കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മണ്ണില്‍ വീറോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുമോ...അതോ കൊച്ചിയില്‍ ഗോവന്‍ കാര്‍ണിവല്‍ അരങ്ങേറുമോ...സിറാജ് കാസിം വിലയിരുത്തുന്നു
സ്ഫോടനങ്ങള്‍ ഒരുപാട് നടന്നിട്ടുള്ള ഗുവാഹത്തിയിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയവിസ്ഫോടനം പ്രതീക്ഷിച്ച് ആദ്യം കണ്‍തുറന്നത്. തലൈവിയുടെ ജയില്‍മോചനവും ദീപാവലിയുടെ സന്തോഷവും ഒരുപോലെ വെടിക്കെട്ടുകള്‍ തീര്‍ത്തുകൊണ്ടിരുന്ന തമിഴ്മണ്ണിലും ബ്ലാസ്റ്റേഴ്സ് നനഞ്ഞ പടക്കമായപ്പോള്‍ നിരാശ കൂടി. കൊല്‍ക്കത്തയിലെ ആവേശക്കടലിന് നടുവില്‍ സമനിലയുടെ തുരുത്തിലേക്ക് കയറിപ്പറ്റിയപ്പോഴും വിജയതീരമണയാനായില്ലല്ലോയെന്ന സങ്കടമാണ് ബാക്കിയായത്. ഒടുവില്‍ പുണെയിലെ പൂരപ്പറമ്പില്‍ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്‍മാര്‍ തലപ്പൊക്കം കാണിച്ചപ്പോഴാണ് നമ്മുടെ ചുണ്ടുകളില്‍ പതുക്കെ പുഞ്ചിരി വിടര്‍ന്നുതുടങ്ങിയത്. പക്ഷേ തൊട്ടുപിന്നാലെ മുംബൈയില്‍ ഫ്രഞ്ച് താരം അനെല്‍ക്കയുടെ ക്ലാസിക് സ്പര്‍ശമുള്ള ഒരു ഫ്രീകിക്കിന് മുന്നില്‍ ഒരിക്കല്‍ക്കൂടി കൊമ്പന്‍മാര്‍ കാലിടറാന്‍ വിധിക്കപ്പെട്ടവരായപ്പോള്‍ നമ്മുടെ തലയും താഴ്ന്നു. ആശ്വസിക്കാനുള്ള ഒരേയൊരു നിമിഷമായ പുണെയില്‍ വിരിഞ്ഞ പുഞ്ചിരി വലിയ വലിയ വിജയങ്ങളുടെ വെടിക്കെട്ടുകളായി പൂത്തിറങ്ങുന്ന സ്വപ്നത്തിലേക്കാണ് ഇനി കണ്‍തുറക്കുന്നത്. അഞ്ച് എവേ മല്‍സരങ്ങള്‍ക്ക് ശേഷം കൊച്ചിയുടെ കളിമുറ്റത്തേക്ക് കൊമ്പന്‍മാര്‍ ഇറങ്ങിവരുമ്പോള്‍ ഇമ്മിണി ബല്യ ഒരു പൂരം തന്നെയാണ് കളിപ്രേമികള്‍ കൊതിക്കുന്നത്.
സംശയിക്കേണ്ട...ബ്ലാസ്റ്റേഴ്സ് കസറും
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഹോം മല്‍സരങ്ങളുടെ ആവേശത്തിലേക്ക് ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോള്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. കൊച്ചിക്ക് മേല്‍ പെയ്തുകൊണ്ടിരിക്കുന്ന തുലാമഴയില്‍ നനയാതെ ബ്ലാസ്റ്റേഴ്സ് ആവേശത്തിന്റെ വെടിക്കെട്ടുകള്‍ക്ക് തിരികൊളുത്തുകതന്നെ ചെയ്യും. അതു കാണാനല്ലേ നാളുകളെണ്ണി കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ കാത്തിരുന്നത്. വടക്ക് മലബാറില്‍ നിന്ന് ജീപ്പ് പിടിച്ചും തെക്ക് തിരുവനന്തപുരത്ത് നിന്ന് ബസ് കയറിയും വരുന്ന ആയിരക്കണക്കിന് കാണികളുടെ ആരവങ്ങളിലലിഞ്ഞ് കൊച്ചിയുടെ തിരുമുറ്റത്ത് ഡേവിഡ് ജെയിംസും സംഘവും വിജയത്തിടമ്പേറ്റുന്ന കാഴ്ച...ഹോ! ആലോചിക്കുമ്പോള്‍ തന്നെ രോമാഞ്ചമേറുന്നു.
