മലയാളിയുടെ ടീമേതാണ് എന്നത് ഒറ്റ ആലോചനയിലൊരു പമ്പര വിഡ്ഢിച്ചോദ്യമാണ്. ഐ.എസ്.എല്ലിന്റെ ഫൈനലിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ഇവിടെയുണ്ട്. കൊച്ചി അവരുടെ ഹോംഗ്രൗണ്ടുമാണ്. എന്നിട്ടും ചില കാഴ്ചകള്‍ കാണുമ്പോള്‍ അറിയാതെ ആ ചോദ്യം ഓരോരുത്തരോടും ചോദിക്കാന്‍ തോന്നുന്നു.
എട്ട് ടീമുകളാണല്ലോ പ്രഥമ ഐ.എസ്.എല്ലില്‍ കളിച്ചത്. ഡല്‍ഹി, ഗോവ എന്നീ ടീമുകള്‍ പ്രതിനിധീകരിക്കുന്നത് വളരെ ചെറിയ സംസ്ഥാനങ്ങളെയാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി. ആകട്ടെ, വടക്കുകിഴക്കന്‍ മേഖലയിലെ ഒന്നിലേറെ ചെറിയ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു. ഇവയൊഴിച്ചുള്ള മറ്റ് ടീമുകളെല്ലാം വിവിധ പട്ടണങ്ങളുടെ പേരില്‍ അറിയപ്പെടുമ്പോള്‍ കേരളം മാത്രമാണ് സ്വന്തം സംസ്ഥാനത്തിന്റെ ടീമായി മാറിയത്.
പൂണെയും മുംബൈയും കൊല്‍ക്കത്തയും ചെന്നൈയുമൊക്കെ മെട്രോ സിറ്റികളായിരിക്കെ സ്വാഭാവികമായും ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ക്കേണ്ടത് കൊച്ചിയെന്നായിരുന്നു. എന്നാല്‍ വളരെ തന്ത്രപരമായാണ് കോര്‍പ്പറേറ്റ് ലോകം ബ്ലാസ്റ്റേഴ്‌സിന്റെ പേരിടല്‍ കര്‍മം നിര്‍വഹിച്ചത്. കൊച്ചി കേരളമല്ലെന്ന് അവര്‍ക്കറിയാം. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ കൂട്ടം കിടക്കുന്നത് ആ മെട്രോ നഗരത്തിന്റെ ഏഴയലത്തുപോലുമല്ല.
കേരളത്തിന്റെ കളിഭ്രാന്തിന്റെ തലസ്ഥാനം മലബാറാണ്. മലപ്പുറത്തു നിന്നും കോഴിക്കോട്ട് നിന്നുമെത്തുന്നവരാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തെ മഞ്ഞലയില്‍ ആറാടിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത്. അവരെ കൊച്ചി ബ്ലാസ്റ്റേഴ്‌സ് പ്രതിനിധീകരിച്ചേക്കില്ലെന്ന ഭയം അണിയറപ്രവര്‍ത്തകര്‍ക്കുണ്ട്. നമ്മുടെയൊക്കെ ചോര തിളപ്പിക്കാനാകാം കേരളയെ ബ്ലാസ്റ്റേഴ്‌സിനോട് വിളക്കിച്ചേര്‍ത്തത്.
ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പില്‍ ഓരോ മലയാളിയും ആഹ്ലാദിക്കുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ആ ആഹ്ലാദത്തിന്റെ മാനങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ട്.
