അവസാന വാക്ക്‌

ടി.സി. മാത്യു Posted on: 05 Nov 2013

കായികരംഗത്ത് ഇതിഹാസങ്ങള്‍ രചിച്ച താരങ്ങള്‍ അനവധിയുണ്ടാകും. എന്നാല്‍ കളിമികവിനൊപ്പം സഹതാരങ്ങളുടെയും ആരാധകരുടെയും ബഹുമാനം കലര്‍ന്ന ആരാധന നേടാന്‍ കഴിയുന്നവര്‍ വിരളമാണ്. സച്ചിന്‍ വ്യത്യസ്തനാകുന്നത് ഇവിടെയാണ്. രണ്ടര പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് ജീവിതം സച്ചിന് സമ്മാനിക്കുന്നത് ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുടെ കറപുരാളാത്ത സ്‌നേഹമാണ്. അതില്‍ സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികള്‍ മുതല്‍ വന്‍ താരങ്ങള്‍ വരെയുണ്ട്.

2008-ല്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനമാണ് സച്ചിനെന്ന വ്യക്തിയെക്കുറിച്ച് കൂടുതലറിയാന്‍ സഹായിച്ചത്. അന്നത്തെ ടീമിന്റെ മാനേജരായിരുന്നു ഞാന്‍. സച്ചിനോട് മറ്റ് താരങ്ങള്‍ക്കുളള സ്‌നേഹവും ബഹുമാനവും വേറിട്ട അനുഭവമാണ്. ടീമിനുളളില്‍ സച്ചിനായിരുന്നു അവസാന വാക്ക്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അനുസരിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. ടീമിന് ഹിതകരമല്ലാത്ത അഭിപ്രായങ്ങളും തീരുമാനങ്ങളും സച്ചിന്‍ എടുക്കാറുമില്ല. തന്റേത് ടീമിനുളളിലെ അവസാന വാക്കാണെന്ന് മനസ്സിലുളളതുകൊണ്ടാകണം ഒരിക്കലും അതിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ സച്ചിന്‍ പ്രവര്‍ത്തിക്കാതിരുന്നത്. കളിക്കളത്തില്‍ നിന്ന് ആര്‍ജിച്ചെടുത്ത അനുഭവങ്ങളും പ്രതിഭയും മാത്രമല്ല, സഹകളിക്കാരോടുളള ഹൃദ്യമായ പെരുമാറ്റവും സച്ചിന് ടീമിനുളളില്‍ അപ്രമാദിത്വം നല്‍കുന്നതില്‍ പ്രധാനമാണ്.

അന്നത്തെ പര്യടനത്തിലെ കൗതുകകരമായ കാഴ്ച ടീമിന്റെ ബസ് യാത്രകളാണ്. ബസ്സിലെ ആദ്യ സീറ്റ് സച്ചിന് അവകാശപ്പെട്ടതാണ്. ഹര്‍ഭജന്‍ സിങ് ടീമിലുണ്ടെങ്കില്‍ എതിര്‍ഭാഗത്തുളള സീറ്റിലിരിക്കും. മഹേന്ദ്ര സിങ് ധോനിക്ക് എറ്റവും പുറകില്‍ ഇരിക്കാനാണ് ഇഷ്ടം.

സച്ചിനുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതാണ് ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നുളള നേട്ടം. തമാശകള്‍ ആസ്വദിക്കുന്ന ആളാണ് സച്ചിന്‍. കായിക വിനോദങ്ങളുടെ മാര്‍ക്കറ്റിങ്ങില്‍ ആഴത്തിലുള്ള ജ്ഞാനമുണ്ട്. അക്കാലത്ത് ഏറ്റവും കൂടുതല്‍ വരുമാനമുളള കായികതാരമായ മൈക്കള്‍ ഷൂമാക്കറിനെക്കുറിച്ച് ഏറെ നേരം സംസാരിച്ചതൊക്കെ ഇപ്പോഴും ഓര്‍മയിലുണ്ട്. ടീമില്‍ ഏറ്റവും അടുപ്പമുളള കളിക്കാരന്‍ സഹീര്‍ ഖാനായിരുന്നു. സഹീര്‍ ബൗള്‍ ചെയ്യുമ്പോള്‍ സച്ചിന്‍ പ്രത്യേക ടിപ്‌സുകള്‍ നല്‍കാറുണ്ട്.

