സൂപ്പര്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പരിശീലന മത്സരം തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്നു, കേരള പോലീസാണ് എതിരാളികള്‍. കളിയേക്കാള്‍ കളികാണാനെത്തിയവരുടെ എണ്ണമാണ് അത്ഭുതപ്പെടുത്തിയത്. 1500ലധികം പേര്‍ അന്ന് കളി കാണാനുണ്ടായിരുന്നു. ഐ ലീഗ് മത്സരങ്ങള്‍ പോലും ആയിരത്തില്‍ താഴെയുളള കാണികള്‍ക്ക് മുന്നില്‍ കളിച്ച ചരിത്രം ഇതോടൊപ്പം ഓര്‍ക്കാം.
തെക്ക് ഭാഗത്തുളള ഗാലറിയിലിരിക്കുമ്പോള്‍, കാക്കി ഷര്‍ട്ട് ധരിച്ച രണ്ടുപേര്‍ അടുത്തുവന്നിരുന്നു. മെഡിക്കല്‍ കോളേജ് റൂട്ടിലോടുന്ന സെന്റ ് ഫ്രാന്‍സിസ് ബസ്സിലെ ഡ്രൈവര്‍ ബിജു, കണ്ടക്ടര്‍ പ്രകാശന്‍. അടുത്ത ട്രിപ്പിനുളള അരമണിക്കൂര്‍ ഇടവേളയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളി എങ്ങനെയുണ്ടെന്നറിയാന്‍ എത്തിയതാണ്. പത്ത് മിനിറ്റ് കൂടുമ്പോള്‍ പ്രകാശന്‍ വാച്ചില്‍ നോക്കും. എന്നിട്ട് പറയും കുറച്ചു നേരം കൂടി കാണാം. ബസ്സെടുക്കാന്‍ അഞ്ച് മിനിറ്റ് ബാക്കിയുളളപ്പോഴാണ് ഇരുവരും ഗ്രൗണ്ട് വിട്ടത്. അതിനിടയില്‍ കൊച്ചി ടീമിനെപ്പറ്റി പ്രകാശന്‍ ഏറെ വാചാലനായി. ടീം പ്രാക്ടീസ് ഇതുപോലെയുളള ഇടവേളയില്‍ കാണാറുളള കാര്യവും പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബിന് മേലുളള കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ താല്‍പ്പര്യത്തിന്റെ പ്രതിനിധികളാണ് പ്രകാശനും ബിജുവുമൊക്കെ. അന്ന് അവിടെ കളികാണാന്‍ വന്നവര്‍ക്ക് അത് പരിശീലന മത്സരമാണ്, വീറും വാശിയുമൊന്നുമില്ലെന്ന് നന്നായറിയാം. എന്നാല്‍ ഫുട്‌ബോളില്‍ ആശ്വസിക്കാന്‍ ഭൂതകാലം മാത്രമുളള ഒരു ജനതയുടെ ഏക പിടിവള്ളിയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമ്മാനിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബ്.
കേരള പോലീസിനെതിരെ കളിക്കാനിറങ്ങിയപ്പോള്‍ മാര്‍ക്കീ പ്ലെയര്‍ ഡേവിഡ് ജെയിംസ് മുഖ്യപരിശീലകന്റെ റോളിലേക്ക് മാറി. ഏഷ്യന്‍ ഗെയിംസിന് പോയ സന്ദേശ് ജിന്‍ഗാന്‍, മധ്യനിര താരം ഇഷ്ഫഖ് അഹമ്മദ് എന്നിവരൊഴികെയുളള എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും പരിശീലകന്‍ അവസരം നല്‍കി. വിദേശ താരങ്ങളില്‍ മൈക്കല്‍ ചോപ്ര, ഇയാന്‍ ഹ്യും, ആന്ദ്രെ ബരിസിച്ച്, പെന്‍ ഓര്‍ജി, പെഡ്രോ ഗുസ്മാവോ, വിക്ടര്‍ ഫോര്‍സിഡ എന്നിവരേയും കളിപ്പിച്ചു.
4-4-2 ശൈലിയില്‍ തുടങ്ങിയ 4-3-3 ശൈലിയിലേക്കും 3-4-3 ശൈലിയിലേക്കും ഡേവിഡ് ജെയിംസ് കളിമാറ്റി.
