ന്യൂജെന്‍ കമ്മ്യൂണിസ്റ്റ്‌

Posted on: 19 Apr 2015


നയതന്ത്രമികവ്, വാഗ്മി, സി.പി.എമ്മിന്റെ ദേശീയ മുഖം. പ്രായോഗികതയുടെ വക്താവ്. അങ്ങനെ ദേശീയ രാഷ്ട്രീയത്തില്‍ പലവിശേഷങ്ങളുണ്ട് സീതാറാം യെച്ചൂരിക്ക്. ജ്യോതിബസുവിന്റെയും ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്തിന്റെയും ലൈനാണ് യെച്ചൂരിക്ക് പഥ്യം. പാര്‍ട്ടിയുടെ ഉരുക്കുചട്ടക്കൂടിനോട് നീതിപുലര്‍ത്തുമ്പോഴും മാധ്യമങ്ങളുടെയും മധ്യപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെയും ഉറ്റ സുഹൃത്തുമാണ് സീതാറാം യെച്ചൂരി.

സീതാ എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന യെച്ചൂരി എസ്.എഫ്.ഐയിലൂടെയാണ് സി.പി.എം രാഷ്ട്രീയത്തിലേക്കെത്തുന്നത്. 1974 ലില്‍ എസ്.എഫ്.ഐയില്‍ അംഗമായ യെച്ചൂരി വൈകാതെ സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദ പഠനത്തിന് ശേഷം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഫസ്റ്റ് ക്ലാസില്‍ ബിരുദാനന്തരബിരുദം നേടി. പി.എച്ച്.ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായതിനെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാനായില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജെ.എന്‍.യു യൂണിയന്റെ പ്രസിഡന്റായി. 1980 ല്‍ സി.പി.എമ്മിലെത്തി.

1985 ല്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ യെച്ചൂരിക്ക് 34 വയസ്സ് മാത്രമായിരുന്നു പ്രായം. 'അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്നു ഇ.എം.എസിനെ നേരിട്ട് കണ്ട് യെച്ചൂരി പറഞ്ഞു. ഈ തീരുമാനം പുന:പരിശോധിക്കണം, ഞാന്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാകമായിട്ടില്ല എന്ന്. എന്നാല്‍ ഇ.എം എസ് പറഞ്ഞ മറുപടി, സി.പി.എം കേന്ദ്രീകൃത ജനാധിപത്യ സ്വഭാവമുള്ള പാര്‍ട്ടിയാണ്. മേല്‍കമ്മിറ്റി ഒരു തീരുമാനമെടുത്താല്‍ കീഴ്ഘടകങ്ങള്‍ അംഗീകരിച്ചേ മതിയാകൂ'. യെച്ചൂരി തീരുമാനം ശിരസാവഹിച്ചു. കേന്ദ്രകമ്മിറ്റി അംഗമായി നാല് വര്‍ഷം കഴിഞ്ഞ് 1988 ല്‍ പാര്‍ട്ടിയുടെ കേന്ദ്രസെക്രട്ടേറിയറ്റിലെത്തി. 14 ാം പാര്‍ട്ടി കോണ്‍ഗ്രസിലൂടെ 1992 ല്‍ പരമോന്നത ബോഡിയായ പൊളിറ്റ് ബ്യൂറോയിലേക്കും യെച്ചൂരി എത്തുമ്പോള്‍ അവിടെത്തെയും 'ബേബി'യായിരുന്നു അന്ന് 40 കാരനായ യെച്ചൂരി.

1998 ല്‍ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ പാര്‍ട്ടി നിലപാടിനെ ന്യായീകരിച്ച യെച്ചൂരിയുടെ വിശദീകരണം അദ്ദേഹത്തിലെ രാഷ്ട്രീയസാമര്‍ഥ്യം വെളിവാക്കിയതാണ്. 'ലോക്‌സഭയില്‍ സി.പി.എമ്മിന് 33 അംഗങ്ങള്‍ മാത്രമാണുള്ളത്. ആ നിലയ്ക്ക് ബസു പ്രധാനമന്ത്രിയായാല്‍ അദ്ദേഹത്തിന് സി.പി.എമ്മിന്റെ നയങ്ങള്‍ നടപ്പാക്കാനാവില്ല. അത് പാര്‍ട്ടിയുടെ പ്രവര്‍ത്തകരോടും അനുഭാവികളോടും ചെയ്യുന്ന ചതിയാവും-അന്ന് യെച്ചൂരി വിശദീകരിച്ചത് ഇങ്ങനെയായിരുന്നു'