ബ്ലാസ്റ്റേഴ്‌സിന് ഇത്രയേറെ ആരാധകരെയുണ്ടാക്കുന്നതില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പങ്ക് ചില്ലറയല്ല. ഫുട്‌ബോളിന്റെ നാശത്തിനു കാരണം ആ കിറുക്കന്‍ കളിയാണെന്ന പഴയ കാല്‍പ്പന്തുകളിക്കാരുടെ സ്ഥിരം പരിഭവം പറച്ചിലുകളുണ്ടല്ലോ. അതിന്റെ വലിയൊരു കാരണക്കാരന്‍ സച്ചിനെന്ന ക്രിക്കറ്റിന്റെ ദൈവമാണ്. ഇന്ത്യയുടെ ഏതു മൂലയില്‍ നിന്നുനോക്കിയാലും കാണാവുന്ന തിളങ്ങുന്ന കട്ടൗട്ടായി സച്ചിന്‍ മാറിയത് തികഞ്ഞ ആധികാരികതയോടെയാണ്. ക്രീസിലും പരസ്യത്തിലും ജീവിതത്തിലുമെല്ലാം അയാളുടെ ഇന്നിങ്‌സുകള്‍ തിളങ്ങി. 1983 എന്ന സിനിമയില്‍ 83-ലെ ലോകകപ്പ് വിജയത്തിനേക്കാള്‍ സച്ചിനെന്ന താരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കടന്നുവരുന്നതും അതുകൊണ്ട് തന്നെയാണ്.

സച്ചിന്‍ കേരളത്തിലെ തന്റെ ആരാധകവൃന്ദത്തെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ബൈപ്പാസ് ചെയ്യുകയാണുണ്ടായത്. കൊച്ചിയില്‍ ഇരമ്പിയാര്‍ക്കുന്ന കാണികള്‍ മുഴുവന്‍ ഫുട്‌ബോള്‍ ആരാധകരൊന്നുമല്ല. അവരില്‍ പലരും ഫുട്‌ബോളെന്ന കളി അത്ര ഗൗരവമായി കണ്ടവരുമല്ല. സെമിയിലെ ആദ്യ മത്സരത്തില്‍ വിജയമുറപ്പിച്ച നില്‍ക്കുന്ന കേരള ടീമിന്റെ ഗോളി സന്ദീപ് നന്ദി പന്ത് കൈയില്‍ വെച്ച് സമയംപോക്കാന്‍ ശ്രമിക്കുമ്പോള്‍ ചൈന്നൈ ടീമിന്റെ ജെജെ ലാല്‍പെഖുല അയാള്‍ക്കു നേരെ ഓടിയെത്തുന്നുണ്ട്. സമയം പാഴാക്കുന്നതൊഴിവാക്കാനുള്ള ശ്രമങ്ങള്‍ ഗോളടിക്കാനാണെന്ന് തെറ്റിദ്ധരിച്ച് അയാളെ കൂവി കളിയാക്കുന്ന കാണി തീര്‍ച്ചയായും ഫുട്‌ബോള്‍ നിരക്ഷരനാണ്. പക്ഷെ അത്തരം നിരക്ഷരരെ സാക്ഷരരാക്കാനുള്ള വലിയൊരു ഉദ്യമത്തിനാണ് സച്ചിന്‍ താങ്ങായത്. 'ഫുട്‌ബോളിനെ രക്ഷിക്കൂ' എന്ന ബോധവത്കരണ പരസ്യച്ചിത്രത്തില്‍ അഭിനയിക്കുന്നതിനേക്കാള്‍ ഗുണം ഫുട്‌ബോള്‍ ഗാലറിയിലെ സ്‌ക്രീനില്‍ സച്ചിന്‍ വരുമ്പോഴുണ്ടാകുന്നുണ്ട്.
ഫുട്‌ബോളിനോട് ചെറിയ സ്‌നേഹമുള്ള തന്റെ ആരാധകരെ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരാക്കി സച്ചിന്‍ മാറ്റി. അതായത്, അവര്‍ സച്ചിന്റെ ടീമിന്റെ ആരാധകരായി മാറിയിട്ടാണ് കേരള ടീമിന്റെ ആരാധകരായി മാറിയതെന്നര്‍ഥം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബ്രസീല്‍ ടീമിന്റെ ഫുട്‌ബോള്‍ ജേഴ്‌സിയുടെ അതേ നിറമാണ് ബ്ലാസ്റ്റേഴ്‌സിന്റേതും. ആകസ്മികമായി സംഭവിച്ചതായിരിക്കില്ല ആ തിരഞ്ഞെടുപ്പ്.
