ഭാഗ്യത്തിന്റെ ആനുകൂല്യത്തിലാണ് പതിനൊന്നാം മണിക്കൂറില്‍ ചെന്നൈ ടീം പിറന്നു വീണത്. ഫ്രാഞ്ചൈസി ലേലത്തില്‍ ബാംഗ്ലൂര്‍ ടീമിനെ സ്വന്തമാക്കിയ സണ്‍ ഗ്രൂപ്പും ലീഗിന്റെ സംഘാടകരായ ഐ.എം.ജി റിലയന്‍സും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ ബാംഗ്ലൂര്‍ ടീമിനെ ഇല്ലാതാക്കി. തുടര്‍ന്നാണ് ടീമുകളുടെ എണ്ണം തികയ്ക്കാന്‍ ചെന്നൈയ്ക്ക് ടീമിനെ അനുവദിച്ചത്. ബാംഗ്ലൂര്‍ ടീമിന് വേണ്ടി രംഗത്തുണ്ടായിരുന്ന ബോളിവുഡ് താരം അഭിഷേക് ബച്ചനെ ടീമിന്റെ ഭാഗമാക്കുകയായിരുന്നു.
സണ്‍ ഗ്രൂപ്പ് വിളിച്ചെടുത്ത ഇന്ത്യന്‍ താരങ്ങളെയാണ് ചെന്നൈക്ക് ലഭിച്ചത്. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് വിദേശ താരങ്ങളുടെ ഡ്രാഫ്റ്റില്‍ ടീമിനെ പ്രതിനിധീകരിച്ചത്. മുന്‍ ഇറ്റാലിയന്‍ വിവാദതാരം മാര്‍ക്കോ മറ്റെരാസിയെ ടീമിന്റെ പ്ലെയര്‍ കം കോച്ചായി എത്തിച്ചിട്ടുണ്ട്. ബ്രസീല്‍ സൂപ്പര്‍ താരം റൊണാള്‍ഡീന്യോയെ ടീമിലെത്തിക്കാന്‍ നടത്തിയ ശ്രമം പാളിയത് തുടക്കത്തില്‍ തിരിച്ചടിയായി.
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മൈക്ക് സില്‍വസ്റ്റര്‍, ബ്രസീല്‍ ലോകകപ്പ് താരം എലാനോ എന്നിവരെ ടീമിലെത്തിച്ചിട്ടുണ്ട്. വിദേശ താരങ്ങളുടെ ഡ്രാഫ്റ്റില്‍ ഏറ്റവും മികച്ച പ്രതിരോധനിരക്കാരനേയും മധ്യനിരക്കാരനേയും സ്വന്തമാക്കാന്‍ ടീമിനായി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളില്‍ വലിയ താരമൂല്യമുള്ള ആരുമില്ല. മുന്‍കാലങ്ങളില്‍ തിളങ്ങിയ താരങ്ങളുണ്ടെങ്കിലും അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത് അബദ്ധമാകും. ഗോള്‍കീപ്പര്‍മാരില്‍ ടീമിന് വിശ്വാസമര്‍പ്പിക്കാം.
ഫ്രാന്‍സിന്റെ ദേശീയ താരമായ മുന്‍ പി.എസ്.ജി/ ബോള്‍ട്ടണ്‍ താരം ബെര്‍ണാഡ് മെന്‍ഡിയാണ് പ്രതിരോധത്തിലെ പ്രധാന താരം. വിദേശ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലമുളള മെന്‍ഡി ടീമിന് മുതല്‍ക്കൂട്ടാണ്. കൊളംബിയന്‍ ദേശീയ താരം ജയ്‌റോ കര്‍വ്ജാലും ഫ്രഞ്ച് താരം സില്‍വസ്റ്ററുമാണ് മറ്റ് പ്രമുഖര്‍. ഇന്ത്യയിലെ മികച്ച പ്രതിരോധനിരക്കാരായ ഗുര്‍മാംഗി സിങ്ങ്, ധനചന്ദ്രസിങ്ങ് എന്നിവര്‍ കൂടി ചേരുമ്പോള്‍ ആദ്യ ഇലവനിലുളള പ്രതിരോധമായി. എന്നാല്‍ മികച്ച പകരക്കാരുടെ അഭാവം ഡിഫന്‍സിനെ ബാധിക്കും.
മധ്യനിരയില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ബോയാന്‍ യോര്‍ഡിക്കിന്റെ സാന്നിധ്യമാണ് ഹൈലൈറ്റ്. ബാഴ്‌സലോണ ബി, ഡീപോര്‍ട്ടിവോ ലാ കൊരുണ എന്നിവയ്ക്കുവേണ്ടി കളിച്ച ക്രിസ്റ്റിയാന്‍ ഗോണ്‍സാലസ്, ബ്രസീലിയന്‍ താരങ്ങളായ എലാനോ, ബ്രൂണോ പെലിസാറി എന്നിവര്‍ യോര്‍ഡിക്കിന്റെ പങ്കാളികളാകും. മലയാളി താരങ്ങളായ ഡെന്‍സന്‍ ദേവദാസ്, എന്‍.പി പ്രദീപ്, എന്നിവര്‍ക്കൊപ്പം ഹര്‍മ്മന്‍ ജ്യോത് കഹ്ബ്രയും ജെയ്‌സണ്‍ വാലസും കളിക്കും. സൂപ്പര്‍ ലീഗില്‍ കളം നിറയാനുളള കരുത്ത് ഈ മധ്യനിരയ്ക്ക് ഇല്ല. മുന്നേറ്റത്തില്‍ സ്പാനിഷ് താരം എഡ്വാര്‍ഡോ സില്‍വയും ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലയുമുണ്ട്. മുന്നേറ്റ- മധ്യനിരകളില്‍ മികച്ച താരങ്ങള്‍ വരാനിരിക്കുന്നതേയുളളൂ എന്നാണ് ഇപ്പോഴത്തെ ടീം ഘടന സൂചിപ്പിക്കുന്നത്.
ഗോള്‍കീപ്പിങ്ങില്‍ ടീമിന് ആശങ്കപ്പെടേണ്ടതില്ല. മികച്ച ഫ്രഞ്ച് ഗോള്‍കീപ്പറായ ഗെന്നാരോ ബ്രസിഗ്ലിയാനോ, ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരായ അഭിജിത് മണ്ഡല്‍, ഷില്‍ട്ടന്‍ പോള്‍ എന്നിവരെ എടുത്തത് ബുദ്ധിപരമായ നീക്കമാണ്.
ബാലാരിഷ്ടതകളിലാണ് ടീം. ആദ്യ ടൂര്‍ണമെന്റില്‍ ടീമിനെ ഇത് ബാധിക്കാനിടയുണ്ട്. എന്നാല്‍ പ്രഥമ കബഡി ലീഗില്‍ ചാമ്പ്യന്‍മാരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിന്റെ ഉടമയാണ് അഭിഷേക് ബച്ചനെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.
ഉടമ:
അഭിഷേക് ബച്ചന്‍
മാര്‍ക്യു താരം:
മാര്‍ക്കോ മറ്റെരാസി
കോച്ച്:
മാര്‍ക്കോ മറ്റരാസി (ഇറ്റലി)
സ്‌റ്റേഡിയം:
ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ചെന്നൈ