മഴയൊതുങ്ങിയാല്‍ മലപ്പുറത്ത് സെവന്‍സിന്റെ കാലമാണ്. വിദേശത്തു നിന്നടക്കം താരങ്ങള്‍ ഈ നാട്ടിലെത്തി കാല്‍പന്തു കളിയില്‍ കൂടും. ഒരു ടീമിലെത്തിയാല്‍ പിന്നെ അയാള്‍ ആ നാട്ടുകാരനായി. വൈകീട്ട് കളി തുടങ്ങിയാല്‍ കവലകളെല്ലാം ശൂന്യമാകും. അപൂര്‍വമായി മാത്രം ചില കടകള്‍ തുറന്നാലായി. പുരുഷാരം മുഴുവന്‍ ഗ്രൗണ്ടിലെത്തും. നാലു വയസ്സുളള കുട്ടി മുതല്‍ തൊണ്ണൂറു വയസ്സായ അപ്പൂപ്പന്‍മാര്‍ വരെ ഗാലറിയിലിരുന്ന് ആര്‍ത്തു വിളിക്കും. സന്തോഷ് ട്രോഫിയെല്ലാം വളരെ ആവേശത്തോടെയാണ് മലബാറുകാര്‍ കാണുന്നത്. അരീക്കോട്, മമ്പാട്, എടവണ്ണ, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ പ്രദേശത്തു നിന്നെല്ലാം കേരള ടീമില്‍ പ്രാതിനിധ്യം ഉണ്ടാകും. ദൂരദര്‍ശനിലെ മങ്ങിയ കാമറകളില്‍ കൂടി കാണിക്കുന്ന നിശബ്ദമായ കളി പോലും ആവേശത്തോടെയാണ് കാണുന്നത്. ഈ ആവേശം പതുക്കെ തെക്കന്‍ ജില്ലകളിലേക്കും വ്യാപിച്ചു.
ലോകകപ്പ് ഫുട്‌ബോള്‍ വന്നാല്‍ അന്താരാഷ്ട്ര കായികമേളകളില്‍ കാണുന്ന പോലെ പല രാജ്യങ്ങളുടെയും കൊടികള്‍ കേരളത്തില്‍ പറക്കും. മറഡോണയെന്ന അര്‍ജന്റീനിയന്‍ ഭാഷ മാത്രം സംസാരിക്കാനറിയുന്ന താരത്തെ തൃശൂര്‍ പൂരത്തിനു സമാനമായ ജനക്കൂട്ടം സ്വീകരിച്ചതും കേരളത്തില്‍ ഫുട്‌ബോളിനോടുളള ഭ്രാന്തമായ ആവേശം കൊണ്ടു മാത്രമാണ്. ഇങ്ങനെയൊരു നാടിനെ സച്ചിന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായി തിരഞ്ഞെടുക്കുമ്പോള്‍ കാണികളുടെ അനുഭാവത്തെക്കുറിച്ചു ശങ്കിക്കേണ്ടി വന്നിട്ടുണ്ടാകില്ല. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നു തനിക്കു രാജ്യം നല്‍കിയ ഓമനപ്പേരിനോടു കൂടെ 'ദൈവത്തിന്റെ' സ്വന്തം നാടായ കേരളത്തിന്റെ നാമം ചേര്‍ത്തപ്പോള്‍ 'കേരള ബ്ലാസ്റ്റേഴ്‌സ്' പിറന്നു.
തീം സോങ് വരെ കേരളത്തിന്റെ കൈയൊപ്പുളളതാകണമെന്നു സച്ചിന്‍ നിര്‍ദേശിച്ചു. ഗോള്‍ ചാന്‍സുകള്‍ കളയുന്നതും ഫിനിഷിങ്ങിലെ പോരായ്മകളും കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആദ്യം വലച്ചു. തങ്ങളുടെ നാടിനെ ദത്തെടുത്തത് സച്ചിനു പറ്റിയ അബദ്ധമാകുമോയെന്നു ഫുട്‌ബോള്‍പ്രേമികള്‍ സംശയിച്ചു. സെമിയിലെത്തിയതു പോലും അത്ഭുതത്തോടെയാണ് പലരും അംഗീകരിച്ചത്.
75,000 ആളുകളെ ഉള്‍ക്കൊളളാന്‍ കഴിയുന്ന കൊച്ചിയിലെ നെഹ്രു സ്റ്റേഡിയത്തില്‍ എത്തിയത് 60,900 പേര്‍. ഇതില്‍ ബഹുഭൂരിപക്ഷം പേരും കേരളത്തെ അനുകൂലിക്കുന്നവര്‍. ഈ ജനസാഗരം നല്‍കിയ പിന്തുണയും ആവേശം കൊട്ടിക്കയറാനായി നിരന്ന ചെണ്ടകളും മൂന്നു ഗോളില്‍ കേരളത്തെ വിജയത്തിലേക്കു നയിച്ചു. കൂടെ സച്ചിന്റെ സാന്നിധ്യവും. സച്ചിനു കൊച്ചി പ്രിയപ്പെട്ട ഗ്രൗണ്ടാണ്. ലിറ്റില്‍ മാസ്റ്ററേ ഈ സ്ഥലം ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ബാറ്റു കൊണ്ട് വലിയ റണ്‍സെടുത്തില്ലെങ്കിലും ഏകദിനത്തില്‍ രണ്ടു തവണ അഞ്ചു വിക്കറ്റ് നേടിയത് ഇവിടെ വച്ചാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പരിഹാസമായി മാറിയ കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ നേര്‍ വിപരീതമാകുന്നു ഫുട്‌ബോള്‍ ടീം. ക്രിക്കറ്റിനു നല്‍കിയതിനേക്കാള്‍ കൈയടിയും സംഘാടനമികവും കൊച്ചി ഫുട്‌ബോളിനു നല്‍കി. കേരളത്തിന്റെ ഈ സീസണിലെ ഹോം ഗ്രൗണ്ട് മാച്ചിലെ അവസാന ഗോള്‍ നേടിയതോ വയനാടുകാരന്‍ സുശാന്ത് മാത്യു.
ഫൈനലിലേക്കു ഒരു സെമി കൂടി കഴിയണം. അതിന്റെ ഫലം എന്തുമായി കൊളളട്ടെ, അത്ഭുതങ്ങളൊന്നു സംഭവിച്ചിലെങ്കില്‍ കേരളം ഫൈനിലിലെത്തും. സച്ചിന്റെ സ്വന്തം തട്ടകമായ മുംബൈയിലാണ് അവസാനമത്സരം. കപ്പു നേടിയാലും ഇല്ലെങ്കിലും അവിടെ സച്ചിനു വേണ്ടി മഞ്ഞച്ചായം പൂശി മലയാളികളെത്തും, നാടിന്റെ സ്പന്ദനമായ ഫുട്‌ബോളിനെ പുനരുജ്ജീവിപ്പിച്ച ക്രിക്കറ്റിന്റെ ദൈവത്തിനോടുളള നന്ദി പ്രകടിപ്പിക്കാനായി.