സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടേയും റയല്‍ മാഡ്രിഡിന്റെയും കുത്തക അവസാനിപ്പിക്കാന്‍ മറ്റൊരു മാഡ്രിഡ് ക്ലബ്ബായ അത്‌ലറ്റിക്കോ വേണ്ടിവന്നു. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഗോവന്‍ ക്ലബ്ബുകളുടെ അപ്രമാദിത്വം തകര്‍ക്കാന്‍ പണമെറിഞ്ഞ് കളിച്ചിട്ടും ഇതുവരെ ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനും യുണൈറ്റഡ് സോക്കര്‍ ക്ലബ്ബിനും കഴിഞ്ഞിട്ടില്ല. പ്രഥമ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സഹകരണത്തോടെ കിരീടം നേടി ബംഗാളിന്റെ പ്രതാപം വീണ്ടെടുക്കാനാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെന്ന മാഡ്രിഡ്- കൊല്‍ക്കത്ത സങ്കര ടീമിന്റെ ശ്രമം.
പണം കൊണ്ടും ജനപ്രീതി കൊണ്ടും കൊല്‍ക്കത്ത ലീഗില്‍ മുന്നിലാണ്. സൗരവ് ഗാംഗുലിയെന്ന ബംഗാളിന്റെ രാജകുമാരന്‍ ഉടമയായ ടീമിന് ആരാധകരുടെ പിന്തുണയെപ്പറ്റി ഭയക്കേണ്ടതില്ല. സാങ്കേതിക വശങ്ങള്‍ പഠിപ്പിക്കാന്‍ ക്ലബ്ബിന്റെ ഓഹരി ഉടമകളായ അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബുണ്ട്. ഒപ്പം പണമെറിയാന്‍ ഒരുകൂട്ടം വ്യവസായികളും. ശക്തമായ പ്രതിരോധ -മധ്യനിരകള്‍. മികച്ച ഗോള്‍കീപ്പര്‍മാര്‍. ശരാശരിയായ മുന്നേറ്റനിര. മികച്ച പരിശീലകന്‍. ഇതാണ് കൊല്‍ക്കത്ത ടീമിന്റെ ആകെത്തുക. മികച്ച ഒരു സ്‌ട്രൈക്കര്‍ കൂടി വന്നാല്‍ ടീമിന് കപ്പ് നേടാനുളള കരുത്തുണ്ട്. ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളിലൊന്ന് ടീമിന് നിശ്ചയമായും ലഭിക്കും.
മാര്‍ക്കീ പ്ലെയറും സ്പാനിഷ് ദേശീയ താരവുമായിരുന്ന ലൂയി ഗാര്‍ഷ്യ നയിക്കുന്ന മധ്യനിര ഭാവനസമ്പന്നരായ കളിക്കാരാല്‍ സമൃദ്ധമാണ്. ലിവര്‍പൂളില്‍ തിളങ്ങിയ ഗാര്‍ഷ്യക്ക് ഇന്ത്യന്‍ ലീഗില്‍ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട്. ബാഴ്‌സലോണ യ്ക്ക് കളിച്ചിട്ടുളള ജോഫ്രെ മാത്യു ഗോണ്‍സാലസ്, മുന്‍ റയല്‍ മാഡ്രിഡ് താരം ബോര്‍യെ ഫെര്‍ണാണ്ടസ്, ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുളള യാക്കുബ് പൊഡാനി എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ സഞ്ജു പ്രഥാന്‍, ക്ലൈമാക്‌സ് ലോറന്‍സ്, കെവിന്‍ ലോബോ എന്നിവരും ചേരുമ്പോള്‍ ലീഗിലെ മികച്ച മധ്യനിരകളിലൊന്ന് ടീമിന് സ്വന്തമാകും. പ്രതിരോധം ഉറപ്പുളളതാണ്. ലിവര്‍പൂളിനൊപ്പം ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ പങ്കാളിയായിട്ടുളള സ്പാനിഷ് താരം ജോസ് മിഗ്വല്‍ ഗോണ്‍സാലസും ലിയോണിനൊപ്പം ഫ്രഞ്ച് ലീഗ് ജയിച്ച സ്ലാവിന്‍ മോണ്‍ സോറ്യൂവും ചേരുന്ന പ്രതിരോധത്തില്‍ ഇന്ത്യയിലെ മികച്ച താരങ്ങളായ ഡെന്‍സില്‍ ഫ്രാങ്കോ, നല്ലപ്പന്‍ മോഹന്‍രാജ്, അര്‍ണാബ് മൊണ്ഡല്‍, കിങ്ഷുക് ദേബനാഥ് എന്നിവരുമുണ്ട്.ഗോള്‍കീപ്പറായി പി.എസ്.ജിക്ക് കളിച്ചിട്ടുളള അര്‍മേനിയക്കാരന്‍ അപൗല എഡ്മ ബെറ്റയാണ് ആദ്യ ചോയ്‌സ്. രണ്ടാം ഗോളിയായി മികച്ച ഫോമിലുളള സുഭാഷിഷ് ചൗധരിയുമുണ്ട്. മുന്നേറ്റത്തില്‍ എല്‍ച്ചെക്ക് കളിച്ച സ്പാനിഷ് താരം അര്‍നെല്‍ കാര്‍ബോയാണ് പ്രമുഖന്‍ . ഒപ്പം ബല്‍ജിത്ത് സാഹ്നി, മലയാളിയായ മുഹമ്മദ് റാഫി, മുഹമ്മദ് റഫീക് എന്നിവരും. കപ്പ് ജയിക്കാന്‍ പര്യാപ്തമായ മുന്നേറ്റനിരയല്ലിത്. എന്നാല്‍ പുതിയ സ്‌ട്രൈക്കര്‍മാര്‍ ടീമിലെത്താന്‍ സാധ്യതയുണ്ട്.
മുന്‍ സ്പാനിഷ് താരം അന്റോണിയോ ലോപ്പസാണ് പരിശീലക വേഷത്തിലുളളത്. പരിചയക്കാരായ സ്പാനിഷ് താരങ്ങള്‍ ടീമിലുളളത് ലോപ്പസിന് കാര്യങ്ങള്‍ എളുപ്പമാക്കും. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരുമാസത്തോളം മാഡ്രിഡില്‍ പരിശീലനം നല്‍കിയിരുന്നു. ഇതും ടീമിന് ഗുണകരമാകും.
ഉടമ:
സൗരവ് ഗാംഗുലി, അത്‌ലറ്റിക്കോ മാഡ്രിഡ്, ഹര്‍ഷവര്‍ധ നിയോട്യ, സഞ്ജീവ് ഗോയങ്ക, ഉത്സവ് പരേഖ്.
മാര്‍ക്യുതാരം:
ലൂയി ഗാര്‍ഷ്യ
കോച്ച്:
അന്റോണിയോ ലോപ്പസ് ഹെബാസ്
സാങ്കതിക സഹായം:
അത്‌ലറ്റിക്കോ മാഡ്രിഡ്
ഹോം ഗ്രൗണ്ട്:
സാള്‍ട്ട് ലേക്ക് കൊല്‍ക്കത്ത