'കേരളം തോറ്റു: ബംഗാള്‍ ജയിച്ചു'

Posted on: 19 Apr 2015


ഫുട്‌ബോളിലെ സ്ഥിരം 'ശത്രുക്കള്‍' സി.പി.എം രാഷ്ട്രീയത്തിലും ചേരിതിരിഞ്ഞ് പുതിയ ജനറല്‍ സെക്രട്ടറിക്കായി കളത്തിലിറങ്ങിയപ്പോള്‍ അന്തിമ വിജയം ബംഗാളിന്. മത്സരത്തിന്റെ ഗതിവിഗതികള്‍ മാറിമറിഞ്ഞ് അത്യന്തം ആവേശവും പിരിമുറുക്കവും നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ് ക്ലൈമാക്‌സില്‍ യെച്ചൂരിയിലൂടെ ബംഗാളിന്റെ വിജയം വന്നത്. ബംഗാള്‍ ഘടകം ഒറ്റക്കെട്ടായി യെച്ചൂരിക്കായി ഇറങ്ങിയപ്പോള്‍ കേരള-തമിഴ്‌നാട് ഘടകങ്ങളാണ് എസ്.ആര്‍.പിക്കായി മുന്നിട്ടിറങ്ങിയത്.

സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ എല്ലാ അനുഗ്രഹാശിസുകളും എസ്.ആര്‍.പിക്കുണ്ടായിരുന്നു. ചര്‍ച്ചയൊക്കെ നിര്‍ത്തി വോട്ടെടുപ്പ് നടത്തിനോക്കാം എന്ന യെച്ചൂരിയുടെ തന്ത്രത്തിന് മറുപടി എതിര്‍പക്ഷത്തിനുണ്ടായിരുന്നില്ല എന്നതാണ് സത്യം. കാരാട്ട്-എസ്.ആര്‍.പി പക്ഷം യെച്ചൂരി പതിനെട്ടാമത്തെ അടവായി മത്സരത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇവിടെയാണ് കേരള നേതാക്കള്‍ക്കും നീക്കങ്ങള്‍ പിഴച്ചത്. പി.ബിയിലെ മുന്‍തൂക്കം ആയുധമാക്കി എസ്.ആര്‍.പി തന്നെ ജയിക്കും എന്ന് കേരള നേതാക്കള്‍ ഉറപ്പിച്ചതാണ്. 91 പേരടങ്ങുന്ന കേന്ദ്രകമ്മിറ്റിയില്‍ മത്സരിച്ച് തോല്‍ക്കുന്ന നാണക്കേട് ഒഴിവാക്കി എസ്.ആര്‍.പി പിന്മാറിയതോടെ എന്നന്നേക്കുമായി അദ്ദേഹത്തിന്റെ സാധ്യതയുമാണ് അടയുന്നത്. പാര്‍ട്ടിയുടെ പ്രായപരിധിയായ 80 വയസ്സ് തികയാന്‍ മൂന്നു വര്‍ഷം മാത്രം ബാക്കിയുള്ള എസ്.ആര്‍.പിക്ക് ഇനി ജനറല്‍ സെക്രട്ടറിയാകാനുള്ള ബാല്യവുമില്ല. യഥാര്‍ഥത്തില്‍ യെച്ചൂരിയിലൂടെ സി.പി.എമ്മില്‍ പുതിയൊരു യുഗം തുടങ്ങുകയാണ്.

കാരാട്ടിന് പിന്മാഗാമി യെച്ചൂരി മാത്രം എന്ന നിലയായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുമ്പോഴത്തെ നില. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ചര്‍ച്ചകളിലേക്ക് പൊടുന്നനെ എസ്.ആര്‍.പി എന്ന എസ് രാമചന്ദ്രന്‍പിള്ളയുടെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രംഗപ്രവേശം ചെയ്തു. അതോടെ ചര്‍ച്ചകള്‍ രണ്ട് ചേരിയായി മാറി. ഇരുപക്ഷവും തന്ത്രങ്ങള്‍ ഒരുക്കി കാത്തിരുന്നു. ശനിയാഴ്ച രാത്രിയിലെ നിര്‍ണായക പി.ബി യോഗത്തില്‍ ഭൂരിപക്ഷവും എസ്.ആര്‍.പിയെ തുണച്ചു. യഥാര്‍ഥ കളിദിനമായ ഇന്ന് രാവിലെ വരെ എസ്.ആര്‍.പിക്കായിരുന്നു ലീഡ്.

