സെല്യൂട്ട് സച്ചിന്‍

മോഹന്‍ലാല്‍ Posted on: 04 Nov 2013

സച്ചിന്‍ തെണ്ടുല്‍ക്കറെ ഒന്നിലധികം തവണ അടുത്ത് കാണാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അതിലൊന്ന് മെല്‍ബണില്‍ ഒരു ടെസ്റ്റിനിടയിലാണ്. അടുത്ത് കണ്ടപ്പോള്‍ അതീവ ശാന്തനായ ഒരു മനുഷ്യനായാണ് അദ്ദേഹത്തെ ഞാന്‍ മനസ്സിലാക്കിയത്. ഏറ്റവുമധികം ഏകാഗ്രത വേണ്ട ഒരു കളിയില്‍ കോടിക്കണക്കിന് ആരാധകര്‍ക്കും കാണികള്‍ക്കും നടുവില്‍നിന്ന് രൂപപ്പെട്ടുവന്ന ഋഷിതുല്യമായ ശാന്തത. വലിയ കായിക താരങ്ങളെല്ലാം അങ്ങനെതന്നെയായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സച്ചിന്റെ കളിയും അതിലെ വിസ്മയങ്ങളും സാങ്കേതിക മികവുകളും അതിലെ കവിതയുമെല്ലാം ഏറെ ഘോഷിക്കപ്പെട്ടതാണ്. അതിനെക്കുറിച്ചെല്ലാം എത്രയോ എഴുതിക്കഴിഞ്ഞു. അതിന് മുന്നില്‍ ഞാനും അദ്ഭുതപ്പെട്ട് തലകുനിച്ച് നില്‍ക്കുന്നു. എന്നാല്‍, അദ്ദേഹം കാല്‍നൂറ്റാണ്ടിലധികം നീണ്ട കളിക്കാലത്തിന്റെ പാഡഴിക്കുന്ന ഈ വേളയില്‍ ഞാന്‍ കൂടുതല്‍ അദ്ഭുതപ്പെടുന്നത് ഇടര്‍ച്ചകളില്ലാതെ തുടര്‍ന്ന, ഒരു കരട് പോലും വീഴാതെ അദ്ദേഹം കാത്തുപോന്ന വിശുദ്ധമായ കരിയറിനെക്കുറിച്ചോര്‍ത്താണ്. എത്ര മഹത്തരമാണത്! എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ടാകും അദ്ദേഹം യാതൊരു പ്രലോഭനങ്ങളിലും വീഴാതെ ഇങ്ങനെ നില്‍ക്കാന്‍!

ക്രിക്കറ്റില്‍ സമീപകാലങ്ങളിലുണ്ടായ കോഴകളുടെയും വാതുവെപ്പുകളുടെയും പശ്ചാത്തലത്തിലാണ് ഞാന്‍ ഇത് പറയുന്നതും ഇങ്ങനെ അദ്ഭുതപ്പെടുന്നതും.

