കേരള ബ്ലാസ്‌റ്റേഴ്‌സിന് എവിടെയാണ് പിഴയ്ക്കുന്നത്? 'യെസ് മൈന്‍ഡ്സ്' എന്ന മാനസിക പരിശീലന പദ്ധതി തയ്യാറാക്കി റയല്‍ മാഡ്രിഡിന് നല്‍കിയ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ് ഡോ.വിപിന്‍ വി.റോള്‍ഡന്റിന്റെ മനഃശാസ്ത്ര അപഗ്രഥനം
ഇന്ത്യന്‍ ഫുട്ബോളിന്റെ മുഖച്ഛായ മാറ്റാന്‍ തക്ക പടക്കോപ്പുകളുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ജൈത്രയാത്ര തുടരുകയാണ്. മത്സരനിലവാരത്തെക്കുറിച്ചും ആവേശെത്തക്കുറിച്ചും കാണികളുടെ മനസ്സിലുണ്ടായിരുന്ന മുന്‍ധാരണകളെ കാറ്റില്‍ പറത്തി ഇന്ത്യന്‍ കളിക്കാരും ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഐ.പി.എല്ലിനു ലഭിച്ച ആവേശകരമായ ജനപിന്തുണ ഐ.എസ്.എല്ലും സ്വന്തമാക്കിക്കഴിഞ്ഞു.
എന്നാല്‍ കളിക്കളത്തില്‍ മികവും പ്രതിഭാസ്പര്‍ശവുമുണ്ടായിട്ടും ബ്ലൂസ്റ്റേഴ്സിന് വേണ്ടപോലെ 'ബ്ലൂസ്റ്റ്' ചെയ്യാനായിട്ടില്ല. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സാന്നിധ്യവും പടവും പേരുമൊന്നും ഗോളടിക്കാന്‍ പര്യാപ്തമല്ലെന്ന സത്യം കാണികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. സച്ചിനെ സ്‌നേഹിക്കുന്ന ഓരോ ഭാരതീയനും - പ്രത്യേകിച്ച് മലയാളികള്‍ - കേരളാ ബ്ലൂസ്റ്റേഴ്സ് ഐ.എസ്.എല്‍. കപ്പില്‍ മുത്തമിടുന്നത് സ്വപ്നം കാണുന്നുണ്ട്. പക്ഷേ, ആദ്യ കളികള്‍ ആ പ്രതീക്ഷകള്‍ക്ക് അല്പം മങ്ങലേല്പിച്ചിട്ടുണ്ട്. ചിലര്‍ ഉറക്കെയും ചിലര്‍ മനസ്സിലും ചോദിച്ചുപോകുന്നു - എന്തുപറ്റി കേരളാ ബ്ലൂസ്റ്റേഴ്സിന്? പൊരുതിക്കളിച്ചിട്ടും എന്തുകൊണ്ടാണ് വിജയം നേടാനാവാതെ പോകുന്നത്? എന്തു മാറ്റമാണ് പരിശീലനത്തില്‍ അവര്‍ സ്വീകരിക്കേണ്ടത്? വിജയത്വരയുള്ള കുറെ ആളുകള്‍ നിസ്സാര മാര്‍ജിനില്‍ നിരന്തര തോല്‍വി ഏറ്റുവാങ്ങുന്നതെന്തുകൊണ്ട്? എങ്ങനെ തിരികെ വരാം, വിജയക്കുതിപ്പിലേയ്ക്ക്? - എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്, പരിഹാരവും.