കാരാട്ടിന്റെ പിന്തുണയോടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച എസ്.ആര്‍.പിക്ക് നിര്‍ണായകമായത് പിണറായി, കോടിയേരി, ബേബി, എ.കെ പത്മനാഭന്‍ എന്നീ നാല് മലയാളി പി.ബി അംഗങ്ങളുടെ നിലപാടുകളായിരുന്നു. ശനിയാഴ്ച രാത്രി ചേര്‍ന്ന പി.ബി യോഗത്തില്‍ എട്ട് പേര്‍ എസ്.ആര്‍.പിയെ പിന്തുണച്ചപ്പോള്‍ അഞ്ച് പേര്‍ യെച്ചൂരിക്കൊപ്പം നിന്നു. അനാരോഗ്യത്തെ തുടര്‍ന്ന് പി.ബി യോഗത്തിനെത്താത്ത ബുദ്ധദേബും നിരുപം സെന്നും യെച്ചൂരി ജനറല്‍ സെക്രട്ടറിയാകണമെന്ന നിലപാട് രേഖാമൂലം കാരാട്ടിനെ അറിയിച്ചിരുന്നു. രാത്രി ഇരുട്ടി വെളുത്ത് നിര്‍ണായക ദിനത്തിലെ ചര്‍ച്ചകള്‍ തുടങ്ങുമ്പോഴും പന്ത് കാരാട്ടിന്റെയും എസ്.ആര്‍.പിയുടേയും കോര്‍ട്ടിലായിരുന്നു. എന്നാല്‍ പൊടുന്നനെ കളി മാറി. അന്തിമറൗണ്ടായ കേന്ദ്രകമ്മിറ്റിയിലേക്ക് നീങ്ങുംവരെ ലീഡ് നിലനിര്‍ത്തിയ എസ്.ആര്‍.പിക്ക് വളരെപ്പെട്ടെന്നാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.

ജ്യോതിബസുവും, സുര്‍ജിത്തും പുലര്‍ത്തിയ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായി കരുതപ്പെടുന്ന സീതാറാം യെച്ചൂരി എന്നും ബംഗാള്‍ നേതാക്കളുടെ ശബ്ദമായിരുന്നു. ബംഗാളിന്റെ ചുമതല ഏറെക്കാലം വഹിച്ചതും അക്കാര്യത്തില്‍ യെച്ചൂരിക്ക് തുണയായി. മറുവശത്ത് എസ്.ആര്‍.പിയുടെ കാര്യത്തില്‍ ഒരു മലയാളി ജനറല്‍ സെക്രട്ടറിയാകുന്നതിലുള്ള താത്പര്യം മാത്രമായിരുന്നില്ല സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നത്.



ഇന്ത്യ-അമേരിക്ക ആണവക്കരാറിന്റെ പേരില്‍ ഒന്നാം യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ സി.പി.എം പിന്‍വലിച്ചത് ഇന്നും ദഹിക്കാത്തവരാണ് ബംഗാളിലെ നേതാക്കള്‍. ആ തീരുമാനമാണ് സി.പി.എമ്മിനെ ദേശീയ രാഷ്ട്രീയത്തില്‍ ഇന്നത്തെ നിലയിലെത്തിച്ചതെന്ന് അവര്‍ വാദിക്കുന്നു. ബംഗാളില്‍ മാത്രമല്ല ദേശീയ തലത്തിലും ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനോട് പോലും കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന് അവര്‍ വാദിക്കുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ സാധ്യത പരിശോധിക്കുന്ന യെച്ചൂരിയും ഒരുപരിധി വരെ ഈ വാദത്തെ പിന്തുണക്കുന്നു. ഇതിന് ഘടകവിരുദ്ധമാണ് സി.പി.എം കേരള ഘടകത്തിന്റെ സമീപനവും നിലപാടുകളും. അതിന് പ്രധാന കാരണം കേരളത്തില്‍ കോണ്‍ഗ്രസാണ് സി.പി.എമ്മിന്റെ മുഖ്യശത്രു.

