ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ ശക്തിയായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയുടെ ശക്തി മറ്റ് ടീമുകള്‍ക്ക് ഏറെക്കുറെ അജ്ഞാതമാണ്. മേഘാലയ ക്ലബ്ബായ ഷില്ലോങ് ലജോങിന്റെ കളിക്കാരാണ് ഇന്ത്യന്‍ താരങ്ങളുടെ ലേബലില്‍ ടീമിലേക്ക് വന്നത്. ഇതില്‍ ഭൂരിഭാഗവും ഈ മേഖലയില്‍ നിന്നുളള താരങ്ങളാണ്. ഇവര്‍ക്കൊപ്പം മികച്ച വിദേശതാരങ്ങളെയും അണിനിരത്താന്‍ കഴിഞ്ഞതോടെ കപ്പ് നേടാന്‍ സാധ്യതയുളള ടീമായി നോര്‍ത്ത് ഈസ്റ്റ് മാറിക്കഴിഞ്ഞിട്ടുണ്ട്.
2010 ഫിഫ ലോകകപ്പില്‍ ന്യൂസീലന്‍ഡ് ടീമിനെ പരിശീലിപ്പിച്ച റിക്കി ഹെര്‍ബര്‍ട്ടിനാണ് ടീമിന്റെ ചുമതല. അതേ ലോകകപ്പില്‍ വിജയിച്ച സ്‌പെയിന്‍ ടീമില്‍ കളിച്ച ജോണ്‍ കപ്‌ഡെവിയ്യയാണ് ടീമിന്റെ മാര്‍ക്കി പ്ലെയര്‍. ശക്തമായ പ്രതിരോധ-മധ്യനിരകള്‍. മികച്ച രണ്ട് സ്‌ട്രൈക്കര്‍മാര്‍. അന്താരാഷ്ട്രതലത്തില്‍ മികച്ച പ്രകകടനം നടത്തിയ ഗോള്‍കീപ്പര്‍. ഇതാണ് ടീമിന്റെ ഘടന. ഇതിനൊപ്പം സവിശേഷമായ ഹോം ഗ്രൗണ്ട് ആനുകൂല്യം എന്നിവയാണ് ടീമിനെ ലീഗിലെ ഫേവറിറ്റുകളാക്കുന്നത്.
പ്രതിരോധത്തില്‍ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയ്ക്ക് കളിച്ചിട്ടുളള സെനഗല്‍ താരം മസംബ സബൗ, പോര്‍ച്ചുഗലിന്റെ മിഗ്വല്‍ എയ്ഞ്ചലോ ഗാര്‍ഷ്യ, ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ജോസ്ല്‍ എന്നിവരാണ് കപ്‌ഡേവിയ്യക്കൊപ്പമുളളത്. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ റോബിന്‍ ഗുരുങ്, പ്രീതം സിങ്ങ് എന്നിവര്‍ ചേരുമ്പോള്‍ പ്രതിരോധം കുരുത്തേറിയതാകും. മധ്യനിര മികച്ചതാണ്. രണ്ട് സാംബിയന്‍ താരങ്ങളുടെ സാന്നിധ്യം മധ്യനിരയെ ശക്തമാക്കുന്നു.
2012-ല്‍ സാംബിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ചാമ്പ്യന്‍മാരാകുമ്പോള്‍ ടീമിലുണ്ടായിരുന്ന ഐസ്‌ക് സചാന്‍സ, ദേശീയ ടീമില്‍ കളിച്ചിട്ടുളള കോന്‍ഡ്വാനി എംടോംഗ ബ്രസീല്‍ താരം ഗില്ലര്‍മോ ഫിലിപ്പെ കാസ്‌ട്രോ, ദക്ഷിണകൊറിയയില്‍ നിന്നുളള ഡു ഡോങ് ഹയുണ്‍ എന്നിവര്‍ മധ്യനിരയില്‍ അണിനിരക്കും. ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച യുവ മിഡ്ഫീല്‍ഡര്‍മാരായ മിലന്‍ സിങ്ങ്, ബോയ്താങ് ഹൗക്കിപ്പ്, ഡേവിഡ് എന്‍കാതെ, ജിബോണ്‍ സിങ്ങ് എന്നിവര്‍ കൂടി ചേരുമ്പോള്‍ മധ്യനിരയ്ക്ക് വൈവിധ്യം കൈവരും.
മുന്നേറ്റത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്ക്ക് കളിച്ച കോര്‍നെല്‍ ഗ്ലെന്‍, കൊളംബിയ ദേശീയ ടീമിന് കളിച്ച മുന്‍ ലീല്‍ താരം ലൂയിസ് പഡില്ല എന്നിവര്‍ മികച്ച ജോഡികളാണ്.
സ്‌പെയിനില്‍ നിന്ന് സെര്‍ജിയോ പാര്‍ഡോ എന്ന കോക്കെ കൂടി ചേര്‍ന്നതോടെ ശക്തിയേറിയിട്ടുണ്ട്. മലാഗ, മാഴ്‌സ, സ്‌പോര്‍ട്ടിങ്ങ് ലിസ്ബണ്‍ ക്ലബ്ബുകള്‍ക്ക് കളിച്ചതിന്റെ പരിചയസമ്പത്തുളള കളിക്കാരനാണ് കോക്കെ. ഇംഗ്ലീഷ് താരം ജെയിംസ് കീനിയേയും ടീം സ്വന്തമാക്കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ യുവതാരങ്ങളുമുണ്ട്. ഗോള്‍കീപ്പറായി ഗ്രീസ് ദേശീയ താരം അലക്‌സാന്‍ഡ്രോസ് സോര്‍വാസ്, മലയാളി താരം ടി.പി രഹ്നേഷ് എന്നിവരുണ്ട്.
മറ്റ് ടീമുകള്‍ക്ക് അനുകൂലമല്ലാത്ത കാലവസ്ഥയാണ് ടീമിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹട്ടിയില്‍. ഐ ലീഗ് ടീമുകള്‍ ഷില്ലോങ് ലജോങിനോട് ഇവിടെ കളിക്കുമ്പോള്‍ വെളളം കുടിക്കാറുണ്ട്. അത്തരമൊരവസ്ഥ സൂപ്പര്‍ ലീഗിലെ ടീമുകളേയും കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് ടീമിന് ഏറെ അധ്വാനിക്കാതെ ജയിക്കാം. ലീഗില്‍ മുന്നോട്ടുള്ള കുതിപ്പില്‍ ഇത് നിര്‍ണ്ണായകമാകും.
ഉടമ:
ജോണ്‍ എബ്രഹാം, ഷില്ലോങ് ലജോങ്
കോച്ച്:
റിക്കി ഹെര്‍ബര്‍ട്ട് (ന്യൂസീലന്‍ഡ്)
സാങ്കേതിക സഹായം:
ഷില്ലോങ് ലജോങ്
ഹോം ഗ്രൗണ്ട്:
ഇന്ദിര ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയം, ഗുവാഹട്ടി
മാര്‍ക്യുതാരം:
ജോണ്‍ കപ്‌ഡെവിയ്യ