വിജയാശംസ സഫലമായ ആഹ്ലാദത്തില്‍ വി.എസ്.

സി.കെ. റിംജു Posted on: 20 Apr 2015

വിശാഖപട്ടണം: ''ഐ വിഷ് യു ഓള്‍ ദ സക്‌സസ്'' -വി.എസ്. അച്യുതാനന്ദന്റെ ആ ആശംസ വെറുതെയായില്ല. കേന്ദ്രകമ്മിറ്റിയില്‍നിന്നു മാറ്റപ്പെട്ടെങ്കിലും വി.എസ്സിന്റെ ആഗ്രഹത്തിന്റെ സഫലീകരണമായിരുന്നു സീതാറാം യെച്ചൂരിയുടെ ജനറല്‍സെക്രട്ടറിസ്ഥാനം.

പൊളിറ്റ് ബ്യൂറോയിലും പുതിയ കേന്ദ്രകമ്മിറ്റിയിലും ഇല്ലെങ്കിലും യെച്ചൂരിക്ക് മുന്‍കൂട്ടി നേര്‍ന്ന ആശംസ പാര്‍ട്ടിക്കുള്ളിലെ എതിരാളികളുടെ നീക്കങ്ങള്‍ക്കുള്ള ഒരു പ്രതിരോധമായിരുന്നു; എസ്.രാമചന്ദ്രന്‍പിള്ളയെ ജനറല്‍സെക്രട്ടറിയാക്കാന്‍ ശക്തിയുക്തം വാദിച്ച കേരളഘടകത്തിനൊരു കരണത്തടി.

തന്നെ കേന്ദ്രകമ്മിറ്റിയില്‍നിന്നു മാറ്റി പ്രത്യേക ക്ഷണിതാവാക്കാനുള്ള പാര്‍ട്ടിതീരുമാനത്തില്‍ വി.എസ്. അതൃപ്തിയൊന്നും പ്രകടിപ്പിച്ചില്ല. പി.കെ. ഗുരുദാസന് വി.എസ്സിനെക്കാളും ആരോഗ്യം കുറവായിട്ടും കേന്ദ്രകമ്മിറ്റിയിലുണ്ടല്ലോ എന്നുചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പാര്‍ട്ടിക്ക് ആരോഗ്യമല്ല, വയസ്സാണു പ്രധാനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനസമ്മേളനത്തില്‍ അച്ചടക്കത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ച വി.എസ്. പാര്‍ട്ടികോണ്‍ഗ്രസില്‍ 'വേലിക്കകത്തു'തന്നെ നിന്നു. രാഷ്ട്രീയറിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ എളമരം കരീം, വി.എസ്സിന്റെ അച്ചടക്കലംഘനത്തിനെതിരെ നടപടിവേണമെന്നും പാര്‍ട്ടിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതായെന്നുമൊക്കെ വിമര്‍ശശരങ്ങള്‍തൊടുത്തെങ്കിലും വി.എസ്. ആത്മസംയമനം പാലിക്കുകയായിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് നടക്കുന്നതിനാല്‍ വൈകിട്ടുനടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെ, പുതിയ ജനറല്‍ സെക്രട്ടറിക്ക് അഭിവാദ്യമര്‍പ്പിച്ച് ഉച്ചയ്ക്കുമുന്നേതന്നെ വി.എസ്. വിശാഖപട്ടണത്തുനിന്ന് വിമാനംകയറി. ഗൗരവംവിട്ട്, തുറന്നുചിരിച്ചായിരുന്നു യാത്ര. ആ ശരീരഭാഷ എല്ലാം വ്യക്തമാക്കിയിരുന്നു.



1

 

ga