
രണ്ടു വര്‍ഷം മുമ്പ് ഇന്ത്യയുടെ ഒരു ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് സ്റ്റേഡിയത്തില്‍നിന്ന് പുറത്തിറങ്ങുമ്പോഴാണ് അയാളെ കണ്ടു മുട്ടിയത്. ശരീരമാകെ ചായം തേച്ച് തലമുണ്ഡനം ചെയ്ത് സ്‌പൈഡര്‍മാനെപ്പോലൊരു രൂപം. ഇന്ത്യന്‍ പതാകയുടെ നിറങ്ങള്‍ ശരീരത്തില്‍ തേച്ചുപിടിപ്പിച്ചിരിക്കുന്നു. തലയില്‍ ഇന്ത്യയുടെ മാപ്പിന്റെ ആകൃതിയില്‍ മാത്രമേ മുടിയുള്ളൂ. ബാക്കി ഭാഗം വടിച്ചുകളഞ്ഞിരിക്കുന്നു. നെഞ്ചില്‍ സച്ചിന്റെ പേര്. ഒരു കൈയില്‍ ശംഖ്, മറുകൈയില്‍ കൂറ്റന്‍ ഇന്ത്യന്‍ പതാക. ടെലിവിഷന്‍ ക്യാമറകള്‍ക്ക് ഭംഗിയുള്ള കാഴ്ചയാണത്. പക്ഷേ, കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിന് പുറത്തുവെച്ച് ആ വിചിത്രരൂപം നേരില്‍ കണ്ടപ്പോള്‍ കൗതുകമല്ല, വിഷമമാണ് തോന്നിയത്. അയാളോട് സംസാരിച്ചപ്പോള്‍ ആ വിഷമം ഇരട്ടിച്ചു.
അദ്ദേഹത്തിന്റെ പേര് സുധീര്‍ കുമാര്‍ ഗൗതം. തൊഴില്‍രഹിതനും നിര്‍ധനനുമായ ഈ മുപ്പതുകാരന്‍ ബിഹാറുകാരനാണ്. ഞാന്‍ കാണുമ്പോള്‍ സുധീര്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. വിചിത്രരൂപം കണ്ട് സ്‌റ്റേഡിയത്തിനു പുറത്ത് തെരുവുകുട്ടികള്‍ വളഞ്ഞുവെച്ചിരിക്കുന്നു. ചിലര്‍ തൊട്ടുനോക്കുന്നു. ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പെയിന്റും വിയര്‍പ്പും അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. നിറമിളകിപ്പോകാത്ത രീതിയില്‍ സുധീര്‍ ശരീരമാകെ മാന്തുന്നു. ഒരു സുഹൃത്ത് നല്‍കിയ പണം കൊണ്ട് ഏറെദൂരം യാത്രചെയ്ത് കളികാണാനെത്തിയതാണ്. കൈയില്‍ കാശില്ലാത്തതുകൊണ്ട് ഹോട്ടലിലൊന്നും മുറിയെടുക്കാനാവില്ല. ഭക്ഷണത്തിനും കാശില്ല. എങ്ങോട്ട് പോവണമെന്നറിയില്ല. ഇന്ത്യ മാച്ച് തോറ്റതുകാരണം തെരുവുപിള്ളേര്‍ പിറകെ നടന്ന് കൂക്കിവിളിക്കുന്നു. ഇടയ്ക്കാരോ പിടിച്ചുതള്ളുകയും ചെയ്തു. പക്ഷേ, സുധീര്‍ അതൊന്നും ഗൗനിക്കുന്നില്ല. ഇന്ത്യന്‍ ടീമിന്റെ ബസ് സ്റ്റേഡിയം വളപ്പില്‍നിന്ന് പുറത്തേക്ക് വരുമ്പോള്‍ പതാക വീശിക്കാണിക്കണം. സുധീറിനെ ടീമംഗങ്ങള്‍ക്കെല്ലാം അറിയാം. അവര്‍ കൈവീശിക്കാണിക്കും. സുധീറിന് അതുമതി. പക്ഷേ, ടീം ബസ്സതാ മറ്റൊരു ഗേറ്റിലൂടെ പുറത്തേക്ക് പോവുന്നു. കാറ്റുപിടിക്കുന്ന കൂറ്റന്‍ പതാകയും വീശി ഓടിനോക്കി, എത്തിയില്ല. അതോടെ തെരുവുപിള്ളേരുടെ കൂവല്‍ ഉച്ചത്തിലായി.
