ആനക്കര: കോണ്‍ഗ്രസ് തറവാടായ ആനക്കര വടക്കത്തെ ചുവന്നനക്ഷത്രമാണ് പുതുതായി സി.പി.എം. പൊളിറ്റ്ബ്യൂറോയില്‍ എത്തിയ സുഭാഷിണി അലി. തേനും വയമ്പിനും ഒപ്പം അമ്മ ക്യാപ്റ്റന്‍ ലക്ഷ്മി നാവില്‍ച്ചാലിച്ച് തേച്ച വിപ്ലൂവവീര്യം സുഭാഷിണി അലിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. കാണ്‍പൂരില്‍ നിവൃത്തികേടും രോഗങ്ങളുമായെത്തുന്ന കമ്പനിജോലിക്കാരെ സൗജന്യമായി ചികിത്സിക്കുന്ന അമ്മയുടെ ഒപ്പമുള്ള ജീവിതമാണ് തന്നെ യഥാര്‍ഥ കമ്യൂണിസ്റ്റാക്കിയതെന്ന് സുഭാഷിണി പറയാറുണ്ട്. അടിമപ്പണിയോളം ദുരിതമുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയെത്തേടി എത്തിയവരില്‍ അധികവും. അവരുടെ ജീവിതം തന്നെയായിരുന്നു സുഭാഷിണിയുടെ അറിവിന്റെ മൂലധനവും മാനിഫെസ്റ്റോയും.
സ്വാതന്ത്ര്യസമരത്തിന്റെ ജൈവ ഓര്‍മകള്‍ സ്പന്ദിക്കുന്ന വടക്കത്തുവീട്ടിലെ നാലുകെട്ടിലെത്തുമ്പോള്‍ ചര്‍ക്കയ്ക്ക് പിറകില്‍നിന്ന് മാര്‍ക്‌സിനെ വന്ദിക്കാന്‍ തനിക്ക് കഴിയുമെന്ന് സുഭാഷിണി പറയാറുണ്ട്.
പഠനമെല്ലാം കേരളത്തിന് പുറത്തായിരുന്നതിനാല്‍ ലക്ഷ്മിക്കെന്നപോലെ സുഭാഷിണിക്ക് മലയാളം അത്ര വഴങ്ങാറില്ല. കേരളത്തിലെ എല്ലാ വിവരങ്ങളും കാര്യമായി സുഭാഷിണി മനസ്സിലാക്കാറുണ്ട്. അഭിമുഖങ്ങളിലെല്ലാം ഇവര്‍ നേരിടേണ്ടിവന്ന ചോദ്യമായിരുന്നു സി.പി.എം. കേന്ദ്രസമിതിയിലെയും പി.ബി.യിലെയും സ്ത്രീപ്രാതിനിധ്യക്കുറവ്. അതിനുവേണ്ടി തങ്ങള്‍ ശബ്ദമുയര്‍ത്തുമെന്ന് അവര്‍ മറുപടിപറയാറുണ്ട്. സി.പി.എമ്മിന്റെ ഉന്നതാധികാര സ്ഥാനങ്ങളില്‍ സ്ത്രീപ്രാതിനിധ്യത്തിനായി വാദിച്ചപ്പോള്‍ അതിന്റെ നേട്ടം സുഭാഷിണിയില്‍ നേരിട്ടെത്തിയത് അര്‍ഹതയ്ക്കുള്ള അംഗീകാരംകൂടിയായി.
ആനക്കരയുടെ പച്ചപ്പാണ് തന്റെയുള്ളിലെ ഗൃഹാതുരതയെന്ന് സുഭാഷിണി അലി പറയാറുണ്ട്. പാരിസ്ഥിതികപ്രശ്‌നങ്ങളില്‍ സി.പി.എം. നേരിട്ട് ഇടപെടണമെന്ന പക്ഷക്കാരികൂടിയാണ് സുഭാഷിണി. ഏറ്റവുംകൂടുതല്‍ കുന്നുകള്‍ ഇടിച്ചുനിരത്തപ്പെട്ട സ്വന്തം ഗ്രാമത്തെക്കുറിച്ച് പ്രസംഗങ്ങളില്‍ അവര്‍ വ്യാകുലപ്പെടാറുമുണ്ടായിരുന്നു. രണ്ടുവര്‍ഷമായി സുഭാഷിണി അലി ആനക്കരയിലെത്തി മടങ്ങിയിട്ട്. തന്നെ മനംനിറഞ്ഞ സ്‌നേഹത്തോടെ വരവേല്‍ക്കുന്ന വീട്ടിലെ തറവാട്ടമ്മ സുശീലേടത്തിയുടെ രോഗാവസ്ഥയില്‍ ഏറെ ദുഃഖിതയായിരുന്നു അവര്‍.
കേരളത്തില്‍ സി.പി.എം. സംഘടിപ്പിക്കുന്ന സ്ത്രീപക്ഷപരിപാടികളില്‍ പങ്കെടുക്കാനാണ് മിക്കപ്പോഴും സുഭാഷിണി അലി കേരളത്തിലെത്തുക. കേരളത്തിലെ സി.പി.എമ്മിലെ വിവിധ ചേരികളെക്കുറിച്ച് ഒന്നുംപറയാതെ നിഷ്പക്ഷത പാലിക്കുന്ന സുഭാഷിണി അലി ഒരിക്കല്‍പ്പോലും വിവാദങ്ങളില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിച്ചതുമില്ല.