വിശാഖപട്ടണം: ''ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതില്‍ നാടകീയതയുണ്ടാവില്ല''-പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞത് ഇങ്ങനെ. എന്നാല്‍, ശനിയാഴ്ച രാത്രി മൂന്നുമണിക്കൂറോളം നീണ്ട മാരത്തണ്‍ പി.ബി.ക്കു പുറമേ, ഞായറാഴ്ച രാവിലെനടന്ന നേതൃയോഗത്തിലും നാടകീയത പ്രതിഫലിച്ചു.
നാടകീയതയുണ്ടാവില്ലെന്നുള്ള യെച്ചൂരിയുടെ വാക്കുകള്‍ പിഴച്ചു. ഒപ്പം, ആദ്യം മുതലേ എസ്.ആര്‍.പി.ക്കുവേണ്ടി വാദിച്ച കേരള ഘടകത്തിന്റെ കണക്കുകൂട്ടലുകളും. പി.ബി.യില്‍ മാത്രമല്ല, കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ എസ്.ആര്‍.പി.ക്ക് അനുകൂലമായി പ്രചാരണം നടത്തിയ കേരള ഘടകത്തിന്റെ നീക്കങ്ങളും ഫലവത്തായില്ല. ബംഗാള്‍ ഘടകത്തിന്റെ അടിയുറച്ച നിലപാടിനുപുറമേ, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ ഇടപെടലുകളും യെച്ചൂരിക്ക് വഴിയൊരുക്കി.
ഞായറാഴ്ച രാവിലെ ചേര്‍ന്ന പി.ബി.യിലും എസ്.ആര്‍.പി.ക്കനുകൂലമായി പ്രകാശ് കാരാട്ടും കേരള ഘടകവും വാദമുഖങ്ങള്‍ നിരത്തിയതോടെ, ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ പുതിയ കേന്ദ്രക്കമ്മിറ്റിയില്‍ മത്സരമുണ്ടാവുമെന്നതിന്റെ മുന്നറിയിപ്പ് യെച്ചൂരി നല്‍കി. ഏറെ ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം. യെച്ചൂരിയെ പരിഗണിച്ചില്ലെങ്കില്‍ മത്സരം വേണ്ടിവരുമെന്ന് ശനിയാഴ്ചത്തെ പി.ബി.യില്‍ ബിമന്‍ ബോസടക്കമുള്ള ബംഗാള്‍ നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിരുന്നു.
കാര്യങ്ങള്‍ കുഴഞ്ഞുമറിയുമെന്ന സ്ഥിതിയായതോടെ, ഐക്യത്തോടെ മുന്നോട്ടുപോവാന്‍ കാരാട്ടിന്റെ ശ്രമമുണ്ടായി. ശനിയാഴ്ച രാത്രിവരെ ഉറച്ചുനിന്ന എസ്.ആര്‍.പി. ഞായറാഴ്ചത്തെ പി.ബി.യില്‍ മനസ്സുമാറ്റി. മത്സരത്തിന് താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ കാറും കോളും നീങ്ങി.
പാര്‍ലമെന്റിലും പുറത്തും വര്‍ധിതവീര്യത്തോടെ പാര്‍ട്ടിക്കുവേണ്ടി പോരാടുന്ന സീതാറാം യെച്ചൂരി, മാറിയ കാലത്തെ വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ പാര്‍ട്ടിക്കുള്ളിലും സമരസജ്ജനാവുകയായിരുന്നു. ജനറല്‍ സെക്രട്ടറിയായി സമ്മേളന നഗരിയില്‍ പ്രഖ്യാപിക്കപ്പെടുമ്പോഴും പിന്നീട് പ്രതിനിധികളോട് സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് അജയ്യതയുടെ മിന്നലാട്ടമുണ്ടായി.