ഒരു ക്രിക്കറ്റ് ആരാധകന്‍ എന്ന നിലയ്ക്ക് സുധീര്‍ പ്രശസ്തനാണ്. ഒട്ടേറെ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത വന്നിട്ടുണ്ട്. ടെലിവിഷനിലൂടെ ക്രിക്കറ്റ് കാണികള്‍ക്ക് സുപരിചിതനാണ്. പക്ഷേ, കളിക്കമ്പം മൂത്ത് താരങ്ങള്‍ക്ക് പിന്നാലെ ഓടി ജോലിയും കൂലിയും നഷ്ടമായ സുധീറിന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. സ്‌റ്റേഡിയങ്ങളില്‍ വിജയഭേരി മുഴക്കുന്ന ശംഖനാദത്തിനു പിന്നില്‍ ഒരു കദനകഥയുണ്ട്. ബിഹാറിലെ മുസഫര്‍ നഗറിലെ ദരിദ്രരായ കര്‍ഷകത്തൊഴിലാളി ദമ്പതികളുടെ മകന്‍ പത്തുവര്‍ഷത്തിലേറെയായി ശരീരത്തില്‍ ചായം തേച്ച് തല മൊട്ടയടിച്ച് ഈ നടപ്പു തുടങ്ങിയിട്ട്. ചരിത്രത്തില്‍ ബിരുദധാരിയായ ഈ യുവാവ് സച്ചിനോടുള്ള ആരാധന മൂത്ത് വീട്ടിലെ പഴയ സൈക്കിളുമെടുത്ത് ഇറങ്ങിത്തിരിച്ചതാണ്. സൈക്കിളില്‍ തന്നെ ജംഷഡ്പൂരിലെത്തി, ടെസ്റ്റ് മാച്ച് കാണാന്‍. പക്ഷേ, അവിടെയെത്തിയപ്പോള്‍ നിരാശ ബാക്കി, സച്ചിന്‍ കളിക്കുന്നില്ല. അടുത്ത വര്‍ഷം, 2003-ല്‍ മുംബൈയില്‍ ചെന്നു. സച്ചിന്റെ വീട്ടിലെത്തി. 'ദൈവത്തെ' നേരില്‍ കണ്ടു. സുധീറിന്റെ ആവേശം തിരിച്ചറിഞ്ഞ സച്ചിന്‍ ഒരു കാര്യം ചെയ്തുകൊടുത്തു. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും കാണാന്‍ പാസ് കിട്ടാനുള്ള സംവിധാനമുണ്ടാക്കി. ഇപ്പോള്‍ സച്ചിന്‍ കളിക്കാത്ത മാച്ചായാലും ടീം മാനേജരില്‍നിന്ന് പാസ് കിട്ടുന്നുണ്ട്.