കാലത്തിനനുസരിച്ച് പാര്‍ട്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഭാവിയില്‍ കോണ്‍ഗ്രസ് ബാന്ധവം സി.പി.എം സ്വീകരിച്ചാലോ എന്ന അപകടവും കേരള ഘടകം മുന്നില്‍ കണ്ടു. പാര്‍ട്ടി നയത്തിലും രാഷ് ട്രീയധാരയിലും ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത എസ്.ആര്‍.പി ജനറല്‍ സെക്രട്ടറിയാകുന്നതോടെ ആ പ്രതിസന്ധി ഒഴിയുമെന്ന് പിണറായിയും സംഘവും വിശ്വസിച്ചു. എല്ലാ അര്‍ഥത്തിലും കാരാട്ടിന്റെ പ്രതിരൂപം തന്നെയായിരുന്നു എസ്.ആര്‍.പി. പാര്‍ട്ടി തത്വങ്ങളിലും നിലപാടുകളിലും യാതൊരുവിട്ടുവീഴ്ചയ്ക്കും എസ്.ആര്‍.പി ഒരുക്കമല്ല. അതുവഴി സി.പി.എമ്മിന്റെ നയരൂപീകരണത്തിലും കേരളത്തിന്റെ ശബ്ദത്തിനാകും ഇനി വില കൂടുതല്‍ എന്നും പിണറായിയും കോടിയേരും അടങ്ങുന്ന കേരളം കരുതി. പക്ഷേ എല്ലാം കൈവിട്ടു. പിണറായി പക്ഷം നിരാശരായി മടങ്ങുമ്പോള്‍ ഒരുമുഴം മുമ്പെ യെച്ചൂരിക്ക് പരസ്യമായി വിജയാശംസയുമായി ഇറങ്ങിയ വി.എസിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ചര്‍ച്ചാഗതി പോലും മാറ്റി. വി.എസിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പോലും ഒഴിവാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന നേതൃത്വത്തിന് എന്നും വി.എസിനെ പിന്തുണക്കുന്ന യെച്ചൂരിയുടെ നിലപാടിന് ഇനി വഴങ്ങേണ്ടി വരും. നിര്‍ണായക കേന്ദ്രകമ്മിറ്റിക്ക് നില്‍ക്കാതെ നാട്ടിലേക്ക് തിരിച്ച വി.എസ് യെച്ചൂരിക്ക് അനുകൂലമായി ചര്‍ച്ചകള്‍ മാറിയതോടെ തിരികെ സമ്മേളനസ്ഥലത്തെത്തുകയായിരുന്നു.

കാരാട്ടിന്റെ നയങ്ങളോട് വിയോജിപ്പുള്ള ബംഗാള്‍ ഘടകം പ്രത്യേകിച്ച് ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് കുറേക്കാലമായി പി.ബി യോഗത്തിന് പോലും എത്താറില്ല. തൃണമൂലിനേയും ബി.ജെ.പിയുടെ അപ്രതീക്ഷിത മുന്നേറ്റത്തെ തടയാന്‍ കോണ്‍ഗ്രസുമായി പോലും ചേരണമെന്ന് വാദിക്കുന്ന ബംഗാള്‍ നേതാക്കളുടെ വാക്കുകള്‍ക്ക് ഇനി വിലയേറും. യെച്ചൂരിയും അവരോടൊപ്പം ചേര്‍ന്നാല്‍ കേരള ഘടകത്തിന്റെ നിലപാടുകളാണ് ഇനി ഉറ്റുനോക്കേണ്ടത്.



1

 

ga