കളിമികവു മാത്രമല്ല കളിവിജയം നല്‍കുന്നത്! ഏതാണ്ട് തുല്യശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ കളി മികവിനോടൊപ്പം മനമികവു കൂടുതലുള്ളവര്‍ വിജയിക്കും! കാരണം ഓരോ മത്സരവും ഓരോ യുദ്ധമാണ്. കളി നടക്കുമ്പോള്‍, ഏതു ടീമാണോ തങ്ങളുടെ മനസ്സിന്റെ അപാരമായ സിദ്ധികള്‍ ഉപയോഗിക്കുന്നത്, അവരിലേയ്ക്ക് അപ്രതീക്ഷിതമായ ഒരു പെനാല്‍ട്ടിയായിട്ടോ ഫ്രീ കിക്കായിട്ടോ, കോര്‍ണര്‍ കിക്കായിട്ടോ ഒക്കെ വിജയം വന്നു ചേരും. ഹോളണ്ടും മെക്‌സിക്കോയും തമ്മില്‍ കഴിഞ്ഞ ലോകകപ്പില്‍ നടന്ന മത്സരം തന്നെ ഉദാഹരണം. കളിച്ചത് മെക്‌സിക്കോ; വിജയത്തിന്റെ പടിവാതില്‍ക്കലെത്തിയതും മെക്‌സിക്കോ - പക്ഷേ, പിന്നിലായിട്ടും പതറാതെ, മറ്റൊന്നും ശ്രദ്ധിക്കാതെ വിജയമെന്ന ഒരൊറ്റ മന്ത്രവുമായി മുന്നേറിയ ഹോളണ്ട് അസാദ്ധ്യമെന്നു കരുതിയ വിജയം സ്വന്തമാക്കുന്നതാണ് നാം കണ്ടത്. ഇത്തരം ഒരു മെക്‌സിക്കന്‍ ദുരന്തമാണ് 'കേരളാ ബ്ലൂസ്റ്റേഴ്സിനും' സംഭവിച്ചുകൊണ്ടിരിക്കുന്നത്.
തിരിച്ചറിയേണ്ട സത്യം ഇതാണ്. ലോകോത്തര താരങ്ങള്‍ ടീമിലുണ്ടായതുകൊണ്ട് കളി ജയിക്കണമെന്നില്ല. ലോകകപ്പില്‍ ജര്‍മനിക്കു മുന്‍പില്‍ അകപ്പെട്ട ബ്രസീല്‍ കാഴ്ചക്കാരായി നിന്ന് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത് കളി അറിയാത്തതുകൊണ്ടല്ല; മനസ്സ് തോറ്റുപോയതുകൊണ്ടാണ്. പതറിയ മനസ്സ് കളി മറക്കും. ലക്ഷ്യം മറക്കും. പന്തുമായി അങ്ങോട്ടുമിങ്ങോട്ടുമോടും. ഗോള്‍ പോസ്റ്റിനടുത്തുവച്ച്, മികച്ച അവസരം മുമ്പില്‍ നില്‍ക്കെത്തന്നെ പന്തടിച്ചു പുറത്തു കളയും. പരുക്കന്‍ പ്രയോഗങ്ങള്‍ക്കു പിന്നാലെ പായും. കോച്ച് പഠിപ്പിച്ച തന്ത്രങ്ങള്‍ മറക്കും. ഭാവനാപൂര്‍ണമായ നീക്കങ്ങളിലൂടെ പേരെടുത്തവര്‍തന്നെ ഭാവനാരഹിതരായി എന്തൊക്കെയോ കാട്ടിക്കൂട്ടും; അബദ്ധങ്ങള്‍ ആവര്‍ത്തിക്കും. കളിക്കിടെ സഹ കളിക്കാരെ ചീത്ത വിളിക്കും. ടീം വര്‍ക്ക് മറക്കും. ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തി എങ്ങുമെത്താതെ പോകും. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ നിരാശയോടെ തല കുനിച്ച് പുറത്തേയ്ക്ക്... കളി മികവിനു പിന്നിലെ മനസ്സൊരുക്കം മറക്കുന്ന ടീമുകളില്‍ നാം കാണുന്ന പതിവു കാഴ്ചകളാണിതെല്ലാം.
