ഇനി വിപ്ലവം യെച്ചൂരി വക

സ്വാതി Posted on: 19 Apr 2015


രണ്ട് ബുദ്ധിജീവി സഖാക്കളുടെ ദീനരോദനത്തോടെയാണ് സി.പി.എം. 21-ാം കോണ്‍ഗ്രസ് സംബന്ധിച്ച കേരള ചാനലുകളുടെ ചര്‍ച്ചകള്‍ക്ക് അര്‍ധവിരാമമായത്. പാര്‍ട്ടി കേരളഘടകത്തിന്റെയും സെക്രട്ടേറിയറ്റിന്റെയും യഥാര്‍ഥ വക്താക്കളായി വര്‍ഷങ്ങളായി ചാനലുകളായ ചാനലുകള്‍ തോറും കയറിയിറങ്ങി മനോഹരവും യുക്തിയുക്തവുമായ വാക്‌ധോരണിയോടെ ജനത്തെ ഹരംകൊള്ളിക്കുന്ന മഹാനുഭാവന്‍മാര്‍.

ചാനലുകളില്‍ സഖാവ് രാമചന്ദ്രന്‍പിള്ള ജനറല്‍ സെക്രട്ടറിയാവുമെന്നും പിണറായി സഖാവ് സെക്രട്ടറിയായതുമുതല്‍ നിലവിലുള്ള ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ മാതൃകയായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സി.പി.എമ്മിന്റെ പ്രവര്‍ത്തന ശൈലി കേന്ദ്രത്തിലും നടപ്പാക്കുമെന്നും അങ്ങനെ ലോക വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ വരെ സാധ്യതയുണ്ടെന്നും സഖാക്കള്‍ ഭാസുരേന്ദ്രബാബുവും മാധവന്‍കുട്ടിയും ആധികാരികതയോടെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സെക്രട്ടറി ജനറല്‍ തങ്ങള്‍ മുക്തകണ്ഠം എതിര്‍ക്കുന്ന വര്‍ഗ ശത്രുവായ യെച്ചൂരിയാണെന്ന വാര്‍ത്ത വരുന്നത്.

തങ്ങള്‍ ചെയ്യാന്‍ പോകുന്നതിന്നതാണെന്നും കേരള ഘടകത്തിന്റെ തീരുമാനത്തിനു മേല്‍ പരുന്തും പറക്കില്ലെന്നും വക്താക്കള്‍ക്ക് വിശദീകരിച്ചുകൊടുത്ത് പോയവര്‍ക്ക് മറിച്ചാണ് കാര്യങ്ങളുടെ പോക്കെന്ന് ഒരു വാക്ക് വിളിച്ചറിയിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി കോണ്‍ഗ്രസ്സിനകത്ത് മൂവീ കാമറ വെച്ചാലെന്നതിനേക്കാള്‍ ക്ലിയറായി നടപടിക്രമങ്ങളും ചര്‍ച്ചകളും നാട്ടുകാര്‍ക്ക് കാണാന്‍ സൗകര്യം കിട്ടിയ സമ്മേളനമാണ്. എന്നിട്ടും വക്താക്കള്‍ക്ക് വിശാഖ പട്ടണത്തെ ഉള്ളുകള്ളികള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പൊന്നുതമ്പുരാന്‍മാരില്‍ നിന്ന് മുമ്പ് കിട്ടിയ വിവരങ്ങള്‍ മാത്രം ശിരസാവഹിച്ചുപോയി. ദീനരോദനം നടത്തുക മാത്രമല്ലാതെ മറ്റെന്തു പോംവഴി. കാണുന്നവര്‍ക്ക് അനുശോചനം രേഖപ്പെടുത്താനല്ലേ കഴിയൂ.