അതിബുദ്ധിമാനായ ക്രിക്കറ്ററാണ് സച്ചിന്‍. കഴിവും ആത്മാര്‍പ്പണവുംകൊണ്ട് മാത്രം കളിക്കളത്തില്‍ വിജയിക്കാന്‍ കഴിയണമെന്നില്ല. അതിന് ചിന്തിക്കുന്ന മനസ്സും ആവശ്യമാണ്. പാളിച്ചകളില്‍ നിന്ന് കരകയറാനും പെട്ടെന്ന് തന്ത്രങ്ങളില്‍ മാറ്റം വരുത്താനുമുളള കഴിവ് സച്ചിന്റെ നേട്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
സച്ചിന്റെ വിജയങ്ങളേക്കാള്‍ പരാജയങ്ങള്‍ വലിയ ചര്‍ച്ചകളായിരുന്ന കാലത്ത് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞത് ബുദ്ധിപരമായ നീക്കങ്ങളിലൂടെയാണ്. ഒരു കാലത്ത് തുടരെ ബൗള്‍ഡായി പുറത്താകുന്ന അവസ്ഥ വന്നപ്പോള്‍ ഫ്ലാക്ക് ഷോട്ടുകള്‍ പാടേ ഒഴിവാക്കിയും ഓഫ് സൈഡിലെ കളികള്‍ കുറച്ച് ലെഗ് സൈഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുമാണ് പ്രതിസന്ധിയെ മറികടന്നത്. അക്കാലത്തെ സച്ചിന്റെ സ്‌ട്രൈക്ക് റേറ്റ് 30 ശതമാനമായിരുന്നു. എതിരാളികളുടെ തന്ത്രങ്ങളെ കൃത്യമായി മനസ്സിലാക്കിയും ഫിറ്റ്‌നസ്, ടെക്‌നിക്‌സ്, റിഫ്ലാക്ഷന്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയുമാണ് ഇത്രയും നീണ്ട കാലം ഒരേ ഫോമില്‍ സച്ചിന്‍ തുടര്‍ന്നത്.

ഡ്രസ്സിങ് റൂം എക്‌സ്പീരിയന്‍സ് എല്ലാ കായിക വിനോദങ്ങളിലും അവിഭാജ്യഘടകമാണ്. വിരാട് കോലിയെ പോലുളളവര്‍ സച്ചിന്റെ വിരമിക്കല്‍ ടീമിന് വരുത്തുന്ന നഷ്ടത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. യഥാര്‍ഥത്തില്‍ സച്ചിനില്ലാത്ത ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂം നഷ്ട സ്വര്‍ഗമാണ്. കാര്യങ്ങള്‍ ശരിയായി പറഞ്ഞു കൊടുക്കാറുളള മാര്‍ഗദര്‍ശിയെ കൂടിയാണ് ടീമിന് നഷ്ടപ്പെടുന്നത്.

ക്രീസില്‍ സച്ചിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവാണ് എനിക്കേറെയിഷ്ടം. സാക്ഷാല്‍ ഷെയ്ന്‍ വോണ്‍ പോലും പ്രകീര്‍ത്തിച്ചതാണ് ഈ ഷോട്ട്. എന്ത് സുന്ദരമാണത്.
ഷോട്ടുകളില്‍ ഇത്രയും പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച മറ്റൊരു താരമുണ്ടാകില്ല. ടെസ്റ്റില്‍ അപ്പര്‍ക്കട്ട് കളിക്കുന്നത് തന്നെ ഉദാഹരണം. പരമ്പരാഗത ശൈലിയും ന്യൂജനറേഷന്‍ ശൈലിയേയും ആവശ്യത്തിനനുസരിച്ച് ഉള്‍കൊളളാന്‍ കഴിഞ്ഞിടത്താണ് സച്ചിന്‍ അമരത്വം നേടുന്നത്.

(കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനുമാണ് ലേഖകന്‍)



Sachin Photos

 

ga