സ്വന്തം രാജ്യത്തിനുവേണ്ടി കളിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ് ക്ലൂബ്ബ് ഫുട്ബോള്‍. ലോകപ്രശസ്തമായ സ്പാനിഷ് ലീഗും ഇംഗ്ലൂഷ് പ്രീമിയര്‍ ലീഗുമെല്ലാം നമുക്കു മനഃപാഠം. വ്യത്യസ്ത വംശജര്‍, പല ഭാഷ സംസാരിക്കുന്നവര്‍, പല ശാരീരിക ശേഷിയുള്ളവര്‍, പല സ്വഭാവക്കാര്‍, വ്യത്യസ്ത കേളീശൈലിയുള്ളവര്‍. ഇവരെല്ലാം സ്വന്തം ക്ലൂബ്ബിനെ വിജയിപ്പിക്കാനായി ഫുട്ബോള്‍ എന്ന ഒറ്റ ഭാഷ സംസാരിച്ച് മുന്നേറുന്ന ആവേശക്കാഴ്ചകളാണതെല്ലാം. പലരും സഹ താരങ്ങളോട് സംസാരിക്കുന്നത് ആംഗ്യഭാഷയിലൂടെയാണ്. അതുകൊണ്ടുതന്നെ കളിവിജയത്തിന്റെ തന്ത്രങ്ങള്‍ ഓരോ കളിക്കാരനും പകര്‍ന്നുകൊടുക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. അതില്‍ വിജയിച്ച കോച്ചും ടീമുകളുമാണ് ലോക ക്ലൂബ്ബ് ഫുട്ബോളില്‍ എന്നും വിജയഗാഥകള്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയ്ക്കു പുതുമയായ ഐ.എസ്.എല്‍. എന്ന ഈ ക്ലൂബ്ബ് ഫുട്ബോളിലും കേരളാ ബ്ലൂസ്റ്റേഴ്സിലും മേല്‍പറഞ്ഞ ഈ പ്രതിസന്ധിയുണ്ട്. കോച്ച് ട്രെവര്‍ മോര്‍ഗനും മാര്‍ക്വീ പ്ലെയറും മാനേജരുമായ ഡേവിഡ് െജയിംസും നന്നായി പ്രയത്‌നിക്കുന്നുണ്ടെങ്കിലും വ്യത്യസ്ത മനസ്സുകളെ മികവിലേയ്ക്കു നയിക്കാനായി 'സ്‌പോര്‍ട്സ് സൈക്കോളജി' മാര്‍ഗ്ഗങ്ങളും തന്ത്രങ്ങളും ടീമില്‍ ഇതേ വരെ ഫലപ്രദമായി ഉപയോഗിച്ചിട്ടില്ലായെന്നതാണ് കേരളാ ബ്ലൂസ്റ്റേഴ്സിന്റെ മത്സരങ്ങളെ മനഃശാസ്ത്രപരമായി അപഗ്രഥിക്കുമ്പോള്‍ മനസ്സിലാകുന്ന സത്യം.
ലോകത്തിലെ ഏറ്റവും വിലപിടിച്ച താരങ്ങള്‍ അണിനിരന്നിട്ടും നിരന്തര പരാജയത്തിലേയ്ക്ക് നീങ്ങുന്നതായിരുന്നു 2011 വരെ ആഗോള ഫുട്ബോള്‍ ഭീമന്മാരായ 'റയല്‍ മാഡ്രിഡി'ന്റെ അവസ്ഥ. 'എല്ലാവരും ലോകോത്തര താരങ്ങള്‍... എന്നിട്ടുെമന്തേ അവര്‍ പരാജയപ്പെടുന്നു' എന്ന ചിന്ത ഒരു മനഃശാസ്ത്രജ്ഞനെന്ന നിലയില്‍ എന്റെ മനസ്സിനെയും വല്ലാതെ വേട്ടയാടി. റയല്‍ മാഡ്രിഡിനോടുള്ള വ്യക്തിപരമായ താല്പര്യം കൊണ്ടും മനഃശാസ്ത്രത്തോടുള്ള അഭിനിവേശം കൊണ്ടും ഫുട്ബോള്‍ സൈക്കോളജിയും ഇന്ത്യന്‍ സൈക്കോളജിയും ചേര്‍ത്തുവെച്ച് കളിമികവിനായി ചില മനഃശാസ്ത്രപരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദേശങ്ങളുമടങ്ങിയ 'യെസ് മൈന്‍ഡ്സ്' എന്ന മാനസിക പരിശീലന പദ്ധതി ഞാന്‍ തയ്യാറാക്കി. സ്‌പെയിനിലെ മാഡ്രിഡ് നഗരത്തിലെത്തി 'സാന്റിയാഗോ ബാര്‍ണ ബേബു' സ്റ്റേഡിയത്തിലുള്ള 'റയലി'ന്റെ ആസ്ഥാനത്തെത്തി അതു സമര്‍പ്പിക്കുകയും ചെയ്തു. മലയാളി എന്ന നിലയിലും ഭാരതീയന്‍ എന്ന നിലയിലും ഏറെ അഭിമാനകരമായ ഒരു നിമിഷമായിരുന്നു അത്. 