കൊച്ചിയിലെ ഹോം മല്‍സരങ്ങളുടെ ആദ്യ ഘട്ടത്തില്‍ ഗോവയും ഡല്‍ഹിയും മുംബൈയുമാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. പോയിന്റ് നിലയില്‍ ബ്ലാസ്റ്റേഴ്സിന് തൊട്ടുമുന്നിലും പിന്നിലുമായി നില്‍ക്കുന്ന മൂന്ന് ടീമുകള്‍. അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെയുള്ള ഹോം മല്‍സരങ്ങള്‍ വിജയിച്ച് ലീഗിലെ സ്ഥാനം സുരക്ഷിതമാക്കേണ്ടത് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള വിജയമന്ത്രമാണ്. ഗോവയ്‌ക്കെതിരായ മല്‍സരത്തിന് വ്യാഴാഴ്ച ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങളെല്ലാം ഏറെക്കുറെ അനായാസമാകേണ്ടതാണ്. പുണെയില്‍ നേടിയ വിജയം നല്‍കുന്ന ആത്മവിശ്വാസം തന്നെയാണ് നിര്‍ണായക ഘടകം. തോല്‍വികളുടെയും സമനിലയുടെയും ചാരത്തില്‍ നിന്ന് ആ മല്‍സരത്തിലൂടെ ചിറകുവിടര്‍ത്തിയ ബ്ലാസ്റ്റേഴ്സിന് ഇനി ഉയര്‍ന്നു പറന്നേ മതിയാകൂ. ബ്ലാസ്റ്റേഴ്സിന്റെ ചിറകുകളരിയാന്‍ സാക്ഷാല്‍ സീക്കോ പരിശീലിപ്പിക്കുന്ന ഗോവയുടെ ആവനാഴിയില്‍ ആയുധങ്ങളേറെയുണ്ടാകാം. എന്നാല്‍ പാഞ്ഞുവരുന്ന അസ്ത്രങ്ങളുടെ മുനയൊടിച്ച് എതിര്‍പാളയത്തിലേക്ക് ആയുധവര്‍ഷം തുടരാനുള്ള കരുത്ത് ബ്ലാസ്റ്റേഴ്സിന്റെ പോരാളിക്കൂട്ടത്തിനുണ്ട്.
സച്ചിന്‍ സാക്ഷി
സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കളി കാണാനെത്തുമെന്ന് ഉറപ്പായ മല്‍സരത്തില്‍ സ്വന്തം മണ്ണില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍ക്കാനാകില്ല എന്ന് ആദ്യം പറഞ്ഞത് മാര്‍ക്വീ താരവും കോച്ചുമായ ഡേവിഡ് ജെയിംസാണ്. മുംബൈയ്‌ക്കെതിരായ തോല്‍വിയെക്കുറിച്ച് ആലോചിച്ച് കണ്ണീരൊഴുക്കേണ്ടെന്നാണ് ജെയിംസ് പറയുന്നത്. കൊച്ചിയുടെ കളിമുറ്റത്ത് ആരവങ്ങളുമായി നില്‍ക്കുന്ന ആരാധകര്‍ ആഹ്ലാദത്തോടെ മടങ്ങിപ്പോകുമെന്ന് നമ്മള്‍ സ്വപ്നം കാണുന്നത് ഈ വാക്കുകളിലാണ്. അടുത്തടുത്ത മൂന്ന് ഹോം മല്‍സരങ്ങള്‍...മൂന്ന് വിജയങ്ങള്‍...ഒമ്പത് പോയിന്റ്....ലീഗില്‍ സ്ഥാനം സുരക്ഷിതമാക്കാന്‍ ബ്ലാസ്റ്റേഴ്സിന് ഇതുകൂടിയേ തീരൂ.
ച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന ലോകോത്തര ബാറ്റ്സ്മാന്റെ കളി കൊച്ചിയില്‍ എഴുതപ്പെട്ടിരിക്കുന്നത് തീര്‍ത്തും അത്ഭുതകരമായ ഒരേടിലാണ്. പണ്ട് സച്ചിന്റെ സെഞ്ച്വറി കാണാന്‍ ആരവങ്ങളുമായി എത്തിയ ആരാധകര്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ്ങ് കണ്ടാണ് കൊച്ചിയുടെ കളിമുറ്റത്ത് ആഹ്ലാദത്തിന്റെ വെടിക്കെട്ടുകള്‍ തീര്‍ത്തത്. അതേ സച്ചിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ ടീമും കൊച്ചിക്ക് എന്തെങ്കിലും അത്ഭുതങ്ങള്‍ കാഴ്ചവയ്ക്കാതിരിക്കുമോ....കാത്തിരിക്കാം നമുക്ക്.