സഖാക്കള്‍ ഭാസുരേന്ദ്രനും മാധവന്‍കുട്ടിയും പറയുന്നതിലും കാര്യമുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച കരട് രാഷ്ട്രീയ അവലോകന രേഖ സൂര്‍ജിത്തിന്റെയും യെച്ചൂരിയുടെയും ലൈന്‍ തള്ളുന്നതാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ സെക്രട്ടറിയാവേണ്ടത് പാസാക്കിയ ലൈനിന്റെ ഉപജ്ഞാതാവിനെയല്ലേ. അതായത് കാരാട്ടിനെ ലൈനുണ്ടാക്കാന്‍ സഹായിച്ച് രാമചന്ദ്രന്‍പിള്ളയെ. പക്ഷേ അദ്ദേഹത്തെ നിരാശനാക്കി വിട്ടു. മൂന്നു കൊല്ലം കഴിഞ്ഞ് രാഷ്ട്രീയ വാനപ്രസ്ഥത്തിനു പോകുമെന്ന് പ്രഖ്യാപിച്ചിട്ടും കരുണ കാണിക്കാത്ത കഠിന ഹൃദയരായിപ്പോയി കേന്ദ്ര കമ്മിറ്റി. അദ്ദേഹത്തിന് ഒരവസരം നല്‍കാമായിരുന്നു. പാര്‍ലമെന്റില്‍ നാല്പത്തഞ്ചോളം സീറ്റുണ്ടായിരുന്നത് 16ലും പിന്നെ ഒമ്പതിലും എത്തിച്ചത് പ്രകാശ് കാരാട്ടിന്റെ സാമര്‍ഥ്യം മൂലമാണെന്ന ചര്‍ച്ചയുണ്ടായപ്പള്‍ കാരാട്ട് പറഞ്ഞത് കൂട്ടായ പ്രവര്‍ത്തനമാണ്, അതുകൊണ്ട് കൂട്ടുത്തരവാദിത്തമാണ് എന്നാണ്. എന്നാല്‍ യെച്ചൂരി പറയുന്നത് പ്രവര്‍ത്തനം കൂട്ടായിട്ടാണെങ്കിലും തെറ്റിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്് വ്യക്തിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നാണ്. അങ്ങനെ വന്നപ്പോഴാണ് എങ്കില്‍ സൂര്‍ജിത്തും ആ സഖാവിനൊപ്പം നിന്നവരുമാണ് കുറ്റക്കാര്‍ എന്നപ്രമേയം തന്നെ കാരാട്ട് കൊണ്ടുവന്നത്. കാരാട്ടിനെപ്പോലെ ഗാന്ധിയന്‍ സ്വഭാവശൈലിയല്ല യെച്ചൂരിക്കെന്നും അല്പം ആധുനികത്വമുണ്ടെന്നും രഹസ്യമായും പരസ്യമായും പ്രചരിപ്പിച്ച് തോല്പിക്കാനും ശ്രമിച്ചുവത്രെ. അതിനും കേരളത്തില്‍ നിന്നു തന്നെയാണ് ശ്രമമുണ്ടായതും പോല്‍. പൂഴിക്കടകനും പക്ഷേ പാളിപ്പോയി. ഭാസുരേന്ദ്ര- മാധവന്‍കുട്ടിയാദി വക്താക്കളുടെ ഭാവിയെന്താവുമെന്ന് പറയാനാവില്ല. സംസ്ഥാന നേതൃത്വത്തിന്റെ വക്താക്കളായി തുടരുമോ. കണ്‍സള്‍ട്ടിങ്ങായി തുടരുമോ?

എ.കെ.ജി.യും സൂര്‍ജിത്ത് സഖാവും നയിച്ച കിസാന്‍സഭയുടെ ചുമതല എത്ര ഭംഗിയായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സഖാവാണ് പിള്ള. കര്‍ഷക തൊഴിലാളി മുന്നണി കെട്ടിപ്പടുക്കാന്‍ ദേശീയ സെന്ററില്‍ ചുമതലയും നല്‍കി രാജ്യസഭയില്‍ അംഗത്വവും നല്‍കി വിട്ട് സഖാവ് വിജയരാഘവന്‍ മാത്രമാണിക്കാര്യത്തില്‍ എസ്.ആര്‍.പി.ക്ക് മേലെയുള്ളത് രാജ്യസഭയിലെ ടേം കഴിഞ്ഞതോടെ കര്‍ഷക തൊഴിലാളി മുന്നണി കെട്ടിപ്പടുക്കുന്നത് നിര്‍ത്തി ഭിത്തിയില്‍ നിന്നിറങ്ങി നേരെ കേരളത്തിലേക്ക് വന്നു. കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം ഒരരുക്കായി.