ഫുട്‌ബോളില്‍ മഞ്ഞയെന്ന പ്രതീകം എപ്പോഴും ചേര്‍ന്നു നിന്നിട്ടുള്ളത് ബ്രസീലുമായി മാത്രമാണ്. തങ്ങളുടെ അഭിമാനമുയര്‍ത്താനുള്ള മഞ്ഞക്കടലെന്ന ആരാധകരുടെ പ്രയോഗവും 'മഞ്ഞകളെ'ന്ന് വിളിച്ചുള്ള എതിരാളികളുടെ കളിയാക്കലും നമ്മുടെ തെരുവുകളിലെ ഫ്ലക്‌സ് ബോര്‍ഡുകളില്‍ ഇന്നുമുണ്ട്. അവയിലൊക്കെ മഞ്ഞ = ബ്രസീല്‍ എന്ന ലളിത സമവാക്യം കാണാം.
അതുകൊണ്ട് തന്നെ മഞ്ഞ ജേഴ്‌സിയണിഞ്ഞെത്തുന്ന ബ്ലാസ്റ്റേഴ്‌സിനോട് മാനസികമായ ഒരു അടുപ്പം ഓരോ ബ്രസീല്‍ ആരാധകനുമുണ്ടാകുന്നു. കൊച്ചിയിലെ മത്സരത്തിന് ബ്രസീലിന്റെ കൊടിയുമായി ആരാധകരെത്തുന്നതിനു പിന്നിലെ മനഃശാസ്ത്രം അതാണ്.
ഇതേ മനഃശാസ്ത്രം ബ്രസീലിനെ ഇഷ്ടപ്പെടാത്തവരില്‍, പ്രത്യേകിച്ചും അര്‍ജന്റീനയുടെ ആരാധകരില്‍, വല്ലാത്തൊരു സംഘര്‍ഷവുമുണ്ടാക്കുന്നു. ഇതുവരെ അംഗീകരിക്കാത്ത 'മഞ്ഞകളെ' എങ്ങനെ പിന്തുണക്കുമെന്ന ചോദ്യം അവരെ പ്രയാസത്തിലാക്കുന്നു. ബ്ലാസ്റ്റേഴ്‌സ് മഞ്ഞ ജേഴ്‌സിയിലിറങ്ങുന്നതു കൊണ്ടു മാത്രം അവരെ പിന്തുണക്കാന്‍ മടിക്കുന്ന ആരാധകര്‍ നമ്മുടെ ചുറ്റിലുമുണ്ട് ! സൗരവ് ഗാംഗുലിയുടെ കടുത്ത ആരാധകരായിരുന്നവരും പലപ്പോഴും ഇതേ മാനസിക സംഘര്‍ഷത്തിലകപ്പെടാറുണ്ട്. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മില്‍ കളിക്കുമ്പോള്‍ മത്സരത്തെ ഗാംഗുലി-സച്ചിന്‍ പോരാട്ടമായാണ് അവരുടെ മനസ് ചിത്രീകരിക്കുന്നത്.
കേരളത്തിന്റെ ടീമാണെങ്കിലും മലയാളികളുടെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്‌സില്‍ കുറവാണ്. ആദ്യമത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുകയും പിന്നീട് റിസര്‍വ് ബെഞ്ചിലിരിക്കേണ്ടി വരികയും ചെയ്ത സി.എസ്. സബീത്തും ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍ ഗോള്‍ നേടിയ സുശാന്ത് മാത്യുവും ഇതുവരെ കളിക്കാനവസരം കിട്ടിയിട്ടില്ലാത്ത ദുലീപ് മേനോനുമാണ് ബ്ലാസ്‌റ്റേഴ്‌സിലെ മലയാളികള്‍.