ഹ്യൂമും സബീത്തും പറയുന്നത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും ലോ ബജറ്റ് ടീമാണ് ബ്ലാസ്റ്റേഴ്സ്. എന്നാല്‍ ഇറക്കിയ പണത്തിന്റെ മൂല്യത്തേക്കാള്‍ എത്രയോ ഇരട്ടി മികവുള്ള കളിയാണ് അവര്‍ ഇതുവരെ കാഴ്ചവെച്ചത്. ഈ മൂല്യത്തില്‍ ഏറ്റവും തിളങ്ങുന്നത് ഇയാന്‍ ഹ്യൂമിന്റെ മൊട്ടത്തലയാണ്. ഹ്യൂം എന്ന കനേഡിയന്‍ സ്ട്രൈക്കറുടെ തലയിലേക്കും കാലുകളിലേക്കും ഒരുപോലെ ഉറ്റുനോക്കിയാണ് കൊച്ചിയിലും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. ചെന്നൈക്കെതിരെയും കൊല്‍ക്കത്തക്കെതിരെയും ഹ്യൂം നേടിയ ഗോളുകള്‍ ബ്ലാസ്റ്റേഴ്സിന്റെ ജീവരക്തം തന്നെയായിരുന്നു. ജയിച്ചാലും തോറ്റാലും എന്നും കളിയിലെ താരമായി നിറഞ്ഞുനിന്നിരുന്ന ഹ്യൂം കൊച്ചിയുടെ കളിമുറ്റത്ത് ഗോളുകളുടെ വിസ്ഫോടനവുമായി ഒരിക്കല്‍ക്കൂടി നിറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഗോളടിച്ച ആഹ്ലാദത്തില്‍ കോര്‍ണര്‍കിക്കിനടുത്തേക്ക് പായുന്ന ഹ്യൂമിന്റെ മൊട്ടത്തലയില്‍ കൂട്ടുകാര്‍ ഉമ്മ കൊണ്ടുമൂടുന്ന ഈ നിമിഷത്തിനായി നമുക്ക് കണ്‍തുറന്നിരിക്കാം. നമ്മുടെ സ്വന്തം പയ്യന്‍ സബീത്തിനും കൊച്ചിയുടെ കളിമുറ്റത്ത് പലതും തെളിയിക്കാനുണ്ട്. പുണെയ്‌ക്കെതിരായ മല്‍സരത്തില്‍ ഗോള്‍ നേടി ഐ.എസ്.എല്ലില്‍ ഗോള്‍ നേടുന്ന ആദ്യ മലയാളിയായ സബീത്തിന്റെ ആവനാഴിയില്‍ കൊച്ചിയിലെ ആരാധകരെ സന്തോഷിപ്പിക്കാനുള്ള ആയുധങ്ങളേറെയുണ്ട്. നോര്‍ത്ത് ഈസ്റ്റിനെതിരായ ആദ്യ മല്‍സരത്തില്‍ തന്നെ എമേര്‍ജിങ്ങ് പ്ലേയറിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ സബീത്തിന്റെ മികവിനെക്കുറിച്ച് നമുക്ക് ഒരു സംശയവുമില്ല. മികച്ച വേഗവും പന്തടക്കവുമുള്ള സബീത്തിന് ഫിനിഷിങ്ങിലെ മൂര്‍ച്ചക്കുറവ് കൂടി പരിഹരിക്കാനായാല്‍ ഗോവയുടെ വല തുളയും. നമുക്ക് കാത്തിരിക്കാം ആ നിമിഷത്തിനായി.