വി.എസ്.അച്യുതാനന്ദന്‍ കേരള സെക്രട്ടറിയായിരിക്കെ കേന്ദ്രത്തില്‍ തന്റെ സ്ഥാനപതിയെപ്പോലെ നിയോഗിച്ചയച്ചതാണ് എസ്.ആര്‍.പി.യെ എന്നത് ദുഷ്പ്രവാദം. എന്തോ ആകട്ടെ. രണ്ട് ടേം രാജ്യസഭാംഗത്വവും കിസാന്‍സഭാ ചര്‍ജും. ടേം കഴിഞ്ഞ ഉടന്‍ മടങ്ങാതെ കാലാവസ്ഥയുടെ അസ്‌കിതയൊക്കെ സഹിച്ച് അവിടെ കഴിഞ്ഞു. അതുകൊണ്ടെന്താ കര്‍ഷക പ്രസ്ഥാനം രാജ്യത്താകെ പടര്‍ന്നുപന്തലിച്ചു. അംഗത്വത്തില്‍ നാലിലൊന്നിന്റെ കുറവേ സംഭവിച്ചുള്ളു. അങ്ങനെയുള്ള എസ്.ആര്‍.പി. വേണം തന്നെ പിന്തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയാകാന്‍ എന്ന് വാശി പിടിക്കാന്‍ പ്രകാശ് കാരാട്ടിനെ പ്രേരിപ്പിച്ച ഘടകം ചില കാര്യങ്ങളിലെ സാമ്യമാണ്. പാര്‍ട്ടി രേഖകളുണ്ടാക്കുക, സ്വയം പഠിക്കുക, കുറെ കൊല്ലം അതില്‍ ക്ലാസെടുക്കുക, പിന്നീടാ രേഖ മാറ്റി വേറെ രേഖയുണ്ടാക്കുക- അതിലാണ് മിടുക്കും, പാണ്ഡിത്യവും. ഓഫീസിന് പുറത്ത് ലോകം ഇടിഞ്ഞുപൊളിഞ്ഞാലും രണ്ടുപേരും കാണുകയോ അറിയുകയോ ഇല്ലെന്നും അത്രമാത്രം ലെനിനിസ്റ്റ് കരുത്തുണ്ടവര്‍ക്കെന്നും പഴമൊഴി.

ഒരു വ്യാഴവട്ടത്തോളമായി മാസത്തില്‍ ഒന്നോ രണ്ടോ തവണ തിരുവനന്തപുരത്ത് വരിക നാലോ അഞ്ചോ ദിവസം എ.കെ.ജി.സെന്ററില്‍ നടക്കുന്ന ചര്‍ച്ച കേള്‍ക്കുക എന്നതായിരുന്നു രണ്ട് പേര്‍ക്കും തൊഴില്‍. ഇങ്ങനെ രണ്ട് നേതാക്കളുണ്ടെന്നും ദേശീയ തലത്തില്‍ത്തന്നെ അറിയപ്പടുന്ന മധ്യസ്ഥരാണവരെന്നും നാട്ടുകാര്‍ക്ക് മനസ്സിലായത് ആ പ്രതിമാസ യാത്രകളിലൂടെയാണ്. തിരുവനന്തപുരം എ.കെ.ജി.സെന്ററില്‍ നിന്നുള്ള പരിശീലനമാണ് പ്രകാശ് കാരാട്ടിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. എഡിന്‍ബറോ സര്‍വകലാശാലയൊക്കെ എത്ര നിസ്സാരമാണെന്ന് മനസ്സിലായത് ഇവിടെവെച്ചാണ്. രാമചന്ദ്രന്‍പിള്ളക്കൊപ്പമുള്ള യാത്രയില്‍.ചില രോഗങ്ങള്‍ അത് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ചിലപ്പോള്‍ പടര്‍ന്നേക്കാമെന്നു പറയുന്നതു പോലെയാണ് സംഭവിച്ചതെന്നാണിപ്പോള്‍ വ്യക്തമായത്.

എ.കെ.ജി.പഠന ഗവേഷണ കേന്ദ്രം കൂടിയായ എ.കെ.ജി.സെന്ററിലെ പരിശീലനം രണ്ട് തരത്തിലാണ് കാരാട്ടിനും എസ്.ആര്‍.പിക്കും പ്രയോജനപ്പെട്ടത്. ഏതായാലും വിഭാഗീയത ദേശീയ തലത്തിലും എത്തിക്കാനും മത്സരത്തോളമെത്തിക്കാനും തോല്‍ക്കുമെന്നായപ്പോള്‍ പിന്മാറാനുമെല്ലാമുള്ള സ്ഥിതിയുണ്ടാക്കി. അങ്ങനെ നല്ല റെക്കോഡ് സ്ഥാപിച്ചുതന്നെ സ്ഥാനമൊഴിയാന്‍ കഴിഞ്ഞു. വിഭാഗീയതയെ ദേശീയമാക്കാനും സമ്മേളനങ്ങളിലെയും യോഗങ്ങളിലെയും രഹസ്യ വിവരങ്ങള്‍ മുഴുവന്‍ മാധ്യമങ്ങള്‍ക്ക് മുന്‍കൂര്‍ നല്‍കി ആവശ്യമായ പബ്ലിസിറ്റി സംഘടിപ്പിക്കാനുമൊക്കെ പാര്‍ട്ടിക്ക് സാധിച്ചു. ഇത് സമ്പൂര്‍ണമായ വളര്‍ച്ചയെയാണ് കാണിക്കുന്നത്.

