പുതിയ ജനറല്‍ സെക്രട്ടറി, ആകാംക്ഷ നിലനിര്‍ത്തി യെച്ചൂരി

ആര്‍. ഹരികുമാര്‍ Posted on: 18 Apr 2015

വിശാഖപട്ടണം: പുതിയ സി.പി.എം. ജനറല്‍ സെക്രട്ടറി ആരായിരിക്കുമെന്നകാര്യത്തില്‍ ആകാംക്ഷ നിലനിര്‍ത്തി പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി.

സി.പി.എമ്മില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പാര്‍ട്ടി ജനാധിപത്യതത്ത്വമനുസരിച്ചാണ് നിശ്ചയിക്കുക. അടുത്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ പുതിയ കേന്ദ്രകമ്മിറ്റി തിരഞ്ഞെടുക്കും . പാര്‍ട്ടിയില്‍ കുടുംബഭരണമില്ല. 'റിമോട്ട് കണ്‍ട്രോള്‍' ഭരണവുമില്ല. ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടി കോണ്‍ഗ്രസ്സിനുമുന്നില്‍ ഇതുവരെ എത്തിയിട്ടില്ല. പുതിയ കേന്ദ്രകമ്മിറ്റിയെ തിരഞ്ഞെടുത്തതിനുശേഷമേ അത്തരം ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കൂയെന്നും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ച അദ്ദേഹം വ്യക്തമാക്കി.

അടുത്ത ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുന്നതുസംബന്ധിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ ഭിന്നത നിലനില്‍ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്കുള്ള തന്റെ സാധ്യതകള്‍ സംബന്ധിച്ച പ്രവചനങ്ങളെ തള്ളാതെയും കൊള്ളാതെയും യെച്ചൂരി രംഗത്തെത്തിയത്.

യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാത്തതും ഹിന്ദിഭൂമിയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയാത്തതും തിരിച്ചടിയാകുന്ന സാഹചര്യത്തില്‍ പുതിയ ജനറല്‍ സെക്രട്ടറി യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്നയാളും ഹിന്ദിയില്‍ പ്രവീണ്യമുള്ളയാളുമാകുമോയെന്ന ചോദ്യത്തിന് എല്ലാ കാര്യങ്ങളും പരിഗണിച്ചശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. എന്നാല്‍, രാഷ്ട്രീയജ്ഞാനത്തിനാണ് മുഖ്യപരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകാശ് കാരാട്ടും കേരളഘടകവും താങ്കള്‍ അടുത്ത ജനറല്‍ സെക്രട്ടറിയാകുന്നതിനെ എതിര്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് നിങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യത്തിന് നിങ്ങള്‍തന്നെ ഉത്തരം കണ്ടെത്തണമെന്നായിരുന്നു മറുപടി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗത്തില്‍ സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറിയാകുമോ പുതിയ ജനറല്‍ സെക്രട്ടറിയുടെ പേര് നിര്‍ദേശിക്കുകയെന്ന ചോദ്യത്തിന് അങ്ങനെയാണ് കീഴ്വഴക്കമെങ്കിലും പുതിയ കേന്ദ്രകമ്മിറ്റിയില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറി ഇല്ലെങ്കില്‍ മറ്റ് അംഗങ്ങളാരെങ്കിലും ആ ചുമതല നിര്‍വഹിക്കുമെന്ന് ഫലിതരൂപേണ യെച്ചൂരി മറുപടിനല്‍കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിലെ ചര്‍ച്ചയില്‍ വിമര്‍ശം ഉണ്ടായതായി യെച്ചൂരി സമ്മതിച്ചു.

കോണ്‍ഗ്രസ്സുമായി ഭാവിയിലുണ്ടാകാവുന്ന സഹകരണസാധ്യത തള്ളിക്കളയാതെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ജനകീയവിഷയങ്ങളില്‍ സഹകരിക്കുന്നത് തിരഞ്ഞെടുപ്പ് സഖ്യമല്ല. ഭാവിയിലെ സഹകരണം ഉരുത്തിരിഞ്ഞുവരുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്നും യെച്ചൂരി വിശദീകരിച്ചു. അതേസമയം രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ നയങ്ങളാണ് ബി.ജെ.പി.ക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വന്തം ശക്തിവര്‍ധിപ്പിക്കുക എന്നതിലാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



1

 

ga