
വിശാഖപട്ടണം: പ്രകാശ് കാരാട്ട് സി.പി.എം. ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയുമെന്ന് ഉറപ്പായസാഹചര്യത്തില്‍ സി.പി.എം. കേന്ദ്രനേതൃത്വത്തില്‍ ധ്രുവീകരണം ശക്തം. വര്‍ഗീയഫാസിസത്തിനെതിരെ കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള ജനാധിപത്യകക്ഷികളുമായി കൂട്ടുചേരാമെന്ന വാദവും വര്‍ഗീയഫാസിസത്തിനും ആഗോളീകരണ-ഉദാരവത്കരണ നയങ്ങള്‍ക്കുമെതിരെ ഇടതുപക്ഷകക്ഷികളുടെ ഐക്യനിര ശക്തിപ്പെടുത്തി മുന്നോട്ടുപോകണമെന്ന വാദവും തമ്മിലാണ് പാര്‍ട്ടികോണ്‍ഗ്രസില്‍ ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസ്സുമായിപ്പോലും കൂട്ടുകെട്ടാവാമെന്ന നിലപാടിലാണ് പശ്ചിമബംഗാള്‍ ഘടകം.
ഇതിന്റെ നേരേ എതിര്‍ദിശയിലാണ് കേരളഘടകം നിലയുറപ്പിച്ചിരിക്കുന്നത്. പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ ഭിന്നത പ്രതിഫലിക്കുമെന്നാണു സൂചന. പ്രകാശ് കാരാട്ടിനു പിന്നില്‍ കേരളഘടകം ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കുമ്പോള്‍ സീതാറാം യെച്ചൂരിക്ക് ബംഗാള്‍ഘടകത്തിന്റെ പിന്തുണയുണ്ട്. പാര്‍ട്ടി ദേശീയനേതൃത്വത്തിന്റെ മുഖമെന്ന നിലയില്‍ പ്രകാശ് കാരാട്ടിനൊപ്പം രാഷ്ട്രീയരംഗത്ത് ഒരു പതിറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന നേതാവെന്ന പരിവേഷം യെച്ചൂരിക്ക് അനുകൂലഘടകമാണ്. പ്രകാശ് കാരാട്ട് സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ പൊളിറ്റ് ബ്യൂറോ അംഗമായ സീതാറാം യെച്ചൂരി സ്വാഭാവികപിന്‍ഗാമിയായി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുമെന്നാണു കരുതപ്പെട്ടിരുന്നതെങ്കിലും പരസ്പരം ഏറ്റുമുട്ടുന്ന കാരാട്ട്-യെച്ചൂരി ദ്വന്ദ്വങ്ങള്‍ക്കിടയില്‍ മറ്റൊരു പൊളിറ്റ് ബ്യൂറോ അംഗമായ എസ്.രാമചന്ദ്രന്‍പിള്ള കേരളഘടകത്തിന്റെ പിന്തുണയോടെ കടന്നുവന്നാലും അദ്ഭുതപ്പെടേണ്ടതില്ല.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയോടെ ദേശീയരാഷ്ട്രീയത്തില്‍ പാര്‍ട്ടി ഒറ്റപ്പെട്ടെങ്കിലും ഇടതുപക്ഷത്തിന്റെ തനതുവ്യക്തിത്വം നിലനിര്‍ത്തി മുന്നോട്ടുപോകണമെന്ന നിലപാടാണ് കാരാട്ട് മുന്നോട്ടുവച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തും മാറിമാറി കൂട്ടുകെട്ടുകള്‍ പരീക്ഷിക്കുന്നതിനു പകരമായി ഇടതുപക്ഷഐക്യം വിപുലപ്പെടുത്തണമെന്നും ഇതിന്റെ ആദ്യപടിയെന്നനിലയില്‍ പത്തിലേറെവരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി സി.പി.എം. സഹകരിക്കണമെന്നുമുള്ള വാദവും കാരാട്ടുയര്‍ത്തുന്നു. ഇതിന്റെ ഭാഗമായി ഒരുകാലത്ത് സി.പി.എം. മാറ്റിനിര്‍ത്തിയിരുന്ന എസ്.യു.സി.ഐ.പോലുള്ള പാര്‍ട്ടികളുമായും സി.പി.എമ്മില്‍നിന്നുതന്നെ പിരിഞ്ഞുപോയവരടക്കമുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായും സഹകരിക്കാനും സി.പി.എം. തയ്യാറായിട്ടുണ്ട്.
എന്നാല്‍, ബംഗാളില്‍ കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അടുത്ത തിരഞ്ഞെടുപ്പില്‍ വീഴ്ത്താനാകുമെന്ന കണക്കുകൂട്ടലിലാണ് ബംഗാള്‍ഘടകത്തിന്റെ നീക്കം. തൃണമൂലിന്റെ എതിര്‍പ്പുമൂലം സംഘടനാപ്രവര്‍ത്തനംപോലും അസാധ്യമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അതിജീവനത്തിന് കോണ്‍ഗ്രസ് സഹകരണം അനിവാര്യമാണെന്നുമാണ് അവരുടെ വാദം.
പുതിയ ജനറല്‍ സെക്രട്ടറി ആരാകണമെന്നകാര്യത്തില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പത്തിനൊപ്പം പാര്‍ട്ടിയണികള്‍ ഉറ്റുനോക്കുന്നത് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെകാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നാണ്. പാര്‍ട്ടിനേതൃത്വത്തോടിടഞ്ഞ് ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍നിന്നിറങ്ങിവന്ന വി.എസ്. പിന്നീട് സംസ്ഥാനസമിതി-സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തിട്ടില്ല. പാര്‍ട്ടി സംസ്ഥാനനേതൃത്വം അഭ്യര്‍ഥിച്ചിട്ടും വി.എസ്. ഇക്കാര്യത്തില്‍ നിലപാടുമാറ്റാന്‍ തയ്യാറായിട്ടില്ല. ആനിലയ്ക്ക് പാര്‍ട്ടിനേതൃത്വവും വി.എസ്സുംതമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ പൂര്‍ണവിരാമമിടേണ്ടിവരും; ഈ പ്രശ്‌നം ഇനിയും നീട്ടിക്കൊണ്ടുപോവാന്‍ കഴിയില്ലെന്ന് സംസ്ഥാനനേതൃത്വം കര്‍ശനനിലപാടു സ്വീകരിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അച്ചടക്കനടപടികള്‍ക്കു സാധ്യതയില്ല. എന്നാല്‍, കേന്ദ്രകമ്മിറ്റിയില്‍ വി.എസ്സിനെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നു നിശ്ചയിക്കപ്പെടുന്നത് പാര്‍ട്ടികോണ്‍ഗ്രസിലാണ്. വി.എസ്സിന്റെ അച്ചടക്കലംഘനത്തിനെതിരെ നടപടിയുണ്ടായേപറ്റൂവെന്ന മുന്‍നിലപാടില്‍ സംസ്ഥാനനേതൃത്വം ഉറച്ചുനിന്നാല്‍ പേരിനെങ്കിലും നടപടിയുണ്ടാകും. അങ്ങനെവന്നാലും വി.എസ്സിനെ കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാക്കി നിലനിര്‍ത്താനാണു സാധ്യത.