2006-ല്‍ ഇന്ത്യ പാക് പര്യടനത്തിന് പോയപ്പോള്‍ ക്രിക്കറ്റ് വിസ സംഘടിപ്പിച്ച് സുധീറും ഒപ്പം പോയി. ടീം വിമാനത്തില്‍. ആരാധകന്‍ പിന്നാലെ സൈക്കിളില്‍! വീട്ടില്‍ നിന്ന് പുറപ്പെട്ട സുധീര്‍ 16 ദിവസം സൈക്കിള്‍ ചവിട്ടിയാണ് പാകിസ്താനിലെത്തിയത്. കളിയൊക്കെ കഴിഞ്ഞ് തിരിച്ചിങ്ങോട്ടും 16 ദിവസം സൈക്കിള്‍ ചവിട്ടി. യാത്രയും കളികാണലും കൂടി മൂന്നു മാസത്തിലേറെയെടുത്തു. അതുകൊണ്ടൊരു ഗുണമുണ്ടായി, നാട്ടിലെ പാല്‍ക്കമ്പനിയിലുണ്ടായിരുന്ന പണി പോയി. പിന്നെയും ഒരു ജോലി കിട്ടിയിരുന്നു. ഇന്ത്യന്‍ ടീം നാട്ടിലും വിദേശത്തുമായി നിരന്തരം കളിക്കുന്നതുകൊണ്ട് ആ ജോലിയും രാജിവെക്കേണ്ടി വന്നു. 2003-ലും 2011-ലും 2012-ലുമായി മൂന്നു തവണ ബംഗ്ലാദേശിലേക്കും സൈക്കിള്‍ ചവിട്ടി. വിവാഹവും വേണ്ടെന്ന് വെച്ചിരിക്കുകയാണ് സുധീര്‍. അതിനും സുധീറിന് ന്യായമുണ്ട്. ''ഫുള്‍ടൈം ക്രിക്കറ്റ്, നോ ജോബ്, നോ മണി, സോ നോ മാരേജ്. ബട്ട് നോ പ്രോബ്ലം.'' ഇന്ത്യക്ക് കളിയില്ലാത്തപ്പോള്‍ നാട്ടില്‍ കൂലിപ്പണിക്കു പോവും.
സുധീര്‍ ഒറ്റയ്ക്കല്ല. ആയിരക്കണക്കിന് സുധീര്‍മാര്‍ ഇന്ത്യാ മഹാരാജ്യത്ത് ജീവിച്ചിരിക്കുന്നുണ്ട്. നമ്മളില്‍ പലരുടെയും ഉള്ളില്‍ ഒരു സുധീര്‍ ഉണ്ട്. മത്സരവേദികളില്‍വെച്ച് സച്ചിനെ നേരില്‍ കാണുമ്പോള്‍ മറ്റൊരു താരത്തെ കാണുമ്പോഴും അനുഭവിക്കാത്ത ഒരുതരം പരിഭ്രമമോ അനുഭൂതിയോ ഈ ലേഖകന് അനുഭവപ്പെടാറുണ്ട്. കഴിഞ്ഞ മുപ്പതു വര്‍ഷമായി നിരന്തരം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മുതിര്‍ന്ന റിപ്പോര്‍ട്ടറോട് ഇതേ ക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യപ്രതികരണം മുഖം നിറഞ്ഞുള്ള ഒരു ചിരിയായിരുന്നു. ചിരി അവസാനിപ്പോള്‍ അദ്ദേഹം പറഞ്ഞു. ''ഗാവസ്‌കറെയും വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും ഇയാന്‍ ബോതത്തെയും ഇമ്രാന്‍ ഖാനെയുമെല്ലാം ഞാന്‍ ദീര്‍ഘനേരം ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. പക്ഷേ, സച്ചിനെ കാണുമ്പോള്‍ നിങ്ങള്‍ പറഞ്ഞ അവസ്ഥ എനിക്കുമുണ്ട്.'' കൊല്‍ക്കത്തയില്‍ നിന്നുള്ള പരിചയ സമ്പന്നനായ ക്രിക്കറ്റ് ഫോട്ടോഗ്രാഫര്‍ സാധു സര്‍ക്കാര്‍ ഒരിക്കല്‍ പറഞ്ഞതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തു പോവുകയാണ്. ഒരു ടെസ്റ്റ് മാച്ചിന്റെ തലേ ദിവസം ഇന്ത്യന്‍ ടീമിന്റെ പരിശീലനം ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ സാധുദാ പറഞ്ഞു: '' എന്റെ ഈ ക്യാമറയിലൂടെ ഒന്നു നോക്കൂ, സച്ചിന്റെ തലയ്ക്കുചുറ്റും ഒരു പ്രഭാവലയം കാണുന്നില്ലേ?'' കാര്യം ഇത്രയേ ഉള്ളൂ, അവരുടെ ഉള്ളിലുമുണ്ട് ഒരു സുധീര്‍.