പുത്രനെയും കൂട്ടി കോണ്‍ഗ്രസ്സിനു പോയ സഖാവ് അച്ചുതാനന്ദന്റെ ചിരി വിശാഖപട്ടണത്ത് വല്ലാതെ മുഴങ്ങിയെന്നാണ് കിംവദന്തി. പാര്‍ട്ടി എല്ലാ കാലത്തും പറയുന്ന വൈരുദ്ധ്യവും വര്‍ഗസമരവും പാര്‍ട്ടിക്കകത്ത് ദേശീയ തലത്തിലും യാഥാര്‍ഥ്യമായതിലും തന്നെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊല്ലങ്ങളായി പോര്‍വിളി മുഴക്കുകയും ഇത്തവണ അന്തിമ നീക്കവും നടത്തിയവരുടെ മുഖം ചുളിയുന്നത് കാണാനായല്ലോ. തന്നോട് സംസാരിച്ചതിന്റെ പേരില്‍ വിമര്‍ശനവും സംസ്ഥാനത്ത് അവഗണനയും നേരിടുകയും ചെയ്ത യെച്ചൂരി ജനറല്‍ സെക്രട്ടറിയായല്ലോ. മത്സരം നടക്കുമെന്ന വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ പരസ്യമായി വിജയാശംസ നേര്‍ന്ന് കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ വിഭാഗീയതക്ക് പുതിയ അര്‍ഥം കൂടി നല്‍കാന്‍ കഴിഞ്ഞല്ലോ. യെച്ചൂരി സെക്രട്ടറിയായത് സഹിക്കാം. പുറത്താക്കിയിട്ടും പുറത്താക്കിയിട്ടും പുറത്താകാതെ അള്ളിപ്പിടിച്ച് നില്‍ക്കുന്ന വി.എസ്.അച്ചുതാനന്ദന്റെ ചിരിയാണ് സഹിക്കാത്തത്.

കഴിഞ്ഞ തവണ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ചര്‍ച്ചയില്‍ പ്രധാന വിര്‍ശനം യെച്ചൂരി സഖാവ് ആലുവ ഗസ്റ്റ് ഹൗസില്‍ വെച്ച് വി.എസ്സുമായി ഗ്രൂപ്പിസം ചര്‍ച്ച ചെയ്യുന്നു, പിന്നെ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആസ്ഥാനമായ കണ്ണൂരില്‍ അച്ചുതാനന്ദനുമായി യെച്ചൂരി അര്‍ധരാത്രി രഹസ്യ ചര്‍ച്ച നടത്തി എന്നൊക്കെയാണ്. അങ്ങനെ തങ്ങളുടെ ശത്രു പക്ഷത്തുള്ള വിഭാഗീയതയുടെ കറ പുരണ്ട നേതാവ് ജനറല്‍ സെക്രട്ടറിയായി വരുന്നതില്‍ ഭാസുരേന്ദ്ര ബാബു പ്രകടിപ്പിച്ച ദു: ഖവും പ്രതിഷേധവും കേരളാ പാര്‍ട്ടി നേതൃത്വത്തിന്റെ മൊത്തം വികാരമാണോ ആവോ? ആയിരിക്കില്ല. നാത്തൂന്റെ കണ്ണീര് കാണാന്‍ കഴിയാത്തതില്‍ അനന്തരവള്‍ ദു:ഖിക്കുക സ്വാഭാവികം.

സി.പി.എം.കോണ്‍ഗ്രസ്സ് തുടങ്ങുന്ന ദിവസം പാര്‍ട്ടിയുടെ കേരള മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സഖാവ് യെച്ചൂരി പറഞ്ഞത് വിപ്ലവത്തിന്റെ കല്ല് ചൂടായിക്കഴിഞ്ഞു. പക്ഷേ മാവൊഴിക്കുന്നതിനു മുമ്പ് കല്ലില്‍ പുരട്ടേണ്ട എണ്ണ കിട്ടാനില്ല എന്നാണ്. അതായത് ഭാവനയില്ലെന്ന്. ഭൗതിക സാഹചര്യമുണ്ട്. പക്ഷേ മാനസികമായി തയ്യാറായിട്ടില്ലെന്ന്. ജനറല്‍ സെക്രട്ടറിയായിക്കഴിഞ്ഞുവല്ലോ. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥനത്തിന് നഷ്ടപ്പെട്ട എണ്ണ, യന്ത്രത്തെ ചലിപ്പിക്കാനുള്ള എണ്ണ, ആത്മീയമായ ഊര്‍ജം പകരാന്‍ ന്യൂ ജനറേഷനായ ആധുനികനായ സഖാവിന് കഴിയുമോ?







1

 

ga