ഒന്നാം യു.പി.എ സര്‍ക്കാരും ഇടതുപക്ഷവുമായുള്ള ബന്ധത്തിലെ പ്രധാന കണ്ണിയായി വര്‍ത്തിച്ചത് യെച്ചൂരിയായിരുന്നു. നാളിതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെങ്കിലും ദേശീയതലത്തില്‍ സി.പി.എമ്മിന്റെ വക്താവും മുഖവുമാണ് അദ്ദേഹം. അക്കാലത്ത് ഭരണത്തെ സ്വാധീനിക്കുന്ന പാര്‍ട്ടി നയരൂപീകരണത്തിലും രാഷ്ട്രീയ നീക്കങ്ങളിലും സുപ്രധാന പങ്കുവഹിച്ച നേതാവായിരുന്നു യെച്ചൂരി. സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥുമായി പല കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളതിനേക്കാള്‍ ബന്ധം യെച്ചൂരിക്കുണ്ടായിരുന്നു. ഇന്ന് സി.പി.എമ്മിലുള്ളവരില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഏറ്റവും അടുപ്പമുള്ളതും യെച്ചൂരിയാണ്. ദേശീയ ടെലിവിഷന്‍ ചാനലുകളിലും ചര്‍ച്ചകളിലും യെച്ചൂരി സ്ഥിരം സാന്നിധ്യമാണ്. ജെ.എന്‍.യുവില്‍ യെച്ചൂരിയുടെ സീനിയറായിരുന്നു കാരാട്ട്. ആ കാരാട്ട് പടിയിറങ്ങുമ്പോള്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കടന്നുവരുന്നതും ജെ.എന്‍.യുവിലും പാര്‍ട്ടിയിലും ജൂനിയറായ യെച്ചൂരി തന്നെ.

ഇന്ത്യക്ക് പുറത്തും 'ഹീറോ'

ഇന്ത്യക്കുള്ളില്‍ മാത്രമല്ല പുറത്തും യെച്ചൂരി എന്ന നേതാവിനെ ലോകം അറിയും. നേപ്പാള്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയെഴുതിയ ചരിത്രപരമായ ഇടപെടലിലെ ഹീറോയും യെച്ചൂരിയായിരുന്നു. നേപ്പാളില്‍ മാവോവാദികള്‍ ആയുധം താഴെവച്ച് ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേരാന്‍ തീരുമാനിച്ചത് ആ രാജ്യത്തെ സമാധാനത്തിലേക്ക് നയിച്ചപ്പോള്‍ ചരിത്രപരമായ ഈ തീരുമാനത്തിന് ചുക്കാന്‍ പിടിച്ച യഥാര്‍ഥ ഹീറോ യെച്ചൂരിയായിരുന്നു. നേപ്പാളിലെ പ്രമുഖ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടറായി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു യെച്ചൂരിക്ക്. മാവോവാദികള്‍ സായുധപാത ഉപേക്ഷിച്ച് രാഷ്ട്രീയ മുഖ്യധാരയിലേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യെച്ചൂരി പ്രചണ്ഡയേയും ഭട്ടറായിയേും ബോധ്യപ്പെടുത്തി.

ജ്ഞാനേന്ദ രാജാവിനെതിരെ കൊയ്‌രാളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും മാവോവാദികളും യോജിച്ച് നടത്തിയ പ്രക്ഷോഭത്തിനൊടുവില്‍ രാജാവിന്റെയും രാജകുടുംബത്തിന്റെയും സവിശേഷ അധികാരങ്ങള്‍ മുഴുവന്‍ റദ്ദാക്കി. ലോകത്തിലെ ഏക ഹിന്ദു രാജ്യമായിരുന്ന നേപ്പാള്‍ അങ്ങനെ മതനിരപേക്ഷ രാഷ്ട്രമായി. മാവോവാദിളുടെ മനംമാറ്റത്തിന് കാരണക്കാരനായ യെച്ചൂരി ഉടമ്പടി പ്രാബല്യത്തില്‍ വന്നതോടെ നേപ്പാളിലെ ഹീറോ ആയി.

ചെന്നൈയില്‍ തെലുങ്ക് സംസാരിക്കുന്ന ബ്രാഹ്മണ കുടുംബത്തിലാണ് യെച്ചൂരി ജനിച്ചത്. പ്രമുഖ പത്രപ്രവര്‍ത്തകയായ സീമ ചിസ്തിയാണ് ഭാര്യ. ആദ്യ ഭാര്യയില്‍ അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട്.

പുതിയ തലമുറയുടെ പ്രതിനിധിയായ യെച്ചൂരിയിലെ ന്യൂജെന്‍ കമ്മ്യൂണിസ്റ്റിന് പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ കഴിയുമോ, കാലം ഉത്തരം നല്‍കും






1

 

ga