ഒരു ക്രിക്കറ്റ് റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ എന്റെ ഏറ്റവും വലിയ പരാധീനത സച്ചിന്‍ തെണ്ടുല്‍ക്കറുമായി ഒരു മുഴുനീള ഇന്റര്‍വ്യൂ ഒരിക്കലും സാധ്യമായിട്ടില്ല എന്നതാണ്. രണ്ടു മൂന്നു തവണ സച്ചിനെ നേരില്‍ കണ്ട് ക്രിക്കറ്റ് സംബന്ധിയായ ചെറിയ അഭിമുഖങ്ങള്‍ നടത്തിയെങ്കിലും ശരിയായ അര്‍ഥത്തില്‍ ഒരു സച്ചിന്‍ ഇന്റര്‍വ്യൂ സാധ്യമായിട്ടില്ല. പൊതുവേ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂകള്‍ക്ക് സച്ചിന്‍ വിമുഖനായതു കൊണ്ടാവാം ഈയൊരു വിഷമമനുഭവിക്കുന്ന, സുധീര്‍മാരായ ഒട്ടേറെ ക്രിക്കറ്റ് റിപ്പോര്‍ട്ടര്‍മാരെ എനിക്ക് പരിചയമുണ്ട്.
ക്രിക്കറ്റ് കളിയറിയുന്ന എല്ലാവരും സ്‌നേഹിക്കുന്ന ഒരേയൊരു ക്രിക്കറ്റര്‍ സച്ചിനാവും. വലിയ സ്‌നേഹവലയത്തിനുള്ളിലാണ് താന്‍ കളിക്കുന്നതും ജീവിക്കുന്നതുമെന്ന ധാരണ സച്ചിനുണ്ട്. അതുകൊണ്ടാവണം തന്നെ വിടാതെ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകരെയോ ആരാധകരെയോ സച്ചിന്‍ വേദനിപ്പിക്കാറില്ല. പ്രശസ്തിയുടെ പരമകോടിയില്‍ നില്‍ക്കുമ്പോഴും മറ്റുള്ളവരോട് ആദരവോടെ പെരുമാറുന്നു എന്നത് സച്ചിനെസംബന്ധിച്ചിടത്തോളം നാട്യമല്ല. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ആ സ്‌നേഹം തിരിച്ചു നല്‍കണമെന്ന ഉത്തമബോധ്യം ഈ ഇന്ത്യന്‍ ഐക്കണിനുണ്ട്. സച്ചിനെ ഇത്രമേല്‍ ഇന്ത്യന്‍ ജനത സ്‌നേഹിക്കുന്നത് അതുകൊണ്ടുകൂടിയാണ്.
കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയുടെ വിലാസത്തില്‍ എത്തുന്ന വായനക്കാരുടെ കത്തുകളില്‍ വലിയൊരു പങ്കും സച്ചിനെച്ചൊല്ലിയുള്ള പ്രതീക്ഷകളും പ്രാര്‍ഥനകളുമാണ്. ചില സമയത്ത് സ്‌നേഹപൂര്‍ണമായ പരിഭവങ്ങളും ഉണ്ടാവും. സച്ചിനെ അഭിസംബോധനചെയ്തുകൊണ്ടുള്ള കത്തുകളും കുറവല്ല. വീട്ടിലേക്കുള്ള ക്ഷണവും വിവാഹാഭ്യര്‍ഥനകളും കൂടുതല്‍ നന്നായി കളിക്കാന്‍ ഏലസ്സുകളുടെ വിവരങ്ങളും എല്ലാം അതില്‍ ഉള്‍പ്പെടുന്നു. സച്ചിനെക്കുറിച്ചുള്ള വിചാരങ്ങളും പ്രാര്‍ഥനകളുമായി ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ച എത്രയോ പേര്‍!
സ്വന്തം ആരൂഢമായ മുംബൈയില്‍ നവംബര്‍ 14 മുതല്‍ 18 വരെ സച്ചിന്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങുന്നു. അവസാനത്തെ കാഴ്ചകള്‍. അതിന്റെ വിലയെത്രയെന്ന് സച്ചിന്റെ ആരാധകര്‍ക്ക് അറിയാം. പ്രതീക്ഷിക്കുന്നത് ഉജ്ജ്വലമായ കരിയറിന് അനുയോജ്യമായ ക്ലൈമാക്‌സാണ്. നമുക്ക് മുംബൈയിലേക്ക് പുറപ്പെടാം...