സി.പി.എം. ഇനി ചര്‍ച്ച താഴെത്തട്ടുമുതല്‍

പി.കെ. മണികണ്ഠന്‍ Posted on: 19 Apr 2015

ആം ആദ്മിയെ സമഗ്രമായി വിലയിരുത്തും

വിശാഖപട്ടണം:
പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷം സംഘടനാപരമായ പാളിച്ചകള്‍ തിരുത്താന്‍ താഴെത്തട്ടുമുതലുള്ള ചര്‍ച്ചകള്‍ക്ക് സി.പി.എം. മുന്‍കൈയെടുക്കും. ഈ വര്‍ഷം അവസാനത്തോടെ പ്ലീനം വിളിച്ചുചേര്‍ക്കും. ഇതുസംബന്ധിച്ച പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു. പ്രതിനിധികള്‍ നിര്‍ദേശിച്ച 473 ഭേദഗതികളില്‍ 55 എണ്ണം അംഗീകരിച്ച് കരടുരാഷ്ട്രീയപ്രമേയം ഏകകണ്ഠമായി പാസ്സാക്കി. ആം ആദ്മി പാര്‍ട്ടിയെക്കുറിച്ച് സമഗ്രമായ വിലയിരുത്തല്‍ നടത്തും.

പാര്‍ട്ടി ഘടകങ്ങള്‍, ബഹുജനമുന്നണികള്‍ എന്നിവയുടെ അവസ്ഥ, ബഹുജനാടിത്തറ വികസിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവയടങ്ങുന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാനങ്ങളില്‍നിന്നു തേടും. സംസ്ഥാനതല റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷം പി.ബി. കരടുരേഖ തയ്യാറാക്കി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കും. തുടര്‍ന്ന്, ഭേദഗതികളോടെ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. സംസ്ഥാനതല ഭേദഗതികൂടി അംഗീകരിച്ചുള്ള റിപ്പോര്‍ട്ടാവും പ്ലീനത്തില്‍ അവതരിപ്പിക്കുക.

ആം ആദ്മി പാര്‍ട്ടിയെക്കുറിച്ച് പഠിക്കാനും പരിശോധിക്കാനും തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശം ചുരുങ്ങിപ്പോയെന്നും ഡല്‍ഹി ഘടകത്തിലെ അനുരാഗ് സക്‌സേന വിമര്‍ശനം ഉന്നയിച്ചിരുന്നു. യുവാക്കളടക്കമുള്ളവരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതാണ് ആം ആദ്മിയുടെ നേട്ടമെന്ന് അടവുനയചര്‍ച്ചയില്‍ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എം.ബി. രാജേഷ് ചൂണ്ടിക്കാട്ടിയിരുന്നു. ആം ആദ്മി ഇതുവരെ നയപരിപാടികള്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പി.ബി. അംഗം എസ്. രാമചന്ദ്രന്‍ പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കുമെതിരെയുള്ള തന്ത്രമെന്നനിലയ്ക്കാണ് ആം ആദ്മിയെ തിരഞ്ഞെടുപ്പില്‍ പിന്തുണച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഭാഗീയത അടക്കമുള്ള സംഘടനാപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്ലീനം ഒക്ടോബര്‍ ഒടുവിലോ നവംബര്‍ ആദ്യമോ ബംഗാളില്‍ നടക്കാനാണ് സാധ്യത.



1

 

ga