ഇന്ത്യയിലെ മികച്ച യുവതാരങ്ങളാല്‍ സമ്പന്നമാണ് എഫ്.സി ഗോവ. ഇന്ത്യന്‍ ആരോസ് ടീമിന്റെ പരിശീലകനായിരുന്ന കാലത്ത് വളര്‍ത്തിയെടുത്ത കളിക്കാരെ ഡെംപോ ഗോവയിലേക്ക് പോയപ്പോഴും ഒപ്പം കൂട്ടിയ പരിശീലകന്‍ അര്‍തര്‍ പപ്പാസിനോടാണ് എഫ്.സി ഗോവ മാനേജ്‌മെന്റ ് നന്ദി പറയേണ്ടത്. ഡെംപോ ഗോവയുടെ ഉടമസ്ഥനായ ശ്രീനിവാസ് ഡെംപോ ഗോവന്‍ ക്ലബ്ബിന്റെ ഓഹരി ഉടമകൂടിയായതാണ് ഡെംപോ കളിക്കാരുടെ സേവനം ടീമിന് ലഭിക്കാന്‍ കാരണം. കഴിഞ്ഞ രണ്ട് ഐ ലീഗുകളില്‍ ഒന്നിച്ചു കളിക്കുന്ന യുവകളിക്കാര്‍ ടീമിന് മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
വന്‍കിട ക്രിക്കറ്റ്- ബോളിവുഡ് താരങ്ങളുടെ സാന്നിധ്യമില്ലാത്തതിനാല്‍ വന്‍താരങ്ങളെ ടീമിനൊപ്പം ചേര്‍ക്കാനാണ് ഗോവന്‍ ക്ലബ്ബിന്റെ നീക്കം. ബ്രസീല്‍ ഇതിഹാസം സീക്കോയെ ടീമിന്റെ പരിശീലകനാക്കിയതിന് പിന്നില്‍ ഇത്തരമൊരു മാനേജ്‌മെന്റ ് തന്ത്രമുണ്ട്. ജപ്പാന്‍ ഫുട്‌ബോളില്‍ വിപ്ലവം സൃഷ്ടിച്ച സീക്കോ ഗോവന്‍ ഫുട്‌ബോളിലും അതാവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം, പ്രത്യേകിച്ചും യുവതാരങ്ങള്‍ക്ക് ടീമിലുളള മുന്‍തൂക്കം അനുകൂലഘടകമാണ് താനും.
ഒന്നുരണ്ട് വന്‍താരങ്ങള്‍ എത്തിയാല്‍ കപ്പ് നേടാന്‍ കൂടുതല്‍ സാധ്യതയുളള ടീമായി ഗോവ മാറും. നിലവില്‍ പോര്‍ച്ചുഗല്‍ താരങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഗോവന്‍ സംസ്‌കാരം പോര്‍ച്ചുഗലുമായി ബന്ധപ്പെട്ടുകിടക്കുന്നത് ഇതിന് അവര്‍ക്ക് പ്രേരണയായിട്ടുണ്ടാവും.
വിദേശ താരങ്ങളുടെ കരുത്ത് അളക്കുന്നതിനേക്കാള്‍ ഇന്ത്യന്‍ താരങ്ങളുടെ കരുത്ത് അറിയുന്നതാണ് ഗോവന്‍ ടീമിന്റെ കാര്യത്തില്‍ ഉചിതം.
പ്രതിരോധത്തില്‍ ദേബബ്രത റോയ്, നാരായണ്‍ ദാസ്, പ്രബീര്‍ദാസ്, റോവില്‍സന്‍ റോഡ്രിഗസ്, എന്നീ മിടുക്കന്‍മാര്‍. ഇവര്‍ക്കൊപ്പം ഫ്രഞ്ച് ദേശീയ താരങ്ങളായ ഗ്രിഗറി അര്‍നോലിനും യോന്നസ് ബെഞ്ചലൂണും. ഒരുവിധം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇതുകൊണ്ട് സീക്കോയ്ക്ക് കഴിയും.
മധ്യനിര ഭാവനസമ്പന്നമാണ്. ആല്‍വിന്‍ ജോര്‍ജ്, ക്ലിഫോര്‍ഡ് മിറാന്‍ഡ, മന്‍ദാര്‍ ദേശായി, പ്രണോയ് ഹാല്‍ദാര്‍, റമേറോ ഫെര്‍ണാണ്ടസ് , ജ്യുവല്‍ രാജ എന്നിവര്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച മധ്യനിരയായി ഇതിനെ കണക്കാക്കാം. ഇവര്‍ക്കൊപ്പം പോര്‍ച്ചുഗല്‍ താരങ്ങളായ ബ്രുണോ പിന്‍ഹീറോയും എഡര്‍ മാര്‍സെലിനോയും ചേരുന്നതോടെ ആസൂത്രിത മുന്നേറ്റങ്ങള്‍ക്കുളള ബലമാകും.
മുന്നേറ്റത്തില്‍ ഡൈനാമോ സെഗ്രബിന് വേണ്ടി കളിച്ചിട്ടുളള മിറോസ്ലാവ് സ്ലാപിക്കയും പോര്‍ച്ചുഗലിന്റെ മിഗ്വല്‍ ബ്രുണോ ഹെര്‍ലെനും ചേരും. ഗോളടിക്കാനുളള വിദ്യയൊക്കെ വേണ്ടത്രയുളളവരാണ് ഇരുവരും.
ഇന്ത്യന്‍ താരങ്ങളായ ഗബ്രിയേല്‍ ഫെര്‍ണാണ്ടസും ഹോളിചരണ്‍ നര്‍സാറിയുമൊക്കെ പകരക്കാരാകാന്‍ മിടുക്കരാണ്. ഗോള്‍കീപ്പറായി ചെക്ക് താരം യാന്‍ സീഡയും ഇന്ത്യന്‍ താരം ലക്ഷ്മികാന്ത് കട്ടിമണിയുമുണ്ട്.
മാര്‍ക്കീ പ്ലെയര്‍ അടക്കമുളള വിദേശതാരങ്ങള്‍ കൂടി വരുന്നതോടെ ടീമിന്റെ കരുത്ത് വര്‍ധിക്കും. സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ ഗോവന്‍ ടീമിനെ കണ്ടാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല.
ഉടമ:
വേണുഗോപാല്‍ ദൂത്, ദത്തരാജ്. സാല്‍ഗോക്കര്‍, ശ്രീനിവാസ് ഡെംപോ
മാനേജര്‍:
സീക്കോ
സാങ്കേതിക സഹായം:
ഡെംപോ ഗോവ
ഹോം ഗ്രൗണ്ട്:
ഫത്തോര്‍ദ സ്‌റ്റേഡിയം