കേരള ബ്ലാസ്റ്റേഴ്‌സ്- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത
കൊച്ചി: സമാനതകളേറെയുള്ള ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും. ഫുട്‌ബോള്‍ പാരമ്പര്യത്തിലും ക്ലബ്ബ് ഉടമകളുടെ കാര്യത്തിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഇരട്ടകള്‍. പോരാട്ടവീര്യത്തിലും ഒപ്പത്തിനൊപ്പം. കൊച്ചിയില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരഫലം പ്രവചനാതീതമാകും. കൊല്‍ക്കത്തയിലെ ആദ്യപാദത്തില്‍ ഇരു ടീമുകളും ഒരോ ഗോള്‍ നേടി സമനില പാലിച്ചിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാലാം ഹോം മത്സരത്തിനാണ് വെള്ളിയാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ആതിഥ്യം വഹിക്കുന്നത്. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. കേരള ടീമുടമ സച്ചിന്‍ തെണ്ടുല്‍ക്കറും കൊല്‍ക്കത്ത ടീമിന്റെ ഉടമ സൗരവ് ഗാംഗുലിയും മത്സരം കാണാന്‍ വരുന്നില്ല.
സ്വന്തം തട്ടകത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും തോല്‍വിയറിഞ്ഞിട്ടില്ലെന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം പകരുന്ന ഘടകം. ഡല്‍ഹിക്കെതിരായ മത്സരത്തിലെ ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ഫോമിലായെന്നാണ് പരിശീലകനും ഗോള്‍കീപ്പറുമായ ഡേവിഡ് ജയിംസ് പറയുന്നത്. ഇതിനകം അഞ്ച് വ്യത്യസ്ത ഫോര്‍മേഷനില്‍ കളിച്ച ടീം ഇത്തവണ ഏത് രീതിയിലാകും കളിക്കുകയെന്ന് ഉറപ്പായിട്ടില്ല. പ്രതിരോധത്തില്‍ സിഡ്രിങ് ഹെങ്ബര്‍ട്ട്, സന്ദേശ് ജിങ്ഗാന്‍ മധ്യനിരയില്‍ സ്റ്റീഫന്‍ പിയേഴ്‌സന്‍, മുന്നേറ്റത്തില്‍ ഇയാന്‍ ഹ്യൂം എന്നിവര്‍ക്ക് മാത്രമാണ് ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പുള്ളത്. ശാരീരികക്ഷമത വീണ്ടെടുത്താല്‍ മൈക്കല്‍ ചോപ്ര കളിക്കാനിറങ്ങും. അവസാന നാല് മത്സരത്തിലും ഗോള്‍ വഴങ്ങാത്തത് ടീമിന്റെ പ്രതിരോധക്കെട്ടുറപ്പിനെയാണ് കാണിക്കുന്നത്. മധ്യനിരയില്‍ പിയേഴ്‌സന് പുറമെ, നായകന്‍ പെന്‍ ഓര്‍ജിയും റാഫേല്‍ റോമിയുമുണ്ടാകും.
ഗോള്‍ നേടാന്‍ കഴിയാത്തതാണ് ബ്ലാസ്റ്റേഴ്‌സിനെ അലട്ടുന്നത്. എന്നാല്‍ പ്രതിരോധത്തിന്റെ കരുത്തില്‍ ഗോള്‍ വഴങ്ങാത്തത് ടീമിന് ഗുണകരമാണ്. ചാട്ടുളി പോലെ തുളച്ചുകയറുന്ന കൊല്‍ക്കത്ത സ്‌ട്രൈക്കര്‍ ഫിക്രുവിനെ തളയ്ക്കാന്‍ സന്ദേശ് ജിങ്ഗനെയാകും പരിശീലകന്‍ നിയോഗിക്കുന്നത്. മുന്നേറ്റത്തില്‍ ഇയാന്‍ ഹ്യൂമിന് ഒത്ത പങ്കാളിയില്ലാത്തത് ടീമിനെ അലട്ടുന്നുണ്ട്.
മറുവശത്ത് കൊല്‍ക്കത്ത തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. സാള്‍ട്ട്‌ലേക്കില്‍ സമനില വഴങ്ങിയതിന്റെ നാണക്കേട് കൊച്ചിയില്‍ തീര്‍ക്കാമെന്ന് അവര്‍ കരുതുന്നു. അന്ന് കളിക്കാതിരുന്ന ഫിക്രുവും നായകന്‍ ലൂയി ഗാര്‍ഷ്യയും തിരിച്ചെത്തിയത് ടീമിന് ഉണര്‍വാകും. 4-2-3-1 എന്ന ശൈലിയിലാകും ടീം കളിക്കാനിറങ്ങുന്നത്. ജോസ്മി നേതൃത്വം നല്‍കുന്ന പ്രതിരോധത്തെ സഹായിക്കാന്‍ നെറ്റോയും ബോറിയ ഫെര്‍ണാണ്ടാസും ഡിഫന്‍സീവ് മധ്യനിരക്കാരുടെ റോളിലുണ്ടാകും. ഗാര്‍ഷ്യ, ജോഫ്രെ, ബല്‍ജിത്ത് സാഹ്നി എന്നിവര്‍ അറ്റാക്കിങ് മധ്യനിരക്കാരാകുമ്പോള്‍ ഫിക്രു ഏക സ്‌ട്രൈക്കറായി കളിക്കും.
ഇരു ടീമുകള്‍ക്കും സമാനതകളുണ്ട്. ഫുട്‌ബോളില്‍ പരമ്പരാഗത ശക്തികളാണ് കേരളവും ബംഗാളും. ടീമുടമകള്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിനും സൗരവും. കാണികളുടെ എണ്ണത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ കൊല്‍ക്കത്തയും കൊച്ചിയുമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കും കൂടി 1,25 ലക്ഷം കാണികളാണെത്തിയത്. ഇത്തവണയും സ്റ്റേഡിയത്തില്‍ ആരാധകര്‍ ഇടിച്ചുകയറുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കരുതുന്നത്.