2011 നുശേഷമുള്ള റയലിന്റെ വിജയങ്ങളില്‍ മനഃശാസ്ത്രത്തിനും നിര്‍ണായകമായ സ്ഥാനമാണുള്ളത്. താരങ്ങളെ മനുഷ്യരായി കണ്ടുകൊണ്ട്, അവരുടെ മനസ്സിന്റെ കുറവുകളും പ്രത്യേകതകളും ബലഹീനതകളും തിരിച്ചറിഞ്ഞ്, അവരുടെ മനസ്സിനെ അലോസര പ്പെടുത്തുന്ന 'മൈക്രോ ബ്ലോക്കുകളെ' കണ്ടെത്തി, അവയെ നേരിടാന്‍ കരുത്തു നല്‍കി. ഉത്കണ്ഠയും വിഷാദവുമടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് 'മെന്റല്‍ ടഫ്നസ്' വര്‍ധിപ്പിച്ച്, മികച്ച പ്രകടനമുണര്‍ത്തുന്ന 'കൂള്‍ മൈന്‍ഡി'ല്‍ കോച്ചിന് കൈമാറുകയാണ് ഒരു സ്‌പോര്‍ട്സ് സൈക്കോളജിസ്റ്റിന്റെ ദൗത്യം. റയലിന് സമര്‍പ്പിച്ച ചിന്തകളിലും ഇതായിരുന്നു ഫോക്കസ്. ടീമിലെ പടലപിണക്കങ്ങളും വിദേശി-സ്വദേശി, 'സീനിയര്‍-ജൂനിയര്‍', 'ആരാണ് സ്മാര്‍ട്ട്' ഈഗോകളൊക്കെ മാറ്റി, ടീംവര്‍ക്ക് മെച്ചപ്പെടുത്തി വിജയമെന്ന ഒരേ ലക്ഷ്യത്തിലേയ്ക്ക് ടീമിനെ നയിക്കുന്ന തില്‍ മനസ്സൊരുക്കം നടത്തുന്നതും ടീം സൈക്കോളജിസ്റ്റാണ്. കേരളാ ബ്ലൂസ്റ്റേഴ്സിന്റെ മനസ്സൊരുക്കം അപര്യാപ്തമെന്നാണ് ഫിനിഷിങ്ങിലെ പോരായ്മയും 'വിജയമെന്ന ആത്മാവ്' നഷ്ടമാകുന്ന കേളീശൈലിയും നല്‍കുന്ന സൂചന.
ടീം വിജയിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്‌തേ പറ്റൂ. ഓരോ കളിക്കാരനെയും 'സ്റ്റാര്‍' ആയി കാണാതെ സാധാരണ മനുഷ്യരായി കാണുന്ന രീതിയാണ് 'യെസ് മൈന്‍ഡ്സി'ല്‍ ഞാന്‍ അവലംബിച്ചിരിക്കുന്നത്. സച്ചിനും മെസ്സിയും നെയ്മറും നമ്മുടെ ബ്ലൂസ്റ്റേഴ്സ് കളിക്കാരുമെല്ലാം സാധാരണ മനുഷ്യര്‍തന്നെ. അതി മാനുഷികത്വം നല്‍കാതെ, ഏതൊരു സാധാരണ മനുഷ്യനിലുമുണ്ടാകാനിടയുള്ള മനോസമ്മര്‍ദ്ദങ്ങള്‍, വൈകാരിക വ്യതിയാനങ്ങള്‍, വ്യക്തിത്വശൈലികള്‍, ദേഷ്യം, ഉത്കണ്ഠ, ഭയം, ആത്മധൈര്യമില്ലായ്മ, തുടങ്ങിയവയൊക്കെ കൈമെയ് മറന്ന് കളിച്ചുവിജയിക്കാന്‍ പറ്റാത്തവിധം കളിക്കാരനെ തളര്‍ത്തിയേക്കാം. വ്യക്തിപരമായ കണ്‍സള്‍ട്ടേഷനിലൂടെ, മനഃശാസ്ത്ര അവലോകനങ്ങളിലൂടെ ഒാേരാ കളിക്കാരെന്റയും 'പെര്‍ഫോമന്‍സ് ഗ്യാപ്സ്' കണ്ടെത്തുകയാണ് ഏറ്റവും പ്രധാനം. വിജയക്കുതിപ്പിലേയ്ക്കും മികച്ച പെര്‍ഫോമന്‍സിലേയ്ക്കും കളിക്കാരനെ നയിക്കാന്‍ വ്യക്തിപരമായി നല്‍കേണ്ട വളരെ പ്രധാനപ്പെട്ട ചില പരിശീലനങ്ങളാണ് മെന്റല്‍ ടഫ്നസും, പീക്ക് പെര്‍ഫോമന്‍സ് ആക്ടിവേഷനും, പെര്‍ഫോമന്‍സ് ആങ്സൈറ്റി മാനേജ്മെന്റും.
