സൂപ്പര്‍ ലീഗിന്റെ താരലേലം പൂര്‍ത്തിയായപ്പോള്‍ കടലാസില്‍ ഏറ്റവും കരുത്തരെന്ന വിശേഷണം രണ്‍ബീര്‍ കപൂറിന്റെ മുംബൈ സിറ്റി എഫ്.സിക്ക് തന്നെ. ചെല്‍സി, ആഴ്‌സനല്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ തുടങ്ങിയ മുന്തിയ ക്ലബ്ബുകളിലെല്ലാം കളിച്ചിട്ടുളള, ഗോള്‍ വേട്ടയില്‍ ഡബിള്‍ സെഞ്ച്വറി തികച്ച ഫ്രഞ്ച് സ്‌ട്രൈക്കര്‍ നിക്കോളാസ് അനല്‍ക്കയുടെ വരവ് ടീമിന്റെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനിയും വന്‍ താരത്തിന്റെ വരവ് പ്രതീക്ഷിക്കുന്നുണ്ട്. മധ്യനിരയില്‍ പ്ലേമേക്കറെയാകും ഇപ്പോഴത്തെ ഘടന പരിശോധിച്ചാല്‍ മാനേജ്‌മെന്റ ് പരിഗണിക്കുന്നത്.
ഇന്ത്യന്‍ കളിക്കാരുടെ ഡ്രാഫ്റ്റില്‍ ഏറ്റവും കൂടുതല്‍ വിലയിട്ട സയ്യിദ് റഹീം നബി, സുബ്രതോപാല്‍ എന്നിവരെ സ്വന്തമാക്കി മറ്റ് ടീമുകളെ ഞെട്ടിച്ച ഫ്രാഞ്ചൈസിയാണ് മുംബൈ. ഇന്ത്യന്‍ ഫുട്‌ബോള്‍ സാഹചര്യം നന്നായി അറിയുന്ന സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അരുണാവ ചൗധരി ക്ലബ്ബ് സി.ഒ.ഒ. ആയതിന്റെ ഗുണം കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ കാണാനുണ്ട്.
പ്രതിരോധമാണ് ടീമിന്റെ കരുത്ത്. മധ്യനിരയില്‍ പ്ലേമേക്കറുടെ കുറവുണ്ട്. അനല്‍ക്ക വന്നതോടെ മുന്നേറ്റത്തിന് മൂര്‍ച്ചകൂടി.
ഭാവനാസമ്പന്നായ ലുങ്ബര്‍ഗിന്റെ വരവോടെ ടീമിന് പ്രഥമ ലീഗ് നേടാനുളള ശേഷി കൈവന്നിട്ടുണ്ട്. പ്രതിരോധത്തില്‍ ജര്‍മന്‍ താരം മാനുവല്‍ ഫെഡറിക് തന്നെയാണ് കേമന്‍. ജര്‍മനിക്കായി ഒമ്പത് മത്സരങ്ങളില്‍ കളിച്ച ഫെഡറിക് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട്, ബയേര്‍ ലേവര്‍ക്യൂസന്‍ ടീമുകള്‍ക്ക് ക്ലബ്ബ് തലത്തില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.
ഫെഡറിക്കിനൊപ്പം ഗ്രീക്ക് താരം ലിയാസ് പൊളാലിസ്. ഫ്രഞ്ച് താരം ജഹാന്‍ ലെറ്റ്‌സെല്‍റ്റര്‍, ചെക്ക് താരം പവേല്‍ മുവ്‌സ് എന്നിവര്‍ ചേരുന്നതോടെ എതിരാളികള്‍ വിഷമിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധനിര താരം സയ്യിദ് റഹിം നബി, നീളന്‍ ത്രോകള്‍ക്ക് പേരുകേട്ട രാജുഗെയ്ക്‌വാദ്, വെറ്ററന്‍മാരായ പീറ്റര്‍ കോസ്റ്റ, ദീപക് മണ്ഡല്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ പ്രതിരോധം സര്‍വ്വശക്തമാകും.
സ്പാനിഷ് താരം ഫ്രാന്‍സിസ്‌കൊ ഫെര്‍ണാണ്ടസ്, ചെക്ക് താരം യാന്‍ തോഹാന്‍സന്‍ എന്നിവരാണ് മധ്യനിരയിലെ വിദേശ സാന്നിധ്യം. ലൂങ് ബര്‍ഗ് വന്നതോടെ മധ്യനിരക്ക് ഒഴുക്കുവരും. മലയാളി താരം അസിഫ്, പ്രതിഭാധനനായ ലാല്‍റിന്‍ഡിക റാള്‍ട്ടെ, യുവതാരങ്ങളായ റാം മാലിക്, ലാല്‍റിന്‍ ഫെലെ എന്നിവര്‍ പൊരുതാന്‍ ശേഷിയുളളവരാണ്.
മുന്നേറ്റത്തില്‍ അനല്‍ക്കയ്ക്ക് തുണയായി അര്‍ജന്റീനയുടെ ഡീഗോ നദായയുണ്ട്. ഇന്ത്യന്‍ താരങ്ങളായ സുശീല്‍ സിങ്, സിങ്കം സുഭാഷ് സിങ്ങ്, രോഹിത് മിശ്ര, നദോങ് ബൂട്ടിയ എന്നിവര്‍ക്ക് പകരക്കാരുടെ റോളായിരിക്കും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയേയും സണ്ടര്‍ലാന്‍ഡിനേയും പരിശീലപ്പിച്ചിട്ടുളള പീറ്റര്‍ റീഡാണ് പരിശീലക വേഷത്തിലുളളത്. റീഡിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യും. ഇന്ത്യന്‍ സഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുളള സ്റ്റീവ് ഡാര്‍ബി സഹപരിശീലകനായുമുണ്ട്.
ഉടമ:
രണ്‍ബീര്‍ കപൂര്‍, ബിമല്‍ പരേഖ്
മാര്‍ക്യുതാരം:
പീറ്റര്‍ റീഡ്
കോച്ച്:
പീറ്റര്‍ റീഡ്
ഹോം ഗ്രൗണ്ട്:
ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയം, മുംബൈ