അഭിനന്ദിക്കാന്‍ പിശുക്കരായ മലയാളികളുടെ കൈയടി എത്രമാത്രം ഒരാളെ ആവേശം കൊള്ളിക്കുമെന്ന് സുശാന്താണ് കാണിച്ചുതന്നത്. കൊച്ചിയില്‍ നടന്ന ആദ്യപാദ സെമിയില്‍ ഗോളടിച്ച സുശാന്ത് മത്സരശേഷം എത്രവട്ടമാണ് മൈതാനത്തെ വലംവെച്ചത് ! സുശാന്ത് ജേഴ്‌സിക്കു പിന്നിലെ തന്റെ പേര് കൊച്ചിയിലെ ഗാലറിക്കുനേരെ ചൂണ്ടിക്കാണിക്കുന്നത് താന്‍ നിങ്ങളിലൊരാളാണെന്ന് അറിയിക്കാനുള്ള അഭിനിവേശം കൊണ്ടാണ്.
കാനഡക്കാരനായ ഇയാന്‍ ഹ്യൂമിന്റെ കളി മലയാളികള്‍ ഇതിനുമുമ്പ് കണ്ടിട്ടുണ്ടാകില്ല. ഡേവിഡ് ജെയിംസ് ഇംഗ്ലണ്ടിനു വേണ്ടി കളിക്കുമ്പോള്‍ നമ്മളാരും ഒരിക്കല്‍ പോലും കൈയടിച്ചിട്ടുമുണ്ടാകില്ല. എന്നാല്‍ ഇന്ന് ഇവരാണ് 'മലയാളി'യുടെ അഭിമാനം കാത്തുസൂക്ഷിക്കുന്നത്.
ജൂലായ് പകുതിയോടെ അവസാനിച്ച ഫിഫ ലോകകപ്പിന് തൊട്ടുപിന്നാലെയെത്തിയതാണ് ഐ.എസ്.എല്‍. മത്സരങ്ങള്‍ക്ക് ഏറെ ഗുണകരമായത്. ലോകകപ്പിന്റെ ആവേശവും തുടര്‍ച്ചയും ഐ.എസ്.എല്‍. കാണികള്‍ക്ക് നല്‍കി. ലോകകപ്പ് കാലത്ത് നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയും ഐ.എസ്.എല്ലിനൊപ്പം നടന്നു. പ്രത്യേകിച്ചും ഇന്ത്യയുടെ ഫുട്‌ബോള്‍ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ച സക്രിയമായി.
ഐ.എസ്.എല്‍. വരികയും നമ്മളെയെല്ലാം കീഴടക്കുകയും ചെയ്തതോടെ ഇന്ത്യ ഫുട്‌ബോള്‍ ലോകത്തെ വലിയ ശക്തിയായി മാറുമെന്ന വലിയ വിശ്വാസം കായികപ്രേമികള്‍ക്കുണ്ടായിട്ടുണ്ട്. വിവിധ ടീമുകളുടെ പേരില്‍ അണിനിരക്കുമ്പോഴും ഐ.എസ്.എല്‍ ഇന്ത്യയെന്ന വികാരത്തെയും പലരിലും പ്രോജ്വലിപ്പിക്കുന്നു. ഇന്ത്യയുടെ കൊടിയുമായി കൊച്ചിയില്‍ കളികാണാനെത്തുന്നതിനു പിന്നിലുള്ളത് ഇത്തരമൊരു ദേശീയബോധമായിരിക്കാം.
ഐ.എസ്.എല്‍. ലോകകപ്പ് കാഴ്ചകളുടെ തുടര്‍ച്ചയാണെങ്കിലും കാഴ്ചക്കാരുടെ കാര്യത്തില്‍ ഇത്തരമൊരു തുടര്‍ച്ച അവകാശപ്പെടാനാകില്ല. യുവതലമുറയെയാണ് ഐ.എസ്.എല്‍. കാര്യമായി ആവേശിച്ചിരിക്കുന്നത്. ലോകകപ്പ് കാഴ്ചക്കാരില്‍ പ്രായമായവര്‍ക്ക് വലിയ ഭൂരിപക്ഷമുണ്ടെങ്കില്‍ ഐ.എസ്.എല്ലില്‍ യുവാക്കള്‍ക്ക് വലിയ മേധാവിത്വമുണ്ട്.
