
മുംബൈ: ചെന്നൈയിന്‍ എഫ്.സി.ക്കെതിരായ മത്സരത്തില്‍ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റുപോയെങ്കിലും പറന്നുകളിച്ച ഇയാന്‍ ഹ്യൂമിന്റെ ഒഫീഷ്യല്‍ റേറ്റിങ് കുതിച്ചുയര്‍ന്നു. ഇതുവരെ കളിക്കാരുടെ നിലവാരപ്പട്ടികയില്‍ പിന്നിലായിരുന്ന ഹ്യൂം മത്സരശേഷം ഒന്നാം സ്ഥാനത്താണ്. വിദേശതാരങ്ങള്‍ നിറഞ്ഞ കളിക്കാരുടെ റേറ്റിങ് പട്ടികയിലെ ആദ്യ പത്തില്‍ മുംബൈ എഫ്.സി.യുടെ മധ്യനിരക്കാരന്‍ ലാല്‍ റിന്‍ഡിക റാള്‍ട്ട മാത്രമാണ് ഇന്ത്യന്‍ താരമായുള്ളത്.
9.98 പോയന്റോടെയാണ് ഹ്യൂം ഒന്നാം സ്ഥാനത്തെത്തിയത്. ബോക്‌സ് ടു ബോക്‌സ് കളിക്കാരനായ ഹ്യൂം ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യതാരമായി മാറിക്കഴിഞ്ഞു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സെര്‍ജിയോ കോണ്‍ഡ്രാസ് പെഡ്രോ എന്ന കോക്കെയാണ് രണ്ടാം സ്ഥാനത്തുള്ളത്. 8.40 പോയന്റാണ് കോക്കെയുടെ റേറ്റിങ്. ഗോളടി മികവ് മാത്രമല്ല, കളിക്കളത്തിലെ മൊത്തം പ്രകടനം കണക്കാക്കിയാണ് റേറ്റിങ് നിശ്ചയിക്കുന്നത്. കൊല്‍ക്കത്തയുടെ ഗോള്‍വേട്ടക്കാരന്‍ ഫിക്രു തെഫെര ലെമേസയാണ് മൂന്നാം സ്ഥാനത്ത്. 8.26 പോയന്റാണ് ഫിക്രുവിനുള്ളത്. എഫ്.സി. ഗോവയുടെ പ്രതിരോധത്തിലാണ് കളിക്കുന്നതെങ്കിലും ടീമിന്റെ എല്ലാ മുന്നേറ്റങ്ങളിലും പങ്കാളിയാവുന്ന ഫ്രഞ്ച് താരം ഗ്രിഗറി അര്‍നോലിനാണ് നാലാമന്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗ്രീക്ക് ഗോള്‍കീപ്പര്‍ അലക്‌സാഡ്രോസ് സോവാരസ് മികച്ച സേവുകളുടെ പിന്‍ബലത്തില്‍ അഞ്ചാം സ്ഥാനത്ത് നിലയുറപ്പിട്ടുണ്ട്.
മുംബൈ എഫ്.സി.ക്കായി ഹാട്രിക് നേടിയ ബ്രസീലിയന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആന്ദ്രെ മോറിറ്റ്‌സ് ഒറ്റ മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് ആറാം സ്ഥാനത്തെത്തിയത്. ഗോളുകള്‍ വാങ്ങിക്കൂട്ടിയെങ്കിലും പുണെ എഫ്.സി.യുടെ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഇമ്മാനുവല്‍ ബെല്ലാര്‍ഡി ഏഴാം സ്ഥാനത്തുണ്ട്. ബെല്ലാര്‍ഡിക്ക് തൊട്ടുതാഴെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ കം പ്ലെയറായ ഡേവിഡ് ജയിംസിന്റെ സ്ഥാനം. ഒമ്പതാം സ്ഥാനത്താണ് ലാല്‍ റിന്‍ഡിക റാള്‍ട്ടയുള്ളത്. ഇന്ത്യന്‍ ഫുട്‌ബോളിലെ ഭാവിവാഗ്ദാനമായി അറിയപ്പെടുന്ന താരമാണ് റാള്‍ട്ട. പത്താം സ്ഥാനത്ത് നോര്‍ത്ത് ഈസ്റ്റിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ജയിംസ് കീനാണ്. ഇരുപത് പേരുടെ പട്ടികയില്‍ മലയാളി താരം സി.എസ്. സബീത്ത്, ബല്‍ജിത്ത് സാഹ്നി, നോബ സിങ്, ദുര്‍ഗ ബോറ എന്നിവരുമുണ്ട്.