വിശാഖപട്ടണം : പുതിയ കേന്ദ്രക്കമ്മിറ്റി, പൊളിറ്റ്ബ്യൂറോ എന്നിവയുടേയും ജനറല്‍സെക്രട്ടറിയുടേയും തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നുവെന്ന് സ്ഥാനമൊഴിഞ്ഞ സി.പി.എം. ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനമൊഴിഞ്ഞ കേന്ദ്രക്കമ്മിറ്റി നിര്‍ദേശിച്ച 91 അംഗ പുതിയകേന്ദ്രക്കമ്മിറ്റിയുടെ പാനല്‍ ഏകകണ്ഠമായാണ് അംഗീകരിക്കപ്പെട്ടത്. പുതിയ കേന്ദ്രക്കമ്മിറ്റിയുടെ യോഗത്തില്‍ എസ്. രാമചന്ദ്രന്‍പിള്ളയായിരുന്നു അധ്യക്ഷന്‍. ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരിയുടെ പേര് നിര്‍ദേശിച്ചത് താനായിരുന്നു -അദ്ദേഹം പറഞ്ഞു.
741 പ്രതിനിധികളാണ് ആറുദിവസമായി നടന്ന കോണ്‍ഗ്രസ്സില്‍ പങ്കെടുത്തത്. 71പേര്‍ നിരീക്ഷകരായും പങ്കെടുത്തു. മൊത്തം 40 മണിക്കൂര്‍ സമയമാണ് പാര്‍ട്ടികോണ്‍ഗ്രസ്സ് ചേര്‍ന്നത്. ഇതില്‍ 22 മണിക്കൂര്‍ ചര്‍ച്ച നടന്നു. 122 പേര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു- കാരാട്ട് പറഞ്ഞു.