'മെന്റല്‍ ടഫ്നസ്' ഉള്ള കളിക്കാരന്‍ സമ്മര്‍ദ്ദതന്ത്രങ്ങളെയും സാഹചര്യങ്ങളെയും അതിജീവിച്ച് അവസാനം വരെയും ലക്ഷ്യബോധത്തോടെ പൊരുതും. ഓരോ കളിക്കാരനിലും മത്സരസമയത്ത് 'ആറാമിന്ദ്രിയം' ഉണര്‍ത്തുകയും മുമ്പ് ചെയ്തിട്ടില്ലാത്തത്ര മികച്ച പ്രകടനം നടത്താന്‍ മനസ്സിനെ മനഃശാസ്ത്രപരമായി 'കണ്ടീഷന്‍' ചെയ്യുകയുമാണ് 'പീക്ക് പെര്‍ഫോമന്‍സ് ആക്ടിവേഷനില്‍' സംഭവിക്കുക. സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ ഉണ്ടാകാനിടയുള്ള ഉത്കണ്ഠയേയും ആധിേയയും അമിതമായ മനോ സമ്മര്‍ദ്ദങ്ങളെയും നേരിടാന്‍ തക്കവിധം കളിക്കാരന്റെ മനസ്സിനെ ഒരുക്കുകയാണ് പെര്‍ഫോമന്‍സ് ആങ്സൈറ്റി മാനേജ്മെന്റില്‍.
ഇപ്രകാരം 'വിജയം' ട്യൂണ്‍ ചെയ്തുവരുന്ന കളിക്കാരുടെ മനസ്സിനെ സംഘമായി വിജയിക്കാന്‍ പര്യാപ്തമായ രീതിയില്‍ ഒരുക്കുകയാണ് 'ടീം മൈന്‍ഡ് ഗെയിം' കോച്ചിങ്ങില്‍ നല്‍കുക. 'മനഃശാസ്ത്രപരമായ മേധാവിത്വം' ഓരോ കളിക്കാരനിലും ഉണര്‍ത്തുക എന്നത് അതിന്റെ ഒരു ഭാഗമാണ്. ഓരോ കളിക്കാരന്റെയും ശരീരഭാഷ സഹകളിക്കാര്‍ക്കും എതിര്‍കളിക്കാര്‍ക്കും നല്‍കുന്ന സന്ദേശമനുസരിച്ചിരിക്കും ജയപരാജയങ്ങള്‍. ആത്മവിശ്വാസം ശരീരഭാഷയില്‍ നഷ്ടമായി, ജര്‍മ്മനിക്കെതിരെ ലോകകപ്പിനിറങ്ങിയ ബ്രസീല്‍ ടീമിനെത്തന്നെ ഉദാഹരണമായി എടുക്കാം. ഓരോ ഗോളടിക്കുമ്പോഴും ജര്‍മ്മനി പുലര്‍ത്തിയ ശരീരഭാഷയും കൂള്‍നസും ഓര്‍മ്മിക്കുക. 'ഫോം നഷ്ടപ്പെടുക' എന്നാല്‍ ആത്മവിശ്വാസം നഷ്ടമായി എന്നതുതന്നെയാണര്‍ത്ഥം. ടീം തമ്മിലുള്ള സഹവര്‍ത്തിത്വം ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമായ നിരവധി മനഃശാസ്ത്രമാര്‍ഗങ്ങള്‍ പരിശീലനത്തില്‍ അവലംബിക്കാറുണ്ട്. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയും ടീമിനു നല്‍കുന്ന മനഃശാസ്ത്രപരിശീലനങ്ങളിലൂടെയും ടീം തമ്മില്‍ രൂപപ്പെടുന്ന ഒരു 'കെമിസ്ട്രി' കളിക്കളത്തില്‍ േഗാളാകും, വിജയമാകും, ഉറപ്പ്.