തന്റെ ഉത്തരവാദിത്വം കാര്യക്ഷമമായി നിറവേറ്റാന്‍ പരമാവധി ശ്രമിക്കുമെന്ന് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം പ്രതിനിധികളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇതൊരു അംഗീകാരവും ഭാരിച്ച ഉത്തരവാദിത്വവുമാണ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലത്താണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. പാര്‍ട്ടിയുടെ മാത്രമല്ല, ഇന്ത്യയുടെയും ഇടതുപക്ഷ ഐക്യത്തിന്റെയും ഭാവിക്കുവേണ്ടിയുള്ളതാണ് ഈ സമ്മേളനം. സംഘടന സ്വന്തം നിലയില്‍ ശക്തിപ്പെടുത്താതെ ഇടതുപക്ഷത്തെ വളര്‍ത്താനാവില്ല. അതിനുള്ള ചര്‍ച്ചകളും തീരുമാനങ്ങളും ഈ വര്‍ഷം അവസാനം നടക്കുന്ന പ്ലീനത്തിലുണ്ടാവും. പാര്‍ട്ടിയിലെ ഐക്യത്തിനുപുറമേ, സമരങ്ങളിലും ഐക്യനിര പടുത്തുയര്‍ത്താന്‍ ശ്രമിക്കും. പാര്‍ട്ടിയെ കൂട്ടായി മുന്നോട്ടുകൊണ്ടുപോവുമെന്നും യെച്ചൂരി പറഞ്ഞു.
വര്‍ഗീയശക്തികള്‍ നേതൃത്വം നല്‍കുന്നുവെന്ന് മാത്രമല്ല, ഉദാരീകരണനയങ്ങള്‍ അതിവേഗത്തില്‍ നടപ്പാക്കുന്ന സര്‍ക്കാറാണ് നരേന്ദ്രമോദിയുടേത്. വര്‍ഗീയത, നവ ഉദാരീകരണനയങ്ങള്‍, ജനാധിപത്യ മര്യാദകളുടെ ലംഘനം എന്നീ ത്രിമൂര്‍ത്തികളാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന അപകടം. ഇതൊരു ത്രിശൂലമായി ഇന്ത്യയുടെ ഹൃദയത്തില്‍ തുളച്ചുകയറാതിരിക്കാന്‍ പാര്‍ട്ടി ചെറുക്കുമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി പൊരുതുമെന്നും പോരാടി വിജയിക്കുമെന്നും കരഘോഷങ്ങള്‍ക്കിടയില്‍ സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു.
കേരളത്തിലെ പ്രശ്‌നങ്ങള്‍ പ്ലീനത്തില്‍ ചര്‍ച്ച ചെയ്യും കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ പ്ലീനം ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം യെച്ചൂരി 'മാതൃഭൂമി'യോട് പറഞ്ഞു. സംഘടനാപ്രശ്‌നങ്ങളെല്ലാം പാര്‍ട്ടി വിശദമായി പരിശോധിക്കും. സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ്. പരാതിയുന്നയിച്ചിട്ടുള്ള സാഹചര്യത്തില്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളോട് എന്തുസമീപനം സ്വീകരിക്കുമെന്ന് ചോദിച്ചപ്പോഴായിരുന്നു യെച്ചൂരിയുടെ മറുപടി.
പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളും തീരുമാനങ്ങളും പ്ലീനത്തിലുണ്ടാവും.
വി.എസ്. കമ്മിറ്റികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിനുവേണ്ടിയാണ് അദ്ദേഹത്തെ കേന്ദ്രക്കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയത്. പ്രായാധിക്യത്തെത്തുടര്‍ന്നാണ് വി.എസ്സിനെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്നും യെച്ചൂരി വ്യക്തമാക്കി.
കേരളത്തില്‍ ഇടതുമുന്നണി വിട്ട ആര്‍.എസ്.പി. അടക്കമുള്ള പാര്‍ട്ടികളെ മടക്കിക്കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയതലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വിപുലീകരിക്കാനാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനം. ഇതിന് മുന്‍കൈയെടുക്കുമെന്നും പുതിയ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.