ജെയിംസും ചോപ്രയും പിന്നെ അവരും
ഇംഗ്ലണ്ടിന്റെ ലോകകപ്പ് താരം ഡേവിഡ് ജെയിംസ്...ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച മൈക്കല്‍ ചോപ്ര...നൈജീരിയന്‍ ഫുട്ബോളിന്റെ വന്യമായ കരുത്തുമായെത്തുന്ന പെന്‍ ഓര്‍ജി...ബ്രസീലിയന്‍ ഫുട്ബോളിന്റെ മാസ്മരികത അനുഭവിപ്പിക്കാനെത്തുന്ന ഗുസ്മാവോ...ഫ്രഞ്ച് പ്രതിരോധത്തിന്റെ ഉരുക്ക്കോട്ട കെട്ടുന്ന ഹെങ്ങ്ബെര്‍ട്ട..ഓസീസ് ഫുട്ബോളിന്റെ കളിയഴകുമായി ബാരിസിച്ച്...കൊച്ചിയുടെ കളിമുറ്റത്ത് ബ്ലാസ്റ്റേഴ്സ് അണിനിരത്തുന്ന വിദേശക്കാഴ്ചകള്‍ക്കും നിറങ്ങളേറെയാണ്. മാര്‍ക്വീ താരവും കോച്ചുമായ ഡേവിഡ് ജെയിംസ് തന്നെയാണ് വിദേശക്കൂട്ടത്തിലെ സൂപ്പര്‍ സ്റ്റാര്‍. തകര്‍പ്പന്‍ സേവുകളുമായി ലോകകപ്പ് ഗോളിയുടെ 'ക്ലാസ്' എന്താണെന്ന് പലവട്ടം ജെയിംസ് നമുക്ക് മുന്നില്‍ തെളിയിച്ചുകഴിഞ്ഞു. നോര്‍ത്ത് ഈസ്റ്റിനെതിരായ അസാധ്യസേവിന്റെ ഓര്‍മകള്‍ ഇപ്പോഴും നമ്മുടെ മനസ്സുകളില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. പരിക്കിന്റെ പിടിയില്‍ നിന്ന് ഇനിയും പൂര്‍ണമായി മോചിതനാകാത്ത മൈക്കല്‍ ചോപ്രയിലേക്ക് പ്രതീക്ഷയോടെ കണ്‍തുറന്നിരിക്കാനാണ് നമ്മള്‍ ഇഷ്ടപ്പെടുന്നത്. കാരണം ചോപ്രയുടെ നല്ല നിമിഷങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്ന് നാം ഉറച്ച് വിശ്വസിക്കുന്നു. നായകന്‍ പെന്‍ ഓര്‍ജി മധ്യനിരയില്‍ കാഴ്ചവെക്കുന്ന കളിയൊഴുക്കിലും നമുക്ക് പ്രതീക്ഷകളുടെ തോണികളിറക്കിക്കൊണ്ടിരിക്കാം....ഒന്നുറപ്പാണ് കൂട്ടായ്മയുടെ തോണികളിലേറി കൊച്ചിയുടെ കളിപ്പൊയ്കയിലെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയതീരമണയണം...കാരണം കൊച്ചിയിലുള്ളത് ഐ.എസ്.എല്ലിലെ വിജയതീരത്തേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ അവസാനതോണികളാണ്.
കാണുമോ ഗോവന്‍ കാര്‍ണിവല്‍
ഗോവയെ സൂക്ഷിക്കണം...ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ തുടങ്ങുംമുമ്പേ എതിരാളികള്‍ ഭയന്ന കളിസംഘമായിരുന്നു ഗോവ. ഇന്ത്യയിലെയും വിദേശങ്ങളിലെയും യുവതാരങ്ങളാല്‍ സമ്പന്നമായ ഒരു കളിസംഘം. പരിശീലകനായെത്തുന്നതാകട്ടെ ബ്രസീലിന്റെ ഇതിഹാസതാരമായിരുന്ന സാക്ഷാല്‍ സീക്കോ...ഐ ലീഗിലെ ഗോവന്‍ ടീമുകളുടെ അണിയറയില്‍ ഉണ്ടായിരുന്നവര്‍ തന്നെ ഇവിടെയും ചമയക്കാര്‍...ഇങ്ങനെയൊരു ടീമിനെ എതിരാളികള്‍ ഭയന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. പക്ഷേ സൂപ്പര്‍ ലീഗിന് കിക്കോഫായപ്പോള്‍ ഗോവയുടെ പെരുമ കടലാസില്‍ മാത്രമായൊതുങ്ങി. അഞ്ച് കളികളില്‍ ഒരേയൊരു വിജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ ലീഗിലെ അവസാനസ്ഥാനക്കാരാണ് ഇപ്പോള്‍ ഗോവ എഫ്.സി.