അതിലേറ്റവും പ്രധാനമാണ് ഓരോ കളിക്കാരന്റെയും ചിന്തകളുടെ കൂട്ടായ്മയും മൂര്‍ച്ചയും. 'മനസ്സിന്റെ ജി.പി.എസ്. സംവിധാനമായ' 'ഗ്രിഡ് സെല്‍സ്' ഈയടുത്ത കാലത്ത് ശാസ്ത്രലോകം കണ്ടെത്തുകയുണ്ടായി. എത്തിച്ചേരേണ്ടിടം, 'വിജയം' ഓരോ കളിക്കാരനും തന്റെ മനസ്സിന്റെ 'നാവിഗേഷന്‍സിസ്റ്റത്തില്‍' കൃത്യമായി രേഖപ്പെടുത്തുകയും നിരന്തരമായി, 'വിഷ്വലൈസേഷനി'ലൂടെ 'വിജയിച്ചവന്റെ മനസ്സ്' നിലനിര്‍ത്തുകയും ചെയ്താല്‍ മനസ്സില്‍ കണ്ട വിജയത്തിലേയ്ക്ക് ടീം ഒന്നടങ്കം എത്തിയിരിക്കും. സി.സി.എല്ലിന്റെ ഉദ്ഘാടനമത്സരത്തില്‍ മുംബൈ ഹീറോസിനെ 10 വിക്കറ്റിന് തോല്പിച്ച 'കേരളാ സ്ട്രൈക്കേഴ്സി'ന് ഞാന്‍ നല്‍കിയ മാനസിക പരിശീലനം 'മനസ്സിന്റെ ജി.പി.എസ്. സംവിധാനത്തെ' അടിസ്ഥാനപ്പെടുത്തിയായിരുന്നു. അത് ഫലപ്രദമാകുകയും ചെയ്തു.
'കേരളാ ബ്ലൂസ്റ്റേഴ്സി'നു മുമ്പിലും വിനയപൂര്‍വ്വം സൂചിപ്പിക്കട്ടെ. ടീമിലുള്ള ഓരോ കളിക്കാരനും, ടീമിനു മൊത്തമായും അതിശക്തമായ മാനസിക പരിശീലനം കൂടി നല്‍കുക. വെറുതെ ഒരു സൈക്കോളജി ക്ലൂസ്സോ മോട്ടിവേഷണല്‍ ക്ലൂസ്സോ മാത്രമെടുത്തതുകൊണ്ടായില്ല. മേല്‍ സൂചിപ്പിച്ചതുപോലെ ഓരോ കളിക്കാരനും ടീമിനു മൊത്തമായും വ്യക്തമായ പദ്ധതികളോടെ ആധുനിക സ്‌പോര്‍ട്സ് മനഃശാസ്ത്രത്തെക്കൂടി പങ്കാളിയാക്കിക്കൊണ്ട് ടീമിന്റെ മനസ്സുണര്‍ത്താന്‍ ടീം മാനേജ്മെന്റ് തയ്യാറായാല്‍ ഭാരതത്തിന്റെ അഭിമാനമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സ്വപ്നം, മലയാളിയുടെ സ്വപ്നം, കേരള ബ്ലൂസ്റ്റേഴ്സിലൂടെ പൂവണിയും. ഇയാന്‍ ഹ്യൂവും, മൈക്കല്‍ ചോപ്രയും, മെഹത്താസ് ഹുസൈനും, സബിത്തും, സുശാന്തുമെല്ലാം തങ്ങളുടെ മികവിന്റെ ആഴം തിരിച്ചറിഞ്ഞ്, ബുദ്ധിപരമായി, ഭാവനാസമ്പന്നമായി, ഒരേ മനസ്സോടെ പൊരുതും. നമ്മള്‍ കപ്പടിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇനി കളിച്ചാലും വിജയിക്കാം. മനസ്സിനെ ഉണര്‍ത്തിയാല്‍, ട്യൂണ്‍ ചെയ്താല്‍, കളി താനേ വരും. കാത്തിരിക്കുന്നു - ആ നല്ല മാറ്റത്തിനായി. 'വി ലവ് കേരളാ ബ്ലൂസ്റ്റേഴ്സ്'