പോലീസിനെതിരെ ടീം ഒത്തിണക്കം പ്രകടമാക്കി. മധ്യനിരയില്‍ മെഹ്താബ് ഹുസൈനും പ്രതിരോധത്തില്‍ നിര്‍മ്മല്‍ ഛേത്രി, രമണ്‍ദീപ് എന്നിവരും നന്നായി കളിച്ചു. മുന്നേറ്റത്തില്‍ മൈക്കല്‍ ചോപ്രയും ഇയാന്‍ ഹ്യൂമും ചുരുങ്ങിയ സമയത്തിനുളളില്‍ ക്ലാസ് വ്യക്തമാക്കി.
സൂപ്പര്‍ ലീഗിലെ മറ്റ് ക്ലബ്ബുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരങ്ങളുടെ കൂട്ടമല്ല. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ മികച്ച റിസള്‍ട്ടുണ്ടാക്കിയ ട്രവര്‍ മോര്‍ഗനെന്ന പരിശീലകന്‍ ടീമിനൊപ്പമുണ്ട്, സഹപരിശീലകനായി.
വന്‍താരങ്ങളെ ടീമിലെത്തിച്ച മുംബൈ, ചെന്നൈ, ഗോവ ടീമുകളുമായി കേരള ബ്ലാസ്‌റ്റേഴ്‌സിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ ആദ്യ പരിശീലനമത്സരത്തില്‍ തന്നെ കാണികളുടെ മനം നിറയ്ക്കാന്‍ ടീമിനായി.
ഏരിയല്‍ ബോളുകള്‍ ആദ്യ മത്സരത്തില്‍ ടീം ഏറെ പരീക്ഷിച്ചു. കൃത്യതയോടെ ലക്ഷ്യത്തിലേക്ക് പറന്നിറങ്ങുന്ന പന്തുകള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ അപൂര്‍വ്വ സംഭവമാണല്ലോ..
മുന്നേറ്റമാണ് ടീമിന്റെ കരുത്ത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ അനുഭവസമ്പത്തുമായെത്തുന്ന ചോപ്ര-ഹ്യൂം സഖ്യം അപകടകാരികളാണ്. പകരക്കാരുടെ ബഞ്ചിലുളള ബരിസികും സബീത്തും ലക്ഷ്യം കാണുന്നതില്‍ മിടുക്കരുമാണ്.
മധ്യനിരയില്‍ മെഹ്താബ് ഹുസൈന്‍ കളിനിയന്ത്രിക്കാന്‍ കെല്‍പ്പുളളവനാണ്. വിയ്യറയല്‍ ബി ടീമില്‍ കളിച്ചിട്ടുളള വിക്ടര്‍ ഫോര്‍സിഡയും നൈജീരിയക്കാരന്‍ പെന്‍ ഓര്‍ജിയുമാണ് വിദേശതാരങ്ങള്‍. മലയാളിയായ സുഷാന്ത് മാത്യു, റെനഡി സിങ്ങ്, ഇഷ്ഫഖ് അഹമ്മദ്, ഗോഡ്‌വിന്‍ ഫ്രാങ്കോ എന്നിവരും മധ്യനിരയില്‍ കളിക്കാനുണ്ടാകും.
പ്രതിരോധം മികച്ചതാണ്. വിദേശ താരങ്ങളായ സിഡ്രിക് ഹെങ്ബര്‍ട്ട്, റാഫേല്‍ റോമി, ഇര്‍വിന്‍ സ്പിറ്റ്‌സ്‌നര്‍ എന്നിവര്‍ക്ക് പരിചയസമ്പത്തുണ്ട്.നിര്‍മ്മല്‍ ഛേത്രി, സന്ദേശ് ജിന്‍ഗാന്‍, ഗുര്‍പ്രീത് സിങ്ങ്, രമണ്‍ദീപ് സിങ്ങ്, എന്നിവരും പ്രതിരോധത്തില്‍ കളിക്കും. ഡേവിഡ് ജെയിംസിന് പുറമെ സന്ദീപ് നന്ദിയും ലൂയി ബാരറ്റോയുമാണ് ഗോള്‍കീപ്പര്‍മാര്‍.