കോഴിക്കോട്: വിദ്യാര്‍ഥിരാഷ്ടീയം മുതലുള്ള അനുഭവസമ്പത്തിന്റെ കരുത്തില്‍ എ.കെ. ബാലനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം പകര്‍ന്ന ഊര്‍ജസ്വലതയില്‍ എളമരം കരീമും സി.പി.എം. കേന്ദ്രക്കമ്മിറ്റിയില്‍ എത്തുമ്പോള്‍ കോഴിക്കോട് ജില്ലയ്ക്ക് ഇരട്ടനേട്ടം. ഇരുവരുടെയും നേതൃപാടവത്തിനുള്ള അംഗീകാരമാണ് പുതിയ സ്ഥാനലബ്ധി.
കോഴിക്കോട് ജില്ലക്കാരനായ എ.കെ. ബാലന്‍ പിന്നീട് പ്രവര്‍ത്തനമേഖല പാലക്കാട്ടേക്ക് മാറ്റുകയായിരുന്നു. മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തുകാരനായ എളമരം കരീമിനാകട്ടെ എന്നും കോഴിക്കോടാണ് കര്‍മമണ്ഡലം.
നാദാപുരത്തിനടുത്ത് ആവോലത്തെ വീട്ടില്‍നിന്ന് പഠിച്ചുവളര്‍ന്ന് കരുത്തുറ്റ വിദ്യാര്‍ഥിനേതാവായി സമരമുഖത്ത് തിളങ്ങിയ ബാലന്‍ എസ്.എഫ്.ഐ. സംസ്ഥാനപ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജിലും കോഴിക്കോട് ഗവ. ലോ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ ബാലന്‍ അന്നേ മികച്ച സംഘാടകനെന്ന നിലയില്‍ ശ്രദ്ധേയനായി. ബ്രണ്ണന്‍ കോളേജില്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു.
പാര്‍ട്ടി തീരുമാനപ്രകാരം പ്രവര്‍ത്തനമേഖല പിന്നീട് പാലക്കാട്ടേക്ക് മാറ്റിയ അദ്ദേഹം അവിടെ, ജില്ലാ കൗണ്‍സില്‍ പ്രസിഡന്‍റ്, ഒറ്റപ്പാലത്തുനിന്നുള്ള ലോക്‌സഭാംഗം, കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വൈദ്യുതി-പട്ടികജാതി വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഭരണാധികാരി എന്ന നിലയിലും പേരെടുത്തു. സി.ഐ.ടി.യു. കേന്ദ്രകൗണ്‍സില്‍ അംഗം കൂടിയായ ബാലന്‍ ഇപ്പോള്‍ പാലക്കാട്ടെ തരൂര്‍ മണ്ഡലത്തില്‍നിന്ന് എം.എല്‍.എ. ആണ്. ആരോഗ്യവകുപ്പ് ഡയറക്ടറായി വിരമിച്ച ഡോ. പി.കെ. ജമീലയാണ് ഭാര്യ.
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് തൊഴിലാളിയായിരിക്കെ അവിടത്തെ കരാര്‍ത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് എളമരം കരീം ട്രേഡ് യൂണിയന്‍ രംഗത്തേക്ക് വന്നത്. 1996-ല്‍ ആദ്യമായി കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍നിന്ന് നിയമസഭാംഗമായി. 2006-ല്‍ ബേപ്പൂരില്‍നിന്ന് ജയിച്ച് വ്യവസായമന്ത്രിയായി. കേരളസോപ്‌സ് ഉള്‍പ്പെടെ അന്ന് പൂട്ടിക്കിടന്ന പല വ്യവസായസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിപ്പിച്ച് കരീം മന്ത്രിയെന്ന നിലയില്‍ ശ്രദ്ധേയനായി. നിലവില്‍ എം.എല്‍.എ.യും സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറിയുമാണ്. മലപ്പുറം സംസ്ഥാനസമ്മേളനത്തിനുശേഷം സി.പി.എം. സംസ്ഥാനകമ്മിറ്റിയില്‍ എത്തിയ കരീം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റഹ്മത്താണ് ഭാര്യ.