കൊച്ചിയുടെ കളിമുറ്റത്തേക്ക് ഗോവയെത്തുമ്പോള്‍ ഇതുവരെ പറഞ്ഞ ചരിത്രം അതേപടി തുടരണമെന്നില്ല. ഏതു നിമിഷവും അത്ഭുതങ്ങള്‍ സൃഷ്ടിക്കാവുന്ന ഒരു ടീമിനെയാണ് സീക്കോ കളത്തിലേക്കിറക്കിവിടുന്നത്. കഴിഞ്ഞ മല്‍സരങ്ങളില്‍ കുറഞ്ഞത് രണ്ടെണ്ണത്തിലെങ്കിലും ഗോവ തോല്‍ക്കേണ്ടതായിരുന്നില്ല. ചെന്നൈക്കെതിരായ ആദ്യ മല്‍സരത്തില്‍ തന്നെ തോറ്റപ്പോഴും മികച്ച കേളീശൈലികൊണ്ടും ഭാവനാസമ്പന്നമായ നീക്കങ്ങള്‍ കൊണ്ടും കാണികളുടെ മനംകവര്‍ന്നവരായിരുന്നു ഗോവന്‍ കളിസംഘം. അതുകൊണ്ടുതന്നെ കൊച്ചിയില്‍ ഒരു ഗോവന്‍ കാര്‍ണിവല്‍ സ്വപ്നം കാണുന്നവര്‍ നിരാശരാകണമെന്നില്ല.
ജര്‍മനിയും ബയേണ്‍ മിണിക്കും കളിച്ചുശീലിച്ച ഒരു വിന്യാസത്തിലാണ് സീക്കോ ആദ്യ മല്‍സരങ്ങളില്‍ ഗോവയെ അണിനിരത്തിയത്. മുന്നേറ്റത്തില്‍ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ മിഗ്വേല്‍ ഹെര്‍ലെനും മധ്യനിരയില്‍ ഫ്രഞ്ച് താരം റോബര്‍ട്ട് പിറേസും നിറഞ്ഞ സാന്നിധ്യങ്ങളാകുമ്പോള്‍ ഗോവന്‍ ടീമിന്റെ കളിയഴകിന് നിറങ്ങളേറെയാണ്. ഇന്ത്യന്‍ ഫുട്ബോള്‍ അധികമൊന്നും കണ്ടിട്ടില്ലാത്ത ചീല നീക്കങ്ങള്‍ ഈ സഖ്യം ഐ.എസ്.എല്ലിന്റെ മൈതാനങ്ങളില്‍ എത്രയോ തവണ പുറത്തെടുത്തു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതൊന്നും ഗോളിലേക്കെത്തിയില്ല എന്നതാണ് ഗോവയുടെ ജാതകം കുറിച്ചത്.
കൊച്ചിയുടെ കളിമുറ്റത്ത് ഗോവയുടെ പ്രതീക്ഷകള്‍ മുഴുവന്‍ അവരുടെ മധ്യനിരയുടെ കളിയൊഴുക്കിലായിരിക്കും. ഇന്ത്യന്‍ താരം ക്ലിഫോഡ് മിറാന്‍ഡ കളിമെനയുന്ന മധ്യനിര ഏറെക്കുറെ പൂര്‍ണമായും ഇന്ത്യന്‍ ടച്ചിലായിരിക്കണമെന്നാണ് സീക്കോ ആഗ്രഹിക്കുന്നത്. പീറ്റര്‍ കാര്‍വാലോയെ മധ്യനിരയ്ക്കും പ്രതിരോധത്തിനും ഇടയിലുള്ള കീ റോളില്‍ അവതരിപ്പിച്ച് സീക്കോ മെനയുന്ന കേളീതന്ത്രം ക്ലിക്കായാല്‍ ഗോവ കടന്നുകയറും. മധ്യനിരയില്‍ നിന്ന് പന്തൊഴുക്ക് സുഗമമായാല്‍ നൈജീരിയയുടെ റാന്റി മാര്‍ട്ടിന്‍സും പോര്‍ച്ചുഗലിന്റെ മിഗ്വേലും ഇന്ത്യന്‍ താരം ഹോളിചരണ്‍ നര്‍സാരിയും അടങ്ങുന്ന ഗോവന്‍ ആക്രമണത്തിന് മൂര്‍ച്ച കൂടും. ആ മൂര്‍ച്ചയില്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്താനാകും സീക്കോയുടെ തന്ത്രം. അത് പ്രാവര്‍ത്തികമായാല്‍ ഗോവന്‍ ആരാധകരുടെ ആ സ്വപ്നവും പൂവണിയും...കൊച്ചിയില്‍ ഒരു ഗോവന്‍ കാര്‍ണിവല്‍.