കഴിഞ്ഞ 33 വര്‍ഷങ്ങളായി അഭിനയം എന്ന തൊഴിലില്‍ ഏര്‍പ്പെട്ട് ജീവിക്കുന്നയാളാണ് ഞാന്‍. ഒരു പ്രാദേശിക ഭാഷയിലെ അഭിനേതാവ്. വളരെച്ചെറിയ ഒരു വിഭാഗമാണ് എന്റെ കാഴ്ചക്കാരും ആസ്വാദകരും. അങ്ങനെയുള്ള ഞാന്‍, ഈ കരിയര്‍ ഇത്രയും കാലം കൊണ്ടുനടന്നതിന്റെ വിഷമം എനിക്കറിയാം. ഇപ്പോഴും അറിയുന്നു. എന്നാല്‍ സച്ചിന്റെ കാണികള്‍ ഏതെങ്കിലും പ്രാദേശിക വിഭാഗമല്ല. ഈ ലോകമാണ്. 120 കോടിയിലധികം വരുന്ന ഇന്ത്യക്കാരാണ് മഹാനഗരങ്ങളിലും വിദൂരമായ ഏതൊക്കെയോ ഗ്രാമങ്ങളിലുമിരുന്ന് ഈ മനുഷ്യന്റെ ഓരോ ചലനങ്ങളെയും ഇമചിമ്മാതെ കണ്ടിരിക്കുന്നത്. അവരുടെയെല്ലാം ആശയും നിരാശയും ആഹ്ലാദവും പ്രതീക്ഷയുമെല്ലാം സച്ചിനാണ്. അപ്പോള്‍ ഈ മനുഷ്യന്‍ കഴിഞ്ഞ 25 വര്‍ഷങ്ങളിലെ ഓരോ നിമിഷവും അനുഭവിച്ച പിരിമുറുക്കം എന്തായിരിക്കും! തന്നെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കുവേണ്ടി എന്തെല്ലാം ത്യാഗങ്ങള്‍ അദ്ദേഹം അനുഭവിച്ചിരിക്കണം! എന്തെല്ലാം പ്രലോഭനങ്ങളെ അതിജീവിച്ചിരിക്കണം! ഈ ജീവിതമാണ് സച്ചിന്റെ ഏറ്റവും മനോഹരമായ ഇന്നിങ്‌സ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

കളിയിലുള്ളതിലധികം വൃത്തിയും ഭംഗിയും സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന മനുഷ്യനിലും കാണാം. കളിക്കളത്തിലോ അല്ലാതെയോ, അപകീര്‍ത്തികരവും അപമാനകരവുമായ ഒന്നും സച്ചിന്റെ ജീവിതത്തില്‍ കാണില്ല. ക്രിക്കറ്റല്ലാതെ മറ്റൊരു വിഷയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചുകേട്ടിട്ടില്ല. അനുകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഏകാഗ്രതയാണിത്. ക്രിക്കറ്റിനെ മാത്രം പ്രാര്‍ഥിച്ചുകൊണ്ടുള്ള ഒരു ജന്മം.

ഇങ്ങനെ, ജീവിക്കുന്ന ഇതിഹാസമായി മാറിയ ഒരാളോട് താങ്കള്‍ കളി നിര്‍ത്തുന്നത് എന്നാണ് എന്നു ചോദിക്കാനും നമ്മുടെ നാട്ടില്‍ ആളുണ്ടായി എന്ന കാര്യം ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നാറുണ്ട്. ഒരിക്കല്‍പ്പോലും ഒരു ക്രിക്കറ്റ് മൈതാനത്ത് ചെന്ന് വെറുതേയെങ്കിലും നില്‍ക്കാത്ത ആളുകളാണ് ഈ വിമര്‍ശകരില്‍ വലിയൊരു വിഭാഗം എന്നതാണ് അദ്ഭുതകരം. അവര്‍ അദ്ദേഹത്തെ ഒളിഞ്ഞിരുന്ന് കല്ലെറിയാനും മടിച്ചില്ല. എന്നാല്‍ മണിക്കൂറില്‍ നൂറ്റിത്തൊണ്ണൂറിലധികം കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന പന്തുകളെ നേരിടുന്ന, അത്രയും ഏകാഗ്രനായ ഒരു മനുഷ്യനെ എറിഞ്ഞ് വീഴ്ത്താന്‍ ഈ ഒളിയേറുകളൊന്നും മതിയാവില്ല. ആ ഏറുകളെല്ലാം തിരിച്ച് എറിഞ്ഞവരിലേക്കുതന്നെ ചെന്നു. സച്ചിന്‍ തന്റെ യാത്ര തുടര്‍ന്നു.

ആ യാത്ര, വിശുദ്ധമായ ഒരു തീര്‍ഥാടനം പോലുള്ള സഞ്ചാരം ഇപ്പോള്‍ തീരുകയാണ്. എങ്കിലും കാലത്തിന്റെ ഓര്‍മയില്‍ അത് തുടരും. അതിന് മുന്നില്‍ ഒരു ബിഗ് സല്യൂട്ട്.



Sachin Photos

 

ga