വര്‍ഗീയത തടയാന്‍ പുതിയ മാര്‍ഗവുമായി സി.പി.എം.
വിശാഖപട്ടണം: കേരളത്തിലെ വിഭാഗീയതയും സംഘടനാതര്‍ക്കങ്ങളും പരിഹരിക്കാന്‍ കഴിയാതിരുന്നത് കേന്ദ്രനേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സിലെ ചര്‍ച്ചയില്‍ വിമര്‍ശം. മഹാരാഷ്ട്രയില്‍നിന്നുള്ള പ്രതിനിധി ഉദയ് ശര്‍മയുടേതാണ് ഈ കുറ്റപ്പെടുത്തല്‍. ഏറെക്കാലമായി നിലനില്‍ക്കുകയും ചര്‍ച്ചയാവുകയും ചെയ്യുന്ന പ്രശ്‌നങ്ങള്‍ ഇതുവരെയും പരിഹരിക്കാന്‍ കേന്ദ്രനേതൃത്വത്തിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.
കരടുരാഷ്ട്രീയപ്രമേയത്തിന്മേലുള്ള പൊതുചര്‍ച്ചയില്‍ ഇതടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രനേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശമുയര്‍ന്നു. റിപ്പോര്‍ട്ടില്‍ ആം ആദ്മി പാര്‍ട്ടിയെ ചെറുതാക്കിക്കണ്ട നേതൃത്വത്തിന്റെ നിലപാടിനെ ഡല്‍ഹിയില്‍നിന്നുള്ള പ്രതിനിധി ചോദ്യംചെയ്തു. ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തെ ആഴത്തില്‍ പരിശോധിക്കാനും പഠിക്കാനും തയ്യാറാവണമെന്ന് ഡല്‍ഹിയില്‍നിന്നുള്ളവര്‍ ആവശ്യപ്പെട്ടു. മധ്യവര്‍ഗക്കാരെയും യുവാക്കളെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ നയപരിപാടികള്‍ ഇല്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. റിപ്പോര്‍ട്ടില്‍ ആം ആദ്മി പാര്‍ട്ടിയെ ചുരുക്കിക്കണ്ടെന്നാണ് ഡല്‍ഹി ഘടകത്തിന്റെ വിമര്‍ശം.
വിദ്യാര്‍ഥി, യുവജന മേഖലകളിലെ പ്രശ്‌നങ്ങള്‍ വിശദമായി പ്രതിപാദിക്കാന്‍ റിപ്പോര്‍ട്ടിന് കഴിഞ്ഞിട്ടില്ലെന്ന് കേരളത്തില്‍നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പി. സതീദേവി ചൂണ്ടിക്കാട്ടി. കരടുരാഷ്ട്രീയപ്രമേയത്തിലെ വിലയിരുത്തല്‍ പൊതുവേ അംഗീകരിക്കുന്നതായിരുന്നു കേരളത്തിലെ പ്രതിനിധികളുടെ ചര്‍ച്ച. എ.കെ. ബാലന്‍, കെ. ചന്ദ്രന്‍പിള്ള, കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വീഴ്ചകള്‍ വിലയിരുത്തുന്ന ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി തയ്യാറാക്കുകയും ചര്‍ച്ചനടത്തുകയും ചെയ്തിട്ടും ദേശീയതലത്തില്‍ വളരാന്‍ കഴിയാത്തത് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് വാദിച്ചായിരുന്നു ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരുടെ വിമര്‍ശം. ദേശീയതലത്തില്‍ ശക്തമായ ജനാധിപത്യ, മതേതര മുന്നണി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ല. പശ്ചിമബംഗാളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ നേരിടുന്ന അക്രമങ്ങള്‍ക്കെതിരെ ദേശവ്യാപകമായി പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നു. കേരളത്തില്‍ ബി.ജെ.പി. വളരുന്നത് ഗൗരവത്തോടെ കാണണമെന്ന് ഛത്തീസ്ഗഡില്‍നിന്നുള്ള പ്രതിനിധി ആവശ്യപ്പെട്ടു.
സംഘപരിവാര്‍ വെല്ലുവിളി നേരിടാന്‍ കലാസാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ കരടുനയരേഖ ബഹുജനസംഘടനകളോട് നിര്‍ദേശിച്ചു. ആര്‍.എസ്.എസ്സിനും ബി.ജെ.പി.ക്കുമെതിരെ രാഷ്ട്രീയസമരങ്ങള്‍ മാത്രമല്ല, സാമൂഹികം, വിദ്യാഭ്യാസം, സാംസ്‌കാരികം എന്നീ മേഖലകളില്‍ ഊന്നിയിട്ടുള്ള പ്രതിരോധം ശക്തമാക്കണം. ജനകീയശാസ്ത്രപ്രസ്ഥാനം ശക്തമാക്കുകയും അധ്യാപകരെയും സാമൂഹികസംഘടനകളെയും ഉള്‍ക്കൊള്ളിച്ചുള്ള വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും വേണം. തൊഴിലാളികള്‍ അധിവസിക്കുന്ന മേഖലകളില്‍ പാര്‍ട്ടിയും തൊഴിലാളി സംഘടനകളും സംയുക്തമായി പ്രത്യേക സാമൂഹിക, സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.