വിശാഖപട്ടണം: സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ വി.എസ്. അച്യുതാനന്ദന്‍ പുതിയ കേന്ദ്രക്കമ്മിറ്റിയില്‍ ക്ഷണിതാവ് മാത്രമായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോന്ന് 1964-ല്‍ സി.പി.എം. രൂപവത്കരിച്ച 32 നേതാക്കളില്‍ ജീവിച്ചിരിക്കുന്നത് വി.എസ്. മാത്രമാണ്. കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പ്രായപരിധി 80 വയസ്സാണെങ്കിലും കോഴിക്കോട്ടെ പാര്‍ട്ടി കോണ്‍ഗ്രസ്സിലേതുപോലെ ഇത്തവണയും വി.എസ്സിന് ഇളവനുവദിച്ചു.
പക്ഷേ, ആ ആനുകൂല്യം കേന്ദ്രക്കമ്മിറ്റിയിലെ ക്ഷണിതാവിലൊതുങ്ങി. തന്നെ ഒഴിവാക്കാനുള്ള സംസ്ഥാനഘടകത്തിന്റെ നീക്കം ഫലിച്ചില്ലെന്നതില്‍ വി.എസ്സിന് ആശ്വസിക്കാമെന്നുമാത്രം. ക്ഷണിതാക്കള്‍ക്ക് പാര്‍ട്ടിക്കമ്മിറ്റികളില്‍ വോട്ടുചെയ്യാനുള്ള അവകാശമില്ല.
തുടക്കം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ ഔദ്യോഗികപക്ഷത്തിനെതിരെയുള്ള പടയൊരുക്കത്തില്‍ സഹായിച്ച യെച്ചൂരി ജനറല്‍ സെക്രട്ടറിയായതിനാല്‍ വി.എസ്സിന് പ്രതിപക്ഷനേതൃസ്ഥാനം നഷ്ടപ്പെടുന്ന ഭീഷണി തത്കാലമില്ല. അതുനേടിയെടുക്കുക സംസ്ഥാനനേതൃത്വത്തിന് എളുപ്പവുമല്ല. ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ ഇറങ്ങിപ്പോയതിന്റെ പേരില്‍ വി.എസ്സിനെതിരെ അച്ചടക്കനടപടിയെടുക്കാനുള്ള നീക്കം പി.ബി.യിലും കേന്ദ്രക്കമ്മിറ്റിയിലും പരാജയപ്പെടുത്തിയത് യെച്ചൂരിയുടെ ഇടപെടലായിരുന്നു.