
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ചായി പരിഗണിക്കപ്പെടുന്നവരില്‍ ന്യൂസീലന്‍ഡുകാരനും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനുമായ റിക്കി ഹെര്‍ബര്‍ട്ടിന് മുന്‍തൂക്കം. നോര്‍ത്ത് ഈസ്റ്റുമായുള്ള ഹെര്‍ബര്‍ട്ടിന്റെ കരാര്‍ ഐ.എസ്.എല്ലിന്റെ ആദ്യ സീസണോടെ അവസാനിക്കും. അതു കഴിഞ്ഞാലും ഇന്ത്യന്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താത്പര്യം കാട്ടുന്ന ഹെര്‍ബര്‍ട്ട് ഇന്ത്യന്‍ കോച്ചാകാനുള്ള താത്പര്യം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്.
1982ലെ ലോകകപ്പില്‍ കളിച്ച ന്യൂസീലന്‍ഡ് ടീമിലെ അംഗമായിരുന്നു ഹെര്‍ബര്‍ട്ട്. ഫിഫയുടെ സ്ഥാനപ്പട്ടികയില്‍ വളരെ താഴെയാണ് ഇന്ത്യയെന്നത് ഒരു പരിമിതിയല്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയത്തിനിടെ പറഞ്ഞു. 2007ല്‍ ഫിഫ സ്ഥാനപ്പട്ടികയില്‍ 156ാമതായിരുന്നിട്ടും ഹെര്‍ബര്‍ട്ടിന്റെ പരിശീലനമികവില്‍ അവര്‍ക്ക് 2010ലെ ലോകകപ്പ് കളിക്കാനായി. സ്ഥാനം 49 ആയി ഉയരുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിനപ്പുറം ലോകകപ്പില്‍ മുന്നേറാനായില്ലെങ്കിലും തോല്‍വി പിണയാത്ത ഏക ടീം ന്യൂസീലന്‍ഡായിരുന്നു. ഇറ്റലിയടക്കം മൂന്നു ടീമുകളുമായി അവര്‍ സമനില പാലിച്ചു.
കിം കോവര്‍മാന്‍സിന്റെ കാലാവധി അവസാനിച്ച ഒക്ടോബര്‍ 31 മുതല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് പരിശീലകനില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗവുമായി പരിചയമുള്ള പരിശീലകര്‍ക്ക് മുന്‍ഗണന നല്‍കാനാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉദ്ദേശിക്കുന്നത്. ഏറെ വമ്പന്‍ താരങ്ങളൊന്നുമില്ലാത്ത നോര്‍ത്ത് ഈസ്റ്റിനെ മികച്ച ടീമായി വളര്‍ത്തിയെടുത്ത പരിശീലകനാണ് ഹെര്‍ബര്‍ട്ടെന്നതും അനുകൂലഘടകമാണ്
ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി നാലുവര്‍ഷത്തോളം ചെലവിട്ട ട്രെവര്‍ മോര്‍ഗനും ഇന്ത്യന്‍ പരിശീലകനാകാന്‍ മത്സരരംഗത്തുണ്ട്. നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സഹപരിശീലകനാണ് മോര്‍ഗന്‍.