സ്റ്റേഡിയത്തിലെത്തുന്ന കാണികളിലും ഈ വ്യത്യാസം കാണാം. മുള കൊണ്ട് കെട്ടിയുണ്ടാക്കിയ സെവന്‍സ് ഗാലറിയിലെത്തുന്ന നാട്ടിന്‍പുറത്തുകാരനോ കോഴിക്കോട്ടെ ഏത് വിരസമായ കളിക്കുമെത്തുന്ന മുണ്ടുടുത്തവരോ അല്ല ഐ.എസ്.എല്‍ കാണാന്‍ സ്‌റ്റേഡിയത്തിലേക്കെത്തുന്നത്. വേഷഭൂഷാദികളിലെങ്കിലും അവര്‍ അങ്ങനെയല്ല. കൊച്ചിയിലെ കളി കാണാനെത്തുന്നവരില്‍ മുണ്ടുടുത്തവരെ കാണാന്‍ കിട്ടില്ല. മെട്രോ യൂത്തിന്റെ വേഷമണിഞ്ഞ്, ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മാത്രം കണ്ടിരുന്ന സന്നാഹങ്ങളുമായി വരുന്നവര്‍ പുതിയ ഫുട്‌ബോള്‍ കാണികളാണ്.
സെവന്‍സ് മത്സരങ്ങളുടെ ഗാലറിയിലെവിടെയെങ്കിലും ഒരു സ്ത്രീ സാന്നിധ്യം സങ്കല്‍പിക്കാനാകുമോ? എന്നാലിവിടെയിതാ ഒട്ടേറെ സുന്ദരിമാര്‍ ഗാലറിയിലെ സ്‌ക്രീനില്‍ എപ്പോഴും വന്നുംപോയുമിരിക്കുന്നു. മായന്തി ലാംഗര്‍ കളി പറയുന്നു. അച്ഛന്റെയും അമ്മയുടെയും കൈകളില്‍ തൂങ്ങി കുട്ടികളെത്തുന്നു. അതെ, ഫുട്‌ബോള്‍ ഗാലറികള്‍ക്കുമേല്‍ മലയാളി പുരുഷനുണ്ടായിരുന്ന കുത്തക നഷ്ടപ്പെടുകയാണ്.
നഗ്നപാദരായി ഫ്രാന്‍സിനെതിരെ പിടിച്ചുനിന്നതിന്റെയോ 1950-ലെ ലോകകപ്പ് മത്സരം കളിക്കാന്‍ ക്ഷണം കിട്ടിയതിന്റെയോ ഇന്ത്യന്‍ വീരഗാഥകളൊന്നും അവര്‍ക്കറിയില്ല. അവര്‍ക്കതറിയേണ്ട ആവശ്യവുമില്ല. ഇത് പുതിയ കാലമാണ്. കാണികള്‍ പുതിയതും.
ഫുട്‌ബോളിന്റെ കാല്‍പനികതയും ആവേശവുമൊക്കെ മനസ്സില്‍ പേറാനിഷ്ടപ്പെടുന്ന മലയാളിക്കാണ് പുതിയ ഐ.എസ്.എല്‍. കാഴ്ചകള്‍ വിഭ്രമാത്മകത ഉണ്ടാക്കുന്നത്. കൊച്ചിയിലെ ഗാലറിയില്‍ കളിയ്ക്കിടെ 'മെക്‌സിക്കന്‍ അല'കള്‍ തീര്‍ക്കുമ്പോള്‍ ഒന്നുംചെയ്യാതെ പകച്ചിരിക്കുന്നവര്‍ക്കുണ്ടാകുന്ന വിഭ്രാന്തിയാണത്. ആ വിഭ്രാന്തിക്കിടെയാണ് ഏതാണ് മലയാളിയുടെ ടീമെന്ന ചോദ്യമുയരുന്നത്.