപിടിച്ച് ബാറ്റ് ചെയ്യുകയായിരുന്ന ഇരുവരും അത് കണ്ടില്ല. ഇതിനിടെ രണ്ട് ബാറ്റ്‌സ്മാന്മാരും ട്രിപ്പിള്‍ സെഞ്ച്വറി നേടിയതറിഞ്ഞ് കളി കാണാന്‍ ഗ്രൗണ്ടിലേക്ക് ആളുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. ആ തിരക്കിനിടയില്‍ ചവാനെ സച്ചിനും തീരെ ശ്രദ്ധിച്ചിരുന്നില്ല.
ഉച്ചഭക്ഷണത്തിന് പുറത്തുവന്നപ്പോള്‍ മാത്രമാണ് ഡിക്ലയര്‍ ചെയ്യാന്‍ അച്‌രേക്കര്‍ ആവശ്യപ്പെട്ടകാര്യം സച്ചിന്‍ അറിഞ്ഞത്. ഉടന്‍ അങ്ങനെ ചെയ്തു. അപ്പോഴേക്കും സ്‌കോര്‍ രണ്ട് വിക്കറ്റിന് 784 റണ്‍സിലെത്തിയിരുന്നു. സച്ചിന്‍ ഒരു സിക്‌സറും 49 ബൗണ്ടറിയുമടക്കം 326. കാംബ്ലി മൂന്ന് സിക്‌സറും 49 ബൗണ്ടറിയുമടക്കം 349. രണ്ടുപേരുംകൂടി അടിച്ചുകൂട്ടിയത് 98 ബൗണ്ടറി. ഇരു ബാറ്റ്‌സ്മാന്മാരില്‍നിന്ന് കണക്കിന് പ്രഹരം ലഭിച്ച സെന്റ് സേവ്യേഴ്‌സ് ടീമിന്റെ ഒരു ബൗളര്‍ കളിക്കിടെ പൊട്ടിക്കരഞ്ഞു! രണ്ടാം ദിവസം ഉച്ചഭക്ഷണത്തിനുശേഷമാണ് അച്‌രേക്കര്‍ തിരിച്ചെത്തിയത്. നേരത്തേ, ഡിക്ലയര്‍ ചെയ്യാത്തതിന് സച്ചിന് കണക്കിന് ശകാരം കിട്ടി. ഈ മത്സരത്തില്‍ മൂന്നാംദിനം സച്ചിന്‍ കളിച്ചില്ല. അതേസമയംതന്നെ നടക്കുകയായിരുന്ന ഗെയ്ല്‍സ് ട്രോഫി മത്സരത്തില്‍ കളിക്കുന്നതിനായി അച്‌രേക്കര്‍ തന്റെ ശിഷ്യനെ അടുത്ത ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി.
ഹാരീസ് ഷീല്‍ഡ് സെമിഫൈനലിലെ കൂറ്റന്‍ സ്‌കോര്‍ പത്രങ്ങളില്‍ വാര്‍ത്തയായി. പക്ഷേ, ഒരു മാസം കഴിഞ്ഞ് സച്ചിന്റെയും കാംബ്ലിയുടെയും പടങ്ങള്‍ സഹിതം വാര്‍ത്ത വന്നപ്പോഴാണ് അത് ലോകറെക്കോഡാണെന്ന് രണ്ടുപേരും അറിഞ്ഞത്. ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റീഷ്യന്മാരുടെയും സ്‌കോറര്‍മാരുടെയും ശ്രമഫലമായാണ് ഈ റെക്കോഡ് അംഗീകരിക്കപ്പെട്ടത്. ഏത് പ്രായത്തിലും തലത്തിലുമുള്ള ക്രിക്കറ്റ് മത്സരങ്ങളിലെ ഏത് വിക്കറ്റിലെയും ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിതെന്ന് തിരിച്ചറിയാന്‍ ഒരു മാസത്തോളമെടുത്തു. ഓസ്‌ട്രേലിയയില്‍ 1913-14 സീസണിലെ ഒരു മാച്ചില്‍ ടി. പാല്‍ടണും എന്‍. റിപ്പണും ചേര്‍ന്ന് നേടിയ 614 റണ്‍സിന്റെ റെക്കോഡാണ് സച്ചിന്‍-കാംബ്ലി സഖ്യം തകര്‍ത്തത്. 2006 നവംബറില്‍ ഹൈദരാബാദുകാരായ മനോജ് കുമാര്‍- മുഹമ്മദ് ഷൈബാസ് സഖ്യം 721 റണ്‍സ് കൂട്ടുകെട്ട് തീര്‍ക്കുംവരെ റെക്കോഡ്ബുക്കില്‍ സച്ചിനും കാംബ്ലിയും നിലനിന്നു.