ചെങ്കടലായി തുറമുഖ നഗരി, പാര്‍ട്ടികോണ്‍ഗ്രസ്സ് കൊടിയിറങ്ങി
സി.കെ. റിംജു
Posted on: 20 Apr 2015
വിശാഖപട്ടണം: തുറമുഖനഗരിയുടെ വാനില്‍ ആറുനാള്‍ പാറിപ്പറന്ന ചെങ്കൊടി താഴ്ന്നു. നഗരത്തെ ചെമ്പട്ടണിയിച്ച റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെയും രാമകൃഷ്ണ കടല്‍പ്പുറത്തെ പൊതുസമ്മേളനത്തോടെയും 21-ാം പാര്‍ട്ടികോണ്‍ഗ്രസ്സിന് സമാപനം.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിപ്ലവം പൂത്ത ആന്ധ്രയുടെ മണ്ണില്‍ ആ വിപ്ലവവീര്യം ചോര്‍ന്നുപോയിട്ടില്ലെന്ന് വിളിച്ചോതുന്നതായിരുന്ന മാര്‍ച്ച്. വിശാഖപട്ടണം ആര്‍.ടി.സി. കോംപ്ലക്‌സിനടുത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ ചുവപ്പുവസ്ത്രങ്ങളണിഞ്ഞ് ചെങ്കൊടിയേന്തിയ ആയിരങ്ങള്‍ ആര്‍.കെ. പുരം കടപ്പുറത്ത് ഒത്തുചേര്‍ന്നപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് അത് മറ്റൊരു ചെങ്കടലായി.
പൊതുസമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബോസ്, പിണറായി വിജയന്‍, കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വൃന്ദ കാരാട്ട്, മുഹമ്മദ് സലിം, ആന്ധ്ര സംസ്ഥാന സെക്രട്ടറി പി. മധു എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു. പി.ബി. അംഗം ബി.വി. രാഘവലു അധ്യക്ഷത വഹിച്ചു.